പ്രഥമദൃഷ്‌ട്യാ/സെബാസ്‌റ്റ്യന്‍ പോള്‍
അന്‍വാര്‍ശേരിയെന്നതു കരുനാഗപ്പള്ളിയിലെ സുവര്‍ണക്ഷേത്രമല്ല. അബ്‌ദുല്‍ നാസര്‍ മഅ്‌ദനി അവിടെ സായുധനായി കഴിയുന്ന ഭിന്ദ്രന്‍വാലയുമല്ല. എന്നിട്ടും രണ്ടു സംസ്‌ഥാനങ്ങള്‍ തമ്മില്‍ യുദ്ധത്തിന്റെ വക്കോളമെത്തിയ അവസ്‌ഥയ്‌ക്കുശേഷമാണു കര്‍ണാടക പോലീസിന് മഅദനിക്കെതിരേയുള്ള അറസ്‌റ്റ് വാറണ്ട് നടപ്പാക്കാന്‍ കഴിഞ്ഞത്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് വാറണ്ട് നടപ്പാക്കുന്നതിനു സംസ്‌ഥാന ആഭ്യന്തരമന്ത്രിമാരുടെ ഇടപെടല്‍ ആവശ്യമില്ല. കൊല്ലം എസ്.പിയുടെ തലത്തില്‍ തീരേണ്ട കാര്യമാണത്.
പക്ഷേ, ഒരു നാടകം എല്ലാവര്‍ക്കും ആവശ്യമുണ്ട്. അതുകൊണ്ടാണ് കര്‍ണാടകയിലെ പൊലീസ് കൊച്ചിയിലെത്തിയ ഉടന്‍ ചാനലുകളെ വിവരമറിയിച്ചത്. ആ നിമിഷം മുതല്‍ ചാനലുകള്‍ ആഘോഷത്തിലായിരുന്നു. ബംഗളൂരുവിലെ ആചാര്യയും തിരുവനന്തപുരത്തെ ആചാര്യന്മാരും അതില്‍ പങ്കുചേര്‍ന്നു. വെറുതെയാണെന്നറിഞ്ഞിട്ടും ആചാര്യന്മാര്‍ മുഖ്യമന്ത്രിയെ കണ്ടു സങ്കടം പറഞ്ഞു. ഹര്‍ഷിത അട്ടല്ലൂരി പൊട്ടിച്ച ഷെല്‍ ഉള്‍പ്പെടെ പല പടക്കങ്ങളും അന്‍വാര്‍ശേരിയില്‍ പൊട്ടിയും പൊട്ടാതെയും കിടക്കുന്നു. സമയത്തിന്റെ തികവില്‍ സംഭവിക്കേണ്ടതു സംഭവിച്ചപ്പോള്‍ അന്‍വാര്‍ശേരിയില്‍ ആളൊഴിഞ്ഞു.
കോയമ്പത്തൂരിലെ പത്താണ്ടിനുശേഷവും മഅ്‌ദനിയുടെ അറസ്‌റ്റില്‍ ആമോദം കൊള്ളുന്നവരുണ്ട്. പ്രേക്ഷകര്‍ക്കു നായകനെ മാത്രമല്ല പ്രതിനായകനെയും ആവശ്യമുണ്ട്. അരുതാത്തത് ആവര്‍ത്തിക്കരുതെന്ന സാമാന്യമായ നീതിബോധം ഉണ്ടെങ്കില്‍ സഹാനുഭൂതിയും സമചിത്തതയും ഉണ്ടാകും. അപകടം ഒഴിവാക്കുന്നതിന് അവര്‍ സംയമനം പാലിക്കും. അങ്ങനെയുള്ള സമൂഹമാണു ജനാധിപത്യത്തില്‍ ആവശ്യം. കേരളം അങ്ങനെയൊരു സമൂഹമായി മാറുന്നതിന് ഇനിയും സമയമെടുക്കും. അടിയന്തരാവസ്‌ഥയിലെ അച്ചടക്കത്തിലും നിശബ്‌ദതയിലും സംതൃപ്‌തരായിരുന്നവര്‍ പോലീസിനെ വിശ്വസിക്കുന്നവരാണ്. പോലീസിനെ വിശ്വസിക്കരുതെന്നാണു നിയമം പഠിപ്പിക്കുന്നത്. അനുഭവം പഠിപ്പിക്കുന്നതും അതുതന്നെയാണ്.
ഇന്‍വെസ്‌റ്റിഗേഷനും പ്രോസിക്യൂഷനും ഒരേ ഏജന്‍സി നടത്തുന്ന സമ്പ്രദായമാണ് ഇന്ത്യയിലുള്ളത്. താന്‍ അന്വേഷിച്ച് രൂപപ്പെടുത്തിയ കേസ് കുറ്റമറ്റതാണെന്ന് ഏതു പോലീസുകാരനും തോന്നും. കോടതിയിലെത്തുന്നതിനുമുമ്പ് സ്വതന്ത്രമായ പരിശോധനയ്‌ക്കും വിലയിരുത്തലിനുമുള്ള സംവിധാനം നമുക്കില്ല. യാന്ത്രികമായി കാര്യങ്ങള്‍ നീക്കുന്ന കോടതിക്ക് അതിനുള്ള സാവകാശമില്ല. രാഷ്‌ട്രപതിക്കും ചീഫ് ജസ്‌റ്റിസിനുമെതിരേ വാറണ്ടയച്ച മജിസ്‌ട്രേറ്റിനെ നമുക്കറിയാം. കാര്യങ്ങള്‍ കോടതി മനസിലാക്കുന്നതു കഥ അവസാനിക്കുമ്പോഴാണ്. പത്തു വര്‍ഷം ജാമ്യമില്ലാതെ ഒരാളെ ജയിലില്‍ ഇട്ടതിനുശേഷം ഒരു ഖേദപ്രകടനം പോലുമില്ലാതെ അയാളെ നിരപരാധിയെന്നുകണ്ട് ഇറക്കിവിടാന്‍ ലജ്‌ജയില്ലാത്ത കോടതിയാണു നമ്മുടേത്. കോയമ്പത്തൂരിലെ തടവിന് മഅ്‌ദനി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ബംഗളൂരുവിലെ പൊലീസ് കുറ്റപത്രം തയാറാക്കുന്നതിനുമുമ്പു പലവട്ടം ആലോചിക്കുമായിരുന്നു. ക്ഷമ ചിലപ്പോഴെങ്കിലും അപകടത്തിനു കാരണമാകും.
തമിഴ്‌നാട്ടിലെ 23 കോടതികളില്‍ ഒരേ ആരോപണത്തിന്റെ പേരില്‍ അഞ്ചു വര്‍ഷം ഓടിച്ചതിനുശേഷമാണ് ഖുശ്‌ബുവിനെതിരേയുള്ള പ്രോസിക്യൂഷന്‍ സുപ്രീം കോടതി റദ്ദാക്കിയത്. പരാതികളിലെ അസംബന്ധം ഒരു മജിസ്‌ട്രേറ്റിനുപോലും യഥാസമയം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഹൈക്കോടതിക്കും അക്കാര്യം ബോധ്യമായില്ല. ജയിലില്‍ അകപ്പെടാതിരുന്നതുകൊണ്ട് ഖുശ്‌ബുവിന്റെ അഞ്ചു വര്‍ഷം പൂര്‍ണമായും പാഴായില്ല. സോണിയ ഗാന്ധിക്ക് കോടതിച്ചെലവു നല്‍കാന്‍ ഉത്തരവായ കോടതി ഖുശ്‌ബുവിന് ഒരു ചെലവും നല്‍കാന്‍ ആരോടും പറഞ്ഞില്ല. പ്രസിദ്ധരുടെ കാര്യങ്ങള്‍ അറിയുന്നു. മേല്‍വിലാസമില്ലാത്തവര്‍ക്ക് അകവും പുറവും ഒരുപോലെ.
കഴിയുമെങ്കില്‍ ആരെയും ജയിലിലാക്കണമെന്ന നിര്‍ബന്ധത്തിന്റെ ഔചിത്യം മനസിലാകുന്നില്ല. പ്രതി പിടികിട്ടാത്തവിധം രക്ഷപ്പെടുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ബോധ്യമുള്ള കേസുകളിലാണു ജാമ്യം നിഷേധിക്കേണ്ടത്. കൊത്തറോക്കിയേയും ആന്‍ഡേഴ്‌സണേയും നിരുപാധികം യാത്രയയപ്പു നല്‍കി പറഞ്ഞുവിടുന്നവര്‍ മഅ്‌ദനിയെ ഓര്‍ത്ത് വ്യാകുലപ്പെടുന്നതെന്തിന്? പ്രശസ്‌തമായ ആ മുഖവും ഒറ്റക്കാലുമായി അദ്ദേഹത്തിന് ഒരു വിമാനത്താവളത്തില്‍നിന്നും ഒളിച്ചു കടക്കാനാവില്ല. രണ്ടു വര്‍ഷം മുമ്പു നടന്നതും പ്രതികള്‍ പിടിയിലായതുമായ കേസില്‍ അവിഹിതമായി ഇടപെടുന്നതിനുള്ള സാധ്യതയുമില്ല. മുന്‍കൂര്‍ ജാമ്യം ന്യായീകരിക്കപ്പെടുന്ന സാഹചര്യമായിരുന്നിട്ടും ഇല്ലാത്ത വ്യവസ്‌ഥകള്‍ ചൂണ്ടിക്കാട്ടി കോടതികള്‍ നിസഹായത പ്രകടിപ്പിച്ചു. സ്‌ഫോടനം നടന്നപ്പോള്‍ ഇല്ലാതിരുന്ന നിയമപരമായ വിലക്കാണു ജാമ്യം നിഷേധിക്കാന്‍ ഇപ്പോള്‍ കാരണമാക്കിയത്. ക്രിമിനല്‍ നിയമത്തിനു പൂര്‍വകാലപ്രാബല്യം ഇല്ലെന്ന കാര്യം സൗകര്യപൂര്‍വം വിസ്‌മരിക്കപ്പെട്ടു.
മഅ്‌ദനിയെ മുന്‍നിര്‍ത്തിയാണെങ്കില്‍പോലും ഇത്തരത്തിലുള്ള ചില ചിന്തകള്‍ക്ക് പ്രസക്‌തിയുണ്ട്. ഉദാരമായ ജനാധിപത്യത്തില്‍ നിയമവ്യവസ്‌ഥയും ഉദാരമാകണം. വാറണ്ടിനു പകരം ക്രിമിനല്‍ കോടതികള്‍ സമന്‍സ് അയയ്‌ക്കുന്ന അവസ്‌ഥയെക്കുറിച്ചാണു ഞാന്‍ ആലോചിക്കുന്നത്. സമന്‍സ് ആയിരുന്നെങ്കില്‍ കോലാഹലമില്ലാതെ മഅ്‌ദനി ബംഗളുരു കോടതിയില്‍ ഹാജരാകുമായിരുന്നു. ഇല്ലെങ്കില്‍ അപ്പോള്‍ വാറണ്ട് അയയ്‌ക്കാമായിരുന്നു.
ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വിധം കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു എന്ന വര്‍ത്തമാനമാണ് എവിടെയും കേള്‍ക്കുന്നത്. കഴുമരങ്ങള്‍ കണ്ട് ആഹ്‌ളാദിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ ജനാധിപത്യതത്വങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ഭരണകൂടം ഭീകരതയുടെ ആവരണമണിയുന്നു. തീവ്രവാദമെന്നത് ഏത് അതിക്രമത്തിനുമുള്ള മറയായി മാറുന്നു. തീവ്രവാദത്തിനെതിരേ കരുത്തോടെ സംസാരിക്കുന്ന ചിദംബരം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന സാഹചര്യം ഓര്‍മിക്കപ്പെടാതെ പോകരുത്. വേദാന്ത കമ്പനിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. വേദാന്തയുടെ ഖനികള്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലാണ്. മാവോയിസ്‌റ്റുകള്‍ക്കെതിരേ സംഹാരത്തിന്റെ ഭാഷയില്‍ ചിദംബരം സംസാരിക്കുന്നത് ഇക്കാരണത്താലായിരിക്കുമോ? വേദാന്തയെ മുന്‍നിര്‍ത്തി ചിദംബരത്തിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും മറക്കരുത്.തീവ്രവാദികളേക്കാള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഴിമതിക്കാരായ ഭരണകര്‍ത്താക്കളാണ്.
ക്രിക്കറ്റിനു പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നാടിന് അപമാനമായി മാറിയിരിക്കുന്നു. റഹ്‌മാന്റെ ഗാനത്തില്‍ കല്‍മാഡിയുടെ കറ ഇല്ലാതാവില്ല. രാജ്യത്തോടുള്ള ദ്രോഹമാണു രാജ്യദ്രോഹമെങ്കില്‍ കല്‍മാഡി ചെയ്യുന്നതും രാജ്യദ്രോഹമാണ്. പക്ഷേ അദ്ദേഹത്തിനെതിരേ ഒരു ചെറുവിരല്‍പോലും അനങ്ങുന്നില്ല.ജനത്തിന്റെ നിസഹായതയില്‍ നിന്നാണ് ഷൂ പ്രതിഷേധത്തിന്റെ പ്രതീകമായി മാറുന്നത്. ബുഷിനും ചിദംബരത്തിനും ശേഷം ശ്രീനഗറില്‍ ഒമര്‍ അബ്‌ദുള്ളയും ഉന്നം പിഴച്ച ഷൂവിന് ഇരയായത് ഒരു കാരണവും ഇല്ലാതെയല്ല. വിഘടനവാദികളുടെയും ഭീകരവാദികളുടെയും കൈയില്‍നിന്നു കാശ്‌മീരിലെ സിവില്‍ സമൂഹം കലാപത്തിന്റെ കല്ലുകള്‍ ഏറ്റുവാങ്ങുന്നത് അപകടകരമായ കാഴ്‌ചയാണ്. നിശബ്‌ദമാക്കപ്പെടുന്ന പ്രതിഷേധം ആവിഷ്‌കാരത്തിനു മറ്റു വഴികള്‍ തേടും. അന്‍വാര്‍ശേരിയിലായാലും ഹസ്രത്ത് ബാലിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ് സൃഷ്‌ടിക്കുന്നത്. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ് ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്. കോടതിയില്‍ കീഴടങ്ങാനുള്ള അവസരത്തിനുവേണ്ടി നിര്‍ബന്ധം പിടിച്ചതിലൂടെ മഅ്‌ദനി അണികള്‍ക്കു നല്‍കിയത് നല്ല സന്ദേശമാണ്.
No comments:
Post a Comment