2.2.11


പി.ഡി.പി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി 

കരുമാല്ലൂര്‍: കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടി സ്വീകരിക്കുക, അബ്ദുന്നാസര്‍ മഅദനിക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പിഡിപി കളമശ്ശേരി നിയോജകമണ്ഡലം പ്രചാരണ കാമ്പയിന്റെ ഭാഗമായി നീറിക്കോട് പീടികപ്പടിയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. പിഡിപി ജില്ലാ സെക്രട്ടറി വി.എം. മാര്‍സന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീര്‍ പയ്യനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ഷംസു പെരിങ്ങാടന്‍, ടി.എ. മുജീബ്‌റഹ്മാന്‍, നിസാര്‍, ഷംസു, ഹസ്സന്‍, നിഷാദ്, നജീബ് എന്നിവര്‍ സംസാരിച്ചു. 
  
വിലക്കയറ്റം നിയന്ത്രിക്കണം- പി.ഡി.പി 
  
തിരൂരങ്ങാടി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന് പി.ഡി.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷനായി. സക്കീര്‍ പരപ്പനങ്ങാടി, റസാഖ് ഹാജി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, അബൂബക്കര്‍ ഹാജി തെന്നല എന്നിവര്‍ പ്രസംഗിച്ചു. 

ഐസ്ക്രീം കേസ് : സമഗ്രമായ അന്വേഷണം നടത്തണം - പി.ഡി.പി.


കൊച്ചി : ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സില്‍  സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ്സില്‍ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സംഭവത്തിലെ യാദാര്‍ത്ഥ്യം പുറത്തു വരുന്നത് വരെ കുഞ്ഞാലിക്കുട്ടിയെ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ലീഗ് തയ്യാറാകണം.പൊന്നാനി തിരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ്.പിന്തുണ പിന്‍വലിച്ചു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനു തങ്ങള്‍ക്കു ലീഗ് നേതൃത്വം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇക്കാര്യം ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്ഥിരീകരിച്ചതാണ്.ഇത്തരം വാഗ്ദാനങ്ങള്‍ പല ഘട്ടങ്ങളിലും ലഭിച്ചിരുന്നു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട പല രേഖകളും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, 1998 മാര്‍ച്ച് 31ന് മഅദനിയെ പ്രകോപനപരമായ പ്രസംഗം നടത്തി എന്ന വാറണ്ടുമായി എത്തിയ കോഴിക്കോട് കസബ പോലീസ് കലൂരിലെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പിന്നീട് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തുവെന്ന് സുബൈര്‍ സബാഹി പറഞ്ഞു.കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് പലപ്പോഴായി മഅദനി സമാഹരിച്ച വിലപ്പെട്ട രേഖകളാണ് കലൂരിലുള്ള മഅദനിയുടെ വസതിയില്‍നിന്ന് പൊലീസ് എടുത്തുകൊണ്ടുപോയത്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ കേസ്സിലെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. പി.ശശി പുണ്യവാളനാണെന്ന അഭിപ്രായം പി.ഡി.പിക്കില്ല.ശശിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഐസ്‌ക്രീം കേസിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ താല്‍പര്യമില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഐസ്‌ക്രീം രേഖകള്‍ സംബന്ധിച്ച പാര്‍ട്ടിയുടെ തുടര്‍ നിലപാട്, മഅദനിക്ക് നീതിക്കായുള്ള സമരങ്ങള്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച മലപ്പുറത്ത് കേന്ദ്ര കമ്മിറ്റി ചേരും.
മഅദനിക്ക് നീതി ലഭ്യമാക്കുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാര്‍ട്ടിയുടെ സമരപ്രഖ്യാപന സമ്മേളനം ഫിബ്രവരി 9ന് മാനഞ്ചിറ മുതലക്കുളം മൈതാനിയില്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായും സബാഹി അറിയിച്ചു. സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്നും മലപ്പുറം പാര്‍ട്ടി ഓഫീസില്‍ നടക്കും.  പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി വര്‍ക്കല രാജ്, സി.എ.സി.അംഗം വീരാന്കുട്ടി ഹാജി, ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
കുഞ്ഞാലിക്കുട്ടിക്ക് കാലം നല്‍കിയ തിരിച്ചടി  - പി.ഡി.പി
ആദിക്കാട്ടുകുളങ്ങര: നിരപരാധിയായ അബ്ദുന്നാസിര്‍ മഅദനിയെ അപരാധിയായി ചിത്രീകരിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും കാലം നല്‍കിയ തിരിച്ചടിയാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ നേരിടുന്നതെന്നും പി.ഡി.പി പാലമേല്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. അവിഹിത സഹായങ്ങള്‍ മേലില്‍ ആര്‍ക്കും ചെയ്യില്ലെന്ന് ശിഹാബ് തങ്ങള്‍ക്ക് ഉറപ്പുകൊടുത്തുവെന്ന വെളിപ്പെടുത്തലോടെ ലീഗ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് മുഴുവന്‍ അഴിമതികളും നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.

ലീഗിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷണവിധേയമാക്കണം. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, കള്ളപ്പണക്കേസ് എന്നിവയില്‍ സമഗ്ര പുനരന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. നസീര്‍ മുട്ടാലിവടക്കേതില്‍ അധ്യക്ഷത വഹിച്ചു.

അയ്യൂബ്ഖാന്‍ കൊട്ടക്കാട്ടുശേരി, ഹാഷിം ഹബീബ്, ഷറഫുദ്ദീന്‍, മുഹമ്മദ് സുല്‍ഫി, ഹക്കിം ഷാ, ഷാഹിര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

ഐസ്ക്രീം കേസ് പുനരന്വേഷിക്കണം
കായംകുളം: മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കണമെന്ന് പി. ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍, സിദ്ദീഖ്, നിസ്താര്‍, സക്കീര്‍, സലിം എന്നിവര്‍ സംസാരിച്ചു.

ഐസ്ക്രീം പാര്‍ലര്‍ കേസ് - മുസ്‌ലിം ലീഗ് ജില്ലാ ഓഫിസിലേക്ക് പി.ഡി.പി മാര്‍ച്ച്



നെടുങ്കണ്ടം: സമുദായത്തിന്റെ മറവില്‍ അധികാരത്തിലെത്തി വഴിവിട്ട മാര്‍ഗത്തിലൂടെ സഞ്ചരിച്ച മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ച് മുസ്‌ലിം സമുദായത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഈ മാസം ഏഴിന് ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പി.ഡി.പി ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം.സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ പ്രസിഡന്റിനെയും സഹോദരനെയും വഴിവിട്ട് സഹായിച്ചെന്ന റഊഫിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. ജില്ലക്കകത്തും പുറത്തും സ്വന്തം പേരിലും ബിനാമി പേരിലും ഈ നേതാവ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണം. ലീഗ് ജില്ലാ നേതാവിന്റെ സഹോദരന്‍ '96 ല്‍ കോഴിക്കോട് ശിരസ്തദാര്‍ ആയിരിക്കേ ഐസ്‌ക്രീം കേസിന്റെ സുപ്രധാന രേഖകള്‍ മാറ്റിയതിന് പ്രതിഫലമായി 2001ല്‍ ഇദ്ദേഹത്തെ കുഞ്ഞാലിക്കുട്ടിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.വിരമിക്കാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെയായിരുന്നു ഇത്. കലക്ടര്‍ വഹിക്കേണ്ട ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സ്ഥാനം ചില സ്വാധീനം ഉപയോഗിച്ച് ലീഗ് ജില്ലാ നേതാവ് സ്വന്തമാക്കി. 


62 ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ 40 പേര്‍ എതിര്‍ത്തിട്ടും കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് ജില്ലാ നേതാവാക്കിയത്. കുഞ്ഞാലിക്കുട്ടിക്ക് സംരക്ഷണ കവചം ഒരുക്കുന്ന ലീഗ് നേതൃത്വം പിന്നാക്ക സമുദായങ്ങള്‍ക്ക് ബാധ്യതയാണെന്നും സുലൈമാന്‍ ആരോപിച്ചു.

ഐസ്‌ക്രീം കേസിന്റെ ജീവിക്കുന്ന ഇരയാണ് അബ്ദുല്‍ നാസ്സര്‍ മഅദനി. ഈ കേസ് ലോകത്തോട് ആദ്യം പറഞ്ഞതിന് മഅദനിയെ കോയമ്പത്തൂര്‍, ബംഗളൂരു കേസുകളില്‍ കുടുക്കാന്‍ ചരടുവലിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് നജീബ് കളരിക്കല്‍, മണ്ഡലം പ്രസിഡന്റ് നാസര്‍ ചിറക്കുന്നേല്‍, വൈസ് പ്രസിഡന്റ് നാസര്‍ പട്ടാളം, സെക്രട്ടറി യൂനസ് കിഴക്കയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: