13.5.10

സി.പി.ഐ.യുവജന സംഘടനയുടെത് തരം താണ നിരീക്ഷണം : പി.ഡി.പി.


കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണം പി.ഡി.പി.യുമായി വേദി പങ്കിട്ടതാണെന്ന ആരോപണം അഭിസാരികയുടെ ചാരിത്ര പ്രസംഗം പോലെ തരംതാണതാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു.

കേരള മന്ത്രിസഭയിലെ മുഴുവന്‍ സി.പി.ഐ മന്ത്രിമാരും സി.പി.ഐ. അസിസ്റ്റന്റ്റ് സെക്രട്ടറി കെ.ഇ. ഇസ്മയില്‍ അടക്കമുള്ളവരും പി.ഡി.പി.യുടെ തിരഞ്ഞെടുപ്പ് വേദികളിലും പാര്‍ട്ടി സമ്മേളനങ്ങളിലും സംബന്ധിച്ചിട്ടുണ്ട്‌. ഇതിന്റെ ജീവിക്കുന്ന തെളിവുകള്‍ പി.ഡി.പി.യുടെ പക്കലുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സാമ്രാജ്യത്വത്തിനെതിരെ, വിശാല്‍ ഇടതു മതേതര ചേരി എന്ന ലകഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെ ആക്ഷേപിക്കുന്നത് തികച്ചും അനുചിതവും മാന്യതയ്ക്ക് നിരക്കാത്തതുമാണ്.

രാഷ്ട്രീയ സദാചാരത്തിന്റെ ഗീര്‍വാണം മുഴക്കലുകള്‍ നടത്തുന്ന എ.ഐ.വൈ.എഫ്.മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ടാറ്റയുടെ ബംഗ്ലാവില്‍ സൌജന്യമായി താമസിക്കുകയും ടാറ്റയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്ന തങ്ങളുടെ പാര്‍ട്ടി നേതാക്കളെ സദാചാരം പഠിപ്പിക്കണമെന്നും റജീബ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അവഗണനക്കെതിരെ പ്രക്ഷോഭത്തിന്
പി ഡി പി നേതൃത്വം നല്‍കും : സാബു കൊട്ടാരക്കര


ദുബൈ: പ്രവാസികളെ രണ്ടാംതരം പൗരന്മാരായി കാണുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ പി ഡി പി നേതൃത്വം നല്‍കുമെന്ന്‌ സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. വാഗ്‌ദാനങ്ങളല്ലാതെ പ്രവാസികള്‍ അനുഭവിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരണം. നിരന്തരമായ അവഗണനക്കെതിരെ പി ഡി പി, പി സി എഫ്‌ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട്‌ ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ ഈ മാസം 19ന്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും സാബു കൊട്ടാരക്കര പറഞ്ഞു. പി സി എഫ്‌ ദുബൈയില്‍ സംഘടിപ്പിച്ച യു.എ.എ. തല നേതൃസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇല്ല്യാസ്‌ തലശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം പി ഡി പി കാസര്‍കോട്‌ ജില്ലാ പ്രസിഡന്റ്‌ പി എം സുബൈര്‍ പടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. കരീം കാഞ്ഞാര്‍, തൊടിയില്‍ ഇക്‌ബാല്‍ കഴക്കൂട്ടം, ഷാഫി ഹാജി അടൂര്‍, നാസര്‍ ചിറയിന്‍കീഴ്‌, മുഈനുദ്ദീന്‍ ചാവക്കാട്‌, അസീസ്‌ ബാവ തിരുവമ്പാടി, ഹംസ കുറ്റിപ്പുറം എന്നിവര്‍ സംസാരിച്ചു. മുഹമ്മദ്‌ മഅ്‌റൂഫ്‌ സ്വാഗതവും മുഹമ്മദ്‌ മുബാറക്‌ നന്ദിയും പറഞ്ഞു.

നബാലക്ക് കരുത്തും സാന്ത്വനവും നല്‍കാന്‍
മര്‍ദ്ദിതരുടെ നായകന്‍ എത്തി

മണ്ണഞ്ചേരി: ശിരോവസ്ത്ര ധരിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട നബാലക്ക് ആശ്വാസവും കരുത്തും പകരാന്‍ തിരക്കിനിടയിലും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി എത്തി. ശിരോവസ്‌ത്ര നിരോധനം ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്‌കൂളിലെ മാത്രം കാര്യമല്ലെന്നും ഇതിനു പിന്നില്‍ വ്യക്‌തമായ മുസ്ലീംവിരുദ്ധ അജണ്ടയുണ്ടെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മഅ്‌ദനി പറഞ്ഞു. ഗുരുപുരം ബിലീവേഴ്‌സ് ചര്‍ച്ച്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനി മണ്ണഞ്ചേരി കൊടിയന്താറ്റ്‌ നബാലയുടെ വീട്‌ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മഅ്‌ദനി.

മുസ്ലീം വിരുദ്ധ സമീപനമുണ്ടാക്കി മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്‌ തെരുവിലിറക്കി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണിവര്‍. സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണണം.മുസ്ലീം വസ്‌ത്രധാരണത്തിനു സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അതു നിയമപരമാണോയെന്നും സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും വ്യക്‌തമാക്കണമെന്നും മഅ്‌ദനി ആവശ്യപ്പെട്ടു.

സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ പിഡിപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു.

പിഡിപി ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ. മുജീബ്, സെക്രട്ടറി കെ. നാസര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹ്‌നാ റഫീക്, പി.ഐ. നിസാര്‍, അബ്ദുള്‍ കരീം, ഷാജി കൃഷ്ണന്‍ എന്നീ നേതാക്കളും മഅദനിക്കൊപ്പമുണ്ടായിരുന്നു.

No comments: