9.4.10

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
ഇരുമുന്നണികളേയും കാത്തുനില്‍ക്കില്ല -മഅദനി

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതു-വലത് മുന്നണികളെ കാത്തുനില്‍ക്കാതെ മത്സരരംഗത്തുണ്ടാകുമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. മലപ്പുറത്ത് പി.ഡി.പി ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയയില്‍ ഇവിടുത്തെ സാധാരണക്കാരായ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടരുതെന്ന് ആഗ്രഹിക്കുന്ന സാമ്രാജ്യത്വ ശക്തികളാണ് പി.ഡി.പിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. ഇടതുപക്ഷ കക്ഷികള്‍ക്ക് നല്ല സ്വാധീനമുള്ള സ്ഥലങ്ങളില്‍പ്പോലും മഷിയിട്ട് നോക്കിയാല്‍ കാണാത്ത ചില ഇടതുപാര്‍ട്ടികളും സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വവിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ട് മാത്രമാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് പി.ഡി.പി പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും മുന്നണിയിലെ തൊഴുത്തില്‍ക്കുത്തും മറ്റ് പ്രശ്‌നങ്ങളും കാരണം അതൊന്നും ജനങ്ങളിലേക്കെത്തുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പ്രശ്‌നംകൊണ്ട് എല്‍.ഡി.എഫ് ഒരിടത്തും തോറ്റിട്ടില്ലെന്നും എല്‍.ഡി.എഫിന് ഒരുവോട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നും മഅദനി പറഞ്ഞു.

റാലിക്കുശേഷമാണ് വലിയങ്ങാടിയിലെ ഉമര്‍ഖാസി നഗറില്‍ പൊതുസമ്മേളനം നടന്നത്. സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് ഇബ്രാഹിം തിരൂരങ്ങാടി അധ്യക്ഷതവഹിച്ചു. അബ്ദുന്നാസര്‍ മഅദനി നേതൃത്വം നല്‍കിയ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയുടെ സി.ഡി പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുള്‍അസീസ് ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂരിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. നിയുക്ത ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി പാര്‍ട്ടി ചെയര്‍മാന് ഹാരാര്‍പ്പണം നടത്തി. സി.കെ.അബ്ദുള്‍അസീസ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഷ്‌റഫ് പൊന്നാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments: