31.5.10

സാന്ത്വനവുമായി മഅദനി കാസര്‍ഗോഡ്‌




കാസര്‍ഗോഡ്‌ : ശാരീരിക അവശതകള്‍ വകവെക്കാതെ മംഗലാപുരം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി എത്തി. വിമാന ദുരന്തത്തില്‍ മരിച്ച തളങ്കര, നെല്ലിക്കുന്ന്, ഉദുമ പടിഞ്ഞാര്‍, കീഴൂര്‍, ഉപ്പള, നീര്‍ച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ ചെയര്‍മാന്‍ അദ്ദേഹം സന്ദര്‍ശിച്ചു. പി.ഡി.പി. സംസ്ഥാന ജില്ലാ നേതാക്കളും നിരവധി പ്രവര്‍ത്തകരും ചെയര്‍മാനെ അനുഗമിച്ചിരുന്നു (ഫോട്ടോ കടപ്പാട് - കാസര്‍ഗോഡ്‌ വാര്‍ത്ത)
 
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
പി.ഡി.പി. ശക്തി തെളിയിക്കും - ചെയര്‍മാന്‍  


കാസര്‍കോട്‌: മുസ്ലിം സ്‌ത്രീകള്‍ പരിമിതികള്‍ പാലിച്ച്‌ കൊണ്ട്‌ പൊതു രംഗത്തേക്ക്‌ വരണമെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനി ആവശ്യപ്പെട്ടു. കാസര്‍കോട്‌ ഗസ്‌റ്റ്‌ ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്‌ത്രീകള്‍ക്കായി നീക്കി വെച്ചിരിക്കുയാണ്‌. അതുകൊണ്ട്‌ തന്നെ മുസ്ലിം സ്‌ത്രീകള്‍ പൊതു രംഗത്ത്‌ വന്നില്ലെങ്കില്‍ അവര്‍ സമൂഹത്തില്‍ നിന്നും പുറന്തള്ളാന്‍ ഇടയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്‌ പാര്‍ട്ടി സന്നദ്ധമാകാന്‍ തയ്യാറെടുപ്പ്‌ നടത്തിവരികയാണ്‌.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. ശക്തി തെളിയിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ഒറ്റയ്‌ക്കാണ്‌ മത്സരിക്കുക. പ്രാദേശിക കൂട്ടുകെട്ടുകള്‍ ഉണ്ടാക്കും. ജമാഅത്തെ അസ്ലാമി ഒരു മത സംഘടനയാണ്‌. അവര്‍ക്ക്‌ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ അവകാശമുണ്ട്‌. എസ്‌.ഡി.പി.ഐയിലേക്ക്‌ പി.ഡി.പി പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടായിട്ടില്ലെന്ന്‌ ചോദ്യത്തിന്‌ മറുപടിയീയി അദ്ദേഹം പറഞ്ഞു. തട്ടിക്കൂട്ടി ഉണ്ടാക്കുന്ന മുസ്ലിം ഐക്യ വേദിയുമായി പി.ഡി.പിക്ക്‌ യാതൊരു ബന്ധവുമുണ്ടാകില്ല.

രജിസ്‌ട്രേഡ്‌ സംഘടനയാണെങ്കില്‍ അവരുമായി പി.ഡി.പി സഹകരിക്കും. കാസര്‍കോട്ട്‌ സംഘര്‍ഷമുണ്ടായപ്പോള്‍ മുസ്ലിം ഐക്യ വേദി എന്ന പേരില്‍ പ്രകടനം നടത്താനിരുന്നവരില്‍ നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന കാര്യം അറിയില്ലെന്നും മഅ്‌ദനി പറഞ്ഞു. മംഗലാപുരത്ത്‌ വിമാന ദുരന്തം ഉണ്ടായി അതിന്റെ ദു:ഖം നിലനില്‍കെ കാസര്‍കോട്ട്‌ സംഘര്‍ഷം സൃഷ്ടിച്ചത്‌ അപലപനീയമാണ്‌. കണ്ണൂര്‍ ജില്ലയേക്കാള്‍ അപകടകരമായ സാഹചര്യത്തിലേക്കാണ്‌ കാസര്‍കോട്‌ നീങ്ങുന്നത്‌. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ഒന്നിച്ചിരുന്ന ഇതിന്‌ പരിഹാരം കണ്ടെത്തണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി നേട്ടം കൊയ്യാന്‍ ചിലര്‍ ശ്രനിക്കുന്നതായപം അദ്ദേഹം ആരോപിച്ചു. മാനവ സൗഹാര്‍ദ്ദത്തിനായി കൂട്ടായ്‌മ ഉണ്ടാക്കാന്‍ പി.ഡി.പി മുന്‍കൈയെടുക്കും. ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന്‌ മക്കളും ഭാര്യയും ബന്ധുക്കളും സംശയിക്കുന്ന സാഹചര്യത്തില്‍ സത്യം പുറത്ത്‌ വരേണ്ടതുണ്ട്‌. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തുവോ ഇല്ലെയോ എന്ന കാര്യം അറിയില്ല. ജൂണ്‍ 30നുള്ളില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തില്ലെങ്കില്‍ പി.ഡി.പി ജുലൈ ഒന്നു മുതല്‍ നിരാഹാര സമരം സഘടിപ്പിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നാനിയില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി കൂട്ട്‌ കെട്ടുണ്ടാക്കിയതിന്റെ പേരില്‍ പി.ഡി.പിക്ക്‌ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും അതേ രീതിയിലുള്ള ജനപിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ കേസുകളുടെ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ്‌ തന്നെ ചോദ്യം ചെയ്‌തതെന്ന്‌ മഅ്‌ദനി ചോദ്യത്തിന്‌ മറുപടി പറഞ്ഞു. പത്രങ്ങളില്‍ അഞ്ച്‌ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തു എന്നാണ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നത്‌. ഞായറാഴ്‌ച കാസര്‍കോട്ട്‌ നടക്കുന്ന പാര്‍ട്ടി ലീഡേഴ്‌സ്‌ മീറ്റിങ്ങിലും ബദിയഡുക്കയില്‍ വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ നടക്കുന്ന പൊതുയോഗത്തിലും മഅ്‌ദനി പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അജിത്‌ കുമാര്‍ ആസാദ്‌, സുബൈര്‍ പടുപ്പ്‌ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.

മഅ്‌ദനി ചെമ്പരിക്ക ഖാസിയുടെ
വീട്‌ സന്ദര്‍ശിച്ചു

കാസര്‍കോട്‌: മരണപ്പെട്ട ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വീട്‌ ശനിയാഴ്‌ച വൈകിട്ട്‌ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ മക്കളില്‍ നിന്നും മറ്റ്‌ ബന്ധുക്കളില്‍ നിന്നും മഅ്‌ദനി മരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു. വിമാന ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിച്ചു. നിരവധി പി.ഡി.പി നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വെബ്സൈറ്റില്‍ വോട്ടര്‍പട്ടിക ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കണം - പി.ഡി.പി.

മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി.മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്‌ യോഗം ആവശ്യപ്പെട്ടു. ദേശീയ പാതാ വികസനം ബി.ഒ.ടി വ്യവസ്ഥയില്‍ അല്ലാത്ത മുപ്പതു മീറ്റര്‍ മതിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും, വോട്ടവകാശം - സെന്‍സസ് എന്നീ വിഷയങ്ങളില്‍ പ്രവാസികളോടുള്ള അവസാനിപ്പിക്കനമെന്നും ജാതി തിരിച്ചുള്ള സെന്‍സസ് നടത്താന്‍ നടപടി സ്വീകരിക്കണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു. അനിയന്ത്രിതമായ വിലക്കയറ്റം തടയുക, പെട്രോളിയം വില വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ അവാശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്കും എക്സിക്യുട്ടീവില്‍ ധാരണയായി. അടുത്ത ദിവസം ചേരുന്ന ജില്ലാ കൌണ്‍സിലിന്റെ അംഗീകാരത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം കെ.പി.കരുണാകരന്‍ ഉത്ഘാടനം ചെയ്തു. അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്‌, ഹനീഫ പുത്തനത്താണി, ജഅഫര്‍ അലി ദാരിമി, ശശി പൂവന്ചിന, ഇല്യാസ് ടി. കുണ്ടൂര്‍, മുഹമ്മദ്‌ കുട്ടി മങ്കട, നാസ്സര്‍ പാണ്ടിക്കാട്, സക്കീര്‍ പരപ്പനങ്ങാടി, മുഹമ്മദ്‌ സഹീര്‍, സുള്‍ഫിക്കര്‍ അലി പുലാമന്തോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments: