16.2.10

ആസൂത്രിത ശ്രമമെന്ന് മഅദനി


കല്ലമ്പലം: കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്സില്‍ സൂഫിയ മഅദനി നിരപരാധിയാണെന്നും സൂഫിയയെ കേസ്സില്‍പ്പെടുത്തി പ്രതിയാക്കിയതിന് പിന്നില്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്നും അബ്ദുള്‍നാസര്‍ മഅദനി കല്ലമ്പലത്ത് പറഞ്ഞു.


തെറ്റ് തെറ്റാണെന്ന് പറയുന്നതിനുള്ള ആര്‍ജവം തനിക്കുണ്ട്. എന്നാല്‍ സൂഫിയ തെറ്റുകാരിയല്ല. അതുകൊണ്ടാണ് 2005 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ പ്രതിചേര്‍ക്കാത്തത്. ചാര്‍ജ്ഷീറ്റില്‍ സാക്ഷിപോലുമായിരുന്നില്ല. ഡി.ഐ.ജി. വിനോദ്കുമാര്‍ ചോദ്യംചെയ്തശേഷം നിങ്ങള്‍ നിരപരാധിയാണ് എന്ന് മനസ്സിലാക്കി എന്ന് പറഞ്ഞാണ് പോയത്.


കളമശ്ശേരി ബസ് കത്തിക്കല്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ വി.എം. വര്‍ഗീസ് ചോദ്യംചെയ്ത ശേഷവും സൂഫിയക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. പിന്നീട് അറസ്റ്റ് ചെയ്യാന്‍ ഒരു കാരണവും കിട്ടാതായപ്പോഴാണ് ഈ കേസ്സിലെ മൂന്ന് പ്രതികള്‍ കോടതിക്ക് മുന്നില്‍ ആരുടെയും പ്രേരണയുമില്ലാതെ മൊഴി നല്‍കിയതെന്ന് പറയുന്നത്. ഇത് സൂഫിയയെ പ്രതിചേര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു-മഅദനി പറഞ്ഞു.
പി.ഡി.പി. മണ്ഡലം പ്രസിഡന്റ് നിസ്സാം അധ്യക്ഷതവഹിച്ച യോഗത്തില്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുക്കാടി, എ.എച്ച്. അഷറഫ്, വര്‍ക്കല രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
കല്ലറ: കര്‍ണ്ണാടക പോലീസില്‍നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി ചിത്രീകരിക്കുകയാണെന്നും മാധ്യമ ഭീകരതയാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി. നടത്തുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് കല്ലറയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഅദനി.


നാടിന്റെ നന്മയെപ്പറ്റി പറയുന്നത് മാധ്യമങ്ങള്‍ ചെവിക്കൊള്ളുന്നില്ല. എവിടെ എന്ത് സംഭവിച്ചാലും അതിനുത്തരവാദി മഅദനിയാണെന്ന തരത്തിലാണ് ഇവിടെ കാര്യങ്ങള്‍ പോകുന്നത്. ജയിലില്‍ കഴിയുന്നയാളെക്കൊണ്ട് തനിക്കെതിരെ സാക്ഷിപറയിക്കാനാണ് എന്‍.ഐ.എ. ശ്രമിക്കുന്നതെന്ന് മഅദനി ആരോപിച്ചു.


നിരപരാധിയായ തന്നെയും ഭാര്യയെയും നിരന്തരം വേട്ടയാടുകയാണെന്നും ബാബ്‌റി മസ്ജിദ് തകര്‍ത്തവരെ ഒരുമണിക്കൂര്‍പോലും തടവില്‍വയ്ക്കാന്‍ നിയമുണ്ടായില്ലെന്നും മഅദനി പറഞ്ഞു.

സ്വീകരണ സമ്മേളനം സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കല്ലറ ഷിബു അധ്യക്ഷനായിരുന്നു. പനവൂര്‍ ഹസ്സന്‍, സി.എച്ച്. അഷ്‌റഫ്, അഡ്വ. വള്ളികുന്നം പ്രസാദ്, സാബു കൊട്ടാരക്കര, നിസാം, ഷൈജുപറമ്പില്‍, ഷമീര്‍ പയ്യനങ്ങാടി, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു

No comments: