20.8.10

മഅ്ദനിയുടെ മോചനം: പി.ഡി.പി പ്രക്ഷോഭത്തിലേക്ക്

Friday, August 20, 2010
കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട്   പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി നേതൃയോഗം തീരുമാനിച്ചു. 
മഅ്ദനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും ഇതിനെതിരായ നിയമ പോരാട്ടം തുടരുമെന്നും യോഗം പ്രഖ്യാപിച്ചു. ജില്ലാ-സംസ്ഥാന തലങ്ങളില്‍  നിയമസഹായ സമിതികള്‍ രൂപവത്കരിക്കും. സംസ്ഥാന തലത്തില്‍ ഒരാഴ്ചക്കകവും ജില്ലാ തലത്തില്‍ തുടര്‍ന്നും സമിതി രൂപവത്കരിക്കും. കേസുമായി ബന്ധപ്പെട്ട് സാമ്പത്തികം സ്വരൂപിക്കലും  സമിതി  നിര്‍വഹിക്കും. 
ഇതിന് മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റമദാന്‍ തീരുമ്പോഴേക്കും മഅ്ദനിയെ ജയില്‍മോചിതനാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭവും പ്രചാരണപ്രവര്‍ത്തനങ്ങളുമാണ് സംഘടിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 
കേരള-കര്‍ണാടക അതിര്‍ത്തികളിലും ഭരണസിരാ കേന്ദ്രങ്ങളിലും   പ്രക്ഷോഭമുയര്‍ത്തും. 
റമദാനില്‍തന്നെ മഅ്ദനിയെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയും രഹസ്യ അജണ്ടയുമുണ്ടെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. 
വികലാംഗനും രോഗിയുമായ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യത്തിലും ചികില്‍സയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍  ജാഗ്രതയോടെയുള്ള സമീപനം കൈക്കൊള്ളണം. 
മഅ്ദനിയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് അറസ്റ്റ് ചെയ്ത ബംഗളൂരു പൊലീസ് കടുത്ത നീതിനിഷേധമാണ് കാട്ടിയത്. 
അറസ്റ്റ് ചെയ്താലുടന്‍ 30 കിലോമീറ്റര്‍ ചുറ്റളവിലെ കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയും കാറ്റില്‍പറത്തി. റിമാന്‍ഡ് ചെയ്ത് പിന്നീട് കസ്റ്റഡിയില്‍ വാങ്ങുന്നതിന് പകരം വിശ്രമത്തിന് അവസരം നല്‍കാതെ അര്‍ധരാത്രിയില്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങി. ഇപ്പോഴും ദുരൂഹമായ അവസ്ഥാവിശേഷമാണ് നിലനില്‍ക്കുന്നതെന്നും സിറാജ് ആരോപിച്ചു. വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

No comments: