മുസ്ലിം സമുദായത്തിനുമേല്‍ ഭീകരത ചുമത്താന്‍ മഅദനിയെ ഉപയോഗിക്കുന്നു : പാളയം ഇമാം
അമ്പലപ്പുഴ: ആഗോളതലത്തില്‍ തന്നെ ഉന്നത ധാര്‍മിക ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്താന്‍ രാജ്യസ്‌നേഹികള്‍ മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പാളയം ഇമാം ജമാലുദ്ദീന്‍ മൗലവി ആഹ്വാനം ചെയ്തു. 'ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം' അബ്ദുല്‍ നാസ്സര്‍ മഅദനിയോടുള്ള നീതിനിഷേധത്തിനെതിരെ വളഞ്ഞവഴി എസ്.എന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടുക്കവും ആശങ്കയും ഉണ്ടാക്കുന്ന വാര്‍ത്തകളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. പുറത്തുനിന്നും അകത്തുനിന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ ഏറെയാണ്. സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ ഇക്കാര്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒരു സമുദായത്തിനുമേല്‍ ഭീകരത ചാര്‍ത്താന്‍ നിരപരാധിയായ അബ്ദുന്നാസിര്‍ മഅദനിയെ ചില കേന്ദ്രങ്ങള്‍ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ കല്‍ത്തുറുങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും സത്യസന്ധമായി കേസ് അന്വേഷിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
ഒരുസമുദായത്തെ അന്യവത്കരിക്കാനും മോശപ്പെടുത്താനുമുള്ള ഗൂഢശ്രമങ്ങള്‍ രാജ്യത്ത് ചിലര്‍ ആസൂത്രിതമായി നടത്തുകയാണെന്ന് പി.എസ്.സി മുന്‍ അംഗം ദേവദത്ത് ജി. പുറക്കാട് പറഞ്ഞു. ഹസന്‍ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എം.എസ്.എ. തങ്ങള്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി അഡ്വ. വള്ളികുന്നം പ്രസാദ്, അഡ്വ. കെ. നജീബ്, അഡ്വ. പ്രദീപ് കൂട്ടാല, എം.എച്ച്. ഉവൈസ്, ഇ. ഖാലിദ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. മുട്ടം നാസര്‍, എ.എ. മജീദ്, എ. സുനീര്‍, കെ.എ. അമീര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment