10.12.10

അവസാന നിരപരാധിയും ജയില്‍ മോചിതനാകാതെ മനുഷ്യാവകാശ പോരാളികള്‍ തളരരുത് -എസ്.എ.ആര്‍. ഗീലാനി


കൊച്ചി: ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന അവസാനത്തെ വ്യക്തിയും മോചിതനാകുന്നതുവരെ മനുഷ്യാവകാശ പോരാളികള്‍ തളരരുതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എസ്.എ.ആര്‍. ഗീലാനി. മനുഷ്യാവകാശപ്പോരാളികള്‍ തളര്‍ന്നാല്‍ മതേതരത്വത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും തളര്‍ന്നു എന്നാണ് അര്‍ഥം.
അതിനാല്‍, ഫാഷിസത്തിനെതിരെ പോരാടുന്നവര്‍ തളരാതെ മുന്നേറണം. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 'മഅ്ദനി നീതി നിഷേധത്തിന്റെ ഇര' എന്ന പ്രമേയവുമായി എറണാകുളത്ത് നടത്തിയ മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുന്നാസിര്‍ മഅ്ദനിയടക്കം രാജ്യത്ത് നിരവധി നിരപരാധികള്‍ ജയിലില്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങള്‍ കേരളത്തില്‍മാത്രം ഒതുക്കിനിര്‍ത്താതെ ദല്‍ഹിയടക്കം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍  മതേതരത്വ പാതയിലൂടെ സഞ്ചരിക്കുന്ന ദക്ഷിണേന്ത്യയും സമീപകാലത്തായി ഗുജറാത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്നു.
മഅ്ദനിയുടെ ജയില്‍വാസം ജനാധിപത്യ സംരക്ഷണത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നമാണ്. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ നിരപാരാധിയെന്നുകണ്ട് വിട്ടയച്ച അതേ സംവിധാനങ്ങള്‍തന്നെയാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ബംഗളൂരു ജയിലില്‍ അടച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം പൊലീസ് കാവലില്‍ കഴിഞ്ഞ മഅ്ദനി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന ആരോപണംതന്നെ നിയമ വ്യവസ്ഥകളെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണ്.
ജനങ്ങളില്‍ പരസ്‌പരം ഭയം കുത്തിവെക്കുന്ന പൊലീസിന്റെ ഇപ്പോഴത്തെ രീതി അപകടകരമാണ്. കുറ്റകൃത്യം നടന്നാല്‍, ബന്ധങ്ങളും മറ്റും അന്വേഷിച്ച് തെളിവുകളുണ്ടാക്കി ഒടുവില്‍ പ്രതികളെ കണ്ടെത്തുന്നതായിരുന്നു മുമ്പത്തെ രീതി. എന്നാല്‍, സംഭവമുണ്ടായാല്‍, ആദ്യം പ്രതികളാരെന്ന് നിശ്ചയിച്ച് പിന്നീട് അതിനനുസരിച്ച് തെളിവുകളും സാഹചര്യങ്ങളും സൃഷ്ടിക്കുന്ന രീതിയാണ് ഇപ്പോള്‍.
 തങ്ങള്‍ പ്രതികളെന്ന് പ്രഖ്യാപിക്കുന്നവരെ ഭീകരന്മാരായി മുദ്രകുത്താന്‍ എല്ലാവിധ മാധ്യമങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മാധ്യമങ്ങളില്‍ക്കൂടി കഥകള്‍ പടച്ചുവിടുകയാണ് പൊലീസ് ചെയ്യുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി ഭീകര കൃത്യങ്ങളുടെ സിരാ കേന്ദ്രമാണെന്ന രൂപത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇതിന്റെ ഭാഗമാണ്. താനും ഇത്തരം മാധ്യമ പ്രചാരണങ്ങളുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷത വഹിച്ചു.
 കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മഅ്ദനി മോചിതനായപ്പോള്‍ ഇനി ഇന്ത്യയില്‍ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവില്ലെന്ന് വെറുതെയെങ്കിലും മോഹിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അതേ വ്യക്തിയെത്തന്നെ വീണ്ടും ഭരണകൂടം ജയിലിലടച്ചു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരു ജയിലിലേക്ക് മാറിയെന്ന വ്യത്യാസം മാ്രതം. ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണെന്ന് ഈയിടെ ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായി.
 രാപ്പകല്‍ കാമറകളുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. സമൂഹം ജാഗ്രത്തായിരുന്നില്ലെങ്കില്‍, ഭരണകൂടത്തിന് അനഭിമതനായ ആരും ഭീകരവാദിയെന്ന് മുദ്രകുത്തി പീഡിപ്പിക്കപ്പെടാമെന്നതിന് തെളിവാണ് മഅ്ദനിയെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. 1991 ന് ശേഷമുള്ള മുഴുവന്‍ സ്‌ഫോടന സംഭവങ്ങളിലും പുനരന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനരന്വേഷണം നടത്തിയ സംഭവങ്ങളിലെല്ലാം ജയിലില്‍ കിടക്കുന്ന നിരപരാധികള്‍ മോചിപ്പിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ അകത്താവുകയും ചെയ്തിട്ടുണ്ട്. മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളിലെല്ലാം ഇത് വ്യക്തമായതാണ്. അങ്ങനെയാണ് കേണല്‍ പുരോഹിതും പ്രജ്ഞാ സിങും സ്വാമി അസിമാനന്ദയുമെല്ലാം കുടുങ്ങിയത്. 1991 ല്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതുമുതലാണ് മൊസാദ് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപകമാക്കിയതും ന്യൂനപക്ഷങ്ങള്‍ വ്യാപകമായി വേട്ടയാടപ്പെടാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ്, പേഴ്‌സണല്‍ ലോ ബോര്‍ഡംഗം അബ്ദുല്‍ ശുക്കൂര്‍ മൗലവി, പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഐ.എന്‍.എല്‍ ട്രഷറര്‍  ഡോ.എ.എ അമീന്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി എന്നിവര്‍  സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എ. സലിം സ്വാഗതവും മഅ്ദനി ഫോറം ജോ. കണ്‍വീനര്‍ പി. മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

ഷാഹിനക്കെതിരായ കേസ്: ദേശീയ മനുഷ്യാവകാശ കമീഷന് പരാതി


ന്യൂദല്‍ഹി: പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്ത കേസുകളുടെ യഥാര്‍ഥ വസ്തുത പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ തെഹല്‍ക ലേഖിക കെ.കെ ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് സ്വീകരിച്ച പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് പരാതി.
അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ ബോധപൂര്‍വം കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണകൂടം അനുവദിച്ചു നല്‍കിയ മാധ്യമ സ്വാതന്ത്ര്യത്തിനുതന്നെ വിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കെ.കെ. ഷാഹിനക്കും കൂടെയുണ്ടായിരുന്ന നാലു പേര്‍ക്കുമെതിരെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുക. പൊലീസ് പീഡനത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുക എന്നീ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചു.
വെങ്കിടേഷ് രാമകൃഷ്ണന്‍, നിവേദിത മേനോന്‍, സച്ചിന്‍ നാരായണ്‍, ജെന്നി റൊവേന, രാധാകൃഷ്ണന്‍, എം.സി.എ നാസര്‍, കെ. അഷ്‌റഫ്, അനില്‍ വര്‍ഗീസ് എന്നിവരടങ്ങിയ സംഘമാണ് കെ.ജി ബാലകൃഷ്ണനു മുമ്പാകെ നിവേദനം സമര്‍പ്പിച്ചത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.ജി ബാലകൃഷ്ണന്‍ സംഘത്തിന് ഉറപ്പു നല്‍കി.

മഅ‌ദനിയുടെ ജയില്‍ വാസം ബി.ജെ.പിയുടെ രാഷ്ട്രീയ ആവശ്യം: ഭാസുരേന്ദ്ര ബാബു

കാസര്‍കോട്‌: ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി അമീത്‌ ഷായുടെ കൊലപാതകക്കേസിലെ അറസ്റ്റോടെ ഇമേജ്‌ നഷ്ടപ്പെട്ട ബി.ജെ.പിയുടെ രാഷ്ടീയ ആവശ്യമായിരുന്നു മുസ്ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍വാസമെന്ന്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. ജസ്റ്റിസ്‌ ഫോര്‍ മഅ‌ദനി ഫോറം കാസര്‍കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യവകാശ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമാവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌ വേണ്ടി സംസാരിക്കുന്ന വലിയ പത്രങ്ങള്‍ കടുത്ത പക്ഷപാതിത്വവും അനീതിയുമാണ്‌ മഅ‌ദനിയുടെ മനുഷ്യവകാശ വിഷയത്തിലെടുക്കുന്നത്‌. മഅ‌ദനിയുടെ കുടുംബം തീവ്രവാദ കേന്ദ്രമാണെന്ന പ്രചാരണവും ഒരു പ്രത്യേക സമുദായത്തെ തീവ്രവാദഛായ കൊടുത്ത്‌ അവരുമായി ബന്ധപ്പെടുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ വിചാരണ ചെയ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ്‌ ഫോര്‍ മഅ‌ദനി ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എച്ച്‌. ഷഹീര്‍ മൗലവി അധ്യക്ഷത വഹിച്ചു. പീഡിത പാര്‍ശ്വവല്‍കൃത സമൂഹത്തിനെതിരെ നമ്മുടെ രാജ്യത്തെ ഭരണകൂട ഭീകരത വര്‍ദ്ധിപ്പിക്കുന്നതായി എച്ച്‌. ഷഹീര്‍ മൗലവി അഭിപ്രായപ്പെട്ടു.
എസ്‌.വൈ.എസ്‌ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, പി.ഡി.പി സിക്രട്ടറി സുബൈര്‍ സ്വബാഹി, ജമാഅത്ത്‌ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.എ മൊയ്‌തീന്‍കുഞ്ഞി, നാഷണല്‍ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ അസീസ്‌ കടപ്പുറം, ബി.എസ്‌.പി സംസ്ഥാന സെക്രട്ടറി വി. രവീന്ദ്രന്‍, എന്‍.എല്‍.യു സെക്രട്ടറി സി.എം.എ ജലീല്‍, സോളിഡാരിറ്റി പ്രസിഡണ്ട്‌ വി.പി. അഷ്‌റഫ്‌, അജിത്‌ കുമാര്‍ ആസാദ്‌, സൈഫുദ്ദീന്‍ മാക്കോട്‌, കെ.എച്ച്‌. മുഹമ്മദ്‌, വി.കെ.പി മുഹമ്മദ്‌, എസ്‌.എം. ബഷീര്‍ കുഞ്ചത്തൂര്‍, മൊയ്‌തു ബേക്കല്‍ കുന്നില്‍, എം.എം.കെ സിദ്ദിഖ്‌, ഉബൈദുല്ല കടവത്ത്‌, ഹമീദ്‌ കുണിയ, ഹമീദ്‌ മൊഗ്രാല്‍, സാദിഖ്‌ മൂലടുക്കം, ടി.എം.സി. സിയാദ്‌ അലി, ഐ.എസ്‌. സക്കീര്‍ ഹുസൈന്‍, ബി.എം. ഹമീദ്‌, ഹമീദ്‌ സീസണ്‍, അബ്ദുറഹ്‌മാന്‍ തെരുവത്ത്‌, യൂനുസ്‌ തളങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ്‌ സ്വാഗതവും കണ്‍വീനര്‍ ഷഫീക്ക്‌ നസറുല്ല നന്ദിയും പറഞ്ഞു.

No comments: