5.4.10

പി.ഡി.പി. ജില്ലാ സമ്മേളനം നാളെ തുടങ്ങും

മലപ്പുറം: പി.ഡി.പി. ജില്ലാ സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ബുധനാഴ്ച തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ സമാപന സമ്മേളനം പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി.ഡി.പി. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം പുതിയ ജില്ലാ കമ്മിറ്റിയേയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.

വ്യാഴാഴ്ച ഉച്ചക്ക് നടക്കുന്ന വനിതാസംഗമം വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റീജാ മോഹന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വിദ്യാര്‍ഥി സംഗമം ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്യും. പ്രവാസി സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണിയും തൊഴിലാളി സംഗമം പി.ടി.യു.സി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി.എച്ച്. അഷ്‌റഫും ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച സമാപനസമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകറാലി നടക്കും. മുണ്ട്പറമ്പ് ജങ്ഷനില്‍ നിന്ന് തുടങ്ങുന്ന റാലി സമാപന സമ്മേളന നഗരിയായ വലിയങ്ങാടിയിലെ ഉമ്മര്‍ ഖാസി നഗറില്‍ അവസാനിക്കും. സമാപനസമ്മേളനത്തില്‍ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍ അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. അക്ബറലി, കെ.എസ്. നാസര്‍, സുബൈര്‍ സബാഹി, അജിത്കുമാര്‍ ആസാദ്, മാഹീന്‍ ബാദുഷ മൗലവി, മുഹമ്മദ് റജീബ്, സി.എച്ച്. അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹിം തിരൂരങ്ങാടി, ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി, അഡ്വ. കെ. ഷംസുദ്ദീന്‍, യൂസുഫ് പാന്ത്ര, ജാഫര്‍ അലി ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments: