15.8.10

മഅ്ദനിയെ ഗുജറാത്ത് പൊലീസിന്
കൈമാറാന്‍ നീക്കം

Sunday, August 15, 2010
ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം അബ്ദുന്നാസിര്‍ മഅ്ദനിയെ ഗുജറാത്ത് പൊലീസിന് കൈമാറാന്‍ കര്‍ണാടക പൊലീസ് നീക്കം തുടങ്ങി. മഅ്ദനിയെ അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിക്കുന്ന സമയത്ത് അഹ്മദാബാദ് സ്‌ഫോടനക്കേസിലെ രണ്ടു പ്രതികളെ കൊണ്ടുവരുന്നുണ്ടെന്നും മഅ്ദനിക്ക് അവരുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യുമെന്നും വെളിപ്പെടുത്തിയാണ് കര്‍ണാടക പൊലീസ് തന്നെ ഈ സൂചന നല്‍കിയത്.

ഈ ആവശ്യമുന്നയിച്ച് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തെഴുതിയ വിവരം ഇന്നലെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. മഅ്ദനിയോടൊപ്പം ചോദ്യം ചെയ്യാന്‍ കൊണ്ടുവരുന്ന മലയാളികളായ ഈ രണ്ടു പ്രതികളെയും ഇതേ രീതിയില്‍ നേരത്തേ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഗുജറാത്ത് പൊലീസിന് കൈമാറി അഹ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതികളാക്കിയത്. അവര്‍ ഇപ്പോഴും ഗുജറാത്ത് ജയിലില്‍ കഴിയുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി അമിത്ഷായുടെ നിയന്ത്രണത്തില്‍ മുന്‍ ഡി.ജി.പി പി.സി പാണ്ഡെയാണ് അഹ്മദാബാദ് സ്‌ഫോടനക്കേസ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിനിടയിലാണ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായി അമിത് ഷായെ അറ്‌സ്റ്റ് ചെയ്ത് സി.ബി.ഐ ജയിലിലടച്ചത്. കേസ് അന്വേഷണം നടത്തിയ ഡി.ജി.പി പാണ്ഡെയെയും വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്.
തങ്ങളുടെ പക്കല്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന വാദമാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതി ചേര്‍ക്കുന്നതിന് കര്‍ണാടക പൊലീസ് നിരത്തിയിരുന്നത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത ശേഷം ഗുജറാത്ത് പൊലീസിന് കൈമാറി പിന്നീട് അഹ്മദാബാദ് സ്‌ഫോടനക്കേസുകളില്‍ കൂടി പ്രതികളാക്കിയ മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ലിലെ സൈനുദ്ദീന്‍ എന്ന സത്താര്‍ ഭായിയെയും മകന്‍ ശറഫുദ്ദീനെയുമാണ് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്ന മുറക്ക് ബംഗളൂരുവിലെത്തിക്കുമെന്ന് കര്‍ണാടക പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്. മഅ്ദനിയുടെ അറ്‌സ്റ്റ് നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ബംഗളൂരു പൊലിസ് സിറ്റി കമീഷണര്‍ ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ മഅ്ദനി ബംഗളൂരുവിലെത്തുമ്പോഴേക്കും ഇരുവരെയും തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.   
മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയതിനാലാണ്, ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ വെച്ച രണ്ടു പേരെ  മഅ്ദനിയെ ബംഗളൂരുവിലെത്തിക്കുന്ന സമയത്ത് അവിടെ കൊണ്ടുവരാന്‍ നടത്തുന്ന നീക്കങ്ങളില്‍ സംശയമുണര്‍ത്തുന്നത്.

കോടതിയില്‍ കീഴടങ്ങും -മഅ്ദനി

Sunday, August 15, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയില്‍ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചു. മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ ബംഗളൂരു പൊലീസ് കൊല്ലത്തെത്തുകയും ശനിയാഴ്ച അന്‍വാര്‍ശ്ശേരി ഉള്‍പ്പെടുന്ന രണ്ട് വില്ലേജുകളില്‍ നിരോധാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സന്നാഹം ഊര്‍ജിതപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഞായറാഴ്ച നോമ്പുതുറക്കുന്നതിന് തൊട്ടുമുമ്പ് വാര്‍ത്താസമ്മേളനത്തില്‍ കീഴടങ്ങുമെന്ന വിവരം മഅ്ദനി അറിയിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുര്‍ആന്‍ തൊട്ട് സത്യംചെയ്തശേഷമാണ് കീഴടങ്ങല്‍ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

കോടതിയില്‍ കീഴടങ്ങുന്നത് അഭിമാനമായി കാണുന്നുവെന്നും കീഴടങ്ങല്‍ ഏറ്റവും അടുത്തദിവസം ഏറ്റവുമടുത്ത കോടതിയിലുണ്ടാകുമെന്നും മഅ്ദനി പറഞ്ഞു. ഇതിന്റെ സ്ഥലവും സമയവും തിങ്കളാഴ്ച അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
മഅ്ദനിയുടെ അറസ്റ്റിന് സാഹചര്യമൊരുക്കണമെന്നും അന്‍വാര്‍ശ്ശേരിയില്‍ സ്ഥിര താമസക്കാരല്ലാത്തവരെ പുറത്താക്കുകയും ആയുധങ്ങള്‍ മാറ്റുകയും വേണമെന്ന് കരുനാഗപ്പള്ളി ഡിവൈ.എസ്.പി ഞായറാഴ്ച വൈകുന്നേരം അന്‍വാര്‍ശ്ശേരിയുടെ മതിലില്‍ നോട്ടീസ് പതിച്ചിരുന്നു. മഅ്ദനി നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതുവഴി നാടിന്റെ സമാധാനം നഷ്ടപ്പെടാതിരിക്കാനുമാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി പറഞ്ഞു. കീഴടങ്ങാന്‍ തീരുമാനിച്ച ശേഷവും പൊലീസിന് അറസ്റ്റ് ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ അവര്‍ അങ്ങനെ ചെയ്‌തോട്ടെ. പക്ഷേ, പൊലീസിന്റെ കുടിലമായ ഉപജാപം അംഗീകരിക്കില്ല. ഇതിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നാലും താന്‍ അതിന് തയാറല്ല. ഇന്നലെയോ ഇന്നോ കീഴടങ്ങാന്‍ തയാറായിരുന്നു. ഇത്രയും ദീര്‍ഘയാത്ര ചെയ്യാനും അതിനുശേഷം അതിനേക്കാള്‍ ദീര്‍ഘമായ പീഡനത്തിന് വിധേയനാവാനും ആരോഗ്യമില്ലാത്തത്‌കൊണ്ടാണ് അത് ചെയ്യാതിരുന്നത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം സ്ഥിരമായി വന്നുകൊണ്ടിരിക്കുകയാണ്. അതാണ് തന്റെ ശാരീരികാവസ്ഥ. 

കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരു പൊലീസ് വാറണ്ടുമായി എത്തിയപ്പോള്‍തന്നെ പോകാന്‍ നൂറ് ശതമാനവും തയാറായിരുന്നു. ഇതിന് എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ അത് നീളുകയും അറസ്റ്റ് ആഗസ്റ്റ് 15ന് ശേഷമേ ഉണ്ടാകൂ എന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. നിയമപരമായ നീക്കം നടത്തിക്കൊണ്ടിക്കെയാണ് സംസ്ഥാന പൊലീസ് ശനിയാഴ്ച നിരോധാജ്ഞ പ്രഖ്യാപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. ഇതിന്റെ പേരില്‍ രണ്ട് വില്ലേജുകളിലെ ജനങ്ങളെ പീഡിപ്പിക്കുകയാണ്.  
അന്‍വാര്‍ശ്ശേരിയിലെ അനാഥകുട്ടികള്‍ക്ക് കട്ടന്‍ ചായ കുടിച്ച് നോമ്പനുഷ്ഠിക്കേണ്ട അവസ്ഥ സൃഷ്ടിച്ച് ഇങ്ങോട്ടേക്കുള്ള ഭക്ഷണ സാധനങ്ങള്‍ തടസ്സപ്പെടുത്തി. ഇതിന്റെയൊന്നും ആവശ്യമില്ല. വാറണ്ടുമായി വന്നാല്‍ അറസ്റ്റിന് വഴങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെ ഇത്തരം നടപടികള്‍ ന്യായമല്ല. 
സി.പി.എം ഭരിക്കുമ്പോള്‍ ഇത്തരമൊരവസ്ഥ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. നാടിന്റെ നന്മക്ക് വേണ്ടി ചങ്കുറപ്പുള്ള സര്‍ക്കാര്‍ തന്‍േറടം കാണിക്കേണ്ട സമയമാണിത്. പൊലീസിന്റെ അഴിഞ്ഞാട്ടത്തിന് അനുമതി കൊടുക്കുന്നത് അരാജകത്വത്തിന് കാരണമാകും. ബീമാപള്ളി വെടിവെപ്പിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുന്നത്

'ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്ത് മഅ്ദനി പറഞ്ഞു -ബംഗളൂരു സ്‌ഫോടനവുമായി ബന്ധമില്ല'

Sunday, August 15, 2010
കൊല്ലം: 'എന്റെ സര്‍വസ്വവുമാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ പരിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പുമുറിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ സത്യംചെയ്യുകയാണ്-ബംഗളൂരു സ്‌ഫോടനവുമായി എനിക്ക് യാതൊരു ബന്ധവുമില്ല' പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയില്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം വികാരനിര്‍ഭരമായിരുന്നു.
നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് മഅ്ദനി പറഞ്ഞു. ബംഗളൂരു സ്‌ഫോടനത്തിനുശേഷമോ മുമ്പോ ഇതുമായി ബന്ധപ്പെട്ട ആരും തന്നോട് സംസാരിച്ചിട്ടില്ല. 

തടിയന്റെവിട നസീര്‍ ഉള്‍പ്പെടെ ആരും എന്നെ ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. കോടതിയോടും പൊലീസിനോടും ജനങ്ങളോടും എനിക്ക് സത്യംചെയ്യാനുള്ളത് ഇതാണ്-അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനുശേഷം അന്‍വാര്‍ശ്ശേരിയില്‍ തടിച്ചുകൂടിയ പി.ഡി.പി പ്രവര്‍ത്തകരോട് സംസാരിച്ച മഅ്ദനി യാതൊരുതരത്തിലും പ്രകോപിതരാകരുതെന്ന് ആവശ്യപ്പെട്ടു. നിങ്ങളെ വിട്ടുപോകുന്നതില്‍ എനിക്ക് വിഷമമുണ്ട്. നമുക്ക് കൂട്ടായി പ്രാര്‍ഥിച്ചിട്ട് പോകാം. മഅ്ദനി പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ തക്ബീര്‍ മുഴക്കുകയും വിതുമ്പുകയും ചെയ്തു.
എത്ര ശ്രമിച്ചാലും ദൈവം തമ്പുരാന്‍ എനിക്ക് നല്‍കിയ ആര്‍ജവം തകര്‍ക്കാന്‍കഴിയില്ല. നിയമവിരുദ്ധമായ ഒരു കാര്യത്തിനും പ്രവര്‍ത്തകര്‍ മുതിരരുത്. പ്രകോപിതരായാല്‍ ഞാന്‍ പറയുന്നത് കേള്‍ക്കാത്തവരാകും നിങ്ങള്‍. ഒരു ഒച്ചയും ബഹളവും ഇനി കേള്‍ക്കരുത്-അദ്ദേഹം നിര്‍ദേശിച്ചു. 
കോയമ്പത്തൂര്‍ സ്‌ഫോടനവുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും 98 മാര്‍ച്ച് 31ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.
ഇന്ന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് പറയുന്നവര്‍ നിയമം നിയമത്തിന്റെ വഴിവിട്ട് പോയപ്പോള്‍ അതിനെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല. ഒമ്പതരക്കൊല്ലം ജയിലില്‍ കഴിഞ്ഞ് നിരപരാധിയായി ജയില്‍ മോചിതനായപ്പോള്‍ 110 കിലോ തൂക്കവുമായി പോയ എനിക്ക് തൂക്കം 46 കിലോ മാത്രമായിരുന്നു. 

എന്റെ ഭാര്യ ഞാന്‍ ഉണ്ടായിട്ടും വിധവയായും മക്കള്‍ അനാഥരായും കഴിയേണ്ടിവന്നു. മുന്‍കാല ജീവിതത്തില്‍ മൂര്‍ച്ചയുള്ള പ്രസംഗം നടത്തിയതിന് കേരളീയ സമൂഹത്തോട് ക്ഷമാപണം നടത്തിയാണ് ജയില്‍ മോചിതനായ ശേഷം പൊതുപ്രവര്‍ത്തനം നടത്തിയത്. എന്നിട്ടും കള്ളസാക്ഷികളെ സൃഷ്ടിച്ചും ഗൂഢാലോചന നടത്തിയും ബംഗളൂരു സ്‌ഫോടന കേസില്‍ കുടുക്കി.
ബംഗളൂരു പൊലീസിന്റെ കൂടെ പോയിക്കൂടേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഒറ്റക്കാലനായ ഞാന്‍ കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്ന് പറയുന്നവര്‍ ഞാന്‍ ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് വെടിവെക്കാനും മടിക്കില്ല. പുറകില്‍ വെടിയേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല. നെഞ്ചത്ത് വെടിയേറ്റ് മരിക്കുന്നത് അഭിമാനമാണ്. പുറത്ത് വെടിയേറ്റ് മരിക്കുന്നത് അപമാനവും.
ജയിലിലടയ്ക്കപ്പെട്ടാല്‍ കര്‍ണാടകത്തില്‍ മാത്രമല്ല, പലയിടത്തും കൊണ്ടുപോയി ഒരിക്കലും പുറത്തിറങ്ങാന്‍ പറ്റാത്തവണ്ണം കുടുക്കുമെന്ന് അറിയാം.
ഇതിനെ നിയമപരമായും ജനാധിപത്യപരമായും നേരിടും. അന്‍വാര്‍ശ്ശേരിയില്‍ ആയുധമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം. അടുക്കളയില്‍ മീന്‍ മുറിക്കുന്ന കത്തിയല്ലാതെ മറ്റൊരായുധവും ഇവിടെയുണ്ടാകില്ല-അദ്ദേഹം പറഞ്ഞു.

ചോരപ്പാടുകളില്‍, വേദനയോടെ മഅ്ദനി

Sunday, August 15, 2010
അന്‍വാര്‍ശേരി: മൈനാഗപ്പള്ളി മുതല്‍ പൊലീസിന്റെ കനത്ത പരിശോധന. അന്‍വാര്‍ശേരിയുടെ ഗേറ്റില്‍ പൊലീസ് കോട്ട തീര്‍ത്തിരിക്കുന്നു. പരിശോധനക്ക് ശേഷമേ പത്രലേഖകര്‍ക്കും പ്രവേശനമുള്ളൂ. 
അന്‍വാര്‍ശേരി മദ്രസയുടെ അകത്തെ മുറിയില്‍ കട്ടിലില്‍ വെള്ള മുണ്ടും ജുബ്ബയും ധരിച്ച് മഅ്ദനി. ആരോഗ്യം നഷ്ടപ്പെട്ട ചെറുരൂപം. അടുത്ത് മൊബൈല്‍ ഫോണും ലാന്‍ഡ്‌ഫോണും. പിന്നെ സഹായിയെ വിളിക്കാനുള്ള ബെല്ല്. കട്ടിലില്‍ നിറയെ മരുന്ന് പാത്രങ്ങള്‍. ഇത് പഴയ മഅ്ദനിയുടെ ശിഥിലീകരിക്കപ്പെട്ട ബിംബം മാത്രം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മടങ്ങിയെത്തിയ മുസ്‌ലിം സംഘടനാ നേതാക്കള്‍ മഅ്ദനിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച് പുറത്തിറങ്ങിയ ശേഷമാണ് മാധ്യമം ലേഖകന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തിയത്.  'സുപ്രീം കോടതിയുടെ പരാമര്‍ശംകൂടി കണക്കിലെടുത്ത ശേഷം ചൊവ്വാഴ്ച ഏറ്റവും അടുത്ത കോടതിയില്‍ ഹാജരാകും. അവര്‍ കര്‍ണാടക പൊലീസിന് തന്നെ കൈമാറട്ടെ'-മഅ്ദനി സംസാരിച്ചു തുടങ്ങി. പെട്ടെന്ന് പ്രവര്‍ത്തകരിലൊരാള്‍ മുറിയിലെത്തി. 'വാറണ്ട് വാങ്ങണമെന്ന് പൊലീസ് നിര്‍ബന്ധം പിടിക്കുന്നു'-പ്രവര്‍ത്തകന്‍ മഅ്ദനിയോട് പറഞ്ഞു. 'എന്നാല്‍, ഇനി വാങ്ങിയേക്കാം'-മഅ്ദനിയുടെ മറുപടി.

പ്രവര്‍ത്തകന്‍ പൊലീസിനടുത്തേക്ക് പോയി. രണ്ട് മിനിട്ട് കഴിഞ്ഞപ്പോഴേക്കും മഅ്ദനിയുടെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനില്‍ ബ്രേക്കിങ് വാര്‍ത്ത. 
'മഅ്ദനി വാറണ്ട് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് മദ്‌റസയുടെ ഗേറ്റില്‍ വാറണ്ട് പതിപ്പിച്ചു' എന്നാണ് വാര്‍ത്ത. 'കണ്ടില്ലേ? ഇതാണ് നടക്കുന്നത്'- മഅ്ദനി നിസ്സഹായതയോടെ പ്രതികരിച്ചു.
'എപ്പോഴും പൊലീസ്  പ്രകോപനം സൃഷ്ടിക്കുന്നു. നിയമവിരുദ്ധമായി ഞാന്‍ പെരുമാറുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. 

മജീദിന്റെ മൊഴിയാണ് എനിക്കെതിരായ കേസില്‍ പ്രധാനപ്പെട്ടതായി കണക്കാക്കുന്നത്. കാന്‍സര്‍ ബാധിതനായ മജീദ് മരണത്തിന്റെ വക്കിലായിരുന്നു. അയാള്‍ മരിക്കാറായി എന്നറിഞ്ഞുകൊണ്ടാണ് എനിക്കെതിരെ സാക്ഷിമൊഴി പൊലീസ് നല്‍കിപ്പിച്ചത്. സാക്ഷിമൊഴി നല്‍കിയതിന് പിന്നാലെ മജീദ് മരിച്ചു. നിരവധി വര്‍ഷമായി ഞാന്‍ വേട്ടയാടപ്പെടുന്നു. കര്‍ണാടക പൊലീസ് എത്തിയെന്ന് അറിഞ്ഞപ്പോള്‍ അറസ്റ്റിന് വഴങ്ങാനാണ്  തീരുമാനിച്ചത്. അക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു. അതിനിടെയാണ് എനിക്ക് കടുത്ത പനി അനുഭവപ്പെട്ടത്. മൂക്കില്‍നിന്ന് രക്തം വരുന്നു'. മഅ്ദനി കൈയിലിരുന്ന ടൗവല്‍ വിടര്‍ത്തിക്കാണിച്ചു. മുഴുവന്‍ ചോരപ്പാടുകള്‍. 'സര്‍ക്കാറിനെ അട്ടിമറിക്കാനും ക്രമസമാധാനം തകര്‍ക്കാനും പൊലീസിലെ ഒരുവിഭാഗം ശ്രമിക്കുകയാണ്. കേരള പൊലീസിനെ തനിക്ക് വിശ്വാസമാണ്. അതിലെ 90 ശതമാനം ഉദ്യോഗസ്ഥരും മതേതര സ്വഭാവമുള്ളവരാണ്.  എന്നാല്‍, ചില ഇത്തിക്കണ്ണികള്‍ ഗൂഢാലോചന നടത്തി പ്രശ്‌നംസൃഷ്ടിക്കുകയാണ്. അറസ്റ്റിനെ ഭയന്നല്ല, നിയമനടപടികള്‍ നടത്തിയത്. ഈ നിമിഷം മരിക്കണമെങ്കിലും ഞാന്‍ തയാറാണ്'- മഅ്ദനി പറഞ്ഞു.

പി.കെ ്രപകാശ്

കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കണമെന്ന് സംഘടനാ നേതാക്കള്‍

Sunday, August 15, 2010
തിരുവനന്തപുരം: സുപ്രീംകോടതിയിലും കര്‍ണാടക ഹൈകോടതിയിലും നിലനില്‍ക്കുന്ന കേസുകളില്‍ വിധി വരുന്നതുവരെ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റ് ഒഴിവാക്കണമെന്ന് സംയുക്ത സംഘടനാ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കണ്ട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. 
മഅ്ദനി അറസ്റ്റിന് വഴങ്ങണമെന്നും അതാണ് നിയമത്തിന്റെ വഴിയെന്നും ചര്‍ച്ചക്കിടെ മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞതായാണ് വിവരം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സംസ്ഥാനത്തിന് ഇനിയൊന്നും ചെയ്യാനില്ല. കര്‍ണാടകയാണ് ചെയ്യേണ്ടത്. ലഭിച്ച പരാതി ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഇപ്പോഴത്തെ സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മഅ്ദനിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും കേസും കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയിലും ഹരജി നിലനില്‍ക്കുന്നു. രണ്ട് വിഷയത്തിലും കോടതികള്‍ തീര്‍പ്പിലെത്തും വരെ മഅ്ദനിയെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള സാവകാശം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം. അത്തരം കീഴ്‌വഴക്കങ്ങള്‍ ധാരാളമുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസിന് കൈമാറി മഅ്ദനിയുടെ രാഷ്ട്രീയ-പൊതുപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ പ്രതിചേര്‍ക്കലിന് പിന്നിലുണ്ടെന്ന സംശയം ശക്തമാണ്. രോഗിയും വികലാംഗനുമായ മഅ്ദനിയുടെ ജീവന്‍ തന്നെ അപായപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കേരള പൊലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലുള്ള ഒരാള്‍ കര്‍ണാടകത്തിലെ വിദൂരമായ കുടക് പോലുള്ള സ്ഥലത്ത് പോയി ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന വാദം അവിശ്വസനീയമാണ്. അതിനാല്‍ കേസിനെ നിയമപരമായി കാണുന്നതിന് പകരം രാഷ്ട്രീയമായി മുഖ്യമന്ത്രി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നത് നിലവിലെ അവസ്ഥയില്‍ നിഷ്‌കളങ്കമല്ല.  നേരത്തെ മഅ്ദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വിലപ്പെട്ട ഒമ്പതര വര്‍ഷമാണ് പോയത്. റമദാന്‍ മാസത്തില്‍ മഅ്ദനിയെ  അറസ്റ്റ് ചെയ്ത് കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് നീതി നിഷേധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്നും അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
അന്‍വാര്‍ശ്ശേരിയില്‍ യുദ്ധപ്രതീതിയാണെന്നും സമീപത്ത് ജനവാസമില്ലെന്നും നിരോധാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പള്ളികളില്‍ ആരാധന നടക്കുന്നില്ലെന്നും നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇത്രയും നാള്‍ നീട്ടിവെച്ച അറസ്റ്റ് റമദാന്‍ ആരംഭിക്കുമ്പോഴും സ്വാതന്ത്ര്യ ദിനം, രാഷ്ട്രപതിയുടെ സന്ദര്‍ശനം എന്നിവയോടനുബന്ധിച്ചും നടത്താന്‍ ശ്രമിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും അവര്‍ പറഞ്ഞു. നേതാക്കള്‍ക്ക് ശേഷം പി.ഡി.പി നേതാവ് പൂന്തുറ സിറാജും മുഖ്യമന്ത്രിയെ കണ്ടു. 

ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എച്ച്. ഷഹീര്‍ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയിലെ പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, ഐ.എന്‍.എല്‍. വൈസ് പ്രസിഡന്റ് ഡോ. എ.എ. അമീന്‍, ബി.എസ്.പി നേതാവ് ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, വിഴിഞ്ഞം സഈദ് മൗലവി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ) അഡ്വ. സിറാജ് (പി.ഡി.പി) ഹുസൈന്‍ മൗലവി മുണ്ടക്കയം (ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍) കടയ്ക്കല്‍ ജുനൈദ് (കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍), കെ.എ. ഷഫീഖ് (സോളിഡാരിറ്റി), എ. മുഹമ്മദ് അസ്‌ലം (എസ്.ഐ.ഒ), പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി (മഹല്ല് ഇമാം ഐക്യവേദി), അഡ്വ. ഷാനവാസ്(മൈനോറിറ്റി റൈറ്റ്‌സ് വാച്ച്) ,സൈഫുദ്ദീന്‍ ഹാജി(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), എം.എ. അസിം (എം.ഇ.എസ്) ,സി.കെ. അബ്ദുല്‍ കരിം മാസ്റ്റര്‍ (എം.എസ്.എസ്) എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബുവും സംഘത്തിലുണ്ടായിരുന്നു.

സുരക്ഷാ ഭടന്മാര്‍ ചാടിപ്പോയി; ആശങ്കയൊഴിയാതെ അന്‍വാര്‍ശ്ശേരി

Sunday, August 15, 2010
ശാസ്താംകോട്ട: അന്‍വാര്‍ശ്ശേരിയിലേക്കുള്ള പാതകളുടെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം പൊലീസ് ഏറ്റെടുത്തതിന്റെ രണ്ടാം ദിവസവും അന്‍വാര്‍ശ്ശേരി ആശങ്കകളാല്‍ ചുറ്റപ്പെട്ടുനിന്നു. ഇടമുറിയാതെ പെയ്ത മഴയില്‍ നിന്ന് രക്ഷതേടി പെണ്‍ പൊലീസ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അന്‍വാറിന് മുന്നിലെ പഴയ സമരപ്പന്തലില്‍ അഭയംതേടി.
ശനിയാഴ്ച രാത്രി കുന്നത്തൂര്‍ തഹസില്‍ദാര്‍ ജെ. ജയചന്ദ്രന്‍ ഏര്‍പ്പാടാക്കി നല്‍കിയ ഗ്യാസ് വിളക്കുകളുമായി അന്‍വാറിന് പരിസരത്ത് പൊലീസ് സംഘങ്ങള്‍ കാവലിരുന്നു. വെളുപ്പാന്‍കാലമായപ്പോഴേക്കും ഗ്യാസ് തീര്‍ന്ന് കെട്ടുപോയ വിളക്കുകള്‍ക്കരികെ ചില പൊലീസുകാരെങ്കിലും നേര്‍ത്ത ചാറ്റല്‍ മഴ നനഞ്ഞ് മയങ്ങി. ഇവയില്‍ ഒരു വിളക്ക് പുലര്‍ച്ചെയോടെ കാണാതാവുകയും ചെയ്തു.
ഉച്ചവരെ ശാന്തത നില നിന്ന അന്‍വാര്‍ശ്ശേരി മഅ്ദനിക്ക് നീതി തേടി മുഖ്യമന്ത്രിയെ കണ്ട സംഘാംഗങ്ങള്‍ എത്തിയതോടെ സജീവമായി. ഇതിനിടെ ശാസ്താംകോട്ട, മൈനാഗപ്പള്ളി വില്ലേജുകളില്‍ 144ാം വകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്‍വാറില്‍ തമ്പടിച്ചിരിക്കുന്നവര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടും നിയമവിരുദ്ധമായി അന്‍വാറില്‍ അനുഭാവികളെ താമസിപ്പിച്ച കുറ്റം മഅ്ദനിക്കുമേല്‍ ചുമത്തിയും കരുനാഗപ്പള്ളി ഡിവൈ.എസ്.പി സി.ജി. സുരേഷ്‌കുമാര്‍ ഒപ്പിട്ട രണ്ട് നോട്ടീസുകള്‍ അന്‍വാര്‍ശ്ശേരിയുടെ പുറം ഭിത്തിയില്‍ പൊലീസ് പതിച്ചു. അല്‍പസമയത്തിനുശേഷം മുഖ്യമന്ത്രിയെ കണ്ട അഡ്വ. കെ.പി. മുഹമ്മദ്, എച്ച്. ഷഹീര്‍ മൗലവി, പാങ്ങോട് കമറുദ്ദീന്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ഡോ. എം.എ. അമീന്‍ എന്നിവര്‍ വാര്‍ത്താലേഖകരോട് തങ്ങളുടെ നിലപാട് വ്യക്തമാക്കി.
ശനിയാഴ്ച അത്യന്തം പ്രകോപിതരായി അന്‍വാറില്‍ നിന്ന പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രായേണ ശാന്തരായിരുന്നു. ശനിയാഴ്ച ഉണ്ടായിരുന്നവരില്‍ പകുതിയോളം പേര്‍ ഞായറാഴ്ച പുലര്‍ച്ചയോടെ പോയിരുന്നു. അന്‍വാര്‍ശ്ശേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ഷമീറിനെ രണ്ട് ദിവസമായി ശാസ്താംകോട്ട പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് പ്രവര്‍ത്തകരെ രോഷം കൊള്ളിച്ചു. ആംബുലന്‍സും അനാഥകുട്ടികള്‍ക്ക് നോമ്പു തുറക്കാന്‍ പഴങ്ങളുമായെത്തിയ അന്‍വാറിലെ ജീപ്പും ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലാണ്. 
വൈകുന്നേരം അഞ്ച് മണിയോടെ അബ്ദുന്നാസിര്‍ മഅ്ദനി വാര്‍ത്താസമ്മേളനം വിളിച്ചു. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് തന്റെ നിരപരാധിത്വം വ്യക്തമാക്കിയശേഷം അടുത്ത ദിവസം തന്നെ ഏറ്റവും അടുത്ത ഒരു കോടതിയില്‍ കീഴടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 
വാര്‍ത്താസമ്മേളനം തുടരുന്നതിനിടെ അന്‍വാര്‍ശ്ശേരിയിലെ ഗാര്‍ഡ് റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ്, ഗോപന്‍, ഷാജി എന്നീ പൊലീസുകാര്‍ മതില്‍ചാടി രക്ഷപ്പെട്ടതും അതിനുപിന്നാലെ അന്‍വാര്‍ അങ്കണത്തിലേക്ക് പൂട്ടിയ നിലയില്‍ ഒരു ബാഗ് പൊലീസുകാര്‍ എറിഞ്ഞതും പരിഭ്രാന്തി പരത്തി. 
മഅ്ദനി അനുഭാവികളെല്ലാം വാര്‍ത്താസമ്മേളന സ്ഥലത്തുണ്ടായിരുന്ന നേരത്തായിരുന്നു മതില്‍ചാട്ടവും ബാഗ് ഏറും നടന്നത്.
ബാഗിനുള്ളില്‍ എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്‍വാര്‍ശ്ശേരിയിലെ വെളിമ്പറമ്പില്‍ അത് സൂക്ഷിച്ചിരിക്കുകയാണ്. 
വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ നോമ്പുതുറയ്ക്ക് നേരമായി. കോരിച്ചൊരിഞ്ഞ മഴയില്‍ നിന്ന് രക്ഷതേടി പൊലീസുകര്‍ സമരപ്പന്തലില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ അന്‍വാര്‍ അങ്കണത്തില്‍ പ്രവര്‍ത്തകര്‍ നോമ്പുതുറന്ന് ഭക്ഷണം കഴിച്ചു.
രാത്രി കാവലിന് ഒപ്പം കൂട്ടാനുള്ള ഗ്യാസ് വിളക്കുകള്‍ സന്ധ്യയോടെ വീണ്ടും എത്തിച്ചു. അന്‍വാര്‍ ആശങ്കയുടെ രണ്ടാം പകലില്‍ നിന്ന് അനിശ്ചിതത്വത്തിന്റെ രാത്രിയിലേക്ക് കടക്കുകയായി.

അന്‍വാറിലേക്ക് എറിഞ്ഞ ബാഗ്; പ്രതിസ്ഥാനത്ത് പൊലീസ്

Sunday, August 15, 2010
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ അന്‍വാര്‍ശ്ശേരിയിലെ മതില്‍കെട്ടിനുള്ളിലേക്ക് ദുരൂഹസാഹചര്യത്തില്‍ വന്നുവീണ ബാഗിനെ ചൊല്ലി ദുരൂഹത തുടരുന്നു. മഅ്ദനിയുടെ മൂന്ന് സുരക്ഷാ പൊലീസുകാര്‍ മതില്‍ചാടി രക്ഷപ്പെട്ടത്തിന് പിന്നാലെയാണ് പൊലീസുകാര്‍ നിന്ന ഭാഗത്തുനിന്ന് ബാഗ് അന്‍വാറിനുള്ളിലേക്ക് എറിയപ്പെട്ടത്.  
ഇതിനുള്ളില്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിബ്ബിന്റെ അറ്റത്ത് താഴിട്ടുപൂട്ടിയ നിലയിലാണ്. നിറയെ സാധനങ്ങളും സാമാന്യത്തിലധികം ഭാരവുമുണ്ട്. അന്‍വാര്‍ശ്ശേരി അനാഥാലയം അടച്ചുപൂട്ടാനുള്ള പൊലീസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 
ഭീതിയിലായ പ്രവര്‍ത്തകര്‍ ബാഗ് പറമ്പിന്റെ അറ്റത്ത് കൊണ്ടുപോയി ഇട്ടിരിക്കുകയാണ്. ചാടിപ്പോയ പൊലീസുകാരന്‍േറതാണ് ബാഗെന്നാണ് പൊലീസ് ഭാഷ്യം


No comments: