13.5.10

പ്രവാചകനിന്ദ ഗൗരവമായി കാണും- മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍


കരുനാഗപ്പള്ളി: പ്രവാചകനെ നിന്ദിക്കുന്നവിധം തൊടുപുഴയിലും ചുങ്കപ്പാറയിലുമുണ്ടായ സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രവാചകനിന്ദ സാമ്രാജ്യത്യ ഗൂഢാലോചന തിരിച്ചറിയുക എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു സമുദായത്തെ സമൂഹത്തിന്റെ മുന്നില്‍ അവഹേളിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മത നിരപേക്ഷതയുടെ മഹദ്ദര്‍ശനമാണ് ഇസ്‌ലാം. സഹസമൂഹത്തിന്റെ പ്രശ്‌നം ഏറ്റെടുക്കുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് തീവ്രവാദികളും ഭീകരവാദികളുമാകാന്‍ കഴിയില്ല.

സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രവര്‍ത്തനം ചില വ്യക്തികള്‍ നടത്തുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി, തിരുവല്ല ബിഷപ്പ് ജോണ്‍ തുണ്ടുകുളം, ഡോ. എം.എസ്.ജയപ്രകാശ്, മൗലവി ഫാറൂഖ് നഈമി, സൈദ്മുഹമ്മദ് അല്‍ ഖാസിമി, കടയ്ക്കല്‍ ജുനൈദ്, തൊടുപുഴ അലിയാര്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ഇ.കെ.അബ്ദുല്‍ റഷീദ് മൗലവി, മേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, സുനില്‍ ഷാ എന്നിവര്‍ സംസാരിച്ചു.

എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കെ.അബ്ദുല്‍ മന്നാനി മെഡലുകള്‍ സമ്മാനിച്ചു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി പ്രാര്‍ത്ഥനയും മൗലവി സലിമുള്‍ ഹാദി സ്വാഗതവും ഷമീര്‍ തേവലക്കര നന്ദിയും പറഞ്ഞു.

No comments: