12.8.10

പി.ഡി.പി.നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ
Posted on: 13 Aug 2010


ശാസ്താംകോട്ട:പി.ഡി.പി.യുടെ പ്രാദേശിക നേതാവിനെയും ഒരു പ്രവര്‍ത്തകനെയും പോലീസ് അറസ്റ്റുചെയ്തത് അന്‍വാര്‍ശ്ശേരിയില്‍ കുറേനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

റംസാന്‍ നോമ്പ് കാരണം വ്യാഴാഴ്ച പ്രകടനമോ പ്രശ്‌നങ്ങളോ പാടില്ലെന്ന പാര്‍ട്ടി ഭാരവാഹികളുടെ നിര്‍ദ്ദേശം ഈ സംഭവത്തോടെ ലംഘിക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ ശാന്തമായിരുന്ന അന്‍വാര്‍ശ്ശേരി പി.ഡി.പി. പ്രവര്‍ത്തകരുടെ അറസ്റ്റോടെ ശബ്ദായമാനമായി. 

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മ അദനിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് അറസ്റ്റുചെയേ്തക്കുമെന്ന് രാവിലെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ, ഇത് പി.ഡി.പി.പ്രവര്‍ത്തകരാരും മുഖവിലയ്‌ക്കെടുത്തില്ല. നോമ്പുകാരണം അന്‍വാര്‍ശ്ശേരിയിലെ താമസക്കാരും വിദ്യാര്‍ഥികളുമൊഴികെ ബാക്കിയെല്ലാവരും മടങ്ങിയിരുന്നു. ഈ സമയത്താണ് ശാസ്താംകോട്ടയ്ക്ക് സമീപം പി.ഡി.പി. പ്രവര്‍ത്തകനായ റാഫിയെ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം അന്‍വാര്‍ശ്ശേരിയില്‍ വഴിതടഞ്ഞതിന്റെയും കോലം കത്തിച്ചതിന്റെയും പേരില്‍ കണ്ടാലറിയാവുന്ന പി.ഡി.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു. ഇതിന്റെ പേരിലായിരുന്നു അറസ്റ്റ്.

ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന റാഫിയെ ജാമ്യത്തില്‍ വിടാമെന്ന് പോലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് റാഫിയെ ജാമ്യത്തിലിറക്കാന്‍ വേണ്ടിയാണ് പി.ഡി.പി.യുടെ കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ തെങ്ങുംതറയില്‍ പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷാഹ്യലിനെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

അറസ്റ്റിനുശേഷം ഉടന്‍തന്നെ ഇരുവരെയും ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റി. ഈ വിവരമറിഞ്ഞ് നൂറുകണക്കിന് പി.ഡി.പി. പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിയില്‍ തടിച്ചുകൂടി. പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ അന്‍വാര്‍ശ്ശേരിയുടെ കവാടത്തിലിട്ട് ഗേറ്റ് മറച്ചു. റോഡിലും വാഹനങ്ങള്‍ കുറുകെയിട്ടു. പ്രവര്‍ത്തകര്‍ രോഷത്തോടെ ഒറ്റ പോലീസുകാരും ഇനി അന്‍വാര്‍ശ്ശേരിയുടെ ഗേറ്റ് കടക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടരമണിവരെ പി.ഡി.പി. പ്രവര്‍ത്തകര്‍ കൂട്ടംകൂട്ടമായി എത്തിക്കൊണ്ടിരുന്നു. ചില നേതാക്കളും മുതിര്‍ന്ന പി.ഡി.പി.പ്രവര്‍ത്തകരും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മൂന്നരമണിയോടെ സ്ഥിതിഗതി ശാന്തമായി.

കര്‍ണാടക ജയിലിലും നീതി ലഭിക്കില്ല- മഅദനി
Posted on: 11 Aug 2010


അന്‍വാര്‍ശ്ശേരി (ശാസ്താംകോട്ട):കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ ഉണ്ടായതിനെക്കാള്‍ ഭീകരമായ സ്ഥിതിയായിരിക്കും കര്‍ണാടക ജയിലില്‍ ഉണ്ടാവുകയെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.

കേസില്‍ യഥാര്‍ത്ഥത്തില്‍ ഉള്‍പ്പെട്ടയാളാണെങ്കില്‍ നിയമപരമായ കാര്യങ്ങളെ നേരിട്ടാല്‍ മതിയാകും. എന്നാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് കെട്ടിച്ചമച്ചതായതിനാല്‍ അവിടെ ദുരിതപൂര്‍ണമായ ഏത് സ്ഥിതിയും ഉണ്ടായേക്കാം. ഐ.ബി.യും കര്‍ണാടക പോലീസും ഗൂഢാലോചന നടത്തിയെന്നതില്‍ സംശയമില്ല. ആസൂത്രിതവും കുടിലവുമായ കര്‍ണാടക പോലീസിന്റെ നീക്കമാണ് ഇതിന് പിന്നില്‍. ഞാനൊരിക്കലും കുടകില്‍ പോയിട്ടില്ല.

ബി.ജെ.പി. കര്‍ണാടകം ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നുള്ളത് ഉറപ്പാണ്- മഅദനി പറഞ്ഞു.

ജീവനുള്ള കാലത്തോളം പോലീസിനെയും ഭരണകൂടങ്ങളെയും ഭയക്കില്ല. ജയിലില്‍നിന്ന് മടങ്ങിവന്നാലും തീവ്രവാദപ്രവര്‍ത്തനത്തെയോ വഴിവിട്ട പ്രവര്‍ത്തനങ്ങളെയോ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് മഅദനി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അന്‍വാര്‍ശ്ശേരി: ആശങ്കയിലും സമരങ്ങളിലും സജീവമായ ദിനം

Thursday, August 12, 2010
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി നടത്തുന്ന സമരങ്ങളാല്‍ അന്‍വാര്‍ശ്ശേരി ബുധനാഴ്ച സജീവമായിരുന്നു.
ഉപവാസസമരം രാവിലെ മൈലക്കാട് ഷായുടെ അധ്യക്ഷതയില്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എച്ച്. ഷഹീര്‍ മൗലവി, സാബു കൊട്ടാരക്കര, തേവലക്കര ഷമീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 500 ഓളം പി.ഡി.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ കോലം കത്തിച്ചു. മഅ്ദനിയെ ആര്യാടന്‍ തീവ്രവാദിയെന്നുവിളിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
ഉച്ചക്ക് ശേഷം ആര്യാടന്‍ മുഹമ്മദിനെ പ്രതീകാത്മക വിചാരണക്ക് വിധേയനാക്കി ചെരിപ്പുകൊണ്ട് അടിക്കാനുള്ള ശിക്ഷ വിധിച്ചു. ഇതിന് മുന്നോടിയായി നടന്ന പ്രകടനത്തിലും 500 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഈ സമയമെല്ലാം അന്‍വാറും പരിസരവും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

 

No comments: