25.7.11

മഅ്ദനിയോട് ചെയ്യുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധം -കെ.ഇ.എന്‍

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധമാണെന്ന് കെ.ഇ.ന്‍ കുഞ്ഞഹമ്മദ്. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂര്‍ ജയിലില്‍ അകാരണമായ പീഢനമാണ് മഅ്ദനി അനുഭവിച്ചതെന്ന് തെളിയിക്കപ്പെട്ടതാണ്. അതൊരു ജുഡീഷ്യല്‍ ദുരന്തമായിരുന്നു. വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും മനുഷ്യാവകാശവും ആരെയും അനുവദിക്കുന്നില്ല. കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ടാല്‍ പോലും മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. മഅ്ദനിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.
ദക്ഷിണേന്ത്യയിലെ ഗുജറാത്താവുകയാണ് കര്‍ണാടക. അല്‍പം മാംസം കൈയിലുണ്ടെങ്കില്‍ തടവുശിക്ഷ ലഭിക്കുന്ന കന്നുകാലി നിയമംവരെ അവിടെ നടപ്പാക്കുന്നു. കാലികള്‍ക്ക് നല്‍കുന്ന പരിഗണന പോലും മനുഷ്യര്‍ക്ക് ലഭിക്കുന്നില്ല-കെ.ഇ.എന്‍ പറഞ്ഞു.അഴിമതി വിഷയത്തില്‍ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുന്ന പൗരസമൂഹം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ഭരണകൂട ഭാഷ്യം അപ്പടി സ്വീകരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. 14 മാസംകൊണ്ട് 1400 കോടി രൂപ മോഷ്ടിച്ച മുഖ്യമന്ത്രി യെദിയൂരപ്പ കര്‍ണാടക ഭരണകൂടത്തിന്റെ രാജ്യസ്‌നേഹികളുടെ പട്ടികയിലാണ്. മനുഷ്യാവകാശത്തിനായി ശബ്ദിക്കാന്‍ പാടില്ലാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കര്‍ണാടകയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഅ്ദനി വിഷയത്തില്‍ ജനാധിപത്യ രാജ്യത്താണ് ക്രൂരമായ നീതിനിഷേധം നടക്കുന്നതെന്നത് ആരെയും അലോസരപ്പെടുത്താത്തത് ഖേദകരമാണെന്ന് 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. നിരപരാധികളെ ശിക്ഷിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെയും പൊലീസിന്റെ ക്രിമിനല്‍ വത്കരണത്തിനെതിരെയും പ്രതിഷേധമുയരണമെന്ന് അദ്ദേഹം പറഞ്ഞു. ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പീഡനമാണ് മഅ്ദനിക്കെതിരെ നടക്കുന്നതെന്നും ഇതിനെതിരെ മതേതര സമൂഹത്തിന്റെ കൂട്ടായ്മയുണ്ടാകണമെന്നും എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.ഫോറം ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. എന്‍.പി. ചെക്കുട്ടി, ഒ. അബ്ദുല്ല, അഡ്വ. പി.എ. പൗരന്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, രമേശ് നന്മണ്ട, ഡോ. ജോതിരാജ്, പി.ടി. മൊയ്തീന്‍കുട്ടി, അഡ്വ. സുധാകരന്‍, രാഘവന്‍ അത്തോളി, മുബഷിര്‍ ശര്‍ഖി, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവരും സംസാരിച്ചു. ടി. ശാകിര്‍ സ്വാഗതവും എം. സ്വാലിഹ് നന്ദിയും പറഞ്ഞു.


ബാബരി തകര്‍ച്ചക്ക് ഉത്തരവാദി നരസിംഹ റാവു

ന്യൂ ദല്‍ഹി: 1992 ഡിസംബര്‍ ആറിനുണ്ടായ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദി അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര അയ്യര്‍. കോണ്‍ഗ്രസിന്റെ മതേതരത്വവുമായി റാവു ആശയ സംഘട്ടനത്തിലായിരുന്നുവെന്നും അയ്യര്‍ ദല്‍ഹിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ഭിന്നത വലതുപക്ഷ സാമ്പത്തിക നയവും ഇടതപക്ഷ സാമ്പത്തിക നയവും തമ്മിലല്ല. ഈ രാജ്യം മതേതരമായി തുടരണമോ വേണ്ടയോ എന്ന കാര്യത്തിലാണ്. തന്റെ മതേതരത്വവുമായി അദ്ദേഹത്തിന് യോജിക്കാന്‍ കഴിയില്ലെന്ന് താന്‍ നടത്തിയ രാം റഹീം യാത്രക്കിടെ റാവു എന്നോട് പറയുകയുണ്ടായി. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യ ഹിന്ദു രാജ്യമായിരുന്നുവെന്ന കാര്യം താന്‍ മറക്കുന്നുവെന്നായിരുന്നു റാവുവിന്റെ മറുപടി. റാവുവും കോണ്‍ഗ്രസും തമ്മിലെ ഭിന്നത ഇതേ ചൊല്ലിയായിരുന്നുവെന്നും മണി ശങ്കര അയ്യര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് എന്നാല്‍ സര്‍ക്കസ് കൂടാരം പോലെയാണെന്നും അയ്യര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ അംഗമാവുകയെന്നാല്‍ ആ സര്‍ക്കസില്‍ പങ്കാളിയാവുകയെന്നാണര്‍ത്ഥം. ചിലപ്പോള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടയേക്കാം. ചിലപ്പോള്‍ പരാജയപ്പെട്ടെന്നു വരാം. ഏതെങ്കിലും കാലത്ത് നേട്ടമുണ്ടാവും എന്ന നിലയില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും ലഭിക്കാനിടയുണ്ടെന്ന് രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്ന അയ്യര്‍ പറഞ്ഞു.

No comments: