30.11.10


പി.ഡി.പി ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി


മലപ്പുറം: അബ്ദുള്‍നാസര്‍ മഅദനിയുടെ അറസ്റ്റിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, മഅദനിയെ മോചിപ്പിക്കുക, എന്‍ഡോസള്‍ഫാന്‍ കീടനാശിനി പൂര്‍ണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.ഡി.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. പി.ഡി.പി സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു.


മഅദനിയെ തീവ്രവാദിയാക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്നും സാമ്രാജ്യത്വ ഏജന്റുമാരാണ് ഇതിനു പിന്നിലെന്നും വര്‍ക്കല രാജ് ആരോപിച്ചു.


ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസഫ് പാന്ത്ര, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി, ഉമര്‍ മേലാറ്റൂര്‍, ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ഷംസുദ്ദീന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് മംഗലശ്ശേരി നന്ദിയും പറഞ്ഞു.


എം.മൊയ്തുണ്ണി ഹാജി, സക്കീര്‍ പരപ്പനങ്ങാടി, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, ജാഫറലി ദാരിമി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


പാര്‍ട്ടി പ്രവര്‍ത്തകര്‍ കുതന്ത്രങ്ങളില്‍ പെട്ട് പോകരുത് : അബ്ദുള്‍ നാസര്‍ മഅദനി


കൊല്ലം:തന്നെ സ്നേഹിക്കുന്ന പി.ഡി.പി പ്രവര്‍ത്തകര്‍ വിമത പ്രവര്‍ത്തനം നടത്തിയ ചില നേതാക്കള്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ വിശ്വസിച്ചു അവരുടെ വലയില്‍ കുരുങ്ങരുതെന്ന് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച കത്തില്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.

നേതാക്കളില്‍ ചിലരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.എന്നാല്‍ അതിനു പരിഹാരമായി മറ്റു ചില നേതാക്കള്‍ മഅദനി ഇല്ലാത്ത പി.ഡി.പി ഉണ്ടാക്കിയാല്‍ എല്‍.ഡി.എഫിലോ യു.ഡി.എഫിലോ ഇടം കിട്ടുമെന്നു പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രസ്ഥാനത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ചങ്കുപിളര്‍ക്കുന്ന വേദന ഉണ്ടാക്കുന്നു-കത്തില്‍ ചെയര്‍മാന്‍ പറയുന്നു.

പാര്‍ട്ടി നേതാക്കളില്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സമീപനത്തില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്ന് കത്തില്‍ മഅദനി ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടി ശക്തമാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരിമിതികള്‍ ഏറെ ഉണ്ടായിട്ടും പലയിടത്തും അഭിമാനകരമായ നേട്ടം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
മഅദനി ഇല്ലാത്ത പാര്‍ട്ടിയുടെ ഭാഗമായാല്‍ രാഷ്ട്രീയഭാവി സുരക്ഷിതമാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തനിക്ക് അതില്‍ സന്തോഷമേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.നിലവില്‍ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന് നേതാക്കള്‍ക്ക് അയച്ച കത്തില്‍ മഅദനി ഉറപ്പു നല്‍കി.

പി.ഡി.പിയുടെ ചില നേതാക്കള്‍ പാര്‍ട്ടി വിട്ടാലും അണികള്‍ മഅദനിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പാര്‍ട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ പറഞ്ഞു. പി.ഡി.പിക്ക് ഒരു നേതാവേ ഉള്ളൂ എന്നും അത് മഅദനി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവര്‍ പാര്‍ട്ടിയില്‍ വന്ന് നേതാക്കന്മാര്‍ ആയവരാണ്.

ഗഫൂര്‍ പുതുപ്പാടിയോ പൂന്തുറ സിറാജോ താന്‍ തന്നെയോ പാര്‍ട്ടി വിട്ടാലും കൂടെ വരാന്‍ ആരും ഉണ്ടാവില്ലെന്ന് മൈലക്കാട് ഷാ പറഞ്ഞു. മുസ്‌ലിം ലീഗുമായി സഹകരിക്കാമെന്ന് പൂന്തുറ സിറാജ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പാര്‍ട്ടിയുടെ നയമല്ല.പൂന്തുറ സിറാജ് എന്താണു പറഞ്ഞതെന്ന് മനസ്സിലാക്കും മുമ്പ് ഗഫൂര്‍ പുതുപ്പാടി പ്രതികരിച്ചതും ശരിയായില്ല-അദ്ദേഹം അഭിപ്രായപ്പെട്ടു

No comments: