10.11.10

പി.ഡി.പി. സ്വതന്ത്രമായ നിലപാടുകളുമായി മുന്നോട്ടു പോകും, ആരുടേയും വാലാകാന്‍ ഉദ്ദേശിക്കുന്നില്ല : ചെയര്‍മാന്‍

ബംഗ്ലൂര്‍ : പിഡിപി ചില അജണ്ടകളുടെ അടിസ്ഥാനത്തില്‍ പലപ്പോഴും രണ്ടുമുന്നണികളെയും പ്രശ്‌നാധിഷ്ഠിതമായി പിന്തുണച്ചിട്ടുണ്ടെങ്കിലും ആരുടേയും  'വാല്‍' ആയി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി  പ്രസ്താവനയില്‍ അറിയിച്ചു.  ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അയച്ച പ്രത്യേക കത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നന്മയ്ക്കായി സ്വതന്ത്രമായി നിലകൊള്ളുന്ന നയമായിരിക്കും പാര്‍ട്ടിയുടേത്. അതിനോട് യോജിക്കാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.  പാര്‍ട്ടി ചെയര്‍മാന്‍ ജയിലിലടയ്ക്കപ്പെട്ടുവെന്നതിന്റെ പേരില്‍ നേതാക്കളില്‍ അസ്വസ്ഥതയോ രാഷ്ട്രീയഭാവിയെപ്പറ്റി ആശങ്കയോ ഉണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും ചെയര്‍മാന്‍ പറഞ്ഞു. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും കൂറു പുലര്‍ത്തുന്നവര്‍ മാധ്യമങ്ങളിലൂടെ സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് വിഴുപ്പലക്കുന്ന നിലപാട് ശരിയല്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. തനിക്കു മനോവേദനയുണ്ടാക്കുന്ന നീക്കങ്ങളാണു ചില പാര്‍ട്ടി നേതാക്കള്‍ നടത്തുന്നത്‌.കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ കാലത്തും ഇത്തരത്തില്‍ ചില നേതാക്കള്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചു പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മുഴുവന്‍ പ്രവര്‍ത്തകരും ശക്‌തമായി പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിന്നു തന്റെ നിയമപോരാട്ടങ്ങളെപിന്തുണയ്‌ക്കുകയായിരുന്നു. തന്റെ അറസ്‌റ്റും ജയില്‍വാസവും അനുബന്ധ കാര്യങ്ങളും സൃഷ്‌ടിച്ച പ്രതിസന്ധികളുടെ നടുവില്‍, പാര്‍ട്ടി നേതൃത്വത്തിനു കഴിയുമായിരുന്ന സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ നേതൃത്വം വിജയിക്കാതിരുന്നിട്ടും വന്‍ കഷ്‌ടപ്പാടുകള്‍ സഹിച്ചാണ്‌ പ്രവര്‍ത്തകര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. പാര്‍ട്ടി ചെയര്‍മാന്‍ ഇടക്കിടെ ഭരണകൂട ഭീകരതയുടെ ബലിയാടായി ജയിലില്‍ അടക്കപ്പെടുന്ന സാഹചര്യത്തില്‍ ഏതെങ്കിലും നേതാക്കള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി ആശങ്കയുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കത്തില്‍ പറയുന്നു.
ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് അഡ്വ.മുട്ടം നാസര്‍ കണ്‍വീനറായി അഞ്ചംഗ കമ്മിറ്റിയേയും മഅദനി ചുമതലപ്പെടുത്തി. വര്‍ക്കല രാജ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.കാഞ്ഞിരമറ്റം സിറാജ്,ഹനീഫ പുത്തനത്താണി എന്നിവരാണ് മറ്റംഗങ്ങള്‍. പാര്‍ട്ടി ചെയര്‍മാന്റെ അറസ്‌റ്റ് കാര്യത്തില്‍ പൂന്തുറ സിറാജിന്റെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന ഗഫൂര്‍ പുതുപ്പാടിയുടെ ആരോപണം,പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം അനാസ്‌ഥ കാണിച്ചുവെന്ന പ്രവര്‍ത്തകരുടെ പരാതി, മുസ്ലിം ലീഗുമായുള്ള പാര്‍ട്ടി സമീപനത്തെപ്പറ്റി പൂന്തുറ സിറാജിന്റെ കൊല്ലം പത്രസമ്മേളനം,
 വിശദീകരണമായി നടത്തിയ തിരുവനന്തപുരം സമ്മേളനം എന്നിവയുടെ സാഹചര്യം, 'മഅദനിയില്ലാത്ത പി.ഡി.പി' ഉണ്ടാക്കി ഒരു പ്രത്യേക പാര്‍ട്ടിയില്‍ ലയിച്ചാല്‍ ഒരു മുന്നണിയില്‍ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്‌ എന്നു പ്രചരിപ്പിച്ചു മലബാര്‍ കേന്ദ്രീകരിച്ചു വിമത പ്രവര്‍ത്തനം നടന്നുവെന്നതിന്റെ നിജസ്‌ഥിതി എന്നീ കാര്യങ്ങളാണ്‌ അന്വേഷിക്കുക.ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പിഡിപിയുടെ കേന്ദ്ര കമ്മിറ്റിയില്‍ വിപുലമായ അഴിച്ചുപണി ഉടന്‍ ഉണ്ടാവുമെന്നും മഅദനി വ്യക്തമാക്കി.
പി.ഡി.പി. കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം

കാഞ്ഞിരപ്പള്ളി : പട്ടിമറ്റത്ത് സ്ഥാപിച്ചിരുന്ന പി.ഡി.പി.യുടെ കൊടിമരവും പതാകയും നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പി.ഡി.പി. കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്‌ അനൂപ്‌ പാരപ്പള്ളി, മുഹമ്മദ്‌ അലി, റാഫി, അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പെട്രോള്‍ വില കുറയ്ക്കണം - പി.ഡി.പി

തിരൂരങ്ങാടി: പെട്രോള്‍ വില കുറയ്ക്കാന്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് പി.ഡി.പി തിരൂരങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിലവര്‍ധന കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി, പെട്രോളിയം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശം അയക്കാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഷഫീഖ് പാലൂക്ക്, നാസര്‍ ചൂളിപ്പാറ, സാബിത്ത്, എ. ജലീല്‍, എം. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.
 
കേന്ദ്രമന്ത്രി മാപ്പ് പറയണം- പി.ഡി.പി

തിരൂരങ്ങാടി: എന്‍ഡോസള്‍ഫാന് അനുകൂലമായി പ്രസ്താവന ഇറക്കിയ കേന്ദ്ര സഹമന്ത്രി കെ.വി. തോമസ് കേരള സമൂഹത്തോട് മാപ്പ്പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും എ.ആര്‍.നഗര്‍ പഞ്ചായത്ത് പി.ഡി.പി ആവശ്യപ്പെട്ടു. യോഗം വേങ്ങര മണ്ഡലം പ്രസിഡന്റ് ചേക്കു പാലാണി ഉദ്ഘാടനംചെയ്തു. അബൂബക്കര്‍ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. 

No comments: