16.6.09

നിരപരാധിത്വം തെളിയിക്കാന്‍ ചോദ്യംചെയ്യല്‍ സഹായിക്കും-മഅദനി
കൊച്ചി: തീവ്രവാദ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ ഇത്തരത്തിലൊരു വിചാരണ ആഗ്രഹിച്ചിരുന്നെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദു ന്നാസര്‍ മഅദനി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തുടര്‍ച്ചയായ രണ്ടാം ദിവസവും നടത്തിയ ചോദ്യം ചെയ്യലിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മഅദനി. നിരപരാധിത്വം തെളിയിക്കാന്‍ കിട്ടിയ അവസരമായാണ്‌ ചോദ്യം ചെയ്യലിനെ കാണുന്നത്‌. അന്വേഷണ ഉദ്യോഗസ്ഥരോട്‌ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്‌ ഏറെ ആശ്വാസമേകിയെന്നും മഅദനി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. പി.ഡി.പി.യുടെ ആദ്യകാല പ്രവര്‍ത്തകരെ കുറിച്ചും അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവരെ കുറിച്ചും ചോദ്യങ്ങളുണ്ടായി. ഇവരിലാരെങ്കിലും ജയിലില്‍ സന്ദര്‍ശിക്കാനെത്തിയിരുന്നോയെന്നും അന്വേഷിച്ചു. വീട്ടില്‍ നിര്‍ത്തിയിരുന്ന ആറു വയസ്സുകാരി, പോലീസ്‌ പിടിയിലായ സൈനുദ്ദീന്റെ മകളാണോയെന്ന്‌ അറിയില്ല. വീട്ടില്‍ ജോലിക്ക്‌ നിന്ന സ്‌ത്രീയുടെ അനുജത്തിയുടെ മകളാണ്‌ ആറു വയസ്സുകാരി. സൈനുദ്ദീനെ പോലീസ്‌ പിടിക്കുന്നതിനു മുമ്പേ കുട്ടി വീട്ടില്‍ നിന്ന്‌ പോയിരുന്നതായും ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തി. മലപ്പുറത്ത്‌ ഒരു ഹോട്ടലില്‍ വെച്ച്‌ സൈനുദ്ദീന്‍, തന്നെ കണ്ടെന്നാണ്‌ മൊഴി നല്‍കിയിട്ടുള്ളത്‌. മലപ്പുറത്തായിരുന്നപ്പോള്‍ പലരേയും കണ്ട കൂട്ടത്തില്‍ സൈനുദ്ദീനും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. വ്യക്തിപരമായി ഇയാളെക്കുറിച്ച്‌ അറിയില്ല. 'റോ' പിടികൂടിയ സര്‍ഫറോസ്‌ നവാസിനെ പത്രങ്ങളില്‍ കണ്ടാണ്‌ അറിയുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. സൂഫിയ മഅദനിയേയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തു. സൈനുദ്ദീന്റെ മകള്‍ ആറുവയസ്സുകാരിയുടെ കാര്യവും ബസ്‌ കത്തിക്കല്‍ പ്രശ്‌നവുമാണ്‌ ചോദിച്ചത്‌. മറ്റൊരു ഭാഗത്ത്‌ മാറ്റി നിര്‍ത്തിയാണ്‌ ചോദ്യം ചെയ്‌തത്‌.

No comments: