19.8.10

മഅ്ദനിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

Thursday, August 19, 2010
ആലപ്പുഴ:  അബ്ദുന്നാസിര്‍ മഅ്ദനിയെ  അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച പ്രകടനങ്ങള്‍ നടന്നു. മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പി.ഡി.പി ജില്ലയില്‍ കരിദിനം ആചരിച്ചു. ആലപ്പുഴ നഗരത്തില്‍ കരിദിനം ഹര്‍ത്താലായി മാറി. 
നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകള്‍ ഓടിയില്ല. പെട്രോള്‍ പമ്പുകളും കച്ചവടസ്ഥാപനങ്ങളും അടച്ച് വ്യാപാരികള്‍ സഹകരിച്ചതായി പി.ഡി.പി ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. നഗരത്തില്‍ വട്ടപ്പള്ളിയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് മുസ്‌ലിം സംയുക്തവേദി കണ്‍വീനര്‍ എം. അയ്യൂബ്, നേതാക്കളായ സുനീര്‍ ഇസ്മായില്‍, അസ്‌ലം, അന്‍സാരി ആലപ്പുഴ, സലാം അമ്പലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. കൈചൂണ്ടി മുക്കില്‍ പ്രകടനം സമാപിച്ചു. തുടര്‍ന്ന്  നടന്ന സമ്മേളനം ഇമാം ഐക്യവേദി സംസ്ഥാന കമ്മിറ്റിയംഗം മാഹീന്‍ ബാദുഷാ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സമുദായത്തിന് എതിരായ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ് മഅ്ദനിക്കെതിരെയുള്ള നീക്കമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം ഇതിന് വേദിയൊരുക്കുകയാണ്. സമുദായത്തിന്റെ കാര്യങ്ങളോര്‍ത്ത് മുസ്‌ലിംലീഗ് വേവലാതിപ്പെടേണ്ടതില്ലെന്നും ബാദുഷാ മൗലവി പറഞ്ഞു.
കായംകുളം, ഹരിപ്പാട്, മണ്ണഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും കരിദിനാചരണത്തിന്റെ ഭാഗമായി പ്രകടനം നടന്നു. മുസ്‌ലിം സംയുക്തവേദി നേതാക്കള്‍ നേതൃത്വം നല്‍കി.
മണ്ണഞ്ചേരി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ മണ്ണഞ്ചേരിയില്‍ പ്രകടനം നടന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം പൊന്നാട് മുസ്‌ലിം ജുമാമസ്ജിദ് അങ്കണത്തില്‍നിന്ന് ആരംഭിച്ച പ്രകടനം അമ്പനാകുളങ്ങര വഴി മണ്ണഞ്ചേരിയില്‍ എത്തി. ഖുര്‍ആന്‍ തൊട്ട് കുറ്റക്കാരനല്ലെന്ന് സത്യം ചെയ്ത മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ്  ചെയ്ത കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികള്‍ പ്രതികരിക്കണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സംയുക്തവേദി  ചെയര്‍മാന്‍ സി.സി. നിസാര്‍, ജനറല്‍ കണ്‍വീനര്‍ കെ. മുജീബ്, താജുദ്ദീന്‍ സഖാഫി, മുസ്തഫ മുസ്‌ലിയാര്‍, മുഹമ്മദലി ഹുദവി, നസീര്‍ മരോട്ടിച്ചുവട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മണ്ണഞ്ചേരിയില്‍ നടന്ന സമ്മേളനം പി.എം.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.സി. നിസാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. അജ്മല്‍, സുബൈര്‍ പൊന്നാട്, ബി. അസ്‌ലം, കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. പി.ഡി.പി ആഹ്വാനം ചെയ്ത കരിദിനാചരണം മണ്ണഞ്ചേരിയിലും ഹര്‍ത്താലായി മാറി. കടകള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും ഓട്ടോ, ടാക്‌സി വാഹനങ്ങളും ഓടിയില്ല. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.
പൂച്ചാക്കല്‍: മഅ്ദനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി, പി.ഡി.പി പ്രവര്‍ത്തകര്‍ വടുതല ജങ്ഷനില്‍ പ്രകടനം നടത്തി. കോട്ടൂര്‍ പള്ളി ജങ്ഷനില്‍ ആരംഭിച്ച പ്രകടനം വടുതല ജങ്ഷനില്‍ സമാപിച്ചു. ഹക്കീം പാണാവള്ളി, ശിവന്‍ വളയനാട് എന്നിവര്‍ സംസാരിച്ചു. ഷുഐബ്, അഡ്വ. ഷബീര്‍ അഹമ്മദ്, നജീബ് പൂച്ചാക്കല്‍, റാഷിദ്, അന്‍സാരി, നള്‌റ് എന്നിവര്‍ സംസാരിച്ചു. 

ബംഗളൂരു സ്‌ഫോടനം: ആരോപണം മഅ്ദനി നിഷേധിച്ചു

Friday, August 20, 2010
ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടനം സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അന്വേഷണ സംഘത്തോട് പറഞ്ഞു. സ്‌ഫോടനവുമായി ഒരു ബന്ധവുമില്ല. ബംഗളൂരു സ്‌ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെ നേരത്തേ വ്യക്തിപരമായി അറിയാമായിരുന്നു. എന്നാല്‍, ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല- മഅ്ദനി അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി. മടിവാളക്ക് സമീപത്തെ സ്വകാര്യ കേന്ദ്രത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ മഅ്ദനി നിഷേധിച്ചത്. ഡി.സി.പി എച്ച്.എം ഓംകാരയ്യയുടെ നേതൃത്വത്തില്‍ അഞ്ചോളം പേര്‍ അടങ്ങിയ സംഘമാണ് ചോദ്യം ചെയ്യുന്നത്.  വ്യാഴാഴ്ച മണിക്കൂറുകളോളം മഅ്ദനിയെ ചോദ്യം ചെയ്തു. 

കേസില്‍ മഅ്ദനിയോട് ചോദിക്കാന്‍ അന്വേഷണ സംഘം തയാറാക്കിയത് 72 ചോദ്യങ്ങളാണെന്നാണ് വിവരം. ഡി.എസ്.പി  ഓംകാരയ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യങ്ങള്‍ തയാറാക്കിയത്. ഈ ചോദ്യങ്ങള്‍ അനുസരിച്ചാണ് ബുധനാഴ്ചയും വ്യാഴാഴ്ചയും മഅ്ദനിയെ ചോദ്യം ചെയ്തത് എന്നാണ്  അറിയുന്നത്.  

അതേസമയം, മഅ്ദനിയെ തെളിവെടുപ്പിനായി കുടകിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മഅ്ദനിയെ കുടകിലേക്ക് കൊണ്ടുപോകുന്നതിന് പകരം സാക്ഷികളായ റഫീക്കിനെയും പ്രഭാകറിനെയും ബംഗളൂരുവിലെത്തിക്കാനാണ് സാധ്യത. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇവരെ ബംഗളൂരുവിലെത്തിച്ചേക്കും. ഇതിനായി സി.സി.ബി പൊലീസ് കുടകിലേക്ക് തിരിച്ചതായും വിവരമുണ്ട്. ലക്കേരി എസ്‌റ്റേറ്റിലെ തടിയന്റവിട നസീറിന്റെ ക്യാമ്പില്‍ വെച്ച് തൊപ്പിയും താടിയുമുള്ള വികലാംഗനെ കണ്ടെന്നാണ് റഫീക്കും പ്രഭാകറും മൊഴി നല്‍കിയത്.  തെളിവെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായില്ല. അന്വേഷണ നടപടിയുടെ ഭാഗമായി പല പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും മൂന്നാം പ്രതി സര്‍ഫറാസ് നവാസിനെയും മഅ്ദനിയെ ചോദ്യം ചെയ്യുന്ന കേന്ദ്രത്തിലെത്തിച്ച് ഒരുമിച്ച് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. 

മഅ്ദനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം നല്‍കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നമസ്‌കാരത്തിനും പ്രാര്‍ഥനക്കും വ്രതാനുഷ്ഠാനത്തിനുമുള്ള സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്. നോമ്പ് തുറക്കുന്നതിന് പഴവര്‍ഗങ്ങളും വെള്ളവും ചായയും നല്‍കുന്നുണ്ട്. പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന മഅ്ദനിക്ക് സമയാസമയങ്ങളില്‍ ആരോഗ്യ പരിശോധന നടത്തുന്നുമുണ്ട്. അതേസമയം, മഅ്ദനിയുടെ മൂക്കില്‍ നിന്ന് ഇപ്പോഴും രക്തം വരുന്നുണ്ട്. മഅ്ദനിയുടെ വൈകല്യം പരിഗണിച്ച് സഹായിക്കുന്നതിന് രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്. മഅ്ദനിയെ അഭിഭാഷകന്‍ വ്യാഴാഴ്ചയും സന്ദര്‍ശിച്ചിരുന്നു. മഅ്ദനിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. പൊലീസ് കസ്റ്റഡി അവസാനിക്കുന്ന ആഗസ്റ്റ് 26നോട് അനുബന്ധിച്ച് ജാമ്യാപേക്ഷ നല്‍കും. 

മഅ്ദനിക്ക് ഐക്യദാര്‍ഢ്യമായി ജനാധിപത്യ കൂട്ടായ്മ

Thursday, August 19, 2010
തിരുവനന്തപുരം: ജയില്‍ മോചിതനായശേഷം മതാധിഷ്ഠിത തീവ്രവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കുകയും പിന്നാക്ക ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി നിരന്തരം വാദിക്കുകയും ചെയ്ത അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു ജനാധിപത്യ കൂട്ടാത്മ രൂപവത്കരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ഭാസുരേന്ദ്രബാബു, ശരത് ചന്ദ്രകുമാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. 
ഇതിന്റെ സാധ്യതകള്‍ ആരായാന്‍ വ്യാഴാഴ്ച വൈകുന്നേരം 4.30 ന് സ്റ്റാച്യു ചിറക്കുളം തായ്‌നാട് ഹാളില്‍ നടക്കുന്ന ആലോചനയോഗത്തില്‍ ജനാധിപത്യ- സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

അവര്‍ 'ഉപ്പ'യെ കാത്തിരിക്കുന്നു; കണ്ണീരും പ്രാര്‍ഥനയുമായി

Thursday, August 19, 2010
ശാസ്താംകോട്ട: കടയ്ക്കല്‍ സഫ്രാന്‍ മന്‍സിലില്‍ നിന്നാണ് 11 വയസ്സുകാരന്‍ സഫ്രാന്‍ കഴിഞ്ഞ ജൂണില്‍ അന്‍വാര്‍ശ്ശേരിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ തണലില്‍ എത്തിയത്.
ജീവിതം കണ്ട 11 വര്‍ഷത്തിനിടെ വിധി അവനുവേണ്ടി ബാക്കിവെച്ചത് തീരാസങ്കടവും നഷ്ടവുമാണ്. വാപ്പ സഖീര്‍ കഴിഞ്ഞ നോമ്പുകാലത്തെ 27ാം രാവില്‍ ഗള്‍ഫില്‍ കാറപകടത്തില്‍ മരിച്ചു. അതിനും എട്ട് മാസം മുമ്പ് ജനുവരിയില്‍ ഉമ്മ സീനത്ത് തലവേദന വന്ന് മരിച്ചെന്നേ സഫ്രാന് അറിയാവൂ. കടുത്ത ട്യൂമറിന്റെ പിടിയിലമര്‍ന്നാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ വെച്ച് സീനത്ത് സഫ്രാനെയും ഇളയവരായ സഫ്‌നയെയും തൗഫീഖിനെയും തനിച്ചാക്കി യാത്രയായത്. 
പിഞ്ചുപ്രായത്തിലേ ഉമ്മയും വാപ്പയും നഷ്ടമായ കുരുന്നുകളില്‍ ഇളയ രണ്ടുപേരെയും മാമന്‍മാര്‍ വളര്‍ത്തുന്നു. മൂത്ത മകന്‍ സഫ്രാന്‍ ഒരു ചോദ്യചിഹ്‌നമായി നില്‍ക്കുമ്പോഴാണ് അന്‍വാര്‍ശ്ശേരി അനാഥാലയം പ്രതീക്ഷയേകിയത്. ഇപ്പോള്‍ മതപഠനവും ഭൗതിക വിദ്യാഭ്യാസവുമായി കൂട്ടുകാര്‍ക്കൊപ്പം കഴിയുകയാണ് സഫ്രാന്‍. 
സഫ്രാനോളം നഷ്ടങ്ങളുടെ കാഠിന്യമില്ലെങ്കിലും ഇളംപ്രായത്തില്‍ തന്നെ അനാഥരായ 150 ഓളം കുട്ടികള്‍ക്കാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്‌റ്റോടെ 'ഉപ്പ' ഇല്ലാതായത്. പാലക്കാട് ആലത്തൂര്‍ ഖാജാ മന്‍സിലില്‍ ഹുസൈന്‍ (11), തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ഹൈദ്രോസ്(എട്ട്), കല്ലമ്പലത്തുകാരന്‍ മുഹമ്മദ്ഷാ (ഏഴ്), കരമന സ്വദേശി അംജദ് (10), ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നുള്ള ഷൗക്കത്ത് (13) എന്നിവര്‍ എല്ലാം നഷ്ടപ്പെട്ട തങ്ങളുടെ പിതാവിന് പകരമായി മഅ്ദനിയെ കാണുന്നവരാണ്. 
അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്‌റ്റോടെ ഇനിയെന്തെന്ന ചോദ്യമാണ് ഈ കുരുന്നുകള്‍ ഉയര്‍ത്തുന്നത്. അനാഥത്വത്തിന്റെ ദിനങ്ങളിലേക്ക് ഇവര്‍ മടക്കയാത്ര നടത്തേണ്ട സ്ഥിതിയാണ്. ഉസ്താദും ഉപ്പയുമായ മഅ്ദനിയെ വന്‍സന്നാഹത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത് കണ്ട ഇവര്‍ ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. ചൊവ്വാഴ്ച ഉച്ച നമസ്‌കാരം കഴിഞ്ഞ് ഇവര്‍ ഉസ്താദിനെ യാത്രയാക്കിയ ഉടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെയൊക്കെ ചുംബനങ്ങള്‍ ഏറ്റുവാങ്ങിയാണ് മഅ്ദനി രണ്ടാം കാരാഗൃഹവാസത്തിന് പുറപ്പെട്ടതും. 
അറസ്റ്റിന്റെ നേരത്ത് വാവിട്ട് നിലവിളിച്ച കുഞ്ഞുങ്ങള്‍  കരളലിയിക്കുന്ന നൊമ്പരക്കാഴ്ചയായി. ഒരിക്കലും കുലുങ്ങാത്ത മഅ്ദനിപോലും ഇവരുടെ കണ്ണുനീരിനുമുന്നില്‍ വിതുമ്പിപ്പോയത് ലോകം കണ്ടതാണ്. രക്ഷകനെ നഷ്ടപ്പെടുന്നതിന്റെ തീരാവേദനയില്‍ എരിപൊരി കൊണ്ട ഈ കുഞ്ഞുങ്ങളെ ഓരത്തേക്ക് ഒതുക്കി നിര്‍ത്താന്‍ പണിപ്പെട്ട വനിതാ പൊലീസുകാരുടെ കണ്ണുകള്‍ പോലും നനഞ്ഞത് ഇവരോടുള്ള അമ്മ മനസ്സുകളുടെ ഐക്യദാര്‍ഢ്യമായി. അന്‍വാര്‍ശ്ശേരി അനാഥാലയത്തിന്റെ പ്രസിഡന്റാണ് അബ്ദുന്നാസിര്‍ മഅ്ദനി. ഒന്നാം ക്ലാസ് മുതല്‍ എം.എ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവരാണ് അന്തേവാസികള്‍. ഒപ്പം മതപഠനവും നിര്‍വഹിക്കുന്നു. 
അബ്ദുന്നാസിര്‍ മഅ്ദനി ഇവര്‍ക്ക് കേവലം പ്രസിഡന്റ് മാത്രമായിരുന്നില്ല. പിതാവും മാതാവുമൊക്കെ നഷ്ടമായ ഇവര്‍ക്ക് എല്ലാമായിരുന്നു മഅ്ദനി. ഈ അനാഥാലയത്തിലെ കുട്ടികളുടെ ക്ഷേമത്തിന് ഏതറ്റം വരെ പോകാനും മഅ്ദനി തയാറായിരുന്നു. കോയമ്പത്തൂര്‍ കേസില്‍പെട്ട് ഒമ്പതര വര്‍ഷം ജയില്‍വാസം അനുഭവിച്ച കാലത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ട ഈ അനാഥാലയം മഅ്ദനിയുടെ മോചനത്തിന് ശേഷം സജീവമാകുമ്പോഴാണ് കഴിഞ്ഞദിവസത്തെ അറസ്റ്റ്. 
അന്‍വാര്‍ശ്ശേരിയിലെ പാരലല്‍ കോളജില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇനി അനിശ്ചിതത്വത്തിന്റെ നാളുകളാണ്. ഈ പത്ത് അധ്യാപകരില്‍ ഒമ്പതുപേരും അമുസ്‌ലിംകളാണ്.

മഅദനിക്കായി പ്രാര്‍ഥന നടത്തണമെന്ന് പണ്ഡിതര്‍
Posted on: 20 Aug 2010


ശാസ്താംകോട്ട: മഅദനിയുടെ മോചനം എളുപ്പമാകുന്നതിന് വെള്ളിയാഴ്ച ജു മു ആ നമസ്‌കാരത്തോടൊപ്പം പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് വിവിധ മുസ്‌ലിം പണ്ഡിതര്‍ അഭ്യര്‍ഥിച്ചു.

കെ.പി.അബൂബക്കര്‍ഹസ്രത്ത്, പി.കെ.കോയമൗലാന, വി.പി.എ.ഫരീദുദ്ദീന്‍മൗലവി, സയ്യിദ് മുനീബ്തങ്ങള്‍, ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി എന്നിവരാണ് പ്രസ്താവനയില്‍ അറിയിച്ചത്.

പി.ഡി.പി പ്രതിഷേധപ്രകടനം
Posted on: 20 Aug 2010


പരപ്പനങ്ങാടി: അബ്ദുന്നാസര്‍ മഅദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പി.ഡി.പി പരപ്പനങ്ങാടിയില്‍ പ്രകടനം നടത്തി. ചേര്‍ക്കോട് ഹംസ നേതൃത്വം നല്‍കി.


No comments: