24.5.12


ബാംഗ്ലൂര്‍ കേസിന്റെ നിജസ്ഥിതി വിചാരണക്ക് മുമ്പേ തന്നെ തെളിഞ്ഞു - ജമീല പ്രകാശം


തിരുവനന്തപുരം: ബംഗ്ലുരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനത്തിനും ജീവരക്ഷയ്ക്കുമായി പി.ഡി.പി.യുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിച്ചു. മഅദനിക്കെതിരെ നീതിനിഷേധം തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇറ്റലിയെ കണ്ടു പഠിക്കണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത് ജമീലാ പ്രകാശം എം.എല്‍.എ. പറഞ്ഞു.

കോയമ്പത്തൂര്‍ കേസില്‍ വിചാരണയ്ക്കു ശേഷമാണ് മഅദനിക്കെതിരെയുള്ള കള്ളക്കഥകള്‍ വെളിവായതെങ്കില്‍ ബംഗ്ലൂരുവില്‍ അത് വിചാരണയ്ക്കു മുമ്പെ തെളിഞ്ഞുവെന്നും അവര്‍ പറഞ്ഞു. പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി, കെ.കെ. ബീരാന്‍കുട്ടി, തോമസ് മാഞ്ഞൂരാന്‍, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാര്‍ മേത്തര്‍, അഡ്വ. വള്ളികുന്നം പ്രസാദ്, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു സംസാരിച്ചു.

പത്തനാപുരം പഞ്ചായത്ത് ഓഫീസ് പൊളിക്കരുത് പി.ഡി.പി.


പത്തനാപുരം: പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയകെട്ടിടം പണിയാനുള്ള തീരുമാനത്തില്‍നിന്ന് പത്തനാപുരം പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്ന് പി.ഡി.പി.

ലക്ഷങ്ങള്‍ നഷ്ടംവരുത്തി കെട്ടിടം പൊളിക്കാന്‍ കാണിക്കുന്ന താത്പര്യം മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ കാണിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

കാലവര്‍ഷത്തിന് മുമ്പുതന്നെ പത്തനാപുരം ടൗണ്‍ മാലിന്യത്താല്‍ ചീഞ്ഞുനാറുകയാണ്. കാലവര്‍ഷം എത്തുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കും. മാലിന്യനിര്‍മ്മാര്‍ജ്ജനകാര്യത്തില്‍ ആര്‍ക്കും താത്പര്യം ഇല്ലാത്ത അവസ്ഥ രൂക്ഷമായ പരിസ്ഥിതിപ്രശ്‌നത്തിന് ഇടയാക്കിയിരിക്കുന്നു. മാലിന്യവിഷയത്തില്‍ സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രിയും പഞ്ചായത്ത് അധികൃതരും ഉരുണ്ടുകളിക്കുകയാണ്.
സംസ്‌കരണത്തിന് വനം വകുപ്പില്‍നിന്ന് സ്ഥലം അനുവദിക്കാമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി സമരം തുടങ്ങാനാണ് തീരുമാനം.

പി.ഡി.പി. ജില്ലാ വൈസ്​പ്രസിഡന്റ് ഷിബു ഹിഷാം, മണ്ഡലം പ്രസിഡന്റ് താന്നിവിള സിദ്ദിഖ്, കുണ്ടയം വഹാബ്, അമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

No comments: