17.12.10


സൂഫിയക്കെതിരായ കേസ് നിയമപരമായി നേരിടും പി.ഡി.പി.

കൊച്ചി:  കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പത്നി സൂഫിയ മഅദനിക്കെതിരെ  എന്‍.ഐ.എ.സമര്‍പ്പിച്ച കുറ്റപത്രം അവാസ്തവവും കെട്ടിച്ചമച്ചതുമാണെന്നു പി.ഡി.പി. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.

സൂഫിയക്കെതിരായി ചുമത്തപ്പെട്ട സംഘടനാ നിരോധന നിയമവും രാജ്യദ്രോഹ കുറ്റവും നിലനില്‍ക്കാത്തതാണ്. രാഷ്ട്രീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച ഈ കേസ്സിനെ പാര്‍ട്ടി നിയമപരമായി നേരിടുമെന്നും അഡ്വ. അക്ബര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.


മഅദനിയുടെ ജാമ്യാപേക്ഷ : ഒരാഴ്ചക്കകം അഭിപ്രായം അറിയിക്കണം കോടതി


ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഒരാഴ്ചക്കകം അഭിപ്രായം സമര്‍പ്പിക്കണമെന്ന് കര്‍ണാടക ഹൈകോടതി പ്രോസിക്യൂഷനോടാവശ്യപ്പെട്ടു. ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.ആനന്ദയാണ് പ്രോസിക്യുഷന് ഒരാഴ്ചത്തെ സമയം അനുവദിച്ചത്.

വെള്ളിയാഴ്ച മുതല്‍ ജനുവരി മൂന്നുവരെ കോടതിയുടെ അവധിക്കാലമായതിനാല്‍ അതിനുശേഷം തടസ്സവാദം സമര്‍പ്പിച്ചാല്‍ പോരേയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അടിയന്തര പ്രാധാന്യം പരിഗണിച്ച് നേരത്തേ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് മഅദനിക്കുവേണ്ടി ഹാജരായ അഡ്വ. പി.ഉസ്മാന്‍ അറിയിച്ചു. തുടര്‍ന്ന് ഒരാഴ്ചക്കകം തടസ്സവാദം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരെ മതിയായ തെളിവില്ലെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ആദ്യ രണ്ട് കുറ്റപത്രങ്ങളിലും പേരില്ലാതിരുന്ന മഅദനിയുടെ പേര് മൂന്നാമത്തെ കുറ്റപത്രത്തിലാണ് പരാമര്‍ശിക്കുന്നത്.
ആദ്യം മഅദനിക്കെതിരെ മൊഴി നല്‍കാതിരുന്ന സാക്ഷികള്‍ പിന്നീടുള്ള ചോദ്യംചെയ്യലിലാണ് മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടുള്ളതെന്നും അപേക്ഷയില്‍ പറയുന്നു.

ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅദനിയെ ഇതുവരെ ചോദ്യംചെയ്തിട്ടും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മഅദനിക്കെതിരെ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കേസ് വിചാരണ കോടതിക്ക് കൈമാറിയതിനാല്‍ ഇനി കസ്റ്റഡിയില്‍ വേക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

No comments: