21.10.10

പി.ഡി.പി ഇല്ലാത്തയിടങ്ങളില്‍ വോട്ട് നല്ല സ്ഥാനാര്‍ഥിക്ക് -പൂന്തുറ സിറാജ്

പി.ഡി.പി ഇല്ലാത്തയിടങ്ങളില്‍ വോട്ട് നല്ല സ്ഥാനാര്‍ഥിക്ക് -പൂന്തുറ സിറാജ്
പി.ഡി.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ജയിലില്‍ നിന്നും മഅ്ദനിയുടെ അഭ്യര്‍ഥന


കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പി.ഡി.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന്  ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അഭ്യര്‍ഥന. പി.ഡി..പി സ്ഥാനാര്‍ഥികളില്ലാത്തയിടങ്ങളില്‍ ഏതെങ്കിലും പ്രത്യേക മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യേണ്ടെന്ന നിലപാടാണ് പി.ഡിപിക്കുള്ളതെന്ന്  മഅ്ദനിയുടെ അഭ്യര്‍ഥനകുറിപ്പിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. വികസനതല്‍പരരും വ്യക്തിശുദ്ധിപുലര്‍ത്തുന്നവരും അഴിമതി രഹിതരുമായ വ്യക്തികള്‍ക്ക് പി.ഡി.പി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്തയിടങ്ങളില്‍ വോട്ട് ചെയ്യണമെന്ന് മഅ്ദനി രണ്ട് പേജുള്ള അഭ്യര്‍ഥനാ കുറിപ്പില്‍ ആഹ്വാനം ചെയ്യുന്നു.
പി.ഡി.പി  രൂപവല്‍ക്കരിക്കപ്പെട്ടതുമുതല്‍ ഇന്നുവരെയുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനം സുതാര്യവും നിയമവിധേയവുമാണെന്ന് മഅ്ദനി അഭ്യര്‍ഥനയില്‍  പറയുന്നു. എന്നാല്‍ പാര്‍ട്ടി മുന്നോട്ടുവക്കുന്ന പീഡിത സമൂഹങ്ങളുടെ കൂട്ടായ്മ എന്ന ആശയത്തിന്റെ ശത്രുക്കള്‍ വിവിധരീതിയില്‍ പാര്‍ട്ടിയേയും ചെയര്‍മാനായ തന്നെയും തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഭരണകൂടഭീകരതക്കും പീഡനങ്ങള്‍ക്കും നിരന്തരം വിധേയമാക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടും ആശയത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണണം. മതേതര ജനാധിപത്യ മാര്‍ഗത്തില്‍കൂടിയാണ് കഴിഞ്ഞ 17 വര്‍ഷമായി പി.ഡി.പി പ്രവര്‍ത്തിക്കുന്നത്.
ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളേക്കാള്‍ പ്രാദേശിക പ്രശ്‌നങ്ങളും വികസനവുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുക. അതിനാല്‍ പി.ഡി.പി പ്രതിനിധികള്‍ മല്‍സരിക്കാത്തയിടങ്ങളില്‍ നല്ല സ്ഥാനാര്‍ഥിളെ നോക്കി പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും വോട്ട്‌ചെയ്യും. പാര്‍ട്ടിയോടും പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ആശയത്തോടും സ്ഥാനാര്‍ഥിക്കുള്ള സമീപനം കൂടി മാനദണ്ഡമാക്കപ്പെടും-മഅ്ദനി അഭ്യ്യര്‍ഥനാകുറിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്തൊട്ടാകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 762 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടെന്ന് പൂന്തുറ സിറാജ് അറിയിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത് മലപ്പുറം ജില്ലയിലാണ്. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായും പങ്കെടുത്തു

No comments: