5.8.10

തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്കും
Posted on: 06 Aug 2010


ബാംഗ്ലൂര്‍: മുന്‍കൂര്‍ ജാമ്യം തേടി മഅദനി തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പി.ഡി.പി. ലീഗല്‍ സെല്‍ ഭാരവാഹികള്‍ ന്യൂഡല്‍ഹിയിലെത്തിയതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ടെലിഫോണില്‍ അറിയിച്ചു.

കര്‍ണാടക ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിക്കേണ്ടതുണ്ട്. ഇത് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ലഭ്യമാകും. തുടര്‍ന്ന് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്കും.

അതേസമയം, മഅദനിയെ അറസ്റ്റ് ചെയ്യാനെത്തിയാല്‍ കര്‍ണാടക പോലീസുമായി സഹകരിക്കുമെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി.

മഅദനിയുടെ അറസ്റ്റ് പ്രതിരോധിക്കാന്‍ കുടില്‍ കെട്ടി സമരം
Posted on: 05 Aug 2010




ശാസ്താംകോട്ട:അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റുചെയ്യാന്‍ നീക്കമുണ്ടായാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി അന്‍വാര്‍ശ്ശേരിയില്‍ കുടിലുകള്‍ കെട്ടി സമരം തുടങ്ങുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും.

മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയും തള്ളിയ സാഹചര്യത്തില്‍ ഏതുനിമിഷവും അറസ്റ്റുണ്ടാകാമെന്നതിനാലാണ് പ്രതിരോധസമരം തുടങ്ങുന്നത്. വ്യാഴാഴ്ചമുതല്‍ സമരം തുടങ്ങാനാണ് പരിപാടി. പത്തിലധികം കുടിലുകളാണ് ഇതിനായി നിര്‍മ്മിക്കുക. മഅദനിയോട് അനുഭാവമുള്ളവര്‍ കുടുംബസമേതം സമരത്തില്‍ പങ്കെടുക്കുമെന്ന് പി.ഡി.പി.നേതാക്കള്‍ പറയുന്നു. സമരം അനിശ്ചിതമായി തുടരാനാണ് പരിപാടി. ബുധനാഴ്ച രാവിലെമുതല്‍ കുടിലുകള്‍ കെട്ടിത്തുടങ്ങി. അന്‍വാര്‍ശ്ശേരിയില്‍ മഅദനി താമസിക്കുന്ന കെട്ടിടത്തിന് മുന്നിലായാണ് കുടിലുകള്‍ ഉയരുന്നത്.

സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പി.ഡി.പി. നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 50 ദിവസമായി തുടരുന്ന നിരാഹാരസമരം പാര്‍ട്ടിനേതൃത്വം ഏറ്റെടുക്കും.



അന്തരീക്ഷം അനുകൂലമല്ല; മഅദനിയുടെ അറസ്റ്റ് വൈകിക്കുന്നു
Posted on: 06 Aug 2010

എന്‍.എസ്. ബിജുരാജ്


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യുന്നത് വൈകിയേക്കുമെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് സൂചന നല്കി. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചെങ്കിലും നടപടിയുമായി മെല്ലെപ്പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ശനിയാഴ്ചയോടെ മാത്രമേ ബാംഗ്ലൂര്‍ പോലീസിന് ലഭ്യമാവുകയുള്ളൂ. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ ഇപ്പോഴും നിയമപരമായ തടസ്സമൊന്നുമില്ലെങ്കിലും മഅദനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഫലംകൂടി വരട്ടെയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഹൈക്കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ പഠിച്ചശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂവെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ വ്യക്തമാക്കി.

മഅദനിയുടെ അറസ്റ്റിനെച്ചൊല്ലി കേരളത്തിലെ അന്‍വാര്‍ശ്ശേരിയില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം അറസ്റ്റ് നടപ്പാക്കുന്നതിന് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കര്‍ണാടകത്തില്‍ ഭരണത്തിലിരിക്കുന്നത് ബി.ജെ.പി. സര്‍ക്കാറായതിനാല്‍ ന്യൂനപക്ഷ സമുദായാംഗമായ മഅദനിയെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയവിവാദത്തിനും വഴിവെച്ചേക്കും. അറസ്റ്റ് ഒരു വിവാദത്തില്‍ കലാശിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും അറിയുന്നു.
അന്‍വാര്‍ശ്ശേരിയിലെ അന്തരീക്ഷം ദിനംപ്രതി വഷളായിവരികയാണെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനുയായികള്‍ രാപകല്‍ തടിച്ചുകൂടി നില്‍ക്കുന്നതും ചുറ്റിനും കുടില്‍കെട്ടി സംരക്ഷണ വലയം തീര്‍ക്കുന്നതും ദുസ്സൂചനയാണ് നല്കുന്നത്. ഒരു സേ്ഫാടനപരമ്പരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിക്ക് സംരക്ഷണം നല്കുന്നത് നിയമവിരുദ്ധ നടപടിയാണ് എന്ന് പൂര്‍ണമായും ബോധ്യമുണ്ടായിട്ടും ഇത്തരം നടപടികള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുന്ന കേരള പോലീസിന്റെ നിലപാടില്‍ ഈ ഉന്നത ഉദ്യോഗസ്ഥന്‍ അത്ഭുതം പ്രകടിപ്പിച്ചു. അന്‍വാര്‍ശ്ശേരിയിലെ സ്ഥിതിഗതികള്‍ കേരള പോലീസിന്റെ സഹായമില്ലാതെതന്നെ നിരീക്ഷിക്കാന്‍ അന്വേഷണ സംഘം പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുള്ളതായും അദ്ദേഹം സൂചന നല്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കര്‍ണാടക ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്കിയതായും അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുമായി കേരള പോലീസ് വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. എന്‍.എസ്. ആചാര്യ ബുധനാഴ്ച ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടത്.
മുന്‍കൂര്‍ ജാമ്യം തേടി മഅദനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന്റെ വിധികൂടി വരട്ടെയെന്ന നിലപാടിലേക്കാണ് ബാംഗ്ലൂര്‍ പോലീസ് നീങ്ങുന്നത്. സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയാണെങ്കില്‍ അറസ്റ്റ് എളുപ്പമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിധി സുപ്രീംകോടതിയുടേതായതിനാല്‍ അറസ്റ്റ് രാഷ്ട്രീയ വിവാദമില്ലാതെ നടപ്പാക്കുകയും ചെയ്യാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍

No comments: