13.8.09


ഏതെങ്കിലുമൊരു മുന്നണിയുടെ വാലാകുകയെന്നതു പി.ഡി.പിയുടെ നയമല്ല- മഅ്‌ദനി
മലപ്പുറം: ഏതെങ്കിലുമൊരു മുന്നണിയുടെ വാലാകുകയെന്നതു പി.ഡി.പിയുടെ നയമല്ലെന്നു ചെയര്‍മാന്‍ അബ്‌ദുനാസര്‍ മഅ്‌ദനി. ആരെന്തു പറഞ്ഞാലും പാര്‍ട്ടിക്കു പ്രശ്‌നമില്ല. എന്നാല്‍ ആശയത്തില്‍ നിന്നും പാര്‍ട്ടി മാറില്ല. തെരഞ്ഞെടുപ്പില്‍ ചിലരുമായി കൂട്ടുകെട്ടുണ്ടാക്കുകയെന്നതു സാധാരണയാണ്‌. ഈ അടിസ്‌ഥാനത്തിലാണു പി.ഡി.പി എല്‍.ഡി.എഫിനെ ഇത്തവണ പിന്തുണച്ചത്‌. പാര്‍ട്ടി ;്രപവര്‍ത്തകരുടെ അഭിപ്രായം മാനിച്ചുകൊണ്ടായിരുന്നു ഈ നിലപാട്‌ എടുത്തത്‌. എന്നാല്‍ താന്‍ സ്വന്തമായി ഒരു തീരുമാനവും എടുത്തിട്ടില്ല. മലപ്പുറത്തു നടന്ന പി.ഡി.പി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച സംഘാടകനായിരുന്ന കെ. മുരളീധരനിപ്പോള്‍ ശൂന്യതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ശക്‌തിയാര്‍ജിച്ചാല്‍ മാത്രമെ ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാറിന്റെ സാമ്രാജ്യത്വ വിധേയത്വത്തെ ചോദ്യം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ആസിയാന്‍ കരാറിലൂടെ സാമ്രാജ്യത്വ ശക്‌തികള്‍ക്കു വഴങ്ങിക്കൊടുക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ജനഹിതമെന്തെന്നു സര്‍ക്കാര്‍ തേടുന്നില്ല. ഇസ്രായേല്‍, അമേരിക്ക, ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങളുടെ ഇംഗിതത്തിനനുസരിച്ചാണു ഇന്ത്യ നീങ്ങൂന്നത്‌. പി.ഡി.പി അക്രമം നടത്തുന്ന പാര്‍ട്ടിയല്ലെന്നും എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച്‌ തന്നെ തുറുങ്കിലടക്കാന്‍ ഇപ്പോഴും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റുകാരനാണെങ്കില്‍ തുറുങ്കിലടക്കട്ടെ. ഇതു രണ്ടും കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ്‌- മഅ്‌ദനി പറഞ്ഞു. അടിച്ചൊതുക്കാന്‍ ഒരു പക്ഷെ കഴിഞ്ഞേക്കാം.പക്ഷെ സ്വയം ഒതുങ്ങില്ല. പി.ഡി.പി തെരഞ്ഞെടുപ്പിനു മുമ്പു എങ്ങനെയായിരുന്നോ അതു പോലെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. പാര്‍ട്ടിക്കു ഒരു കോട്ടവും ഉണ്ടായിട്ടില്ല. മുസ്ലിംലീഗിന്റേയും പി.ഡി.പിയുടേയും ആശയം രണ്ടാണെന്നുള്ള ഹൈദരലി ശിഹാബ്‌ തങ്ങളുടെ അഭിപ്രായം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പി.ഡി.പി ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹീം തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ട്രഷറര്‍ അജിത്‌കുമാര്‍ ആസാദ്‌, പി.ഡി.പി വൈസ്‌ ചെയര്‍മാന്‍ യു കുഞ്ഞുമുഹമ്മദ്‌, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, പി.എ സലാം, അഡ്വ. വള്ളിക്കുന്നം പ്രസാദ്‌, സലാം മൂന്നിയൂര്‍, യൂസുഫ്‌ പാന്ത്ര, മൊയ്‌തീന്‍കുട്ടി പൊന്‍മള, മുഹമ്മദ്‌ സഹീര്‍, ബാപ്പു പുത്തനത്താണി, ബാബുമണി കരുവാരക്കുണ്ട്‌്, ശ്രീജാമോഹന്‍, അഡ്വ. കെ ശംസുദ്ദീന്‍, വേലായുധന്‍ വെന്നിയൂര്‍, ശശിപൂവന്‍ ചിന പ്രസംഗിച്ചു. വൈകിട്ടു ടൗണില്‍ പ്രകടനവും നടത്തി. യു കുഞ്ഞിമുഹമ്മദ്‌, പി.എ സലാം, യൂസുഫ്‌ പാന്ത്ര, വേലായുധന്‍വെന്നിയൂര്‍, ഇബ്രാഹീം തിരൂരങ്ങാടി, അഡ്വ. ശംസുദ്ദീന്‍ നേതൃത്വം നല്‍കി. അലീഗഡ്‌ ഓഫ്‌ കാമ്പസ്‌ മലപ്പുറത്തു യാഥാര്‍ഥ്യമാക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

No comments: