6.1.11

മഅദനിയുടെ ജാമ്യാപേക്ഷ : പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിപ്പട്ടികയിലുള്പ്പെടുത്തി അറസ്റ്റില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തടസ്സവാദം സമര്‍പ്പിക്കുന്നതിന് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കുന്നതിന് രണ്ടാഴ്ചകൂടി അനുവദിക്കണമെന്ന് അഡീഷനല്‍ സ്‌റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എം. നവാസ് ആവശ്യപ്പെട്ടു. എന്നാല്‍, മഅദനിക്കുവേണ്ടി ഹാജരായ അഡ്വ. പി. ഉസ്മാന്‍ ഇതിനെ എതിര്‍ത്തു. ഹരജയില്‍ വാദം അടിയന്തരമായി ആരംഭിക്കുന്നതിന് തടസ്സവാദം ഉടന്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരെ മതിയായ തെളിവില്ലെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ആദ്യ രണ്ട് കുറ്റപത്രങ്ങളിലും പേരില്ലാതിരുന്ന മഅദനിയുടെ പേര് മൂന്നാമത്തെ കുറ്റപത്രത്തിലാണ് പരാമര്‍ശിക്കുന്നത്. ആദ്യം മഅദനിക്കെതിരെ മൊഴി നല്‍കാതിരുന്ന സാക്ഷികള്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅദനിയെ ഇതുവരെ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും കണ്ടെത്താന്‍ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ല. മഅദനിക്കെതിരെ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കേസ് വിചാരണ കോടതിക്ക് കൈമാറിയതിനാല്‍ ഇനി കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. അറസ്റ്റിലായ ശേഷം മഅദനി 10 ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.


ഇതേത്തുടര്‍ന്ന് ജഡ്ജി വി. ജഗന്നാഥന്‍ പ്രോസിക്യൂഷന് 10 ദിവസത്തെ സമയം അനുവദിച്ചു. ഇത് അവസാനത്തെ തവണയാണ് സമയം അനുവദിക്കുന്നതെന്നും ഇനി സമയം ചോദിക്കരുതെന്നും ജഡ്ജി പറഞ്ഞു. ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കുന്നതിന് പ്രോസിക്യൂഷന്‍ രണ്ട് ദിവസംകൂടി സമയം ചോദിച്ചിരുന്നു.

ഡിസംബര്‍ 13നാണ് മഅദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഡിസംബര്‍ 15ന് ജസ്റ്റിസ് എന്‍. ആനന്ദയുടെ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ ഒരാഴ്ചക്കകം തടസ്സവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഡിസംബര്‍ 17 മുതല്‍ കോടതി അവധിയായിരുന്നതിനാല്‍ ജനുവരി മൂന്നിനാണ് കേസില്‍ വീണ്ടും വാദം കേട്ടത്. കേസ് ജസ്റ്റിസ് വി. ജഗന്നാഥന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. അടുത്തതവണ അഡ്വ. ബി.വി. ആചാര്യയും മഅദനിക്കുവേണ്ടി ഹാജരാ
കും

വര്‍ക്കല രാജിന് നേരെ വീണ്ടും വധ ശ്രമം

തിരുവനന്തപുരം: പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ വീണ്ടും വധ ശ്രമം. ചൊവ്വാഴ്ച രാത്രി 9.30 ഓടെ പാലച്ചിറ ദളവാപുരത്തിനടുത്തുവെച്ചാണ് സംഭവം. പാലച്ചിറയിലുള്ള തന്റെ സ്റ്റുഡിയോ അടച്ച് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങവേ പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗസംഘം രാജിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു.വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഏതാനും മാസം മുമ്പ് വര്‍ക്കല രാജിനെ ആക്രമികള്‍ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.

പ്രതിഷേധ പ്രകടനം നടത്തുക വര്‍ക്കിംഗ് ചെയര്‍മാന്‍
കൊച്ചി : പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ നടന്ന വധശ്രമത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി ശക്തിയായി പ്രതിഷേധിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.

അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധസംഗമം നടത്തി

മഞ്ചേശ്വരം:അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മഞ്ചേശ്വരത്ത് പ്രതിഷേധസംഗമം നടത്തി. കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മഅദനി മോചന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ബേക്കല്‍ ശഹീദ് സദ്ദാം നഗറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍  കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടറി പാച്ചലൂര്‍ അബ്ദുല്‍സലിം മൌലവി മുഖ്യപ്രഭാഷണം നടത്തി. പി.ഡി.പി.മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള ഉദ്ഘാടനംചെയ്തു. സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍, മൊയ്തുബേക്കല്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറി അജിത് കുമാര്‍ ആസാദ്, പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ സുബൈര്‍ പടുപ്പ്, പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
 
മഅദനിക്ക് നീതി ലഭിക്കാന്‍ പ്രക്ഷോഭത്തിനിറങ്ങും   - മുസ്‌ലിം സംയുക്ത വേദി  
തിരുവനന്തപുരം: മഅദനിക്ക് നീതി ലഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തന്റെ നിരപരാധിത്വം മഅദനി വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതിനെതിരെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വൈരുധ്യത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സെക്രട്ടറിമാരായ ഹാഫിസ് സുലൈമാന്‍ മൗലവി, മുഹമ്മദ് ബാദുഷ മന്നാനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വേദി ഭാരവാഹികള്‍ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ സമീപിക്കും. പ്രക്ഷോഭത്തിന് തുടക്കമിട്ട് ജനവരി രണ്ടിന് മഞ്ചേശ്വരത്ത് ഉദ്ദ്വാവരം ഷഹീദ് സദ്ദാം നഗറില്‍ പൊതുസമ്മേളനം ചേരും. തുടര്‍ന്ന് ജില്ലാ താലൂക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പദയാത്രകളും കാമ്പയിനുകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.



വര്‍ക്കലക്ക് നേരെ ആക്രമണം : പ്രതിഷേധം ശക്തം

മലപ്പുറം : പി.ഡി.പി. ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ നടന്ന വധശ്രമത്തില്‍ പി.ഡി.പി. മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്‌ ശക്തമായി പ്രതിഷേധിച്ചു. അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി യോഗം ഉത്ഘാടനം ചെയ്തു. എന്‍.എം.സിദ്ദീഖ് താനൂര്‍ അധ്യക്ഷത വഹിച്ചു.

പൊന്നാനിയില്‍ പ്രതിഷേധ പ്രകടനം നടത്തി 

പൊന്നാനി: പി.ഡി.പി സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രതിഷേധ പ്രകടനം നടത്തി. അഹമ്മദ് കബീര്‍, അക്ബര്‍ ചുങ്കത്ത്, ബദറുദ്ദീന്‍, എം.സുബൈര്‍, സി.പി.മുഹമ്മദ്, അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.]

മദനിമോചന മനുഷ്യാവകാശ സമ്മേളനം 

പെരുമ്പിള്ളിച്ചിറ: അബ്ദുള്‍നാസര്‍മദനിക്കെതിരായ നീതിനിഷേധം അവസാനിപ്പിക്കുക, കേസ് കര്‍ണാടകയ്ക്കുപുറത്ത് വിചാരണ നടത്തുക, കേസ് ദേശീയ ഏജന്‍സിയെ ഏല്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി.ശനിയാഴ്ച വൈകീട്ട് 5ന് പെരുമ്പിള്ളിച്ചിറയില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്യും. 
  
പഞ്ചസാര വിഹിതം വിഹിതം വെട്ടിക്കുറച്ച നടപടി അപലപനീയം : പി.ഡി.പി.

കൊച്ചി :   കേരളത്തിനുള്ള പഞ്ചസാര വിഹിതം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വില്ലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരസ്പരം പഴിചാരല്‍ അവസാനിപ്പിച്ചു വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും  പി.ഡി.പി. ആവശ്യപ്പെട്ടു. 

പി.ഡി.പി ധര്‍ണ നടത്തി 

തിരൂരങ്ങാടി:അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പാക്കുക, എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുക തുടങ്ങിയാ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട്ട് സായാഹ്നധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ കാച്ചടി, റസാക്ക് ഹാജി നന്നമ്പ്ര, ഷെഫീഖ്, അനസ് തെന്നല, ചെറക്കോട്ട് ഹംസ എന്നിവര്‍ പ്രസംഗിച്ചു

No comments: