മഅ്ദനിക്ക് നേരെ നീതിനിഷേധം ആവര്‍ത്തിക്കപ്പെടരുത് -മഹല്ല് ഇമാം ഐക്യവേദി
Saturday, August 21, 2010
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാനും അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും മുഴുവന്‍ മനുഷ്യസ്‌നേഹികളും രംഗത്തിറങ്ങണമെന്ന് കേരളാ മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭ്യര്‍ഥിച്ചു.
കോടതിക്ക് മുമ്പാകെ കീഴടങ്ങുകയോ വാറണ്ടുമായി ഉദ്യോഗസ്ഥരെത്തിയാല്‍ സമാധാന പൂര്‍വം അറസ്റ്റ് വരിക്കുകയോ ചെയ്യുമെന്ന് മഅ്ദനി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അന്‍വാര്‍ശ്ശേരിയില്‍ അനാവശ്യമായി പൊലീസ് സേനയെ വിന്യസിക്കുകയും ഗ്രനേഡ് പൊട്ടിച്ച് ദിവസങ്ങളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി.എച്ച്. അബ്ദുല്‍ അസീസ് മൗലവി പാലക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, മുഹമ്മദ് സാലിഹ് അല്‍ഖാസിമി കൊല്ലം, സയ്യിദ് പൂക്കോയാതങ്ങള്‍ മലപ്പുറം, കാഞ്ഞാര്‍ അബ്ദുറസ്സാഖ് മൗലവി, വൈ.എം. ഹനീഫാ മൗലവി, അബ്ദുഷുക്കൂര്‍ മൗലവി, മൗലവി മൂസാ നജ്മി, അബ്ദുല്‍ ഹമീദ് അല്‍ഖാസിമി, വി.എച്ച്. അലിയാര്‍ മൗലവി തൊടുപുഴ, അബ്ദുസ്സലാം മൗലവി ഈരാറ്റുപേട്ട, മൗലവി മീരാന്‍ ബാഖവി, അബ്ദുന്നാസിര്‍ സഖാഫി, മൗലവി നവാസ് മന്നാനി, മുണ്ടക്കയം ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.