ഷാഹിനക്കെതിരെ കേസ്സ് പ്രതിഷേധം വ്യാപകം
ബംഗ്ലൂര് കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തെളിവായി പോലീസ് പറയുന്ന സാക്ഷികളുടെ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് മുന്‍ ലേഖികയും തെഹല്‍ക കേരള പ്രതിനിധിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ കെ.കെ.ഷാഹിനക്കെതിരെ കെസ്സെടുത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയാണ്. മാധ്യമം, തേജസ് പത്രങ്ങളിലെ ഇന്നത്തെ മുഖപ്രസംഗം തന്നെ പ്രസ്തുത വിഷയത്തിലായിരുന്നു.
മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന് പോള്‍ പ്രതികരിച്ചു.കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.
ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്മാന് എന്ന നിലയില്‍ ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നുവെന്നും അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായതായി സെബാസ്റ്റിയന് പോള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.
പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്.ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്.പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.
മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് സെബാസ്റ്റിയന് പോള്‍ ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ് അദ്ദേഹം ആരോപിച്ചു.
ഷാഹിന മുസ്ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്ലാമിക ബന്ധമുള്ള കേസില്‍ മുസ്ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗൗരീദാസന്‍ പറഞ്ഞു.
മാധ്യമം മുഖപ്രസംഗം
കള്ളക്കേസ് തന്ത്രം മാധ്യമങ്ങള്‍ക്കെതിരെയും
തേജസ് മുഖപ്രസംഗം
കാവിപ്പടയുടെ മാധ്യമ വിരോധം
ഷാഹിനയ്ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം
ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു
കേസന്വേഷണം പോലീസിന്റെ ജോലി തന്നെയാണ് ,അത് മാധ്യമങ്ങളുടെ ജോലി ആണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ല. പക്ഷെ പോലിസ് പറയുന്ന കഥകള്‍ സാമാന്യയുക്തിക്ക് നിരക്കാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ അവരുടെതായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തി എന്ന് വരും. അതൊരു പുതിയ കാര്യമല്ല. തെഹല്‍കയുടെ റിപ്പോര്‍ട്ടര്‍ എന്നെ നിലയില്‍ ഞാന്‍ ചെയ്തതും അതാണ്.
പിഡിപി നേതാവ് അബ്ദില്‍ നാസ്സര്‍ മദനി കുടകിലെ ലക്കേരി എസ്റെറ്റില്‍ വെച്ച് തടിയന്റവിടെ നസീരുമായി കൂടിക്കാഴ്ച നടത്തി എന്നും ബംഗ്ലൂര് സ്ഫോടനം ആസൂത്രണം ചെയ്തു എന്നും ആണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറയുന്നത്. കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വെച്ചും കൂടിക്കാഴ്ച നടത്തിയതായി ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്. കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ, ആലുവ സ്വദേശി ജോസ് വര്‍ഗീസിന്റെതാണ് ഇക്കാര്യത്തില്‍ പോലീസു ഹാജരാക്കിയ സാക്ഷിമൊഴി. ഇങ്ങനെ ഒരു മൊഴി താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് പറഞ്ഞു ജോസ് നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു. മറ്റൊരു സാക്ഷിമൊഴി മദനിയുടെ സഹോദരനും അന്വാരശ്ശേരി മതപഠന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും ആയിരുന്ന മുഹമ്മദ് ജമാലിന്റെതാണ്. സ്ഫോടനത്തിനു ശേഷം അതില്‍ പങ്കെടുത്ത ചിലരെ അന്വാരശ്ശേരിയില് ഒളിവില്‍ താമസിക്കാന്‍ സഹായിച്ചു എന്നും അതുമായി ബന്ധപ്പെട്ടു മദനി തനിക്കു നിര്‍ദേശം നല്‍കിഎന്നും ജമാല്‍ മൊഴി നല്‍കിയതായാണ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ താന്‍ അങ്ങനെ ഒരു മൊഴിയെ നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ തന്നെ കണ്ടിട്ട് പോലുമില്ലെന്നും കാണിച്ചു മുഹമ്മദ് ജമാല്‍ കൊല്ലം ശാസ്താംകോട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെല്ലാം പുറമേ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടെ അബ്ദുല്‍ നാസ്സര്‍ മദനിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ ഉണ്ടായ വ്യതാസവും ശ്രദ്ധേയമാണ്. ഇത്തരം സാഹചര്യങ്ങളാണ് 'കുടക് കഥ'യുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഇക്കഴിഞ്ഞ പതിനാറാം തിയാതിയാണ് ഞാന്‍ കുടകിലെ ഐഗൂര്‍ പഞ്ചായത്തില്‍ പോയത്, കുംബുര്‍ ,ഹോസതോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഞങ്ങള്‍ യാത്ര ചെയ്തു. അവിടെയുള്ളവര്‍ക്ക് മലയാളം അറിയാന്‍ സാധ്യത ഇല്ല എന്നായിരുന്നു എന്റെ ധാരണ. അതിനാല്‍ തര്‍ജമക്ക് വേണ്ടി ഒരാളെ കൂടെ കൂട്ടിയുരുന്നു. അയാളുടെയും എന്റെയും ഒരു പൊതുസുഹൃത്തും കൂടെവന്നു. ആ നാട്ടുകാരനായ മറ്റൊരാള്‍ വഴികാട്ടിയായും. ബിജെപിക്ക് വലിയ സ്വാധീനമുള്ള ആ പ്രദേശത്ത് പോയി നാട്ടുകാരോട് വഴി ചോദിച്ചാല്‍ ഒരു പക്ഷെ പോയ കാര്യം നടക്കാതെ പോയേക്കും എന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് വഴി നന്നായി അറിയാവുന്ന ഒരാളെയും കൂട്ടിയത്.
ഇത്രയും കാര്യങ്ങള്‍ ഞാന്‍ വിശദമാക്കുന്നത്, എന്റെ കൂടെ ഒരു സംഘം PDP ക്കാരും ഉണ്ടായിരുന്നു എന്ന പോലിസ് വാര്‍ത്തയോടുള്ള പ്രതികരണമായാണ്. പത്രപ്രവര്‍ത്തകര്‍ വാര്‍ത്ത ശേഖരിക്കാന്‍ പലരുടെയും സഹായം തേടി എന്ന് വരും. അതാരൊക്കെയാണെന്നു വെളിപ്പെടുത്തണമെന്നു പോലീസ് നിര്‍ബന്ധിക്കുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ല. ഞാന്‍ മടങ്ങിയെത്തി രണ്ടു ദിവസത്തിന് ശേഷം ഹോസതോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നെ വിളിച്ചു കൂടെവന്നവരുടെ വിശദാംശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു.
അത് നല്കാന് ഒരുക്കമല്ലെന്നും വേണ്ടി വന്നാല്‍ കോടതിയില്‍ പറഞ്ഞുകൊള്ളാമെന്നും ഞാന്‍ വ്യക്തമാക്കി.
തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം കര്‍ണാടകയിലുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് കേസ് എടുത്തു എന്ന (പത്ര)വാര്‍ത്ത ഞാന്‍ അറിയുന്നത്. കേരളത്തിലെ ചില പത്രസുഹൃത്തുക്കള്‍ പോലീസില്‍ വിളിച്ചപ്പോള്‍ ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചു.
കുംബൂരില് നിന്നും മദനി കേസിലെ ഒരു പ്രോസിക്യൂഷന് സാക്ഷിയായ യോഗനന്ദയെ കണ്ടു മടങ്ങും വഴി ഹോസതോട്ട സി ഐ യുടെ നേതൃത്വത്തിലുള്ള ഒരു പോലിസ് സംഘം ഞങ്ങളെ തടഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഇവിടെ നടക്കില്ല എന്ന് കര്‍ക്കശമായി പറഞ്ഞ സി ഐ ആദ്യം ഹോസതോട്ട സ്റെഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് എന്ന് ചോദിച്ചപ്പോള്‍ പോലീസ് ആ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഞങ്ങള്‍ അവിടെ നിന്ന് മടങ്ങുമ്പോള്‍ കുറച്ചു ദൂരം പോലിസ് പിന്തുടരുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം മറ്റൊരു വാഹനത്തില്‍ ഞങ്ങള്‍ യാത്ര തുടരുകയായിരുന്നു.
കുടകില്‍ നിന്ന് മടങ്ങുന്ന വഴി രാത്രി വൈകി സി.ഐ. എന്നെ വിളിച്ച് ഞാന്‍ തീവ്രവാദി ആണെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കി. എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഇതാദ്യമാണ് ഒരു പോലിസ് ഓഫീസര്‍ നേരിട്ട് വിളിച്ച് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുനത്. എന്റെ ചീഫ് എഡിറ്ററുടെ നമ്പര്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് എടുത്തതുമായി ബന്ധപ്പെട്ടു എനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. എന്തായാലും ഇത് വളരെ അപകടകരമായ പ്രവണതയാണ് എന്ന് പറയാതിരിക്കാനാവില്ല. പോലിസ് പറയുന്നതിനപ്പുറം അന്വേഷണങ്ങള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകരെ (അത് വഴി പൌരസമൂഹതെയും) പേടിപ്പിച്ചു നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതുന്ന ഭരണകൂടം ജനാധിപത്യത്തിന്റെ ആരാച്ചാര്‍ ആവുകയാണ് ചെയ്യുന്നത്.
കര്‍ണാടക പോലീസിന്റെ നടപടിയേക്കാള്‍ എനിക്ക് അസുഖകരമായി തോന്നിയത് ഈ പ്രശ്നത്തെ ചില മാധ്യമങ്ങള്‍ സമീപിച്ച രീതിയാണ്. പോലിസ് പറഞ്ഞു കൊടുക്കുന്ന നുണക്കഥകള്‍ അത് പോലെ പകര്‍ത്തുകയാണ് ഇന്നലെ കേരളകൌമുദിയും മാതൃഭുമിയും ചെയ്തത്. കേസിലെ 'പ്രതി' പരിചയമുള്ള ഒരു മാധ്യമ പ്രവര്‍ത്തക ആയിട്ട് പോലും ഒരു അന്വേഷണവും നടത്താതെ വാര്‍ത്ത എഴുതുന്നത് ലജ്ജാകരമാണ്. മാതൃഭൂമി എഡിറ്റര്‍ ശ്രി കേശവമേനോനെ വിളിച്ചു ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ മാന്യമായി പ്രതികരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
എല്ലാ വാര്‍ത്തകളും എല്ലാ ദിവസവും ചീഫ് എഡിറ്റര്‍ കാണണമെന്നില്ല എന്ന് നമുക്കറിയാം. പ്രസ്തുത റിപ്പോര്‍ടറെ വിളിച്ചു സംസരിക്കുന്നുണ്ടെന്നും ഇന്നത്തെ പത്രത്തില്‍ തിരുത്ത് കൊടുക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. തുടര്‍ന്ന് മാതൃഭുമിയുടെ ബംഗ്ലൂര് ലേഖകന്‍ ബിജുരാജ് എന്റെ വശം കേള്‍ക്കുകയും ചെയ്തു. തലേന്ന് എന്റെ ഫോണ്‍ നമ്പര്‍ കിട്ടിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഫോണ്‍ നമ്പര്‍ കിട്ടാത്തതിനെത്തുടര്‍ന്ന് 'സമ്മര്‍ദ്ദം' മൂലം വാര്‍ത്ത കൊടുക്കേണ്ടി വന്നുവത്രേ,ആരുടെ സമ്മര്‍ദ്ദം എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. കര്‍ണാടക പോലീസിന്റെ സമ്മര്‍ദ്ദമാണോ അതോ ഡെസ്കില്‍ നിന്നുള്ള സമ്മര്‍ദ്ദമാണോ എന്നറിയില്ല, എന്തായാലും രണ്ടാമത്തെതാവില്ല എന്ന് ഞാന്‍ കരുതുന്നു. കാരണം ക്രോസ് ചെക്ക് ചെയ്യാന്‍ കഴിയാത്ത ഒരു വാര്‍ത്ത തരണമെന്ന് ഒരു ന്യൂസ് ഡെസ്കും നിര്ബന്ധിക്കില്ല എന്നാണു ഇത്ര കാലത്തെ പത്രപ്രവര്‍ത്തന പരിചയത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നത്.
മദനിയുടെ കുടക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലിസ് കഥയെക്കുറിച്ച് ഞാന്‍ പല പ്രമുഖ പത്രപ്രവര്‍ത്തകരോടും സംസാരിച്ചിട്ടുണ്ട്. അവരൊക്കെ വളരെ ആധികാരികമായി തന്നെ മദനി കുടകില്‍ പോയിട്ടുണ്ട് എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പോലിസ് പറയുന്ന അതെ കഥയാണ് ഒരു പരമമായ സത്യം പോലെ അവര്‍ തറപ്പിച്ചു പറയുന്നത്. നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്? വാര്‍ത്ത ജനങ്ങളില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വാര്‍ത്തയുടെ ഏറ്റവും വലിയ സോര്സും അവര്‍ തന്നെയാണ്. ഭരണകൂടത്തിന്റെ ഗൂഡലോചനകള്‍ ജനങ്ങള്‍ തന്നെ പുറത്തു കൊണ്ട് വരും. അതിന്റെ വാഹകരാവുക എന്ന ദൗത്യം മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളൂ എന്ന് ഞാന്‍ കരുതുന്നു
ഷാഹിന കെ. കെ.
പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 10ന് കൊച്ചിയില്‍
കൊച്ചി: പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 10 ന് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് അഡ്വ. അക്ബര്‍ അലി സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. പാര്‍ട്ടി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക,അന്വേഷണം ദേശീയ ഏജന്‍സിയെ ഏല്പിക്കുക,വിചാരണ കര്‍ണാടകത്തിന് പുറത്തു നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്ഭവനു മുമ്പില്‍ ധര്‍ണയും ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കും.
പാര്‍ട്ടിയുടെ അച്ചടക്ക നടപടികള്‍ക്ക് വിധേയരായ മുന്‍വര്‍ക്കിങ് ചെയര്മാന് പുന്തുറ സിറാജ്,ഗഫൂര്‍ പുതുപ്പാടി, സി.എച്ച്. അഷറഫ്, മുഹമ്മദ് കുട്ടി കേച്ചേരി, മുഹമ്മദ് ചാമക്കാല തുടങ്ങിയവരെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം മുഴുവന്‍ പാര്‍ട്ടി പരിപാടികളില്‍നിന്നും മാറ്റി നിര്‍ത്തുമെന്നും സുബൈര്‍ സബാഹി പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, കേന്ദ്രസമിതിയംഗം കെ.കെ. വീരാന്‍കുട്ടി, ജില്ലാ സെക്രട്ടറി വി.എം. മാര്സന്, മുജീബ് റഹ്മാന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മ്അദനിക്കേസില്‍ സാക്ഷികളെ റിപ്പോര്‍ട്ട് ചെയ്ത ഷാഹിനയെ തീവ്രവാദിയാക്കാന്‍ ശ്രമം
ആര്.എസ്.എസ്. പ്രവര്ത്തകന് കൂടിയായ യോഗാനന്ദ് മ്അദനി കേസില്‍ പോലീസിന്റെ സാക്ഷിയാണെന്നറിയുന്നത് താന്‍ പറയുമ്പോഴാണെന്നാണ് ഷാഹിന റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. യോഗാനന്ദയെ ഷാഹിന കണ്ടുവെന്നറിഞ്ഞയുടനെ റഫീക്കിനെ കാണാനുള്ള ഷാഹിനയുടെ ശ്രമത്തെ പോലീസ് തടയാന്‍ ശ്രമിച്ചിരുന്നു. ഷാഹിനയെയും സംഘത്തെയും വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് സംഘം കൂടിക്കാഴ്ച അനുവദനീയമല്ലെന്നു പറഞ്ഞ് മടക്കിയയച്ചെങ്കിലും മറ്റൊരു വാഹനത്തില്‍ പോലീസിനെ കബളിപ്പിച്ച് റഫീക്കിനെ കണ്ട ഷാഹിന, പോലീസ് തന്നെ മര്‍ദ്ദിച്ചവശനാക്കി, ഭീഷണപ്പെടുത്തി മഅ്ദനിക്കെതിരായ മൊഴിയില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്നു റഫീക്ക് പറഞ്ഞതും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ, കര്‍ണാടക പോലീസ് മഅ്ദനിക്കേസില്‍ ഒരു മുസ്ലിം സ്ത്രീയുടെ നേതൃത്വത്തിലുള്ള തീവ്രവാദിസംഘം സാക്ഷികളെ സന്ദര്‍ശിച്ചെന്ന മട്ടില്‍ പത്രക്കുറിപ്പുകള്‍ നല്കി. ഇക്കാര്യത്തില്‍ അന്വേഷണം പോലും നടത്താതെ കര്‍ണാടകയിലെ ചില പത്രങ്ങള്‍ ആ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
മിശ്രവിവാഹിതയും മതേതരജീവിതം നയിക്കുന്ന വ്യക്തിയും അറിയപ്പെടുന്ന മാദ്ധ്യമപ്രവര്‍ത്തകയും നിലവില്‍ തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറും ആയിട്ടുകൂടി ഷാഹിനയെ തീവ്രവാദിയാക്കി അവതരിപ്പിക്കാനാണ് പൊലീസ് ഭാഷ്യം അപ്പടി വിഴുങ്ങിയ ചില പത്രങ്ങള്‍ തയ്യാറായത്.
അറിയപ്പെടുന്ന മാദ്ധ്യമപ്രവര്‍ത്തകയായ ഷാഹിനയ്ക്കുനേരേ നടന്ന പോലീസ് നീക്കം പ്രതിഷേധാര്‍ഹമാണെന്നും പോലീസ് പത്രക്കുറിപ്പുകള്‍ കോടതികളുടെ വിലയിരുത്തലിനെ തെറ്റായി സ്വാധീനിക്കുമെന്നും മഅ്ദനിക്കേസിനെ മനുഷ്യാവകാശപരമായി സമീപിക്കുന്ന അഡ്വ.സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
ഇതിനുപുറമേ, കര്‍ണാടകപോലീസിന്റെ ഭാഷ്യം അതേപടി മാതൃഭൂമി അടക്കം ചില മലയാളപത്രങ്ങളിലും വന്നിട്ടുണ്ട്. ഏഷ്യാനെറ്റില്‍ ഏറെക്കാലം മാദ്ധ്യമപ്രവര്‍ത്തകയായിരുന്ന ഷാഹിനയോട് നിജസ്ഥിതി തിരക്കാതെയാണ് മലയാളപത്രങ്ങളും കര്‍ണാടകപോലീസിന്റെ ഭാഷ്യം പ്രസിദ്ധീകരിച്ചത്. പത്രപ്രവര്‍ത്തനരംഗം എത്രമാത്രം തരംതാഴുന്നു എന്നതിന്റെ ഉദാഹരണം കൂടിയായി, പൊലീസ് ഭാഷ്യത്തെ സ്വന്തം റിപ്പോര്‍ട്ട് ആക്കുന്ന മാതൃഭൂമിയുടെ ഈ കൂട്ടിക്കൊടുപ്പ്.
അടുത്തകാലത്താണ് ഷാഹിന ഓപ്പണ്‍ മാഗസിന് വിട്ട് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറിയതും തെഹല്‍ക്കയുടെ ദക്ഷിണേന്ത്യാ പ്രതിനിധിയായി ചേര്‍ന്നതും.
കൂടുതല്‍ വായനയ്ക്ക് :Why is this man still in Prison?
No comments:
Post a Comment