25.8.10

'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം' രൂപവത്കരിച്ചു

Thursday, August 26, 2010
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ നീതി നിഷേധത്തിനും ഗൂഢാലോചനക്കും എതിരെ പോരാടാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിധം 'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം' ( മഅ്ദനി നീതി സംരക്ഷണ വേദി) എന്ന പേരില്‍ നിയമ സഹായവേദി രൂപവത്കരിച്ചു. 
കൊല്ലം പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗമാണ് ഫോറം രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്. ഡോ. സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായും അഡ്വ. കെ.പി. മുഹമ്മദ് വര്‍ക്കിംഗ് ചെയര്‍മാനായും എച്ച്. ഷഹീര്‍ മൗലവി ജനറല്‍ സെക്രട്ടറിയായും 25 അംഗങ്ങളടങ്ങുന്ന സമിതിയാണ് രൂപവത്കരിച്ചത്. എം.എല്‍.എ മാരായ അഡ്വ. പി.കെ. റഹീം, അഡ്വ. പി.എം.എ. സലാം,  കെ.ടി. ജലീല്‍ എന്നിവരും ടി.ആരിഫലി, പി.കെ. കോയാ മൗലവി, കെ.പി അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്. ഭാസുരേന്ദ്ര ബാബു, ഡോ.എസ്. ബലരാമന്‍, ഡോ.എം.എസ്. ജയപ്രകാശ്, ഗ്രോ വാസു, ഡോ. നീലലോഹിതദാസന്‍ നാടാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, സി.കെ. അബ്ദുല്‍ കരീം, സി.ആര്‍. നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍, നജീബ് മൗലവി മമ്പാട്, പൂന്തുറ സിറാജ്, എം.എ. സമദ്, അഡ്വ. ഇസ്മായില്‍ വഫ, അബ്ദുല്‍ ഷുക്കൂര്‍ മൗലവി, ബി.ആര്‍.പി ഭാസ്‌ക്കര്‍ എന്നിവരുമാണ് രക്ഷാധികാരികള്‍.
മഅ്ദനിക്കെതിരെ കര്‍ണാടക പൊലീസും അവിടത്തെ ആഭ്യന്തര മന്ത്രിയും നടത്തിവരുന്ന ഗൂഢാലോചനക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ഫോറം രൂപവത്കരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്. ഭാസുരേന്ദ്ര ബാബു, അഡ്വ. കെ.പി. മുഹമ്മദ്, ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഹമീദ് വാണിമേല്‍, അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
മഅ്ദനിക്ക് കേസുമായി ബന്ധപ്പെട്ട നിയമസഹായം നല്‍കുക, ഗൂഢാലോചനക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുക, കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട ധനം സമാഹരിക്കുക, മാധ്യമ വ്രര്‍ത്തകരുടെയും സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ സമിതി ലക്ഷ്യമിടുന്നത്. 
ദേശീയ തലത്തില്‍ ദല്‍ഹി, ബാംഗ്ലൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും സമിതി പ്രവര്‍ത്തിക്കുക. കേരളത്തില്‍ കരുനാഗപ്പള്ളിയിലും. വരുന്ന സെപ്റ്റംബര്‍ മൂന്നിന് മഅ്ദനിക്ക് വേണ്ടി പള്ളികള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക സഹായം സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
സമിതിയിലെ മറ്റ് അംഗങ്ങള്‍: ട്രഷറര്‍ ജമാല്‍ മുഹമ്മദ്. വൈസ് ചെയര്‍മാന്മാര്‍ ഹമീദ് വാണിമേല്‍, സി.കെ. അബ്ദുല്‍ അസീസ്, അഡ്വ. സജി.കെ.ചേരമന്‍, കെ.എ. ഷഫീഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഡോ. എ.എ. അമീന്‍, ബി.ഒ.ജെ. ലബ്ബ, വയലാര്‍ ഗോപകുമാര്‍, വര്‍ക്കല രാജ്, സെയ്ഫുദ്ദീന്‍ ഹാജി, അഡ്വ. അക്ബര്‍ അലി, എം. അലിയാരുകുട്ടി, പാങ്ങോട് കമറുദ്ദീന്‍. കണ്‍വീനര്‍മാര്‍ ഗഫൂര്‍ പുതുപ്പാടി, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുഹമ്മദ് റജീബ്, കടയ്ക്കല്‍ ജുനൈദ്, യു.ഷൈജു, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് സാലിഹ് മൗലവി. പ്രഗല്ഭരായ15 അഭിഭാഷകരടങ്ങിയ ലീഗല്‍ സെല്ലും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


സ്‌റ്റേഡിയം സ്‌ഫോടനം: മഅ്ദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് പൊലീസ്

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന തരത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ.പി.എല്‍ മല്‍സരത്തിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യംചെയ്യലില്‍ വ്യക്തമായെന്നായിരുന്നു ആചാര്യ ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍, താന്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന് മഅ്ദനി അഭിഭാഷകന്‍ മുഖേന മാധ്യമങ്ങളെ അറിയിച്ചു. ആചാര്യയുടെ വാദത്തെ പരോക്ഷമായി തള്ളുന്നതാണ് പൊലീസ് കമീഷണറുടെ ബുധനാഴ്ചത്തെ പ്രസ്താവന. 
2008ലെ ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സാക്ഷികളിലൊരാളായ സൂഫിയ മഅ്ദനിയെ ചോദ്യം ചെയ്യുമെന്നും ശങ്കര്‍ ബിദ്‌രി പറഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ആഗസ്റ്റ് 17ന് അറസ്റ്റിലായ മഅ്ദനിയെ ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മഅ്ദനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടിവാങ്ങാനാണ് പൊലീസിന്റെ നീക്കം. എന്നാല്‍, പൊലീസ് കസ്റ്റഡി നീട്ടിവാങ്ങാന്‍ ശ്രമമുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 
മഅ്ദനിക്കുവേണ്ടി ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മഅ്ദനി പൊലീസ് കസ്റ്റഡിയിലായിരുന്നതിനാലാണ് ഇതുവരെ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. മഅ്ദനിയെ ഇന്നലെ അഭിഭാഷകന്‍ സന്ദര്‍ശിച്ചു. മഅ്ദനിക്ക് ശാരീരീക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. 
അതിനിടെ, മഅ്ദനിയെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐ.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തിയത്. 

No comments: