28.7.09


മദനിയെ ബോംബെറിഞ്ഞ കേസില്‍ വിചാരണ ഒക്ടോബര്‍ 20ന്‌

കൊല്ലം: പി.ഡി.പി.നേതാവ്‌ മദനിയെ ബോംബെറിഞ്ഞ്‌ കൊല്ലാന്‍ ശ്രമിച്ചെന്ന കേസിന്റെ വിചാരണ ഒക്‌ടോബര്‍ 20ന്‌ ആരംഭിക്കും. 1992 ആഗസ്‌ത്‌ ആറിനുണ്ടായ കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ വിചാരണ തുടങ്ങുന്നത്‌. ഇതിനു മുന്നോടിയായി പ്രതിപ്പട്ടികയിലുള്ളവരെ ചൊവ്വാഴ്‌ച കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. മദനി ഐ.എസ്‌.എസ്‌.നേതാവായിരിക്കെ ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചതില്‍ വൈരാഗ്യം തോന്നിയ ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകര്‍ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ബോംബെറിഞ്ഞുവെന്നാണ്‌ ക്രൈംബ്രാഞ്ച്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. രാത്രി 8.45ന്‌ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരി മദ്രസയ്‌ക്കടുത്തായിരുന്നു മദനിക്കുനേരെ അക്രമം. ബോംബ്‌ പൊട്ടി മദനിയുടെ വലതുകാല്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകരായ എട്ടുപേരാണ്‌ പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം എന്നിവയാണ്‌ ഇവര്‍ക്കെതിരായ കുറ്റം. മൈനാഗപ്പള്ളി കടപ്പാമുറി സ്വദേശി ജഗന്നാഥപിള്ള, ഇടവനശ്ശേരി അജയന്‍ എന്ന അജയകുമാര്‍, കൊട്ടിയം തഴുത്തല രാമന്‍ എന്ന രാമചന്ദ്രന്‍, കൊട്ടിയം പറക്കുളം ബാലു എന്ന ബാലചന്ദ്രന്‍, തിരുവല്ല ഓതറ കൃഷ്‌ണകുമാര്‍, അഞ്ചാലുംമൂട്‌ പനയം സി.കെ.ചന്ദ്രബാബു, ശൂരനാട്‌ വേങ്ങ മുറിയില്‍ ഷാജി എന്ന ഷാജികുമാര്‍, മൈനാഗപ്പള്ളി വേങ്ങമുറിയില്‍ അപ്പായി എന്ന സുരേഷ്‌ എന്നിവരാണ്‌ യഥാക്രമം ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍. എട്ടാം പ്രതി സുരേഷ്‌ മരിച്ചു. ഏഴാംപ്രതി ഷാജികുമാര്‍ കോടതിയില്‍നിന്ന്‌ ജാമ്യം വാങ്ങി വിദേശത്താണ്‌. അഞ്ചാംപ്രതി കൃഷ്‌ണകുമാര്‍ എവിടെയെന്നറിയില്ല. ബാക്കി അഞ്ച്‌ പ്രതികളാണ്‌ കോടതിയില്‍ ഹാജരായത്‌. കുറ്റപത്രംകേട്ട പ്രതികള്‍ കുറ്റം നിഷേധിച്ചു. അഡീഷണല്‍ ഡിസ്‌ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി മൂന്നില്‍ എസ്‌.എസ്‌.വാസന്‍ മുമ്പാകെയാണ്‌ വിചാരണ. ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളെയാണ്‌ ഒക്ടോബര്‍ 20ന്‌ വിചാരണ ചെയ്യുന്നത്‌. മദനി രണ്ടാംസാക്ഷിയാണ്‌. നാലുമുതല്‍ ആറുവരെ സാക്ഷികളെ 22നും ഏഴുമുതല്‍ 10വരെയുള്ളവരെ 24നും വിചാരണ ചെയ്യും. ആകെ 66 സാക്ഷികളാണുള്ളത്‌. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്‌ക്കല്‍ കോടതിയില്‍ ഹാജരാകും. അഡ്വ. പ്രതാപചന്ദ്രന്‍, അഡ്വ. വിജയരാഘവന്‍ എന്നിവരാണ്‌ പ്രതിഭാഗം അഭിഭാഷകര്‍.
മഅദനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആധികാരികമല്ല - സിറാജ്‌

തിരുവനന്തപുരം: മഅദനിയുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ആധികാരികമല്ലെന്ന്‌ പി.ഡി.പി. വര്‍ക്കിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ ആരോപണങ്ങളെല്ലാം പോലീസ്‌ അന്വേഷിക്കുകയും കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ മഅദനിയെ ജയിലിലടയ്‌ക്കണം. അല്ലെങ്കില്‍ അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത്‌ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളാണ്‌ യു.ഡി.എഫിനെ വളര്‍ത്തിയത്‌. വരുന്ന പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പി.ഡി.പി. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച്‌ നിലപാട്‌ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയുടെ ജയില്‍മോചന വാര്‍ഷികത്തിന്റെ ഭാഗമായി പി.ഡി.പി. സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ നീതിരത്‌ന അവാര്‍ഡിന്‌ ഈ വര്‍ഷം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ തിരഞ്ഞെടുത്തുവെന്നും സിറാജ്‌ അറിയിച്ചു. പ്രഥമ നീതിരത്‌ന അവാര്‍ഡ്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ക്കായിരുന്നു.

26.7.09


തെളിവുണ്ടെങ്കില്‍ ജയിലില്‍ അടയ്‌ക്കാം-മദനി

കൊല്ലം: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്‌ എന്തെങ്കിലും തെളിവു കിട്ടിയാല്‍, തന്നെ ജയിലില്‍ അടയ്‌ക്കുകയോ വെടിവച്ച്‌ കൊല്ലുകയോ ചെയേ്‌താളൂ എന്ന്‌ പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ തന്റെ ജീവിതത്തെക്കാള്‍ നല്ലത്‌ ജയിലിലായിരുന്നെന്നും വേദനാജനകമാംവിധം ആരോപണങ്ങളിലൂടെ തന്നെ കൊല്ലാക്കൊല ചെയ്യുകയാണെന്നും മദനി പറഞ്ഞു. 'തീവ്രവാദിബന്ധം ആരോപിച്ച്‌ നിയമസഭയില്‍ ഒരു എം.എല്‍.എ.എന്നെപ്പറ്റി പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്‌. മുമ്പ്‌ ഐ.എസ്‌.എസ്സിലോ പി.ഡി.പി.യിലോ ഉണ്ടായിരുന്ന നിരവധി പേര്‍ പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്‌. അവര്‍ ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അതിനു ഞാനാണോ ഉത്തരവാദി ? കോഴിക്കോട്‌ ഇരട്ടസ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഹാലിമുമായി ഒരു ബന്ധവുമില്ല. ഹാലിം എന്ന ആളെക്കുറിച്ച്‌ ഒന്നും അറിയില്ല. എനിക്ക്‌ ബന്ധമുണ്ടെന്ന്‌ എന്തെങ്കിലും തെളിവു കിട്ടുകയോ ഒരു ഫോണ്‍ വിളിയുടെ തെളിവെങ്കിലും ഹാജരാക്കുകയോ ചെയ്‌താല്‍ പി.ഡി.പി.പിരിച്ചുവിടാന്‍ തയ്യാറാണ്‌ '-മദനി പറഞ്ഞു. നിയമസഭയില്‍ തനിക്കെതിരെ വന്ന അടിയന്തരപ്രമേയത്തെപ്പറ്റി നിയമസഭാ സ്‌പീക്കര്‍ക്ക്‌ പരാതി നല്‍കും. തീവ്രവാദക്കേസും അതില്‍ തനിക്കു പങ്കുണ്ടോ എന്നും നിയമസഭാസമിതിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും മദനി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഈ വിചാരണ അസഹ്യമാണ്‌. ഇതിനെക്കാള്‍ നല്ലത്‌ എന്നെ വീണ്ടും ജയിലില്‍ ആക്കുന്നതാണ്‌-അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ചില പ്രത്യേക നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ്‌ പറഞ്ഞതുപോലും അബദ്ധജടിലമാണ്‌. തീവ്രവാദപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ തന്റെ പേര്‌ വലിച്ചിഴയ്‌ക്കുകയാണെന്നും മദനി പറഞ്ഞു. പൂന്തുറ സിറാജ്‌, മൈലക്കാട്‌ ഷാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ഭീകരപ്രസ്ഥാനവുമായി ബന്ധം തെളിയിച്ചാല്‍ പി.ഡി.പിയെ നിരോധിക്കാം-മഅദനി

കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും പി.ഡി.പി പ്രവര്‍ത്തകന്‍ ഭീകരവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയെ നിരോധിക്കാമെന്ന്‌ ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. താന്‍ ജയിലില്‍ പോകുന്നതിനു മുമ്പ്‌ പി.ഡി.പിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന്‌ പല പ്രസ്ഥാനങ്ങളിലും ഉണ്ട്‌. ഇപ്പോള്‍ പി.ഡി.പിയില്‍ അംഗത്വം ഉള്ള ഒരാള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ല-മഅദനി പറഞ്ഞു.

19.7.09


അടിയന്തര സഹായം നല്‍കണം

നിലമ്പൂര്‍: പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരസഹായം നല്‍കണമെന്ന്‌ പി.ഡി.പി ജില്ലാപ്രസിഡന്റ്‌ ഇബ്രാഹിം തിരൂരങ്ങാടി ആവശ്യപ്പെട്ടു. നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങള്‍ ജില്ലാനേതാക്കളായ വേലായുധന്‍ വെന്നിയൂര്‍, കെ. ബാബുമണി, മൊയ്‌തീന്‍കുട്ടി പൊന്മള എന്നിവരും മജീദ്‌ മരുത, ഹൈദര്‍ നിലമ്പൂര്‍, റഫീഖ്‌ ചാലിയാര്‍, അസൈനാര്‍ എന്നിവരും സന്ദര്‍ശിച്ചു.

18.7.09

അഷ്‌റഫ്‌ പൊന്നാനി പി.ഡി.പി. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പര്‍


അഷ്‌റഫ്‌ പൊന്നാനി പി.ഡി.പി. സ്റ്റേറ്റ് സെക്രട്ടേറിയറ്റ്മെമ്പര്‍


പീപ്പിള്‍സ്‌ കല്ച്ചറല്‍ ഫോറം (പി.സി. എഫ്‌. ) സൗദി ദേശീയ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ്‌ പൊന്നാനി യെ പി. ഡി. പി. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പര്‍ ആയി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅദനി തെരഞ്ഞെടുത്തു. സൗദി യിലെ നിന്നുള്ള പി.സി.എഫ്‌. പ്രധിനിധി യായാണ്‌ അഷ്‌റഫ്‌ പൊന്നാനി പി.ഡി.പി. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പര്‍ ആയദ്.

17.7.09

മലബാറിനോടുള്ള അവഗണന: പിഡിപി പ്രക്ഷോഭം പുനരാരംഭിക്കുന്നു

മലബാറിനോടുള്ള അവഗണന: പിഡിപി പ്രക്ഷോഭം പുനരാരംഭിക്കുന്നു
കൊച്ചി:റെയില്‍വേ, വിദ്യാഭ്യാസം, വ്യവസായം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മുഴുവന്‍ മേഖലകളിലും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ മലബാറിനോട്‌ അനുവര്‍ത്തിച്ച്‌വരുന്ന അവഗണനക്കെതിരെ പിഡിപി നടത്തിക്കൊണ്ടിരുന്ന സമരം ശക്തമായിപുനരാരംഭിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ആഗസ്‌ത്‌ 12ന്‌ മലപ്പുറത്ത്‌ നടത്തുന്ന സമരപ്രഖ്യാപന സമ്മേളനത്തോടെയാണ്‌ പ്രക്ഷോഭം പുനരാരംഭിക്കുക. ആഗസ്‌ത്‌ 19ന്‌ മലബാറിന്‌വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ സഹകരിക്കാന്‍ താല്‌പര്യമുള്ള മുഴുവന്‍ സംഘടനകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷന്‍ കോഴിക്കോട്‌ നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ 3 ദിവസമായി എറണാകുളത്ത്‌ നടന്ന നേതൃയോഗത്തില്‍ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി അധ്യക്ഷത വഹിച്ചു. മലബാര്‍ പ്രദേശത്ത്‌ അധിവസിക്കുന്നവര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത്‌ മുഴുവന്‍ ആദിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക്‌ അറുതിവരുത്തുന്നതിന്‌ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനും അവരുടെ ജീവിതനിലവാരത്തെ പറ്റി വിശദമായ പഠനം നടത്തുന്നതിനും അടിയന്തരമായി പ്രത്യേകം കമ്മീഷനെ ചുമതലപ്പെടുത്തണമെന്നും നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മലപ്പുറത്ത്‌ അലിഗര്‍ കാമ്പസ്‌ ആരംഭിക്കുന്നതിന്‌ കേന്ദ്രം ബജറ്റില്‍ വിലയിരുത്തിയ തുക നിര്‍ദിഷ്ട കാമ്പസിന്റെ ചുറ്റുമതില്‍ കെട്ടുന്നതിന്‌ പോലും തികയില്ലായെങ്കിലും ആ തുക നഷ്ടപ്പെടുന്നതിന്‌ മുമ്പ്‌ അലിഗര്‍ കാമ്പസിനോട്‌ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാരംഭിക്കുന്നതിന്‌ തയ്യാറാകണമെന്ന്‌ സംസ്ഥാന ഗവണ്‍മെന്റിനോട്‌ ശക്തമായി പാര്‍ട്ടിനേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടനെ തന്നെ പാര്‍ട്ടി പ്രതിനിധി സംഘം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, റവന്യൂ മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരെ നേരില്‍ക്കണ്ട്‌ അഭിപ്രായം അറിയിക്കാന്‍ തീരുമാനിച്ചു.