4.12.10

വിമതര്‍ കാണിച്ചത് കര്‍ണാടക പൊലീസിനേക്കാള്‍ വലിയ ക്രൂരത-മഅ്ദനി

ബംഗളൂരു: തന്നെ ജയിലിലടച്ച് രണ്ടാഴ്ച തികയും മുമ്പ് പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചവര്‍ വ്യാജ മൊഴികളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച കര്‍ണാടക പൊലീസിനേക്കാളും വലിയ ക്രൂരതയാണ് കാണിച്ചതെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പാര്‍ട്ടി സി.എ.സി. അംഗം അഡ്വ.കാഞ്ഞിരമറ്റം സിറാജ് മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ചെയര്‍മാന്‍  പാര്‍ട്ടിയില്‍ ചിലര്‍ നടത്തുന്ന വിമത പ്രവര്‍ത്തനങ്ങളില്‍ തനിക്കുള്ള ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും കൂടെ നിര്‍ത്താനുള്ള അവസാനത്തെ അടവായി മഅദനിയുടെ മോചനത്തിനായി സമരം നടത്തുമെന്ന് പറയുന്നവര്‍ താന്‍ ജയിലിലായ ഉടന്‍ 'മഅദനിയില്ലാത്ത' പാര്‍ട്ടിയുണ്ടാക്കി സ്വന്തം ഭാവി സുരക്ഷിതരാക്കാന്‍ ശ്രമിച്ചവരാണ്. മറ്റ് പാര്‍ട്ടികളില്‍ ലയിച്ച് മുന്നണി പ്രവേശം സാധ്യമാക്കാനാണ് ചിലര്‍ വിമത പ്രവര്‍ത്തനം തുടങ്ങിയത്.

ഇവരുടെ സമരത്തിലൂടെ മോചിതനാകുന്നതിനേക്കാള്‍ ഭേദം ജയിലില്‍ അന്ത്യം സംഭവിക്കുന്നതാണ്. ജയിലിലടക്കപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുക എന്ന പ്രഖ്യാപിത നയത്തില്‍നിന്ന് വ്യതിചലിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഏതൊരാളിനെയും ചെയര്‍മാനാക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അഴിച്ചുപണിയുന്നതിനെക്കുറിച്ചും വിമതര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും അഭിപ്രായം അറിയുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലനിന്നുമുള്ള ഭാരവാഹികളുടെ സ്‌പെഷല്‍ പ്രതിനിധി കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് എറണാകുളം സാസ് ടവറില്‍ വിളിച്ചിട്ടുണ്ട്. 'മഅദനിയില്ലാത്ത പി.ഡി.പി' എന്ന ആശയവുമായി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഒന്നുരണ്ട് പേരൊഴികെ മുഴുവന്‍ പാര്‍ട്ടി നേതാക്കളെയും ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയിലുള്ള ആഗ്രഹം.

മഅദനി വിഷയം : ഇടപെടാമെന്ന വാക്ക് മുഖ്യമന്ത്രി പാലിക്കണം -പി.ഡി.പി

തൊടുപുഴ: മഅദ്‌നിക്കെതിരായ ജയിലിലെ ക്രൂരത പ്രമുഖ നേതാക്കള്‍ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടിരിക്കെ, മനുഷ്യാവകാശ ലംഘനമുണ്ടെങ്കില്‍ ഇടപെടുമെന്ന വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, കേസന്വേഷണം ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണാടകക്ക് പുറത്ത് വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്താനും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

അബ്ദുന്നാസിര്‍ മഅദനിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം അഞ്ചിന് രാവിലെ 10 ന് എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍  ‍ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലിയുടെ അധ്യക്ഷതയില്‍ ചേരും.

 കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ദുരിതബാധിതര്‍ക്ക് സമ്പൂര്‍ണ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് ഉടന്‍ നടപ്പാക്കണമെന്നും സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

പി.ഡി.പി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

തിരൂര്‍: ആലത്തിയൂര്‍ - കൊടക്കല്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തിരുനാവായ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടക്കല്‍ ജങ്ഷന്‍ ഉപരോധിച്ചു. സൈതാലിക്കുട്ടി, ഷാജി എടക്കുളം, റഹീസ് പല്ലാര്‍, വഹാബ്, കുഞ്ഞിപ്പ താഴത്തറ എന്നിവര്‍ പ്രസംഗിച്ചു. ഉപരോധത്തിന് സുലൈമാന്‍ ബീരാഞ്ചിറ, എന്‍.വി. അബൂബക്കര്‍ ഹാജി, കെ.പി. നസറുദ്ദീന്‍, സൈഫുദ്ദീന്‍ എന്നിവര്‍ നേതൃത്വംനല്‍കി

അറ്റകുറ്റപ്പണി അനുവദിക്കില്ല- പി.ഡി.പി
പൊന്നാനി: പുതുപെന്നാനി മുതല്‍ കുറ്റിപ്പുറം വരെയുള്ള എടപ്പാള്‍ ചമ്രവട്ടം ജങ്ഷന്‍ റോഡും പുനര്‍നിര്‍മിച്ച് റീടാര്‍ ചെയ്യണമെന്ന് പി.ഡി.പി യോഗം ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താനാണ് നീക്കമെങ്കില്‍ എന്തു വിലകൊടുത്തും തടയുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മുല്ലശ്ശേരി ബഷീര്‍ അധ്യക്ഷതവഹിച്ചു. ജാഫര്‍അലി ദാരിമി ഉദ്ഘാടനംചെയ്തു. എം.എ. അഹമ്മദ്കബീര്‍, ടി.വി. കുഞ്ഞിമുഹമ്മദ്, കെ.വി. ജലാല്‍, പി. അലി, താഹ, ടി.വി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

ഷാഹിനക്കെതിരായ കേസ്; ദല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്

ന്യൂദല്‍ഹി: മഅ്ദനി കേസിലെ സാക്ഷികളെ ഇന്റര്‍വ്യു ചെയ്ത് സത്യം പുറത്തുകൊണ്ടു വരാന്‍ ശ്രമിച്ച തെഹല്‍ക ലേഖികയെ കള്ളക്കേസില്‍ കുടുക്കിയ കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. കേരള ഹൗസില്‍നിന്ന് കര്‍ണാടക ഭവനിലേക്ക് നീങ്ങിയ മാര്‍ച്ച് ജന്തര്‍ മന്ദിറില്‍ പൊലീസ് തടഞ്ഞു.
മഅ്ദനിയുടെ സാക്ഷികളെ പോയി കണ്ട് ഇന്റര്‍വ്യു ചെയ്യാന്‍ 'തെഹല്‍ക'യാണ് ഷാഹിനയെ നിയോഗിച്ചതെന്നും സ്വന്തം കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി ഇന്റര്‍വ്യൂ ചെയ്തതിന് പൊലീസ് അവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി പറഞ്ഞു. നന്നേ ചുരുങ്ങിയത് ഷാഹിനയെ പത്രസ്ഥാപനം പറഞ്ഞയച്ചതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും കര്‍ണാടക പൊലീസ് കാണിക്കേണ്ടിയിരുന്നെന്ന് ഷോമ ഓര്‍മിപ്പിച്ചു.
മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ സ്വാധീനിക്കുന്നത് പോലെ അപകടകരമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ ഭരണകൂടം വേട്ടയാടുന്നതെന്ന് ഫ്രണ്ട്‌ലൈന്‍, ഹിന്ദു ഡപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
ന്യൂദല്‍ഹി പ്രസ് ക്ലബ് നിര്‍വാഹക സമിതി അംഗം ജോമി തോമസ്, സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ പി. കരുണാകരന്‍ എം.പി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം.പി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ദല്‍ഹി ഘടകം പ്രസിഡന്റ് വി.ബി. പരമേശ്വരന്‍, സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ദല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ് പ്രസിഡന്റ് എസ്.കെ. പാണ്ഡെ, ഹസനുല്‍ ബന്ന എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ ടി.എന്‍. സീമ, പി. രാജീവന്‍, എം.ബി. രാജേഷ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഇന്ത്യാവിഷന്‍ ബ്യൂറോ ചീഫ് മനോജ് മേനോന്‍, ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം, ചന്ദ്രിക ബ്യൂറോ ചീഫ് മലയില്‍ മുഹമ്മദ് കുട്ടി, മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ എം.സി.എ. നാസര്‍, അമൃത ചാനല്‍ മേഖലാ ചീഫ് കെ. മധു, ദീപിക ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, കേരള കൗമുദി ബ്യൂറോ ചീഫ് കിരണ്‍ ബാബു, മംഗളം ബ്യൂറോ ചീഫ് ഡി. ധനസുമോദ്, പ്രശാന്ത് (ദേശാഭിമാനി), തോമസ് ഡൊമിനിക് (മലയാള മനോരമ)  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബംഗളൂരു സ്‌ഫോടന കേസ് വിചാരണ സെഷന്‍സ് കോടതിക്ക് കൈമാറി
2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര േകസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് കൈമാറി. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ 32 പ്രതികളുള്ള കേസിന്റെ വിചാരണ ഒരു മാസത്തിനകം ആരംഭിക്കും. വിചാരണക്കുള്ള സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍. അശോക് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
സ്‌ഫോടന പരമ്പര കേസില്‍ ഇതുവരെ അറസ്റ്റിലായ 19 പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വിചാരണ നടപടികള്‍ തുടങ്ങാമെന്ന് കേസന്വേഷിക്കുന്ന ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് വിചാരണ കോടതിക്ക് കൈമാറിയത്.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ 14 പ്രതികളെയും
ഗുജറാത്ത് ജയിലിലുള്ള അബ്ദുല്‍ സത്താര്‍ എന്ന സൈനുദ്ദീന്‍, മകന്‍  ഷറഫുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്. കോഴിക്കോട് ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിന് കേരളത്തിലേക്ക് കൊണ്ടുപോയിരുന്ന ഒന്നാം പ്രതി തടിയന്റവിട നസീറിനെയും 19ാം പ്രതി ഷഫാസിനെയും നേരിട്ട് കോടതിയില്‍ ഹാജരാക്കി. ഇതിനുശേഷമാണ് കേസ് വിചാരണക്കായി കൈമാറിയത്.
ഇതുവരെ പിടിയിലായ 19 പ്രതികളുടെയും പിടികിട്ടാനുള്ളതും കശ്മീരില്‍ കൊല്ലപ്പെട്ടവരുമായ മറ്റ് 13 പ്രതികളുടെയും പേരിലുള്ള കുറ്റപത്രങ്ങള്‍ രണ്ടായി വിഭജിച്ചു. 19 പേരുടെ പേരിലുള്ള കുറ്റപത്രമാണ് വിചാരണ കോടതിയിലേക്ക് കൈമാറിയത്. മറ്റ് പ്രതികളെ പിടികൂടുന്നതിനനുസരിച്ച് ഇവരുടെ പേരിലുള്ള കേസും വിചാരണ കോടതിക്ക് കൈമാറും.
കേസ് വിചാരണ കോടതിക്ക് കൈമാറിയ സാഹചര്യത്തില്‍ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയില്ല. കേസ് ഫയലുകള്‍ എത്തിയശേഷം പ്രതികളെ ഹാജരാക്കുന്നതിന് വിചാരണ കോടതി ബോഡി വാറന്റ് പുറപ്പെടുവിക്കും. തുടര്‍ന്ന് വിചാരണ നടപടികള്‍ ആരംഭിക്കും.

No comments: