പി.ഡി.പി.നേതാവ് കെ വി പുരുഷോത്തമന്‍ കുണ്ടംകുഴി മരണപ്പെട്ടു
കാസര്‍കോട് : പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടിയുടെ സമുന്നത നേതാവുമായ കെ വി പുരുഷോത്തമന്‍ കുണ്ടംകുഴി (65) അന്തരിച്ചു. ഇന്നു രാവിലെ ഒമ്പതരയോടെയാണ് മരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് ഉദുമ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുവരുന്നതിനിടയിലാണ് മരണം.
നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്ന പുരുഷോത്തമന്‍ രാജിവെച്ച് പി.ഡി.പി.യില്‍ ചേരുകയായിരുന്നു. പി.ഡി.പി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു. അബ്ദുല്‍ നാസര്‍ മഅദനിയെ കര്‍ണ്ണാടക പോലീസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് അന് വാറുശ്ശേരിയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ നിരാഹാര സമരത്തില്‍ പുരുഷോത്തമന്‍ അഞ്ചുദിവസം നിരാഹാരമനുഷ്ഠിച്ചിരുന്നു. കാസര്‍ഗോഡ് സഫിയ തിരോധാനക്കേസിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംഘടിപ്പിച്ച സമരങ്ങളിലുള്‍പ്പെടെ നിരവധി സമരങ്ങളില് സജീവമായി പങ്കെടുത്തിട്ടുണ്ട്. മൃതദേഹം സ്വദേശമായ കുണ്ടംകുഴിയിലേക്ക് കൊണ്ടുപോയി.
മരണവിവരമറിഞ്ഞ് നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ കുണ്ടംകുഴിയിലെ വസതിയില്‍ എത്തി അനുശോചിച്ചു.
കെ.വി പുരുഷോത്തമന്റെ വിയോഗം പി.ഡി.പിക്ക് കനത്ത നഷ്ടം : ചെയര്‍മാന്‍
കാസര്‍കോട് : പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പുരുഷോത്തമന്‍ കുണ്ടംകുഴിയുടെ വിയോഗംപി.ഡി.പി.ക്ക് കനത്ത നഷ്ടമാണെന്ന്, പാര്‍ട്ടി അംഗങ്ങള്‍ക്ക് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അഭിഭാഷകന്‍ മുഖേന അയച്ച അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പുരുഷോത്തമന്റെ വിയോഗത്തില്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് ആലിയ ഓഡിറ്റോറിയത്തില്‍ അനുശോചനയോഗം നടത്തുവാന്‍ പി.ഡി.പി. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പുരുഷോത്തമന്റെ നിര്യാണത്തില്‍ പി.ഡി.പി. ജില്ലാ നേതാക്കളായ ഐ എസ് സക്കീര്‍ ഹുസൈന്‍, യൂനുസ് തളങ്കര, റഷീദ് ബേക്കല്‍, ഉബൈദ് മുട്ടുന്തുല, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, ഹമീദ് കലിഞ്ചി, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് കുമ്പഡാജെ, നൗഫല്‍ ഉളിയത്തടുക്ക, ഹനീഫ മഞ്ചേശ്വരം, എന്നിവരും പാര്‍ട്ടി പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടിലെത്തി അനുശോചിച്ചുകെ വി പുരുഷോത്തമന്റെ മരണം പോലീസ് പീഡനമെന്ന് പി.ഡി.പി.
കാസര്‍കോട് : പി ഡി പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പുരുഷോത്തമന്റെ മരണം കര്‍ണ്ണാടക പോലീസിന്റെ നിരന്തര പീഡനം മൂലമാണെന്ന് പി ഡി പി നേതാക്കള്‍ ആരോപിച്ചു. കര്‍ണ്ണാടക അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കൊടക് തെക്കേരിയിലെ രഹസ്യക്യാമ്പ് സന്ദര്‍ശിച്ചു എന്നാരോപിച്ച് സാക്ഷി മൊഴി കൊടുത്തവരെ തെഹല്‍ക ലേഖിക ഷാഹിനയും, പി ഡി പി മുന്‍ ജില്ലാ പ്രസിഡണ്ട് സുബൈര്‍ പടുപ്പും അന്ന് ജില്ലാ പ്രസിഡണ്ടായിരുന്ന കെ വി പുരുഷോത്തമന്‍ കുണ്ടംകുഴി എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണ്ണാടക മടിക്കേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഷാഹിനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും സുബൈര്‍ പടുപ്പിനെയും, പുരുഷോത്തമനെയും മടിക്കേരി പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സുബൈര്‍ പടുപ്പും, പുരുഷോത്തമനും ഒളിവില്‍ പോകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കര്‍ണ്ണാടക പോലീസ് പുരുഷോത്തമന്റെ വീട്ടുകാരെ സമീപിച്ച് മാനസീകമായി പീഡിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമതകളും പുരുഷോത്തമനെ അലട്ടിയിരുന്നതായും, ഇതിനു ശേഷമാണ് ഹൃദ്രോഗം ഉണ്ടായതെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു. ഇതിന്റെ മാനസീക പിരിമുറക്കത്തെത്തുടര്‍ന്നാണ് പുരുഷോത്തമന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതെന്നും നേതാക്കള്‍ പറഞ്ഞു
No comments:
Post a Comment