29.11.10

ബംഗ്ലൂര്‍ കേസ്സ് നിജസ്ഥിതി അന്വേഷിച്ച മാധ്യമ പ്രവര്ത്തകക്കെതിരെ കേസും ഭീഷണിയും

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിക്കെതിരായ സാക്ഷിളായ റഫീഖിനേയും യോഗാനന്ദനേയും    കണ്ടെത്തി നിജസ്ഥിതി   അന്വേഷിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയ ഏഷ്യാനെറ്റ് മുന്‍ ലേഖികയും ഇപ്പോള്‍ തെഹല്ക മാസികയുടെ കേരളത്തിലെ പ്രതിനിധിയുമായ കെ.കെ.ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. പതിനഞ്ചു ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍    ഇലക്ട്രിക്‌ ഷോക്കടക്കമുള്ള ക്രൂരമായ പീഡനങ്ങള്‍ക്ക്  വിധേയമാക്കുകയും തീവ്രവാദ കേസ്സില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് തന്നില്‍ നിന്നും മോഴിയെടുത്തതെന്ന റഫീഖിന്റെ വെളിപ്പെടുത്തലുകളും, സ്ഫോടന കേസ്സില്‍ താന്‍ സാക്ഷിയാനെന്ന കാര്യം പോലും അറിയില്ലെന്ന സജീവ  ബി.ജെ.പി പ്രവര്‍ത്തകനായ യോഗാനന്ദയുടെ വെളിപ്പെടുത്തലും കേസ്സിന്റെ മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുന്ന ഷാഹിനയുടെ റിപ്പോര്‍ട്ട് തെഹല്‍കയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ദീകരിച്ച സാഹചര്യത്തിലാണ് കര്‍ണ്ണാടക പോലീസിന്റെ പുതിയ നീക്കം എന്നത് ശ്രദ്ദേയമാണ്. 

മഅദനിയെ ലാക്കേരി എസ്‌റ്റേറ്റില്‍ കണ്ടുവെന്ന് മൊഴികൊടുത്ത റഫീഖിനേയും യോഗാനന്ദനേയും ഭീഷണിപ്പെടുത്തി പിന്‍മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപിച്ചാണ് ഷാഹിനക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മദനിക്കെതിരെ കര്‍ണാടക പോലീസ് മുഖ്യസാക്ഷിയായി അവതരിപ്പിക്കാനിരുന്ന ജോസ് വര്‍ഗീസിന്റെ അഭിമുഖം ഷാഹിന തെഹല്‍കയില് മുന്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതില്‍ കര്‍ണാടക പോലീസ് ജോസ് വര്‍ഗീസിനെ കള്ള സാക്ഷിയാകാന്‍ പ്രേരിപ്പിക്കുകയാണെന്ന് ജോസ് പറഞ്ഞിരുന്നു.(ബാംഗ്ലൂര്‍ സ്‌ഫോടനം കര്‍ണാടക പോലീസിനെതിരെ മുഖ്യസാക്ഷി). ഇതും ഷാഹിനയ്‌ക്കെതിരെയുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

ഷാഹിനയുടെ പ്രതികരണം തനിക്കെതിരെയുള്ള നീക്കം വ്യക്തിക്കെതിരായ നടപടിയായല്ല താന്‍ കാണുന്നതെന്നും പോലിസിന്റെ കള്ളക്കഥകള്‍ക്കു തടയിടാന്‍ ശ്രമിക്കുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ മുന്നറിയിപ്പാണെന്നും ഷാഹിന അഭിപ്രായപ്പെട്ടു.

അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ ഷാഹിനക്കെതിരെയുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന്   ജെ.എം.എഫ്.ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

തെഹല്‍ക റിപ്പോര്‍ട്ട് വായിക്കാന്‍ ക്ലിക്ക് ചെയ്യുക താഴത്തെ ലിങ്കില്‍ :
http://www.tehelka.com/story_main48.asp?filename=Ne041210Why_is_this.asp

ഷാഹിനക്കെതിരെ കേസ്സെടുത്തത് പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം : അഡ്വ. അക്ബര്‍ അലി

കാസര്‍കോട്‌: അബ്ദുല്‍ നാസ്സര്‍ മഅ‌ദനി കുടകില്‍ സന്ദര്‍ശനം നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ യഥാര്‍ത്ഥ വസ്‌തുത മനസ്സിലാക്കുന്നതിനായ്‌ മഅ‌ദനിക്കെതിരായ സാക്ഷികളെ കാണുകയും, ഇവര്‍ മഅ‌ദനിക്ക്‌ എതിരായി നല്‍കിയ മൊഴി കര്‍ണാടക പോലീസ്‌ ഇവരെ കസ്റ്റഡിയില്‍ വെച്ച്‌ ബലമായി എഴുതി വാങ്ങിയതാണെന്ന യാഥാര്‍ത്ഥ്യം ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന തെഹല്‍ക്കയിലൂടെ പുറത്ത്‌ വിട്ടതിനുള്ള പോലീസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ്  മാധ്യമ പ്രവര്‍ത്തകയായ കെ.കെ.ഷാഹിനക്കെതിരെ കേസെടുത്ത കര്‍ണാടക പോലീസിന്റെ നടപടിയെന്നും ഇത് പത്ര സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നാക്രമണമാണെന്നും   ജനാധിപത്യവിരുദ്ധവും അപഹാസ്യവുമാണ് ഈ നടപടിയെന്നും പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്‌ബര്‍ അലി പറഞ്ഞു.കാസര്‍ഗോഡ്‌ ആലിയ ഓഡിറ്റോറിയത്തില്‍   നടന്ന പി.ഡി.പി. ജില്ലാ കൌണ്‍സില്‍  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. അക്ബര്‍ അലി.

മഅ‌ദനിക്ക്‌ സാക്ഷികളെ സ്വാധീനിക്കേണ്ട ആവശ്യമില്ല.പി.ഡി.പി പ്രവര്‍ത്തകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എതിരായ്‌ കര്‍ണാടകയിലെ പോലീസ്‌ കേസെടുത്ത കിരാത നടപടിക്കെതിരായ്‌ മുഴുവന്‍ സാമൂഹിക, സാംസ്‌കാരിക നായകന്‍മാരും പ്രതികരിക്കണമെന്നും, പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത്‌ വായമൂടിക്കെട്ടാനുള്ള നീക്കം തടഞ്ഞില്ലെങ്കില്‍ വന്‍ അരാജകത്വമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെഹല്‍ക്ക കേരള റിപ്പോര്‍ട്ടര്‍ ഷാഹിനക്കെതിരെയാണ്‌ മഅ‌ദനിക്കെതിരായുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ഭീഷണിപ്പെടുത്തി എന്നാരോപിച്ചുകൊണ്ട്‌ കര്‍ണ്ണാടക പോലീസ്‌ കേസെടുത്തത്‌.ഇവരോടൊപ്പം പി.ഡി.പിക്കാരും ഉണ്ടായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ അടിയന്തിര സാമ്പത്തിക സഹായവും തൊഴിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി വീതിച്ച്‌ നല്‍കണമെന്നും അക്‌ബറലി കൂട്ടിച്ചേര്‍ത്തു.

പി.ഡി.പി കാസര്‍കോട്‌ ജില്ലാ പ്രസിഡന്റ്‌ പി.എം. സുബൈര്‍ പടുപ്പ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അജിത്‌കുമാര്‍ ആസാദ്‌, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ ഐ.എസ്‌. സക്കീര്‍ഹുസൈന്‍, കെ.വി. പുരുഷോത്തമന്‍ കുണ്ടംകുഴി, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, സലീം പടന്ന, ഉബൈദ്‌ മുട്ടുന്തല, ഇബ്രാഹിം കോളിയടുക്കം, ഹമീദ്‌ കടഞ്ചി, ഖാലിദ്‌ ബംബ്രാണ, എസ്‌.എം. ബഷീര്‍ കുഞ്ചത്തൂര്‍, കെ.പി. മുഹമ്മദ്‌ സാദിഖ്‌ മുളിയടുക്ക, മുഹമ്മദ്‌ ബെള്ളൂര്‍, അഷ്‌റഫ്‌, ഖാദര്‍, ആബിദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി യൂനുസ്‌ തളങ്കര സ്വാഗതവും റഷീദ്‌ മുട്ടുന്തല നന്ദിയും പറഞ്ഞു.

No comments: