25.6.10

മഅ്ദനിയെ വീണ്ടും വേട്ടയാടരുത് -സാംസ്‌കാരിക പ്രവര്‍ത്തകര്‍

 
കോഴിക്കോട്: ആയുസ്സിന്റെ ഒരു ദശകത്തോളം ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷയനുഭവിക്കേണ്ടിവന്ന മഅ്ദനിക്ക് വീണ്ടും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ രംഗത്തുവരണമെന്ന് പ്രമുഖ സാംസ്‌കാരികനായകര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 1998 മുതല്‍ പത്തുവര്‍ഷത്തോളം അന്യായമായി ജയിലിലടച്ച ശേഷം വിട്ടയച്ച മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസിന് കൈമാറാനുള്ള നീക്കം നടക്കുകയാണ്.
 
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് മഅ്ദനിയെ ഈ കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ മൊഴി നിഷേധിച്ച് നസീര്‍ നടത്തിയ പ്രസ്താവന കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ന്യൂനപക്ഷസമുദായങ്ങളില്‍ പെട്ട യുവാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും സംശയങ്ങളുടെ പേരില്‍ മാത്രം മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സാഹചര്യത്തില്‍ ഈ കേസിന്റെ കാര്യത്തിലും മാധ്യമങ്ങളും പൗരസമൂഹവും സജീവജാഗ്രത പുലര്‍ത്തണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 
സക്കറിയ, ബി.ആര്‍.പി ഭാസ്‌കര്‍, സി.ആര്‍. നീലകണ്ഠന്‍, ജെ. ദേവിക, ടി.ടി. ശ്രീകുമാര്‍, ഒ. അബ്ദുറഹ്മാന്‍, സിവിക് ചന്ദ്രന്‍, എ. വാസു, കെ.കെ. കൊച്ച്, എന്‍.പി. ചെക്കുട്ടി, അഡ്വ. പി.എ. പൗരന്‍, കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, എം.ബി മനോജ്, കെ. അംബുജാക്ഷന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്

No comments: