13.8.10

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി കര്‍ണാടക ഹൈകോടതിയില്‍

Friday, August 13, 2010
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രവും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കര്‍ണാടക ഹൈകോടതിയെ സമീപിച്ചു. കര്‍ണാടക പൊലീസിനെയും കേരള സര്‍ക്കാറിനെയും എതിര്‍കക്ഷികളാക്കി സിംഗിള്‍ ബെഞ്ച് ജഡ്ജി സുഭാഷ് ബി. ആദിയുടെ മുമ്പാകെ അഡ്വ. പി. ഉസ്മാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. കേരള പൊലീസിന്റെ പക്കലുള്ള മഅ്ദനിയുടെ ടൂര്‍ ഡയറിയുടെ പൂര്‍ണ രൂപം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. 

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം വകുപ്പ് 45 പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെയോ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുമതി വേണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന കാരണമാണ് മുഖ്യമായും ഉന്നയിച്ചിരിക്കുന്നത്. അണ്ടര്‍ സെക്രട്ടറിയുടെ അനുമതിയുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചിരുന്നെങ്കിലും ഈ അനുമതി വകുപ്പ് 45 അനുശാസിക്കുന്ന വിധത്തിലല്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സാക്ഷിമൊഴികളും മറ്റും കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ച് കേസെടുക്കാന്‍ വകുപ്പുണ്ടെങ്കില്‍ അതിന് ശിപാര്‍ശ സമര്‍പ്പിക്കണം.

എന്നാല്‍, ഈ കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. തീവ്രവാദ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് ഡെലിഗേഷന്‍ ഓഫ് പവര്‍ നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അണ്ടര്‍ സെക്രട്ടറിക്ക് ഇതിനുള്ള അധികാരമില്ലെന്നാണ് മഅ്ദനിയുടെ വാദം. 

കേരള പൊലീസില്‍നിന്ന് ലഭിച്ച മഅ്ദനിയുടെ യാത്രാ രേഖകള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈകോടതിയിലും അതിവേഗ സെഷന്‍സ് കോടതിയിലും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ടൂര്‍ ഡയറിയില്‍ ചില ദിവസങ്ങളിലെ യാത്രാവിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇത് പരിഗണിക്കാന്‍ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ പൂര്‍ണ ടൂര്‍ ഡയറി ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍ക്കാറിനെ കക്ഷി ചേര്‍ത്തത്. 

ജമാല്‍ മുഹമ്മദ്, മജീദ്, ജോസ് വര്‍ഗീസ് എന്നിവര്‍ നല്‍കിയ മൊഴി മഅ്ദനിക്കെതിരെ കേസെടുക്കുന്നതിന് പര്യാപ്തമല്ലെന്നും ഹരജിയില്‍ പറയുന്നു. മഅ്ദനി നിരപരാധിയാണെന്നും കുടക് ലക്കേരിയില്‍ തടിയന്റവിട നസീര്‍ നടത്തിയ ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
ഈ മാസം മൂന്നിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ഹൈകോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 
അതേസമയം, മൂന്‍കൂര്‍ ജാമ്യപേക്ഷയായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുമതി ഉണ്ടോയെന്ന കാര്യം പരിഗണിക്കുന്നില്ലെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യമേ പരിഗണിക്കുന്നുള്ളൂവെന്നുമാണ് ഹൈകോടതി അഭിപ്രായപ്പെട്ടത്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും

No comments: