മഅദനി രാഷ്‌ട്രീയം ആര്‍ക്കു വേണ്ടി ?'അല്ലിയാമ്പല്‍ കടവിലന്നരക്കു വെളളം അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വളളം'' അല്ലിയാമ്പല്‍ കടവിലെ വെളളത്തിന് ഇപ്പോഴും മാററമൊന്നുമില്ല. പക്ഷെ ഒന്നായി തുഴഞ്ഞവര്‍ പലരും കാലുവാരി. അതിരുകളില്ലാത്ത നീതി നിഷേധത്തിന്റെ വേദനയും പേറി ഒന്‍പത് വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ മഅദനി അന്ന് തന്നെ കേരള രാഷ്‌ട്രീയത്തിലെ പ്രമുഖരെ സാക്ഷി നിര്‍ത്തി വിളിച്ചു പറഞ്ഞു, എന്റെ ശിഷ്‌ട കാലം അധസ്ഥിത സമൂഹത്തിനു വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കും. അത് മറ്റൊരധ്യായത്തിന്റെ തുടക്കമാണെന്നറിഞ്ഞ പലരും അന്നേ കരുതി വച്ചിരുന്നു ചതിക്കുഴി. അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ പോലും കരുതിയിരിക്കില്ല. ആയിരം പ്രാവശ്യം പട്ടിയെന്ന് വിളിച്ചാല്‍ ഏത് മുട്ടനാടിനെയും പട്ടിയാക്കാമെന്ന പരിണാമ സിദ്ധാന്തം കണ്ണടച്ച് വിശ്വസിക്കാന്‍ മാത്രം വിഡ്‌ഢികളാവാന്‍ വഴിയില്ല കേരളീയ സമൂഹം. പക്ഷെ മാധ്യമ സിന്‍ഡിക്കേററിന്റെ പിന്തുണ കിട്ടിയാല്‍ ഏതു കൊമ്പനാനയെയും കുട്ടിക്കുരങ്ങാക്കാന്‍ നിമിഷ നേരം മാത്രം മതി. മഅദനിക്കെതിരെ ഇന്നലെ വരെയില്ലാത്ത ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത് പൊന്നാനി മണ്ഡലത്തിലെ രണ്ടത്താണിയുടെ സ്ഥാനാര്‍ഥിത്വം മുതല്‍ക്കാണ്. മാര്‍ക്‌സിസം മദനിസമാണെന്ന് രമേശ് ചെന്നിത്തല, ചെന്നിത്തലക്ക് ഭ്രാന്തിസമാണെന്ന് പൂന്തുറ സിറാജ്. പിന്നീടങ്ങോട്ട് ഷാജി കൈലാസിന്റെ കഥാപാത്രങ്ങളെ പോലും കടത്തിവെട്ടുന്ന തകര്‍പ്പന്‍ ഡയലോഗ് നാടകങ്ങളാണ് അരങ്ങേറിയത്. പോലീസിന്റെ പണി മാധ്യമങ്ങള്‍ ഏറെറടുത്തപ്പോള്‍ മഅദനിയുടെ വീട്ടിലെ വേലക്കാരി മുതല്‍ വളര്‍ത്തുനായ വരെ ചര്‍ച്ചാവിഷയമായി. ഇവിടെ താന്‍ വീണ്ടും ബലിയാടാവുകയാണെന്ന സത്യം പാവം മഅദനി സാഹിബ് തിരിച്ചറിയാതെ പോവുന്നു എന്നതാണ് വസ്‌തുത. അതിശക്തമായ മാനുഷിക ചിന്തകള്‍ വികാരത്തിന് അടിപ്പെട്ടു പോകുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ അദേഹം. എന്തായാലും മറേറത് പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളെയും അസൂയപ്പെടുത്തുന്ന രീതിയില്‍ അദേഹത്തിന്റെ പ്രസ്ഥാനം കേരള രാഷ്‌ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് അതിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.ഒരു കാര്യം ഉറപ്പിച്ച് പറയാം. മാധ്യമക്കോടതിയില്‍ സ്വയം അഭിഭാഷക വേഷം കെട്ടിയ മഅദനിയുടെ ചങ്കൂററം പിണറായി വിജയന്റെ പാര്‍ട്ടിക്ക് ഒരു വോട്ടെങ്കിലും കൂടുതല്‍ നേടിക്കൊടുക്കുമെന്നത്. മഅദനി രാഷ്‌ട്രീയ കമ്പോളത്തിലെ യഥാര്‍ഥ ഉപഭോക്താക്കള്‍ ആരായിരിക്കും ? ഈ വിവാദ നാടകം എന്തിനു വേണ്ടി? അല്ലെങ്കില്‍ ഉത്തരമില്ലാത്ത കടംകഥയിലെ മറെറാരു രക്തസാക്ഷിയാകുമോ ഈ ദലിത് നേതാവ് ? മഅദനി ചരിതം ആട്ടക്കഥ ചവിട്ടിത്തീര്‍ത്ത് ഉഗ്രരൂപം പ്രാപിക്കുന്നതിന് മുമ്പ് തന്നെ സവര്‍ണ രാഷ്‌ട്രീയക്കാരന്റെ ഉദ്ദേശശുദ്ധി പ്രബുദ്ധ കേരളം ചോദ്യം ചെയ്യേണ്ടതുണ്ട്. ദലിത് രാഷ്‌ട്രീയത്തിന്റെ മുന്‍ നിരയിലേക്ക് സവര്‍ണ ചാട്ടവാറിന്റെ കറുത്ത പാടുകളുമായി കരുനാഗപ്പളളിക്കാരന്‍ പളളി മുസലിയാര്‍ നടന്നു വന്നപ്പോള്‍ സംഘപരിവാര ശക്തികളെക്കാളും വിറളിപിടിച്ചത് മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ രാഷ്‌ട്രീയത്തിലെ കളളനാണയങ്ങളാണ്. മഅദനി ധ്വംസനത്തിന് ഇവര്‍ കണ്ടെത്തിയതാവട്ടെ അദേഹത്തിന്റെ സ്വന്തം സമുദായത്തില്‍ പെട്ട അംഗങ്ങളെ തന്നെ. ഒരു നിയോഗം പോലെ അവരത് ഭംഗിയായി ചെയ്‌ത് കൊണ്ടിരിക്കുന്നു. ഇതിലൂടെ സമുദായ ധ്രുവീകരണമെന്ന അപകടകരമായ മറെറാന്നു കൂടി അവര്‍ ലക്ഷ്യം വയ്‌ക്കുന്നു എന്ന് തിരിച്ചറിഞ്ഞേ മതിയാവൂ. കൊല്ലംകാരി ഷാഹിദ മുഖമക്കന ധരിച്ചതോ ധരിക്കാത്തതോ അല്ല ഇവിടെ മഅദനിയുടെ സമുദായത്തിന്റെ പ്രശ്‌നം. ഇസ്രയേലി പാദസേവകരായ ശശി തരൂരുമാരെ സൃഷ്‌ടിക്കുന്ന രാഷ്‌ട്രീയ വ്യവസായത്തോട് ദലിത്-മുസ് ലിം വിഭാഗങ്ങള്‍ക്ക് വെറുപ്പാണെന്ന തിരിച്ചറിവ് സമുദായ സംഘടനകള്‍ക്കും മതേനേതാക്കള്‍ക്കും ഇല്ലാതിരിക്കില്ല. ഈ പരമമായ സത്യം തന്നെയാണ് മറെറാരര്‍ഥത്തില്‍ മഅദനി വിവാദത്തിലൂടെ കുഴിച്ചു മൂടുന്നതും. പക്ഷെ ഏത് കടലിന്നടിയില്‍ കുഴിച്ചുമൂടിയാലും പ്രവാചക നിന്ദയിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തസ്‌ലിമ നസ്രീന് അത്താഴ വിരുന്നൊരുക്കിയ തോമസ് മാഷിനെ മുസ് ലിം ന്യൂനപക്ഷം അത്ര പെട്ടെന്ന് മറക്കാനിടയില്ല. വരുണ്‍ ഗാന്ധിയുടെ പ്രസംഗ വിവാദം തടിച്ച് കൊഴുക്കുമ്പോള്‍ അണിയറയില്‍ ഇസ്രയേല്‍ ആയുധക്കച്ചവടം നടത്തിയവര്‍ക്കറിയാതെ പോയത് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് നന്നായിട്ടറിയാം.മഅദനി വിവാദത്തിലൂടെ ലക്ഷ്യമിടുന്ന സാമുദായിക ധ്രുവീകരണം ഒരു പരിധിവരെയെങ്കിലും ലക്ഷ്യം കണ്ടു എന്നതിന്റെ ഏററവും വലിയ തെളിവാണ് മുസ് ലിം സമുദായ സംഘടനകളുടെ 'മൗനം വിദ്വാന് ഭൂഷണം'. ആണവക്കരാര്‍ പ്രശ്‌നത്തില്‍ മൂത്രശങ്ക പ്രകടിപ്പിച്ച സവര്‍ണ മുസ് ലിം രാഷ്‌ട്രീയ മനസുകളോട് 'വന്‍മരങ്ങള്‍ കടപുഴകിവീണ മണ്ണില്‍ ബാക്കിയുളള പാഴ് മരങ്ങളെ പൊട്ടിച്ചെറിയും' എന്ന് ഭീഷണി മുഴക്കിയ ജമാഅത്തീ യുവത്വം സോളിഡാരിററിക്ക് ഹുസൈന്‍ രണ്ടത്താണി എന്ന എ.പിക്കാരനെ കാണുമ്പോള്‍ തൊട്ടുകൂടായ്‌മ തോന്നിയാല്‍ അത് സാമുദായത്തെയും സമൂഹത്തെയും ഏത് രീതിയില്‍ ബാധിക്കുമെന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ. കലുഷമായ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ മധ്യകേരളത്തിലെ ക്രൈസ്‌തവ മഹാസഭകള്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പരസ്യമായി പാതിരാ പ്രാര്‍ഥനകള്‍ പോലും നടത്തുമ്പോള്‍ വാരിയംകുന്നത്തിനും സഹോദരന്‍ അയ്യപ്പനും ജന്മം നല്‌കിയ സമുദായങ്ങള്‍ ഗാലറിയില്‍ കാണികളായിരുന്നാല്‍ മഅദനിയെപ്പോലെ ഒരുപാട് ദലിത് നേതാക്കള്‍ സവര്‍ണ രാഷ്‌ട്രീയത്തിന്റെ ബലിയാടായി മാറുമെന്നതില്‍ സംശയം വേണ്ട.
സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്
12 years ago
No comments:
Post a Comment