24.1.11

പി. ഡി. പി. ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും വീട് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കഴക്കൂട്ടം: ഉറങ്ങിക്കിടന്ന പി. ഡി. പി. ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും വീട് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പി. ഡി. പി. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായത്.ഒരുമണിയോടെ വാഹനത്തിലെത്തിയ ഒരുസംഘം കന്നാസിലും കുപ്പിയിലുമായി പെട്രോള്‍ നിറച്ച് വീടിന്റെ ചുറ്റും ഒഴിച്ച് കത്തിക്കുകയായിരുന്നു. മുന്‍ വാതിലില്‍ കൂടി പെട്രോള്‍ ഒഴിക്കുകയും കിടക്ക മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ത്ത് തുണിയില്‍ പെട്രോള്‍മുക്കി കത്തിച്ച് അകത്തിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സലാഹുദ്ദീന്‍ ഉണര്‍ന്ന് ബഹളംവെച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ജനാലയുടെ ചില്ല് തട്ടി സലാഹുദ്ദീന്റെ ഭാര്യയ്ക്ക് പരിക്കേറ്റു. വീട് ഭാഗികമായി കത്തിനശിച്ചു. മംഗലപുരം പോലീസ് സ്ഥലത്തെത്തി കേസ്സെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് കഴക്കൂട്ടം പോലീസിന്റെ പട്രോളിങ്ങിനിടെ വാഹനം ഉപേക്ഷിച്ച് കടന്ന അക്രമികളില്‍ ചിലര്‍ സലാഹുദ്ദീനെ കൊല്ലാനാണ് വന്നതെന്ന് മൊഴിനല്‍കിയിരുന്നു. കഴക്കൂട്ടം പൊലീസില്‍ ആ കേസ് നിലവിലുണ്ട്.

No comments: