3.12.10

മഅ‌ദനിയുടെ മോചനമാവശ്യപ്പെട്ട്‌ പി.ഡി.പി. നിരന്തര ജനകീയ പ്രക്ഷോഭമാരംഭിക്കും-വര്‍ക്കലരാജ്‌

ജനകീയ മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ‌ദനിയുടെ മോചനമാവശ്യപ്പെട്ട്‌ പി.ഡി.പി നിരന്തര പ്രക്ഷോഭമാരംഭിക്കുമെന്നു പാര്‍ട്ടിയുടെ സംസ്‌ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജ്‌ പ്രസ്‌താവിച്ചു.മഅ‌ദനിയുടെ രണ്ടാം അറസ്‌്റ്റിനു പിന്നാലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, എന്‍ഡോ സള്‍ഫാന്‍ കീടനാശിനി രാജ്യത്തു പൂര്‍ണമായും നിരോധിക്കുക്‌എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുപി.ഡി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ‌ദനി മോചന സമരങ്ങള്‍ക്കു രൂപം നല്‍കുന്നതിനുവേണ്ടി ഡിസംബര്‍ അഞ്ചിനു എറണാകുളം മാസ്‌ ഓഡിറ്റോറിയത്തില്‍ ഉച്ചയ്‌ക്കു രണ്ടിനു പഞ്ചായത്ത്‌, വാര്‍ഡ്‌ ഭാരവാഹികളെ ഉള്‍പ്പെടുത്തി സംസ്‌ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ബാപ്പു പുത്തനത്താണി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി സുബൈര്‍ സ്വബാഹി മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന സെക്രട്ടറിയേറ്റംഗം യൂസുഫ്‌ പാന്ത്ര, ഐ.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ സമീര്‍ പയ്യനങ്ങാടി, പി.സി.എഫ്‌ ജിദ്ദ ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍, ഗഫൂര്‍ മൗലവി,ജില്ലാ സെക്രട്ടറി അഡ്വ. കെ ഷംസുദ്ദീന്‍, ജില്ലാ പ്രസിഡന്റ്‌ നൗഷാദ്‌ മംഗലശേരി പ്രസംഗിച്ചു.


പാര്‍ട്ടിയുടെ ജില്ലാ ഓഫീസ്‌ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചിന്‌ സെക്രട്ടറിയേറ്റംഗം എം മൊയ്‌തുണ്ണിഹാജി, ജില്ലാ വര്‍ക്കിംഗ്‌ സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ അലി കാടാമ്പുഴ, ശശി പൂവന്‍ചിന, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജാഫറലി ദാരിമി, അസീസ്‌ വെളിയങ്കോട്‌, നാസര്‍ വെള്ളുവങ്ങാട്‌, പി.ടി.യു.സി ജില്ലാ സെക്രട്ടറി എം.എ അഹമ്മദ്‌ കബീര്‍, സരോജിനി രവി, കല്ലിങ്ങല്‍ മൂസ നേതൃത്വം നല്‍കി.

ഷാഹിനക്കെതിരായ കേസ്: അടിയന്തര നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം


തിരുവനന്തപുരം: വാര്‍ത്താസംബന്ധമായി കേസിലെ സാക്ഷികളോട് സംസാരിച്ചതിന്റെ പേരില്‍ തെഹല്‍ക വാരികയുടെ ലേഖിക കെ.കെ. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. രാജ്യത്താകെയുള്ള മാധ്യമപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രശ്‌നമെന്ന നിലയില്‍ വിഷയം ഗൗരവത്തോടെ കാണണമെന്നും കര്‍ണാടക മുഖ്യമന്ത്രിയെ നടപടിക്ക് പ്രേരിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഅ്ദനിയെ കുടകില്‍ വെച്ച് കണ്ടു എന്ന് കര്‍ണാടക പൊലീസ് അവകാശപ്പെടുന്ന സാക്ഷികളില്‍ രണ്ട് പേരുമായി സംസാരിച്ച് വാര്‍ത്ത തയാറാക്കുകയാണ് ഷാഹിന ചെയ്തത്. മഅ്ദനി കുടകില്‍ എത്തിയിരുന്നു എന്ന പൊലീസ് അവകാശ വാദം അടിസ്ഥാനരഹിതമാണെന്നാണ് അവരുടെ അന്വേഷണത്തില്‍ വ്യക്തമായത്. കെ.കെ. യോഗാനന്ദ്, റഫീഖ് ബാപ്പട്ടി എന്നിവര്‍ മഅ്ദനിയെ കുടകില്‍ വെച്ച് കണ്ടിരുന്നില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. ഇവരുമായി സംസാരിക്കുന്ന ഘട്ടത്തില്‍ ഷാഹിനക്കെതിരെ കര്‍ണാടക പൊലീസിന്റെ ഭീഷണിയുണ്ടായി. സ്ഥലത്തെത്തിയ സി.ഐ നിങ്ങള്‍ തീവ്രവാദിയാണെന്ന് സംശയിക്കുന്നുവെന്ന് ഷാഹിനയോട് പറഞ്ഞു. പിന്നീട് ഐ.പി.സിയിലെ 506 വകുപ്പ് പ്രകാരം സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ നടപടി മാധ്യമ സ്വതന്ത്ര്യത്തിന്‍മേലുള്ള  കടന്നുകയറ്റമാണ്.
വ്യക്തിയുടെ ജാതി, മതം, ദേശം, വര്‍ണം എന്നിവ നോക്കി പ്രവൃത്തിയെ കൈകാര്യം ചെയ്യുന്ന അവസ്ഥയും ഇതിലുണ്ട്. ഷാഹിന മുസ്‌ലിമായതിനാല്‍ മുസ്‌ലിം സമുദായത്തില്‍പെട്ട ഒരാളുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അന്വേഷണം നടത്തുന്നത് കുറ്റകരമായി കാണുന്ന അവസ്ഥ ഉണ്ടായതായി ആശങ്കപ്പെടുന്നതായും അവര്‍ പറഞ്ഞു.
ബി.ആര്‍.പി ഭാസ്‌കര്‍, എസ്. ജയചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എസ് ബാബു, ശശികുമാര്‍, പോള്‍ സക്കറിയ, എം.പി. അച്യുതന്‍ എം.പി, എന്‍. മാധവന്‍കുട്ടി, സെബാസ്റ്റിയന്‍ പോള്‍, എസ്.ആര്‍. ശക്തിധരന്‍, നീലന്‍, എന്‍.പി. രാജേന്ദ്രന്‍, കെ.പി. മോഹനന്‍, വി.എം. ഇബ്രാഹിം, എന്‍.പി.ചന്ദ്രശേഖരന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, എന്‍.പി. ചേക്കുട്ടി, എം.ജി. രാധാകൃഷ്ണന്‍, എന്‍. പത്മനാഭന്‍, സി. ഗൗരിദാസന്‍ നായര്‍, മനോഹരന്‍ മോറായി, കെ.സി. രാജഗോപാല്‍, എം.എം. സുബൈര്‍ എന്നിവര്‍ ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.

No comments: