13.1.11

മഅദനി മോചന സമരം കൂടുതല്‍ ശക്തമാക്കും : പി.ഡി.പി

പെരുമ്പിള്ളിച്ചിറ: അബ്ദുന്നാസിര്‍ മഅദനിക്കെതിരായ മനുഷ്യാവകാശധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറയില്‍ മഅദനി മോചന മനുഷ്യാവകാശ സമ്മേളനം നടത്തി.പി.ഡി.പി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന മഅദനി മോചന സമരങ്ങളുടെ ഭാഗമായിരുന്നു സമ്മേളനം.

നീതി നിഷേധമാണ് ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. ഭരണകൂട ഭീകരതയുടെ ഇരകളായ മഅദനിയും ഷാഹിനയും ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. മഅദനിക്കെതിരെയുള്ള നീതി നിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ സമരം ശക്തിപ്പെടുത്തുമെന്നും സബാഹി പറഞ്ഞു.രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ഭീകരന്മാരാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ദേശീയതലത്തില്‍ മതേതര ശാക്തീകരണം അനിവാര്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഫൈസല്‍ കൊച്ചി പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഅദനിക്കെതിരെയുള്ള നീതി നിഷേധം മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ എം.എസ്.എം. മൂസാ നജ്മി ആഹ്വാനം ചെയ്തു.

പി.ഡി.പി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ജബ്ബാര്‍, നജീബ് കളരിക്കല്‍, ടി.കെ. അബ്ദുല്‍ കരീം, പി.ഇ. ഹുസൈന്‍, ടി.എ. അബ്ദുല്‍ റഹ്മാന്‍, പി.എ. മൈതീന്‍, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് പ്രഫ. ജോയി മൈക്കിള്‍, പി.പി. കുഞ്ഞുമുഹമ്മദ്, ഒ.എസ്. സമദ് എന്നിവരും സംസാരിച്ചു.

No comments: