17.10.11

മഅ്ദനിക്കെതിരെ മനുഷ്യാവകാശലംഘനം -

പി.സി.എഫ്.സെമിനാര്‍




ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ മനുഷ്യാവകാശലംഘനവും ഭരണകൂട ഭീകരതയുമാണ് നടക്കുന്നതെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകം സംഘടിപ്പിച്ച സെമിനാര്‍ കുറ്റപ്പെടുത്തി. മഅ്ദനി മനുഷ്യാവകാശലംഘനത്തിന്റെ ഇരയോ എന്ന വിഷയത്തെ ആസ്പദമാക്കി ശറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജിദ്ദ ഇസ്‌ലാമിക് ദഅ്‌വാ കൗണ്‍സില്‍ (ഐ.ഡി.സി.) നേതാവ് അഡ്വ. കെ.എച്ച്.മുനീര്‍ ഉദ്ഘാടനം ചെയ്തു. ഒമ്പതര വര്‍ഷം നീതി നിഷേധിച്ച് ജയിലിലടച്ച മഅ്ദനിയെ മോചിപ്പിക്കണമെന്നും വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കിങ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സുധാകരന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് രണ്ടുതരം നീതിയാണ് നിലനില്‍ക്കുന്നതെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സുപ്രീംകോടതി കഠിന തടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള പരോളില്‍ വിലസുന്നതും ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലില്‍ സുഖവാസം അനുഭവിക്കുന്നതുമെന്നും അതേസമയം ഒരു കോടതിയും ശിക്ഷിക്കാത്ത വികലാംഗനും നിരവധി രോഗങ്ങള്‍ക്ക് അടിമയായ മഅ്ദനി ചികിത്സപോലും നിഷേധിക്കപ്പെട്ട് ജയിലില്‍ പീഡനം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിക്ക് നീതി ലഭിക്കണമെങ്കില്‍ കേസ് കര്‍ണാടക സംസ്ഥാനത്തുനിന്ന് മറ്റേതെങ്കിലും സംസ്ഥാനത്തെ കോടതികളിലേക്ക് മാറ്റണമെന്നും മഅ്ദനി വിഷയത്തില്‍ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരു നാണയത്തിന്റെ ഇരുവശമാണെന്നും ഐ.എം.സി.സി. പ്രതിനിധി കുഞ്ഞാവുട്ടി എ. ഖാദര്‍ അഭിപ്രായപ്പെട്ടു.നിയമം നിയമത്തിന്റെ വഴിക്കല്ല രാജ്യത്ത് പോകുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രമോദ് മുത്തലിഖിന്റെ പേരില്‍ നാല് കേസുകള്‍ നിലവിലുണ്ടായിട്ടും നടപടിയെടുക്കാത്തതും വര്‍ത്തമാനകാല സംഭവങ്ങളും തെളിയിക്കുന്നതെന്ന് തനിമ കലാസാംസ്‌കാരിക വേദി പ്രതിനിധി സിറാജ് കൊല്ലം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രതിനിധി അബുസിനാന്‍ ആദിക്കാട്ടുകുളങ്ങര, ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രതിനിധി പി.എ. മുഹമ്മദ്, സമീര്‍ കാരക്കുന്ന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പി.സി.എഫ്. പ്രതിനിധി പി.എ.മുഹമ്മദ്‌റാസിയും പ്രസംഗിച്ചു.സെമിനാറില്‍ പി.സി.എഫ്. ജിദ്ദ ഘടകം പ്രസിഡന്റ് ദിലീപ് താമരക്കുളം മോഡറേറ്ററായിരുന്നു. ഉപദേശക സമിതി ചെയര്‍മാന്‍ സുബൈര്‍ മൗലവി വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.



മഅദനിയെ ജയില്‍മോചിതനാക്കാന്‍ മംഗലാപുരത്ത് പൊതുയോഗം



മംഗാലാപുരം: ബാംഗ്ലൂര്‍ സ്‌പോടനുവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയെ ജയില്‍മോചിതനാക്കാന്‍ മംഗലാപുരത്ത് പൊതുയോഗം സംഘടിപ്പിച്ചു. കര്‍ണാടക ജസ്റ്റിസ് ഫോറത്തിന്റെ ബാനറിലാണ് മനുഷ്യാവകാശ സംരക്ഷണ സമ്മേളനം നടന്നത്. സവര്‍ണ ഹിന്ദുക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് മഅദനി വീണ്ടും അറസ്റ്റ്‌ചെയ്യപ്പെട്ടതെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത ദളിത് വോയ്‌സ് പത്രാധിപര്‍ രാജശേഖരന്‍ കുറ്റപ്പെടുത്തി. ഇബ്രാഹിം തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോമു സൗഹാര്‍ദ വേദികെ സെക്രട്ടറി കെ.എല്‍.അശോക്, പി.ഡി.പി. വര്‍ക്കിങ് സെക്രട്ടറി വര്‍ക്കല രാജ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണാടക ബ്രാഞ്ച് പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുമ്പെ എന്നിവര്‍ സംബന്ധിച്ചു.


മഅദനിയുടെ മോചനത്തിന് തല മുണ്ഡനം ചെയ്ത് മാര്‍ച്ച്



കൊല്ലം:ജയിലില്‍ കഴിയുന്ന മഅദനിയെ മോചിപ്പിക്കുക, മഅദനിക്കെതിരായ കേസുകള്‍ നിഷ്പക്ഷ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം യുവജനവേദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. യുവാക്കളില്‍ പലരും തല മുണ്ഡനം ചെയ്താണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മുസ്‌ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ ആധ്യക്ഷ്യം വഹിച്ചു. ബാദുഷ മന്നാനി, യു.കെ.അബ്ദുല്‍ റഷീദ് മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുജീബ് റഹ്മാന്‍ മൗലവി, പൂക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

No comments: