മകന്‍ അറസ്റ്റിലായതറിയാതെ അബ്ദുസ്സമദ് മാസ്റ്റര്‍
Thursday, August 19, 2010
ശാസ്താംകോട്ട: എട്ടുമക്കളില്‍ മൂത്തവനായ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത് പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍ ഇനിയും അറിഞ്ഞിട്ടില്ല.
പക്ഷാഘാതത്തെ തുടര്‍ന്ന് ഇടതുവശം തളര്‍ന്ന് ചക്രക്കസേരയില്‍ കഴിയുന്ന സമദ് മാസ്റ്ററില്‍ നിന്ന് കുടുംബാംഗങ്ങള്‍ അറസ്റ്റ് വിവരം ഏറെ പണിപ്പെട്ട് മറച്ചുവെച്ചിരിക്കുകയാണ്. ആ വാര്‍ത്ത അറിഞ്ഞാലുണ്ടാകുന്ന ആഘാതം ദുര്‍ബലമായ ശരീരത്തിനും മനസ്സിനും താങ്ങാനാവില്ലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞമാസം 16ന് സന്ധ്യക്കാണ് അബ്ദുസ്സമദ് മാസ്റ്റര്‍ക്ക് പക്ഷാഘാതം വന്നത്. ഒരാഴ്ചയോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞശേഷം വീട്ടിലെത്തി തുടര്‍ ചികില്‍സയിലാണ് മൈനാഗപ്പള്ളി ഗവ. എല്‍.പി സ്‌കൂളില്‍ നിന്ന് 14 വര്‍ഷം മുമ്പ് വിരമിച്ച സമദ് മാസ്റ്റര്‍.
18 വര്‍ഷമായി അബ്ദുന്നാസിര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട നടപടികളില്‍ കുടുങ്ങി ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടവരാണ് അബ്ദുസ്സമദ് മാസ്റ്റര്‍-അസ്മാബീവി ദമ്പതികള്‍. ഒരു വയസ്സുമാത്രം പ്രായമുള്ള ഇളയമകനും പറക്കമുറ്റാത്ത മറ്റ് മക്കള്‍ക്കുമൊപ്പം സ്വന്തം വീട്ടില്‍ നിന്ന് 1992ല്‍ ഇവരെ പൊലീസ് ആട്ടിപ്പായിച്ചിരുന്നു. മകന് നീതിതേടി അലഞ്ഞ ഈ പിതാവ് മറ്റൊരു പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ശയ്യാവലംബിയായത്.
മകന്റെ അറസ്റ്റിന്റെ കാര്യം ഭര്‍ത്താവില്‍ നിന്ന് മറച്ചുവെക്കാന്‍ പാടുപെടുന്ന അസ്മാബീവി കരച്ചിലൊതുക്കാന്‍ ഏറെ വിഷമിക്കുന്നു.
അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിനുശേഷം വാവിട്ടുനിലവിളിച്ച് മോഹാലസ്യപ്പെട്ടുവീണ മകന്‍ ഉമര്‍ മുഖ്ത്താര്‍ അന്‍വാര്‍ശ്ശേരിയിലെ മുറിയില്‍ കരഞ്ഞുതളര്‍ന്നുകിടക്കുകയാണ്. ഇളയമകനായ സലാഹുദ്ദീന്‍ അയ്യൂബി എറണാകുളത്താണ്.
മഅ്ദനി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം -പൂന്തുറ സിറാജ്
Thursday, August 19, 2010
തിരുവനന്തപുരം: മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് മഅ്ദനിക്ക് ചികില്‍സ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേരളസമൂഹത്തിന് മുമ്പില്‍ പറയാന്‍ മുഖ്യമന്ത്രി തയാറാകണം. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോള്‍ മഅ്ദനിക്ക് ചികില്‍സ നല്‍കിയില്ല. ഇസ്‌ലാമിക പണ്ഡിതനായ മഅ്ദനിയെ റമദാനില്‍ അറസ്റ്റ് ചെയ്തത് കേരളത്തെ കലാപഭൂമിയാക്കാനാണ്. അഞ്ചുതവണ വാറന്റ് പുതുക്കിയപ്പോഴാണ് അറസ്റ്റ് നടപ്പാക്കിയത്്. കേരളത്തെ ഗുജറാത്താക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. എന്നാല്‍ മഅ്ദനി പ്രശ്‌നം പി.ഡി.പി-ബി.ജെ.പി പ്രശ്‌നമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരാളെ അറസ്റ്റ് ചെയ്യുമ്പോഴുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ണാടക പോലിസ് പാലിച്ചിട്ടില്ല. അറസ്റ്റ്‌ചെയ്യുന്നവരെ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള കോടതിയില്‍ ഹാജരാക്കണമെന്നുണ്ട്. ഇത് നടപ്പാക്കിയിട്ടില്ല. അറസ്റ്റിലാകുന്നതിന് തൊട്ടുതലേന്ന് നടത്തിയ വൈദ്യപരിശോധനയില്‍ മഅ്ദനി യാത്ര ചെയ്യാവുന്ന അവസ്ഥയിലല്ലെന്ന് കണ്ടെത്തിയിരുന്നു. പെപ്റ്റിക് അള്‍സര്‍, ഹൃദ്‌രോഗം, പ്രമേഹം എന്നിവ കൂടാതെ നട്ടെല്ലിന് ഗുരുതര രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. പുറമെ എച്ച് വണ്‍ എന്‍ വണ്‍ ഉണ്ടെന്ന സംശയവുമുണ്ട്. തൊണ്ടയിലെ സ്രവം പരിശോധനക്ക് കൊണ്ടുപോയതല്ലാതെ ഫലം ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങള്‍ കോടതിയില്‍ പറയാനുള്ള അവസരം നിഷേധിക്കുകയാണ് കര്‍ണാടക പോലിസ് ചെയ്തത്.
അഭിഭാഷകനെ കാണാന്‍ പോലും അനുവദിക്കാതെ ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലാണ് മഅ്ദനിയെ പാര്‍പ്പിച്ചിരിക്കുന്നത്. കേസ് അതിന്റെ വഴിക്കെന്നാണ് പി.ഡി.പി നിലപാട്. മഅ്ദനി കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ വെറുതെവിടുമെന്ന് ഉറപ്പാണ്. മഅ്ദനിയെ കള്ളകേസില്‍ കുടുക്കിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന പി.ഡി.പി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment