9.4.12


ഹൈദരലി ശിഹാബ് തങ്ങള്‍ ചര്‍ച്ചക്ക് പോയത് ലീഗിന് നാണക്കേട് : പി ഡി പി


കണ്ണൂര്‍ : കേരളത്തിനാണ് അഞ്ചാം മന്ത്രി സ്ഥാനം വേണ്ടതെന്നും മുസ്‌ലിം ലീഗിനല്ലെന്നല്ലെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലീഗ് അഞ്ചാം മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചത് സംഘപരിവാര്‍ സംഘടനകളും ആര്യാടനെ പോലുള്ള ദേശീയ മുസ്‌ലിങ്ങള്‍ക്കും മുതലെടുപ്പിനുള്ള അവസരമുണ്ടാക്കി. ഖാഇദെ മില്ലത്ത് മുതല്‍ ശിഹാബ് തങ്ങള്‍ വരെയുള്ളവര്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസ് പാണക്കാട്ടേക്കാണ് ചര്‍ച്ചക്ക് പോകാറ്. പക്ഷെ ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ കാണാന്‍ കോട്ടയത്ത് ടാക്‌സി പിടിച്ച് പോകുന്ന കാഴ്ചയാണ്. ഇത് ലീഗിന് അപമാനമാണ്. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കിട്ടാന്‍ പോകുന്നില്ല. നാല് മന്ത്രിമാരും ഒരു സ്പീക്കറേയും കൂട്ടിയാല്‍ അഞ്ച് മന്ത്രിയാവില്ല.

അബ്ദുനാസര്‍ മഅദനിയുടെ അകാരണമായ ജയില്‍വാസത്തെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും കള്ളത്തെളിവുകളും വ്യാജ സാക്ഷികളെയും വെച്ച് കൃത്രിമമായ രേഖകള്‍ പടച്ചുണ്ടാക്കി കരിനിയമത്തില്‍ ബന്ധിതനാക്കിയാണ് മഅദനിയെ ജയിലില്‍ അടച്ചിരിക്കുന്നത്. മഅദനിക്ക് നീതി നല്‍കണമെന്ന് കര്‍ണാടക ഗവണ്‍മെന്റിനോട് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെടണമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.പി ഡി പി സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 11ന് ആലപ്പുഴയില്‍ നടക്കും. കേരളത്തിലെ 102 നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 1020 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. 11ന് ആരംഭിച്ച് മൂന്ന് മാസക്കാലം നീണ്ട് നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനവും നടക്കും. മഅദനിയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ മകന്‍ ആദ്യമെമ്പര്‍ഷിപ്പ് ഏറ്റ് വാങ്ങും. പി ഡി പിയുടെ 19ാം ജന്‍മദിനമായ ഏപ്രില്‍ 14ന് സംസ്ഥാന വ്യാപകമായി പതാക ദിനമായി ആചരിക്കും.
കടുത്ത പ്രമേഹം ബാധിച്ച് വലത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും അള്‍സറും, വൃക്കക്ക് തകരാറും അടക്കും നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മഅദനിക്ക് ചികിത്സ നിഷേധിച്ച് ജയിലില്‍ ഇട്ട് ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ഈ മാസം 30ന് മനുഷ്യാവകാശ മഹാസംഗമവും റാലിയും കൊല്ലത്ത് നടത്തുമെന്ന് മേത്തര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പുഞ്ചവയല്‍, ജോയിന്റ് കണ്‍വീനര്‍ റഷീദ് മെരുവമ്പായി എന്നിവര്‍ സംബന്ധിച്ചു.

No comments: