26.8.10

മഅദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
Posted on: 27 Aug 2010

പി. സുനില്‍കുമാര്‍




ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സപ്തംബര്‍ ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടാത്തതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേട്ട് വെങ്കിടേശഗുരുജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. തുടര്‍ന്ന് മഅദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി.

ജയിലില്‍ മഅദനിക്ക് ആധുനിക ചികിത്സയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന മഅദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഹൃദ്രോഗവും രക്തസമ്മര്‍ദവും അടക്കമുള്ള അസുഖമുള്ളതിനാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അവസരമൊരുക്കണമെന്ന വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ബാംഗ്ലൂരിലെ ജയദേവ ആസ്​പത്രിയിലെ കാര്‍ഡിയോളജി വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനും വിദഗ്ധ ചികിത്സ നല്കാനും കോടതി ഉത്തരവിട്ടു. മഅദനിയെ ചികിത്സിക്കാന്‍ മണിപ്പാല്‍ ആസ്​പത്രിയിലെ ഡോക്ടറെ നിയോഗിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മതപരമായ ചടങ്ങുകള്‍ക്കായി ഖുര്‍ആന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം. വീല്‍ചെയര്‍, ബെഡ്, യൂറോപ്യന്‍ ടോയ്‌ലറ്റ് എന്നിവ ഒരുക്കാനും കോടതി ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലായിരിക്കെ പോലീസിന്റെ സമീപനം നല്ല രീതിയിലായിരുന്നെന്നും ഈ കാലയളവില്‍ മാധ്യമങ്ങളില്‍ തന്‍േറതായി വന്ന വാര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും മഅദനി കോടതിയെ ബോധിപ്പിച്ചു. ശാരീരിക അസുഖങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അദ്ദേഹം കോടതിയെ അറിയിച്ചു.

അതിനിടെ മഅദനി ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്കി. ഇത് വെള്ളിയാഴ്ച പരിഗണിക്കും. ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ താന്‍ നിരപരാധിയാണെന്നും കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീര്‍ തനിക്കെതിരെ മൊഴിനല്കിയിട്ടില്ലെന്നും

ഈ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം തന്നെ കേസില്‍ ചേര്‍ത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും 197-ാം സാക്ഷിയായ ജോസ്‌വര്‍ഗീസിനെ തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരെ മൊഴി രേഖപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസിനെതിരെ പത്തോളം വാദങ്ങളാണ് ഉന്നയിച്ചത്. അതിവേഗ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വട്ടാവതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

ആഗസ്ത് 17-നാണ് മഅദനിയെ അറസ്റ്റുചെയ്തത്. അന്ന് രാത്രി ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന്റെ കോറമംഗലയിലുള്ള വസതിയില്‍ ഹാജരാക്കുകയും 26-വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച വൈകിട്ട് 5.25-ഓടെ മഅദനിയെ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചത്. വന്‍പോലീസ് സന്നാഹവും കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നു. വീല്‍ച്ചെയറിലാണ് മഅദനിയെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകരെ കോടതിഹാളില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

പ്രാഥമികഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാലാണ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഉന്നയിക്കാതിരിക്കുന്നതെന്ന് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഓംങ്കാരയ്യ പറഞ്ഞു. ഇതുവരെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേസിലെ മറ്റു പ്രതികളില്‍നിന്ന് വിവരം ശേഖരിച്ചതിനുശേഷം മഅദനിയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ മഅദനി കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് സഹകരിച്ചതായി പോലീസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികളായ തടിയന്റവിട നസീറിനെയും സേ്ഫാടനത്തിനായി ഫണ്ട് സ്വരൂപിച്ച സര്‍ഫ്രാസ് നവാസിനെയും അറിയാമെന്ന കാര്യം മഅദനി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിനെയും മറ്റു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനുശേഷം മഅദനിയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം


മഅ്ദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സെപ്റ്റംബര്‍ ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. 

വ്യാഴാഴ്ച വൈകുന്നേം 5.25നാണ് മഅ്ദനിയെ മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗിക്ക് മുമ്പില്‍ ഹാജരാക്കിയത്. മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചില്ല. തനിക്ക് മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനി പരാതിപ്പെട്ടപ്പോള്‍ ശ്രീ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ മഅ്ദനിക്ക് ആവശ്യമായ വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ മജിസ്‌ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വികലാംഗനെന്ന പരിഗണന വെച്ച് മഅ്ദനിക്ക് ജയിലില്‍ വീല്‍ ചെയര്‍, കട്ടില്‍ എന്നിവ അനുവദിക്കാനും മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാഹചര്യം ഒരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാനും പരാതിപ്പെട്ടു. മഅ്ദനിയെ ബംഗളൂരു സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയിലേക്ക് മാറ്റി. മഅ്ദനിയെ ചോദ്യം ചെയ്യുന്നത് തല്‍ക്കാലം അവസാനിപ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടാതിരുന്നതെന്നും കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിലെ ഡി.എസ്.പി എച്ച്.എം. ഓംകാരയ്യ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമാണെങ്കില്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അതിനിടെ, മഅ്ദനിയുടെ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി അഞ്ചില്‍ സമര്‍പ്പിച്ചു. ഹരജി ഇന്ന് പരിഗണനക്ക് വരും

സ്‌റ്റേഡിയം സ്‌ഫോടനം: മഅ്ദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് പൊലീസ്

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന തരത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ.പി.എല്‍ മല്‍സരത്തിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യംചെയ്യലില്‍ വ്യക്തമായെന്നായിരുന്നു ആചാര്യ ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍, താന്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന് മഅ്ദനി അഭിഭാഷകന്‍ മുഖേന മാധ്യമങ്ങളെ അറിയിച്ചു. ആചാര്യയുടെ വാദത്തെ പരോക്ഷമായി തള്ളുന്നതാണ് പൊലീസ് കമീഷണറുടെ ബുധനാഴ്ചത്തെ പ്രസ്താവന. 
2008ലെ ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സാക്ഷികളിലൊരാളായ സൂഫിയ മഅ്ദനിയെ ചോദ്യം ചെയ്യുമെന്നും ശങ്കര്‍ ബിദ്‌രി പറഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ആഗസ്റ്റ് 17ന് അറസ്റ്റിലായ മഅ്ദനിയെ ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മഅ്ദനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടിവാങ്ങാനാണ് പൊലീസിന്റെ നീക്കം. എന്നാല്‍, പൊലീസ് കസ്റ്റഡി നീട്ടിവാങ്ങാന്‍ ശ്രമമുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 
മഅ്ദനിക്കുവേണ്ടി ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മഅ്ദനി പൊലീസ് കസ്റ്റഡിയിലായിരുന്നതിനാലാണ് ഇതുവരെ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. മഅ്ദനിയെ ഇന്നലെ അഭിഭാഷകന്‍ സന്ദര്‍ശിച്ചു. മഅ്ദനിക്ക് ശാരീരീക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. 
അതിനിടെ, മഅ്ദനിയെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐ.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തിയത്. 

'മഅ്ദനി: ലീഗ് നിലപാട് വ്യക്തമാക്കണം'

Thursday, August 26, 2010
മലപ്പുറം: മഅ്ദനിയെ കൂടുതല്‍ സ്‌ഫോടന കേസുകളില്‍ കുടുക്കാനുള്ള സംഘ്പരിവാര്‍ നീക്കം വ്യക്തമായിരിക്കെ, വിഷയത്തില്‍ മുസ്‌ലിംലീഗ് നയം വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്കല്ല, വേറെ വഴിക്കാണ് പോകുന്നതെന്നതിന് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പുതിയ പ്രസ്താവനയേക്കാള്‍ വലിയ തെളിവ് വേണ്ട. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മഅ്ദനിയടക്കമുള്ളവരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിഡ്ഢിത്തമാണ്. അവിടെ സ്‌ഫോടനം നടക്കുമ്പോള്‍ നസീര്‍ അടക്കമുള്ളവര്‍ ജയിലിലായിരുന്നു. ബംഗളൂരു സ്‌ഫോടന കേസില്‍ മഅ്ദനിക്കെതിരെ ഒരു തെളിവും അവര്‍ക്ക് ലഭിച്ചിട്ടില്ല. ജാമ്യം ലഭിക്കാനുള്ള സാഹചര്യം നിലനില്‍ക്കെ, സ്വാഭാവിക നീതി തടയാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുസമൂഹം ഇതിനെതിരെ അണിനിരക്കണം. 
മഅ്ദനിക്കെതിരായ ഗൂഢാലോചനക്കെതിരെ വിവിധ പൗരാവകാശ സംഘടനകളുമായി ചേര്‍ന്ന് പി.ഡി.പി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 31ന് ഉച്ചക്ക് ഒന്നിന് മലപ്പുറം മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ മഅ്ദനി നിയമ സഹായ സമിതിയുടെ നേതൃത്വത്തില്‍ സമരസംഗമം നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണിയും പങ്കെടുത്തു.

വിദഗ്ധ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനി; സൗകര്യങ്ങള്‍ നല്‍കണമെന്ന് കോടതി

Thursday, August 26, 2010
ബംഗളൂരു: അറസ്റ്റിലായശേഷം തനിക്ക് മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് മഅ്ദനി ഈ പരാതി ഉന്നയിച്ചത്. മഅ്ദനിക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്ന് ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേശ് ഗുരിഗി നിര്‍ദേശിച്ചു.

പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയത്ത് ബ്ലഡ് ഷുഗര്‍ 450 ആയിരുന്നു. കസ്റ്റഡിയില്‍ എടുത്തശേഷം രക്തം പരിശോധിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗിക്ക് രേഖാമൂലം നല്‍കിയ പരായില്‍ അദ്ദേഹം ബോധിപ്പിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെന്നും പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരില്ലാതിരുന്നതാണ് കാരണമെന്നും പറഞ്ഞിട്ടുണ്ട്. തന്റെ ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും മഅ്ദനി കോടതിയെ ബോധിപ്പിച്ചു. 

മൂക്കില്‍നിന്ന് രക്തം വരുന്നതിനും നട്ടെല്ലിലെ വേദനക്കും പരിശോധന നടത്തിയപ്പോള്‍ എം.ആര്‍.ഐ സ്‌കാന്‍ നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കാര്യവും മഅ്ദനി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കാന്‍ നടത്താനായിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എം.ബി.ബി.എസ് ഡോക്ടര്‍ കേവല പരിശോധന നടത്തിപ്പോവുകയാണെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാനും  പറഞ്ഞു. ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ഏത് ആശുപത്രിയില്‍ ചികില്‍സ വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ജഡ്ജി വെങ്കിടേഷ് ഗുരിഗി ചോദിച്ചു. അപ്പോളോ ഹോസ്‌പിറ്റല്‍, ജയദേവ ഹോസ്‌പിറ്റല്‍ തുടങ്ങിയവയുടെ പേരാണ് മഅ്ദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ്് ജയദേവ ഹോസ്‌പിറ്റലില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ജഡ്ജി നിര്‍ദേശിച്ചത്. വ്യാഴാഴ്ച തന്നെ വേണമെങ്കില്‍ ആശുപത്രിയില്‍ എത്തിച്ച ചികില്‍സ നടത്താവുന്നതാണെന്നും ജഡ്ജി വ്യക്തമാക്കി. എന്നാല്‍, ആവശ്യമുള്ളപ്പോള്‍ ഇതിനുള്ള സൗകര്യം ഒരുക്കിയാല്‍ മതിയെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ നിര്‍ദേശിച്ചു. 

ബംഗളൂരു സ്‌ഫോടനത്തില്‍ തനിക്ക് പങ്കില്ലെന്നും മഅ്ദനി രേഖാമൂലം കോടതിയെ അറിയിച്ചു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ പ്രസ്താവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാല്‍ അങ്ങനെയൊരു കുറ്റസമ്മതം താന്‍ നടത്തിയിട്ടില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ മഅ്ദനി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തനിക്ക് പങ്കില്ലെന്നും മഅദനി കത്തില്‍ പറഞ്ഞു. 
വൈകുന്നേരം 5.15നാണ് മഅ്ദനിയെ കോടതിയില്‍ എത്തിച്ചത്. 5.25ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ബംഗളൂരു ജോയിന്റ് കമീഷണര്‍ അലോക്കുമാര്‍, ഡി.എസ്.പി എച്ച്.എം ഓംകാരയ്യ, ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പ എന്നിവരുടെ നേതൃത്വത്തിലാണ് മഅ്ദനിയെ കോടതിയില്‍ എത്തിച്ചത്. 

മഅ്ദനിയെ ഉച്ചകഴിഞ്ഞ് മൂന്നിന് ഹാജരാക്കുമെന്ന് അറിഞ്ഞ് രണ്ടരയോടെതന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. മഅ്ദനിയുടെ വരവ് കാത്ത് അഭിഭാഷകരും മറ്റും കോടതി പരിസരത്ത് തടിച്ചുകൂടിയായിരുന്നു. കോടതിയിലേക്കുള്ള വഴിയില്‍ കയറ് കെട്ടിയാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. പൊലീസ് വാഹനത്തില്‍ എത്തിച്ച മഅ്ദനിയെ വീല്‍ചെയറിലിരുത്തിയാണ് മൂന്നാം നിലയിലെ കോടതി മുറിയില്‍ എത്തിച്ചത്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മഅ്ദനിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

No comments: