12.9.11


മഅ്ദനിയുടെ ജയില്‍വാസം മനുഷ്യത്വത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു വ്രണമാണ് -ഭാസുരേന്ദ്രബാബു

ഒരിക്കല്‍ കൂടി അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹം മറ്റൊരു സംസ്ഥാനത്ത് ഇരുണ്ട കാരാഗൃഹത്തില്‍ അടക്കപ്പെടുകയും ഒരിക്കല്‍ കൂടി മലയാളി കബളിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മഅ്ദനിക്ക് ഒരു വിചാരണ തടവുകാരന്‍ എന്ന നിലക്ക,് ആരോപിക്കപ്പെട്ട കുറ്റവാളി എന്ന നിലക്ക് അദ്ദേഹത്തിന് ലഭിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍, സംഘടനാപരമായ മര്യാദകള്‍, എക്‌സികുട്ടീവില്‍ നിന്ന് ലഭിക്കേണ്ട മര്യാദകള്‍ എന്നിവക്കു വേണ്ടി വാദിക്കാനും ശബ്ദം ഉയര്‍ത്തുവാനുമാണ് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രൂപപ്പെടുത്തിയത്.
വര്‍ഷങ്ങളായി മഅ്ദനിയെന്ന മനുഷ്യനെ ഇന്ത്യന്‍ ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്നു. മഅ്ദനിയെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തേയും ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ഒരു മത പണ്ഡിതനാണ്. പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅ്ദനിക്ക് കൊച്ചി എന്ന ഇട്ടാവട്ട പ്രദേശത്തിനപ്പുറത്തേക്ക് പോകാന്‍ ആവില്ല. കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബസ് കത്തിക്കല്‍ സംഭവത്തെ എടുത്ത് അത് ഒരു വലിയ വിധ്വംസക പ്രവര്‍ത്തനമായി അവതരിപ്പിച്ച് ആ കേസില്‍ സൂഫിയാ മഅ്ദനിയെ ഉള്‍പ്പെടുത്തി. വളരെ നാളുകള്‍ക്ക് ശേഷം ജാമ്യം ലഭിച്ച അവര്‍ ഇപ്പോള്‍ കൊച്ചി എന്ന നഗരത്തിനപ്പുറത്തേക്ക് പോകാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു കാരാഗൃഹത്തിനകത്താണ്. അവരുടെ രണ്ട് മക്കള്‍ക്ക് മര്യാദക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഒരു മതപണ്ഡിതനായ അബ്ദുന്നാസര്‍ മഅ്ദനിയും അനാധശാലയുള്‍പ്പെടുന്ന അദ്ദേഹത്തിന്റെ സ്ഥാപനവും അദ്ദേഹത്തിന്റെ കുടുംബവും ഇത്തരത്തില്‍ ഒരു വേട്ടക്ക് ഇരയാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ട് 14 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിലടച്ചിരുന്നെങ്കില്‍ ഒരു ജീവപര്യന്തം തടവുശിക്ഷക്ക് ശേഷം മഅ്ദനി പുറത്തുവരുമായിരുന്നു. പക്ഷേ, ഇപ്പോഴും അദ്ദേഹം തടവറയില്‍ തന്നെയാണ്. മുന്‍പ് കോയമ്പത്തൂര്‍ കേസുമായി ബന്ധിപ്പിച്ച് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ പലര്‍ക്കും മഅ്ദനി അപരിചിതനായിരുന്നു. തീക്ഷ്ണമായ, തീവ്രമായ വാക്കുകളിലൂടെ മര്‍ദിതനായ മുസല്‍മാന്റെ വികാരങ്ങളും ഭാവഹാവാദികളും ശബ്ദത്തിലൂടെ ആവിഷ്‌കരിച്ച് പൊരുതുന്ന ഒരു മുസ്‌ലിം സ്വത്വത്തെ അദ്ദേഹം കേരളത്തില്‍ അവതരിപ്പിച്ചു. അതുകൊണ്ട് ഇതര മതസംഘടനകള്‍ അദ്ദേഹത്തെ ഒരു അകല്‍ച്ചയോടെയാണ് കണ്ടിരുന്നത് എന്നത് സ്വാഭാവികം.
ബാബരി പള്ളിയുടെ മിനാരങ്ങള്‍ കാവിപ്പട തകര്‍ത്തപ്പോള്‍ മുസ്‌ലിമിന്റെ മാത്രം  അസ്തി ത്വമായിരുന്നില്ല, മറിച്ച് മഹത്തായ ഒരു രാജ്യത്തിന്റെ ലോകസമക്ഷം പ്രഖ്യാപിക്കപ്പെട്ട ജനാധിപത്യവും മതേതരത്വവും അതിന്റെ അടിസ്ഥാനത്തില്‍ തന്നെയുള്ള ന്യൂനപക്ഷ സംരക്ഷണ ബോധവുമായിരുന്നു. അത് പുതുക്കി പണിയാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് മഅ്ദനിയെപോലുള്ള പണ്ഡിതന്മാര്‍ മുസ്‌ലിം സ്വത്വത്തിനു വേണ്ടി, മര്‍ദിത ജനത്തിനുവേണ്ടി, ഇന്ത്യന്‍ ജനാധിപത്യത്തിനു വേണ്ടി, ഇന്ത്യന്‍ മതേതരത്വത്തിനു വേണ്ടി, ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടി പൊരുതാനായി തെരുവിലിറങ്ങിയത്. മഅ്ദനി ഒരു പ്രദേശത്തിരുന്ന് സംസാരിക്കുക മാത്രമായിരുന്നു ചെയ്തത്. ആ സംസാരഭാഷയില്‍ പില്‍ക്കാലത്ത് മഅ്ദനി പറഞ്ഞിട്ടുള്ളതു പോലെ അഗ്നിയുടെ വര്‍ഷങ്ങള്‍ ഉണ്ടായിരിക്കാം. അത് മര്‍ദിതമായ, വൃണിതമായ, ഹൃദയത്തിന്റെ വികാരപ്രകടനമായിരുന്നു എന്നത് അന്ന് തന്നെ ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു.
മഅ്ദനി കേരളത്തില്‍ തന്റെ പ്രഭാഷണം കൊണ്ട്, ഭാഷ കൊണ്ട് കലാപാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു എന്ന പേരില്‍ ആറ് കേസുകള്‍ ഉണ്ടായിരുന്നു. ഈ ആറ് കേസിലും മഅ്ദനിയെ യു.ഡി.എഫ് സര്‍ക്കാരോ എല്‍.ഡി.എഫ് സര്‍ക്കാറോ അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്. അതിനുള്ള പ്രധാന കാരണം അദ്ദേഹം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നതാണ്. എന്നു മാത്രമല്ല, പ്രഭാഷണത്തിലായാലും സ്വകാര്യജീവിതത്തിലായാലും എല്ലാവരും അറിയുന്ന ഒരു തുറസ്സില്‍, അന്‍വാറുശ്ശേരിയുടെ തുറസ്സില്‍, പ്രഭാഷണ വേദികളുടെ തുറസ്സില്‍ ആണ് മഅ്ദനി ജീവിച്ചിരുന്നത്. അതു കൊണ്ട് ഒരു വിധ്വംസകപ്രവര്‍ത്തകനായോ ഭീകരവാദിയായോ ഒന്നും മഅ്ദനിയെ ഒരിക്കലും കേരളമോ കേരള പോലീസോ കണ്ടിരുന്നില്ല. അങ്ങനെ ആരോപിച്ചിട്ടുപോലുമില്ല. ആ കേസുകളൊക്കെ പില്‍ക്കാലത്ത് പിന്‍വലിക്കപ്പെടുകയും ചെയ്തു. ഇവ്വിധം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ള ഒരു മതപണ്ഡിതനെ, മത പ്രഭാഷകനെ, പി.ഡി.പി എന്ന ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവിനെ ആദ്യം കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ പ്രതിചേര്‍ത്ത് ജയിലിലടച്ചു. പിന്നീട് ഒമ്പതര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തെ പുറംലോകം കാണുന്നത്. ഈ കാലയളവില്‍ അദ്ദേഹത്തിന് ജാമ്യം പോകട്ടെ പരോള്‍ പോലും കൃത്യമായി നല്‍കിയില്ല. എന്നു മാത്രമല്ല അടിയന്തരമായ ശുശ്രൂഷ സംവിധാനങ്ങള്‍ തന്നെ എത്രയോ നാളുകള്‍ക്ക് ശേഷമാണ് മഅ്ദനിക്കു ലഭിച്ചത് എന്നതും നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ നിശ്ശബ്ദത ആ മനുഷ്യനോട് അനീതിയാണ് കാണിച്ചത്. എപ്പോഴും അനീതിക്ക് വിധേയനാകുന്ന മനുഷ്യനായിരുന്നു മഅ്ദനി.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച ജനാതിപത്യ അവകാശങ്ങളില്‍ വിചാരണതടവുകാരനും ചില അവകാശങ്ങളുണ്ട്. തടവ് സമയത്ത് വായനാ സാമഗ്രികള്‍ ലഭ്യമാക്കുക, പുറം ലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടാക്കുക, കേസ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുക, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവ. അതേപോലെ തന്നെ ഒരു വിചാരണ തടവുകാരന്റെ അടിസ്ഥാന അവകാശമാണ് ജാമ്യം ലഭിക്കുക എന്നത്. ഈ അവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം തടവറയില്‍ നിന്ന് പുറത്തുവരുന്നത്.
ജയില്‍ മോചിതനായ മഅ്ദനിക്ക് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു വെച്ച് നിസ്തുലമായ ഒരു സ്വീകരണം നല്‍കുകയുണ്ടായി. ആ സ്വീകരണ യോഗത്തില്‍ രണ്ടു കാര്യങ്ങള്‍ മഅ്ദനി പ്രഖ്യാപിക്കുകയുണ്ടായി. ഒന്ന്, തന്റെ ശത്രുക്കള്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളുകളോട് താന്‍ ഹൃദയ വിശാലതയോടെ അവര്‍ ചെയ്ത തെറ്റുകള്‍ പൂര്‍ണമായും പൊറുക്കുന്നു; അവരോട് ഒരു വൈരാഗ്യബുദ്ധിയും എനിക്കില്ല. മറ്റൊന്ന് ഇന്ത്യയിലെ മുസ്‌ലിം-ഇസ്‌ലാം അവരുടെ സ്വാതന്ത്ര്യം, അവരുടെ സംസ്‌കാരം, അവരുടെ ജനാധിപത്യാവകാശം എന്നിവ നേടി എടുക്കേണ്ടത് സമാധാനപരമായ, ഭരണഘടനാപരമായ മാര്‍ഗത്തിലൂടെയായിരിക്കണം എന്ന എന്റെ ഉറപ്പ്, എന്റെ അനുഭവം, എന്റെ ധാരണ ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തി ആണയിട്ട് ഇവിടെ ഉറപ്പിക്കുന്നു എന്നാണ്. അവിടെ അദ്ദേഹത്തിന്റെ ഉദാരത സുതാര്യമായ ആ മധുരിമ അനുഭവിച്ച ആര്‍ക്കും മനസ്സിലാകും ഈ മനുഷ്യന് ഹൃദയം കൊണ്ടോ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ ചിന്തകൊണ്ടോ വികാരം കൊണ്ടോ വിധ്വംസകമായ ഒരു കാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്നത്.
ഒരു തരത്തിലുമുള്ള ശത്രുനിഗ്രഹ താല്‍പര്യവുമില്ലാത്ത മത പണ്ഡിതനായ ഈ മനുഷ്യന്‍ എല്ലാവരെയും സ്‌നേഹിക്കുകയും ഇന്ത്യയില്‍ മുസല്‍മാന് ജനാധിപത്യ അവസരങ്ങള്‍ തുറന്നു കിട്ടണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു മതവിശ്വാസിയാണ് എന്ന നിലക്ക് മഅ്ദനിയെ തിരിച്ചറിഞ്ഞു എല്ലാവരും. മഅ്ദനി അത് പ്രഖ്യാപിക്കുമ്പോള്‍ കുറഞ്ഞത് കേരളത്തിലെ നാല് മന്ത്രിമാരെങ്കിലും സന്നിഹിതരായിരുന്നു ആ വേദിയില്‍. അതോടെ മഅ്ദനി വലിയ ഒരു ഭൂതകാലത്തെ പരിത്യജിക്കുകയും ആധുനികമായ സംഘടനാപ്രൗഢിയോടെ ഒരു വ്യവഹാര വ്യവസ്ഥയിലേക്ക് പ്രവേശിക്കുകയും ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി തീരുകയും ചെയ്തു എന്നതും നമുക്കറിയാം. അത് മഅ്ദനിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടമായിരുന്നു. അതിനു ശേഷമാണ് ഒത്തിരി ഏറ്റിറക്കങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി ബാംഗ്ലൂരിലെ കേസില്‍ മഅ്ദനി പ്രതി ചേര്‍ക്കപ്പെടുകയും നമ്മുടെ എല്ലാവരുടെയും പ്രതിരോധത്തെ വകവെക്കാതെ നമ്മുടെ ഇടയില്‍ നിന്ന് അദ്ദേഹത്തെ പോലീസിന്റെ ശക്തികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
മൂന്നു തവണയാണ് ബാംഗ്ലൂര്‍ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റ് കര്‍ണാടക പോലീസ് നല്‍കുന്നത്. ആദ്യത്തെ രണ്ട് ചാര്‍ജ് ഷീറ്റിലും മഅ്ദനി ഉണ്ടായിരുന്നതേ ഇല്ല. മൂന്നാമത്തെ ചാര്‍ജ് ഷീറ്റിലാണ് മഅ്ദനിയുടെ പേര് വരുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ മഅ്ദനിക്ക് ബന്ധം ഉണ്ട് എന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നതിന് ആധാരം തടിയന്റെവിട നസീര്‍ എന്ന് ഇപ്പോള്‍ ഭീകരവാദിയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ആള്‍ മഅ്ദനിക്കു ഫോണ്‍ ചെയ്തു എന്നതാണ്. കേരളത്തില്‍ ഗണ്യമായ സ്വാധീനമുള്ള പി.ഡി.പി എന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായ ഒരാള്‍ക്ക് ഏതൊക്കെ തരത്തിലുള്ള, ഏതൊക്കെ വിധത്തിലുള്ള ആളുകള്‍ ഫോണ്‍ ചെയ്തു കൂടാ. അതുകൊണ്ട് ഫോണ്‍ ചെയ്തു, ഫോണ്‍ ചെയ്യാന്‍ പാകത്തില്‍ നിന്നു എന്നത് ഒരു കുറ്റമായി വ്യാഖ്യാനിക്കപ്പെടുകയില്ല കോടതിയില്‍. അത്തരമൊരു സാഹചര്യത്തില്‍ കോംപ്ലിമെന്ററി എവിഡന്‍സ് വേണം. ഈ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയാണ് മഅ്ദനിയെ കേസില്‍ കുരുക്കുന്നത്. മഅ്ദനിയുടെ സഹോദരന്‍ പോലും ഈ ഗൂഢാലോചനയില്‍ മഅ്ദനി പങ്കെടുത്തു എന്ന് മൊഴിനല്‍കിയിരിക്കുന്നു എന്നാണ് കര്‍ണാടക പോലീസ് പറഞ്ഞത്. പിന്നീട് അവര്‍ അത് കോടതിയില്‍ തിരുത്തുകയും ചെയ്തു. അതുകൊണ്ടും ഈ കേസിന് നിലനില്‍പ്പില്ല എന്ന് കണ്ടപ്പോള്‍ കുടകില്‍ മഅ്ദനി പോയി എന്ന് പറഞ്ഞു പോലീസ്. സാധാരണ ഗതിയില്‍ ആറ് പോലീസുകാരുടെ പ്രൊട്ടക്ഷനില്‍ കഴിയുന്ന ആളാണ് മഅ്ദനി. ഈ പോലീസുകാരറിയാതെ മഅ്ദനിയുടെ യാത്ര ക്രമീകരിക്കാന്‍ കഴിയില്ല. ആ പോലീസുകാരെ ചോദ്യം ചെയ്തതില്‍നിന്നും കര്‍ണാടക പോലീസിന് ഒരു തെളിവും കിട്ടിയില്ല. അങ്ങനെ വന്നപ്പോള്‍ കുടകിലെ മൂന്ന് ആളുകള്‍ മഅ്ദനി കുടകിലെ യോഗത്തില്‍ പങ്കെടുത്തത് കണ്ടു എന്ന് ചാര്‍ജ് ഷീറ്റില്‍ സാക്ഷി മൊഴി നല്‍കിയതായി പറഞ്ഞു.   ഈ മൂന്ന് ആളുകളെ തേടിയാണ് തെഹല്‍ക പത്രത്തിന്റെ റിപ്പോര്‍ട്ടറായ, മുസ്‌ലിം യുവതിയായ ഷാഹിന എന്ന പത്രപ്രവര്‍ത്തക കുടകില്‍ പോകുന്നത്. മൂന്ന് ആളുകളേയും ഷാഹിന കണ്ടു. ഇതില്‍ ഒരാള്‍ ബി.ജെ.പി യുടെ പ്രാദേശിക നേതാവാണ്. അദ്ദേഹം അടക്കം പറഞ്ഞു ഞങ്ങള്‍ ആരും മഅ്ദനിയെ കണ്ടിട്ടില്ല എന്നും അങ്ങനെ ഒരു സാക്ഷി മൊഴിയും തെളിവും സ്റ്റേറ്റ്‌മെന്റും  ഞങ്ങള്‍ കൊടുത്തിട്ടില്ല എന്നും. ഷാഹിന ഇത് വീഡിയോവില്‍ പകര്‍ത്തി. മഅ്ദനിയോട് ശത്രുത പുലര്‍ത്തുന്ന മൂന്നാളുകളാണ് പറഞ്ഞത് മഅ്ദനി കുടകില്‍ വന്നത് ഞങ്ങള്‍ കണ്ടിട്ടില്ല എന്നത്. ഇത് വാര്‍ത്തയാവുകയും ടെലിവിഷന്‍ ദൃശ്യങ്ങളിലൂടെ ലോകം അറിയുകയും ചെയ്തപ്പോള്‍ ഷാഹിനക്കെതിരെ കേസെടുക്കുകയാണ് കര്‍ണാടക പോലീസ് ചെയ്തത്. സത്യത്തില്‍ പ്രശംസിക്കേണ്ട ഒരു ജോലിയാണ് ഷാഹിന ചെയ്തത്.
ഷാഹിനക്കെതിരെ കേസെടുത്ത യുക്തി ലളിതമാണ്. ഷാഹിന ഒരു മുസ്‌ലിം സ്ത്രീയാണ് എന്നതാണ്. മുസ്‌ലിം ആയാല്‍ കേസെടുക്കും. ഇത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് തന്നെയാണ് ഇത് ജനാധിപത്യത്തിനെതിരാണ് എന്ന് ഞങ്ങള്‍ വാദിക്കുന്നത്. ഞാന്‍ മുസ്‌ലിം അല്ല, അതുകൊണ്ട് ഞാന്‍ ജനാധിപത്യ വാദിയല്ലാതാകുന്നുമില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരു പൊതുയോഗത്തില്‍ ഷാഹിന മുസ്‌ലിം ആയതുകൊണ്ടാണ് കെസെടുത്തത് എന്ന് പറയുകയുണ്ടായി. അത് പറയാനുള്ള എല്ലുറപ്പ് പിണറായി വിജയനുണ്ടായി. എന്നാല്‍ ആ എല്ലുറപ്പ് എന്തുകൊണ്ട് ഒരു മുസ്‌ലിമായിട്ടുകൂടി കുഞ്ഞാലിക്കുട്ടിക്കുണ്ടായില്ല. ഷാഹിനയുടെ വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ എക്‌സികുട്ടീവ് യോഗം ചേര്‍ന്ന് ഇതില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത് മാധ്യമവും ദേശാഭിമാനിയും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാതൃഭൂമിയും മനോരമയും റിപ്പോര്‍ട്ട് ചെയ്തില്ല. ഞങ്ങള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്തില്ല. ഒരു പത്രപ്രവര്‍ത്തകയായ ഷാഹിനക്ക് വേണ്ടി കേരളത്തിലെ പത്രങ്ങള്‍ വാദിച്ചില്ല. പിന്നീട് വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോയാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഅ്ദനിയുമായി പിണറായി വിജയന്‍ പൊന്നാനിയില്‍ വേദി പങ്കിട്ടപ്പോള്‍ വലിയ വാര്‍ത്തയായിരുന്നു. അത് മതേതരത്വത്തെ തകര്‍ക്കുമെന്ന് ഒച്ചവെച്ചു. കെ.കെ ഷാഹിനയുമായി വേദിപങ്കിട്ടപ്പോള്‍ ആരും കുരച്ചു ചാടിയില്ല. യഥാര്‍ത്ഥ ശക്തികള്‍ കൈകോര്‍ത്താല്‍ യഥാര്‍ത്ഥ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കും. ഒരു കാര്യം വ്യക്തമാണ്. കര്‍ണാടകയിലെ ഫാഷിസ്റ്റ് ഗവണ്‍മെന്റ് സ്വയം നിലനില്‍പ്പിനുവേണ്ടി അവസാന സമരം നടത്തുകയാണ്.
മഅ്ദനിയുടെ ജയില്‍വാസം മനുഷ്യത്വത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു വ്രണമാണ്. അതിന്റെ അടിസ്ഥാന പ്രക്ഷോഭം നടക്കേണ്ടത് മുസ്‌ലിം മനസ്സാക്ഷികളില്‍ നിന്നാണ്. കേരളത്തിലെ മുസ്‌ലിം സമുദായം ഒന്നിച്ച് നിന്ന് ശബ്ദിച്ചാല്‍ അതിനപ്പുറത്തേക്ക് കടക്കാന്‍ ഒരു രാഷ്ട്രീയ അഭിപ്രായത്തിനും കഴിയുകയില്ല. മഅ്ദനിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാന്‍ ജനാധിപത്യ വിശ്വാസികളും പൗരാവകാശപ്രവര്‍ത്തകരും ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അബ്ദുന്നാസര്‍ മഅ്ദനി വൈകാതെ ജയില്‍ മോചിതനാകും എന്ന പ്രതീക്ഷ ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നു.
സോളിഡാരിറ്റി കൊല്ലത്തു സംഘടിപ്പിച്ച മഅദനി മോചന സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)  


കടപ്പാട് http://www.maudany.in

No comments: