ബംഗളൂരു സ്ഫോടനകേസ്:
മഅ്ദനിയുടെ ഹരജിയില്‍ 28ന് വാദം
ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച വിവിധ ഹരജികളില്‍ പ്രത്യേക വിചാരണ കോടതിയില്‍ വാദം തുടങ്ങി. പൂര്‍ണ തോതിലുള്ള വിചാരണാ നടപടികളുടെ ഭാഗമായാണ് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദംകേള്‍ക്കുന്നത്.തിങ്കളാഴ്ച രാവിലെ 11ന് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക വിചാരണ കോടതിയില്‍ നടന്ന നടപടിയില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരായി. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്ത് ജയിലില്‍ കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരാക്കിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, സെബാസ്റ്റ്യന്‍ പോള്‍, യു. സുധാകരന്‍, വസന്ത് എച്ച്. വൈദ്യ എന്നിവര്‍ 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായി. മഅ്ദനിയുടെ വിടുതല്‍ ഹരജി തിങ്കളാഴ്ച അഭിഭാഷകര്‍ സമര്‍പ്പിച്ചെങ്കിലും കൂടുതല്‍ മാറ്റങ്ങളോടെ ഒക്ടോബര്‍ 28ന് സമര്‍പ്പിക്കാന്‍ ജഡ്ജി എച്ച്.എല്‍. ശ്രീനിവാസ് നിര്‍ദേശിച്ചു. ഒമ്പത് കേസുകളിലെയും വിടുതല്‍ ഹരജികള്‍ വെവ്വേറെ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വാദംകേള്‍ക്കല്‍ 28ന് നടക്കും. 28, 29 പ്രതികളായ സാജിര്‍, അബ്ദുല്‍ഖാദര്‍ എന്നിവരുടെ വിടുതല്‍ ഹരജികളും 28ന് പരിഗണിക്കും. ഇവര്‍ക്ക് വേണ്ടി അഡ്വ. ജഗദീഷ് ഹാജരായി. മുഴുവന്‍ പ്രതികളുടെയും വിടുതല്‍ ഹരജികളില്‍ ഒരുമിച്ച് വിധിപറയാനാണ് കോടതി തീരുമാനം. 17ാം പ്രതി ഇബ്റാഹീം മൗലവി, 18ാം പ്രതി അയ്യൂബ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജികളും എട്ട്, ഒമ്പത് പ്രതികളായ സകരിയ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയും 28ലേക്ക് മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ 12ന് കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതികള്‍ക്ക് വിടുതല്‍ ഹരജി സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എച്ച്.എല്‍. ശ്രീനിവാസ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനവുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 32 പ്രതികളാണുള്ളത്.
No comments:
Post a Comment