എനിക്കെതിരേ തെളിവുകളില്ല: മഅ്‌ദനി
കൊച്ചി: തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തിട്ടും പ്രത്യക്ഷമായും പരോക്ഷമായും തനിക്കെതിരേ തെളിവുകളൊന്നുമില്ലെന്നു പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി. ചോദ്യം ചെയ്യലിനുശേഷം വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാശ്‌മീരില്‍ വെടിയേറ്റു മരിച്ച തീവ്രവാദികളുമായി ബന്ധപ്പെടുത്താനുളള ഒരു കാര്യവും ചോദ്യം ചെയ്യലില്‍ ഉണ്ടായില്ല. പി.ഡി.പിയില്‍ നിന്നും ആദ്യകാലത്ത് തെറ്റിപ്പിരിയുകയും പിന്നീട് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തവരുമായി തനിക്കൊരു ബന്ധവുമില്ലെന്നു ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്‌ഥരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.സര്‍ഫറാസ് നവാസ് തനിക്കെതിരേ മൊഴി നല്‍കിയെന്നു മാധ്യമങ്ങള്‍ മുഖേനയാണ് അറിഞ്ഞതെന്നും ഇയാളുടെ പേരുതന്നെ ആദ്യമായി കേള്‍ക്കുകയാണെന്നും മഅ്‌ദനി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്‌ഥര്‍ വളരെ മാന്യമായാണ് പെരുമാറിയത്. ഭക്ഷണം കഴിക്കുന്നതിനും നിസ്‌കരിക്കാനും അനുവദിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഡി.ഐ.ജി. വിനോദ് കുമാര്‍ സത്യസന്ധനും സ്വാധീനത്തിനു വഴങ്ങാത്ത വ്യക്‌തിയുമാണ്. അന്വേഷണ ഉദ്യോഗസ്‌ഥരില്‍ പൂര്‍ണ വിശ്വാസമുണ്ട്. വിശദമായ അന്വേഷണം താന്‍ പല വേദികളിലും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മഅ്‌ദനി പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ അവസരമൊരുക്കുമെന്നതിനാല്‍ ചോദ്യം ചെയ്യല്‍ തനിക്ക് അനുഗ്രഹമാണ്. 1994 ല്‍ മലപ്പുറത്തു പാര്‍ട്ടി സമ്മേളനം കഴിഞ്ഞു ഹോട്ടലില്‍ വിശ്രമിക്കുമ്പോഴാണ് സൈനുദ്ദീന്‍ തന്നെ വന്നു കാണുന്നത്. പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ് പിരിഞ്ഞതല്ലാതെ തനിക്ക് ഇയാളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നു മൊഴി നല്‍കിയതായി മഅ്‌ദനി പറഞ്ഞു. രണ്ടു മണിക്കൂറോളം സമയം സൂഫിയയെ അന്വേഷണസംഘം ഒറ്റയ്‌ക്കു ചോദ്യം ചെയ്‌തു. വീട്ടുവേലയ്‌ക്കു നിന്ന സ്‌ത്രീയുടെ സഹോദരീ പുത്രിയെ പഠിപ്പിച്ചതിനേ സംബന്ധിച്ച കാര്യങ്ങള്‍ സൂഫിയയോട് ചോദിച്ചതായി മഅ്‌ദനി പറഞ്ഞു.ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവര്‍, യൂസഫിന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ വിശദമായി മഅ്‌ദനിയില്‍ നിന്നും ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യല്‍ പൊതുവേ തൃപ്‌തികരമായിരുന്നെങ്കിലും 12 വര്‍ഷം മുന്‍പ് പി.ഡി.പിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഭക്ഷണം കഴിച്ച വീട് കണ്ണൂരില്‍ എവിടെയാണെന്നതു പോലെയുളള ചോദ്യങ്ങള്‍ തനിക്ക് അസ്വസ്‌ഥതയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
No comments:
Post a Comment