തീവ്രവാദ കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ളവരെ ഭീഷണിപ്പെടുത്തുന്നു: മഅദനി
എന്‍.ഐ.എ കസ്റ്റഡിയിലുള്ളവരെ ഭീഷണിപ്പെടുത്തുന്നു: മഅദനി
കാസര്‍കോട്: തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തുന്നതായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അരോപിച്ചു. തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് കാസര്‍കോട് ഗവ. ഗസ്‌റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മഅദനി ഈ ആരോപണം ഉന്നയിച്ചത്. തീവ്രവാദ കേസുകളില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യലിന്റെ ഭാഗമായി കാശ്‌മീരിലേക്ക് യുവാക്കളെ റിക്രൂട്ട് മെന്റ് ചെയ്‌തതും, കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തിയതും മഅദനിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് ഐ.പി.സി 164 പ്രകാരം കോടതിയില്‍ മൊഴിനല്‍കാന്‍ എന്‍.ഐ.എയെ പ്രേരിപ്പിക്കുന്നു വെന്നാണ് മഅദനി ആരോപിച്ചത്. പ്രതികളിലൊരാളുടെ അഭിഭാഷകന്‍ വഴിയാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നാണ് മഅദനി വെളിപ്പെടുത്തിയത്. ആരെയെങ്കിലും ടാര്‍ജറ്റ് ചെയ്‌തുകൊണ്ടാണ് എന്‍.ഐ.എ കേസന്വേഷിക്കുന്നതെങ്കില്‍ രാജ്യ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തയതിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ശക്തികളാരാണെന്ന് പുറത്തു വരില്ലെന്നും മഅദനി പറഞ്ഞു.
മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി നടത്തുന്ന രാഷ്ട്ര സുരക്ഷായാത്ര നയിക്കുന്നതിനാണ് മഅദനി കാസര്‍കോട്ടെത്തിയത്. രാജ്യത്ത് സാമ്രാജത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട തടയുക, ജനസംഖ്യ അനുപാതികമായി സംവരണം നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌് പി.ഡി.പി ഉയര്‍ത്തുന്നത്. ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ എതിരായിട്ടല്ല ഈ യാത്ര. സോവിറ്റ് യൂണിയന്‍ തകര്‍ച്ചയ്‌ക്കു ശേഷം അമേരിക്ക മുഖ്യ ശത്രുവായി കണ്ടത് ഇസ്ലാമിനെയാണെന്ന് മഅദനി പറഞ്ഞു. പുരോഗതിയിലേക്ക് കുതിക്കുന്ന രാഷ്ട്രങ്ങളില്‍ ഭീകരതയും തീവ്രാദവും ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് അവരുടെ ശ്രമം. രാജ്യത്തു നടന്ന സ്‌ഫോടനങ്ങളുടെ വേര് തേടിപോയാല്‍ സി.ഐ.എയുടെയും, മൊസാദിന്റെയും പങ്ക് തെളിയും. മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്‌ലിയുടെ പങ്ക് തെളിഞ്ഞുട്ടുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. തടിയന്റവിട നസീറിന് ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഒന്‍പതാം ക്ലാസ് മാത്രം വിദ്യഭ്യാസമുള്ള തടിയന്റവിട നസീര്‍ എങ്ങനെയാണ് ഹെഡ്‌ലിയുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെ അനുവദിക്കാത്തതെന്തുകൊണ്ടാണെന്ന് മഅദനി ചോദിച്ചു.
വിദേശ ടൂറിസ്‌റ്റുകളെ നിരീക്ഷക്കേണ്ടത് അത്യവശ്യമായി തീര്‍ന്നിരിക്കുകയാണ്. വിദേശ ടൂറിസ്‌റ്റുകള്‍ എത്തുന്നതിലൂടെ ലഭിക്കുന്ന നക്കാപിച്ചയെക്കാള്‍ രാജ്യത്തിന്റെ ഭദ്രതയയ്‌ക്കും, ആഭ്യന്തര സുരക്ഷയ്‌ക്കും മുന്‍ഗണന നല്‍കണമെന്ന് മഅദനി പറഞ്ഞു. പലരും കാട്ടികൂട്ടുന്ന ചെയ്‌തികള്‍ക്ക് നിരപരാധികളെ ക്രൂശിക്കുകയാണ് ചെയ്യുന്നത്. ന്യൂനപക്ഷ വേട്ടയ്‌ക്ക് കാരണവുമിതാണ്. ന്യൂനപക്ഷ വേട്ടയ്‌ക്ക്‌് ഇരയായിട്ടുള്ള ഒരേയൊരു വ്യക്തിയാണ് താനെന്ന് മഅദനി പറഞ്ഞു. പത്ത് വര്‍ഷക്കാലം തന്നെ ജയിലിലിടുകയും ചെയ്‌തു. യഥാര്‍ത്ഥ മുസ്ലീമിന് തീവ്രവാദിയും ഭീകരവാദിയുമാകാന്‍ ഒരിക്കലും കഴിയില്ല. ഒരു തെളിവും തനിക്കെതിരെ ഇല്ലാതിരുന്നിട്ടും മധ്യമങ്ങള്‍ വാര്‍ത്താ വിചാരണ നടത്തുകയാണെന്ന് മഅദനി പറഞ്ഞു. എന്റെ മൂത്തമകന് രണ്ട് മാസം കഴിഞ്ഞാല്‍ 18 വയസ്സാകും, അടുത്ത ഇര അവനായിരിക്കും. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എന്റെ രണ്ടാമത്തെ മകനും ഈ പട്ടികയിലേക്കു വരും. 1992 മുതല്‍ കാശ്‌മീരിലല്ലാതെ എവിടെയും ഭീകരവാദമുണ്ടായിട്ടില്ല. 1992ല്‍ ബാബരി മസ്‌ജിദ് തകര്‍ച്ചയ്‌ക്ക് ശേഷം ആരെങ്കിലും തല തിരിഞ്ഞു പോയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താനല്ലെന്നും മഅദനി കൂട്ടി ചേര്‍ത്തു. ഒരു പുല്ലു പോലും കരിയാത്ത കളമശ്ശേരി ബസ്‌കത്തില്‍ കേസ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമത്തോട് താരതമ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്‍.ഐ.എ സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ തന്റെ ഭാര്യ സൂഫിയ മഅദനിയെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും മഅദനി പറഞ്ഞു. കേരള പോലീസിന്റെ സമ്രജത്വ പാദ സേവകരായ ചിലരാണ് നിരപരാധിയായ സൂഫിയ മഅദനിയുടെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഐ.എസ്.എസില്‍ നിന്നും ആവേശം ഉള്‍കൊണ്ടല്ല യുവാക്കള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് മഅദനി പറഞ്ഞു.
ഐ.എസ്.എയ്‌ക്ക് ശതക്തിയുണ്ടായിരുന്നത് കൊല്ലം തിരുവനന്തപുരം പോലുള്ള ജില്ലകളിലായിരുന്നു. ഐ.എസ്.എസ് ഏറ്റവും ദുര്‍ഹബലമായത് കണ്ണൂര്‍ ജില്ലയിലാണ.് ഇവിടെ നിന്നുമാണ് തീവ്രവാദികള്‍ കൂടുതലും അറസ്റ്റിലായത്. ഏതാനും മുസ്ലീം ചെറുപ്പക്കാര്‍ വഴിപിഴച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ തിരുത്താനും നേര്‍ വഴിക്ക് കൊണ്ടുവരാനുമാണ് ശ്രമിക്കേണ്ടതെന്നും മഅദനി കൂട്ടി ചേര്‍ത്തു. രാജ്യത്തു നടന്ന പല സംഭവങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിനവ് ഭാരതും, സ്വാമി ദയാനന്ദ പാണ്ഡെയും, പ്രഗ്യസിംഗുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേ കുറിച്ചും എന്‍.ഐ.എ അന്വേഷിക്കണം. 1992ന് ശേഷം നടന്ന എല്ലാ ഭീകരവാദ സ്‌ഫോടനകേസുകളും എന്‍.ഐ.എ ഏറ്റെടുക്കണമെന്നാണ് പി.ഡി.പിയുടെ ആവശ്യം. യഥാര്‍ത്ഥ മുസ്ലീം മത വിശ്വാസികള്‍ക്ക് തീവ്രവാദികളാവാന്‍് കഴിയില്ലതെന്നതുപോലെ തന്നെ ഹിന്ദു മത വിശ്വാസികള്‍ക്കും തീവ്രവാദികളാവാന്‍ കഴിയില്ലെന്ന് മഅദനി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മഅദനിയോടൊപ്പം പൂന്തുറ സിറാജ്,അജിത് കുമാര്‍ ആസാദ്,സുബൈര്‍ പടുപ്പ് തുടങ്ങിയവരുമുണ്ടായിരുന്നു.
No comments:
Post a Comment