26.2.11


മഅദനിയുടെ ജാമ്യം : സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും - ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം

ബംഗളൂരു: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കുമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

മഅദനി കേസില്‍ ഹൈകോടതി ജാമ്യാപേക്ഷ തള്ളി വിധി പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും വിധി പകര്‍പ്പ് നിയമപ്രകാരം നല്‍കാത്തതിനാല്‍ സുപ്രീം കോടതിയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഭാരവാഹികള്‍ പറഞ്ഞു.

കര്‍ണാടക പൊലീസിന്റെ ആവശ്യാനുസരണം ഏഴെട്ട് തവണ കേസ് വിധി പറയാന്‍ മാറ്റിവെച്ചശേഷമാണ് വിധി ഉണ്ടായതുതന്നെ.കഴിയുന്നിടത്തോളം കാലതാമസം വരുത്തുകയെന്നത് സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. മഅദനി കേസ് വിചാരണക്കുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക കോടതി ജയിലിനുള്ളില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പട്ടാള കോടതിയുടെ ശൈലിയാണിത്. പ്രത്യേക കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പാട് ചെയ്യാന്‍പോലും മഅദനിക്ക് അനുവാദം നല്‍കാതെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്.

ഇപ്പോള്‍ സൂഫിയ മഅദനിയെക്കൂടി കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മഅദനിക്കെതിരെ നടക്കുന്ന അധികാരി വര്‍ഗ ഗൂഢാലോചനക്കും നീതി നിഷേധത്തിനുമെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പ്രചാരണ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു.

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ സെബാസ്റ്റിയന്‍ പോള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മഅദനി ഫോറം സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ശഹീര്‍ മൗലവി, ജാമിഅ അന്‍വാര്‍ശ്ശേരി പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ ഹമീദ് മൗലവി എന്നിവരാണ് മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25 മുതല്‍

തിരൂരങ്ങാടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നിലപാടുകള്‍ സ്വരൂപിക്കാന്‍ മലപ്പുറം ജില്ലയിലെ പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

25 ന് രണ്ടുമണിക്ക് വേങ്ങര വ്യാപാരഭവനില്‍ വേങ്ങര മണ്ഡലം കണ്‍വെന്‍ഷനും ചെമ്മാട്ട് എറപറമ്പന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷനും നടക്കും. കണ്‍വെന്‍ഷനുകള്‍ യഥാക്രമം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

27 ന് വൈകീട്ട് ആറുമണിക്കാണ് വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍. ചേളാരിയില്‍ നടക്കുന്ന പരിപാടി സംസ്ഥാന ട്രഷറര്‍ അജിത്ത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ എന്നിവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ വേങ്ങര മണ്ഡലം പ്രസിഡന്റ് കുരുണിയന്‍ ചേക്കു, അയ്യപ്പന്‍ എ.ആര്‍.നഗര്‍, അഷ്‌റഫ് ഊരകം, സി.സൈനുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

No comments: