6.5.12

മദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -പി.സി.എഫ്.
ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയുടെ ജീവന്‍ രക്ഷിക്കുന്നതിനും അദ്ദേഹത്തിന് സുപ്രീംകോടതി നിര്‍ദേശിച്ച ചികിത്സയും നീതിയും ലഭ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മത-രാഷ്ട്രീയ നേതാക്കളും ഇടപെടണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കര്‍ണാടകത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു. കോടതിക്ക് ചികിത്സാവിഷയത്തില്‍ കൊടുത്ത സത്യവാങ്മൂലവും ലംഘിക്കുകയാണ്.
ഒന്നര വര്‍ഷത്തിലധികമായി വിചാരണയോ കുറ്റംചുമത്തലോ നടത്താതെ പ്രസ്തുതസര്‍ക്കാര്‍ വിചാരണപോലും ഓരോ നിസ്സാരകാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്.
സുപ്രീംകോടതി കുറ്റവാളിയെന്നുവിധിച്ച ബാലകൃഷ്ണപ്പിള്ളയ്ക്ക് ശിക്ഷാഇളവുനല്കി മോചിപ്പിച്ച സര്‍ക്കാരും കോടതി ജീവപര്യന്തം തടവിന് വിധിച്ച സന്തോഷ്മാധവന് ചികിത്സയ്ക്കുവേണ്ടി ജാമ്യം അനുവദിച്ച കോടതികളും ഒരു കോടതിയും കുറ്റവാളിയെന്നു വിധിക്കാത്ത, കേവലം വിചാരണത്തടവുകാരന്‍ മാത്രമായ മദനിക്ക് ചികിത്സപോലും നിഷേധിക്കുന്നത് രണ്ടുതരം നീതിയാണോ എന്നു സംശയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ വെക്കേഷന്‍സമയമാകുമ്പോള്‍ വിമാനയാത്രാനിരക്ക് വര്‍ധിപ്പിക്കുകയും പ്രവാസികളെ ചൂഷണം ചെയ്യുകയുംചെയ്യുന്ന എയര്‍ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്നും പി.സി.എഫ്. ആവശ്യപ്പെട്ടു.
ശറഫിയ്യ അല്‍ നൂര്‍ പോളി ക്ലിനിക് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം ഉപദേശകചെയര്‍മാന്‍ സുബൈര്‍ മൗലവി ഉദ്ഘാടനംചെയ്തു.
നാഷണല്‍കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റാസി മുഖ്യപ്രഭാഷണം നടത്തി. ഉമര്‍ മേലാറ്റൂര്‍, ഇ.എം. അനീസ്, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, ഷിഹാബ് പൊന്‍മള, റസാഖ് മാസ്റ്റര്‍ മമ്പുറം, കബീര്‍ വള്ളിക്കുന്ന്, ത്വാഹ കാഞ്ഞിപ്പുഴ, കരീം മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
ജാഫര്‍ മല്ലപ്പള്ളി സ്വാഗതവും അബ്ദുള്‍ റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു

No comments: