17.8.10

കോയമ്പത്തൂരിന്റെ തനിയാവര്‍ത്തനമാവുമോയെന്ന് ആശങ്ക

Wednesday, August 18, 2010
കോയമ്പത്തൂര്‍: ഭരണകൂടത്തിന്റെ ഇംഗിതത്തിനനുസരിച്ച് ദേശസുരക്ഷയുടെ പേരില്‍ ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ ജയിലുകളില്‍ ഒമ്പത് വര്‍ഷക്കാലത്തിലേറെ വിചാരണ തടവുകാരനായി കഴിഞ്ഞ അബ്ദുന്നാസിര്‍ മഅ്ദനി. വിചാരണനടപടികള്‍ അന്യായമായും അനന്തമായും നീട്ടി തടവില്‍ പാര്‍പ്പിക്കുന്ന നിയമഭീകരതയാണ് കോയമ്പത്തൂര്‍കേസില്‍ കണ്ടത്. 

കോയമ്പത്തൂര്‍ മെഡിക്കല്‍കോളജാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി അമ്പതു ദിവസം ചികിത്സയില്‍ കഴിഞ്ഞത് ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിദിവസങ്ങളിലൊക്കെ മഅ്ദനി ജയിലിലായിരുന്നു. കേസിലെ അല്‍ഉമ്മ നേതാക്കള്‍ ഉള്‍പ്പെടെ മറ്റെല്ലാ പ്രതികള്‍ക്കും മൂന്നുമാസത്തിലൊരിക്കല്‍ പരോള്‍ അനുവദിച്ചിരുന്നെങ്കിലും മഅ്ദനിക്ക് ലഭിച്ചില്ല.  സ്വന്തം ഉമ്മൂമ്മയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോലും കോടതി അനുമതി നല്‍കിയില്ല. 'പോട്ട' പ്രകാരം അറസ്റ്റിലായവര്‍പോലും ജാമ്യത്തിലിറങ്ങുമ്പോഴാണ് മഅ്ദനിയുടെ നേരെ ഭരണകൂടങ്ങളും ജുഡീഷ്യറിയും കടുത്ത നീതിനിഷേധം കാണിച്ചത്. വിചാരണകോടതി മുതല്‍ സുപ്രീംകോടതിവരെ പതിനെട്ടു തവണ ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചു. 
മുഴുവന്‍ കോടതികളും പ്രോസിക്യൂഷന്റെ  സത്യവാങ്മൂലങ്ങളാണ് ഏകപക്ഷീയമായി വിശ്വാസത്തിലെടുത്തത്. മഅ്ദനിയെന്ന 'തീവ്രവാദി'യെ പുറത്തുവിടുന്നത് ദേശസുരക്ഷ അപകടത്തിലാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍വാദം. 

വികലാംഗനും ഒട്ടേറെ രോഗങ്ങള്‍ക്ക് അടിമയുമായ മഅ്ദനി നല്‍കിയ ഹരജികളില്‍ കണേ്ണാടിക്കാന്‍പോലും ഒരു കോടതിയും തയാറായില്ല.  നീതിന്യായ വ്യവസ്ഥയിലുള്ള പൊതു വിശ്വാസത്തിന് ഉലച്ചില്‍ തട്ടുന്ന വിധത്തിലുള്ള സമീപനമാണ് മഅ്ദനിയുടെ കാര്യത്തിലുണ്ടായത്. 
മഅ്ദനിക്ക് ശരീരഭാരം പകുതിയായി കുറഞ്ഞിട്ടും വെപ്പുകാലുമായി ഒട്ടേറെ രോഗങ്ങളുടെ പിടിയില്‍ കഴിയുമ്പോഴും ഒറ്റ തവണ പോലും ഇടക്കാല ജാമ്യം അനുവദിക്കപ്പെട്ടില്ല. തടവുകാരന് ചികില്‍സ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ്. കേരളത്തിലെ ജനസമൂഹം കക്ഷി രാഷ്ട്രീയ സാമുദായിക സാമൂഹിക സംഘടനകളെല്ലാം മഅ്ദനിക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്. മഅ്ദനിക്ക് ഫലപ്രദമായ ചികില്‍സ നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും നടപ്പായില്ല. 

ജയിലില്‍ ക്രൂരമായ പീഡനങ്ങളാണ് മഅ്ദനി അനുഭവിച്ചത്. പ്രാര്‍ഥനകള്‍ തടസ്സപ്പെടുത്തി ഖുര്‍ആന്‍ വലിച്ചുകീറി ഭക്ഷണം തട്ടിത്തെറിപ്പിച്ച് വെപ്പുകാലിലെ ആണികള്‍ അഴിച്ചുമാറ്റി പീഡിപ്പിച്ചു.
വളരെ ദുര്‍ബലമായ കേസില്‍ മഅ്ദനിയെ ഇത്തരമൊരു പീഡനത്തിന് വിധേയമാക്കുന്നതിനു പിന്നില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ പിന്തുണയോടെ  ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചനയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
മഅ്ദനിയെ തമിഴ്‌നാട് സര്‍ക്കാര്‍ കൊടുംതീവ്രവാദിയായാണ് കണക്കാക്കിയത്. 

അതുകൊണ്ടുതന്നെ ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാറിന് മറിച്ചൊരു കാഴ്ചപ്പാട് ഉണ്ടാവാനിടയില്ലെന്നാണ് ഇപ്പോഴത്തെ ആശങ്ക. അദ്വാനി ഉള്‍പ്പെടെയുള്ള വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍ മഅ്ദനിയുടെ ജാമ്യഹരജി പരിഗണിക്കപ്പെടുന്ന അവസരങ്ങളിലൊക്കെ മഅ്ദനിയെ ഭീകരനായി ചിത്രീകരിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
'98 സെപ്റ്റംബര്‍ 28ന് കോയമ്പത്തൂര്‍ അഞ്ചാമത് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പ്രാഥമിക കുറ്റപത്രം നല്‍കി. 

'99 മാര്‍ച്ച് പത്തിന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ മഅ്ദനിയുടെ മേല്‍ ചുമത്തിയ എന്‍.എസ്.എ പിന്‍വലിച്ചുവെങ്കിലും ജാമ്യം നിഷേധിക്കപ്പെടുന്നത് തുടര്‍ക്കഥയായി മാറുകയായിരുന്നു.
2007 ആഗസ്റ്റ് ഒന്നിന് മഅ്ദനിയുടെ പേരിലുള്ള കുറ്റം തെളിയിക്കാനാവാത്തതിന്റെ പേരില്‍ പ്രത്യേക കോടതി വെറുതെവിട്ടു. 

ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് പ്രതി കുറ്റവാളിയാണെന്ന് അവസാന കോടതി അന്തിമ വിധി കല്‍പിക്കുന്നതുവരെ  നിരപരാധിയാണ്. ഈ നിലയില്‍ ഒമ്പതുവര്‍ഷക്കാലത്തിലധികം ജയില്‍വാസം അനുഭവിച്ചു തീര്‍ത്ത മഅ്ദനിയോട് ഇന്ത്യന്‍ ശിക്ഷാ നിയമം എന്തു വിശദീകരണമാണ് നല്‍കുകയെന്ന ചോദ്യം ഉയരുന്നു. 

കെ. രാജേന്ദ്രന്‍

മഅ്ദനി അറസ്റ്റില്‍

Wednesday, August 18, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയില്‍ കീഴടങ്ങാന്‍ ഇറങ്ങവെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.15 ന് അദ്ദേഹം താമസിക്കുന്ന അന്‍വാര്‍ശ്ശേരിയില്‍ നിന്ന് വാര്‍ത്താസമ്മേളനത്തിനും മധ്യാഹ്‌ന നമസ്‌കാരത്തിനും പ്രാര്‍ഥനക്കും ശേഷം കരുനാഗപ്പള്ളി കോടതിയിലേക്ക് പോകാനിറങ്ങവെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഓംകാരയ്യയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

2008 ആഗസ്റ്റ് 25 ന് ബംഗളൂരുവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇതില്‍ 31 ാം പ്രതിയാണ് മഅ്ദനി. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ഒമ്പതരവര്‍ഷം ജയില്‍വാസം അനുഷ്ഠിച്ചശേഷം കുറ്റവിമുക്തനായി 2007 ആഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ മഅ്ദനി മൂന്ന് വര്‍ഷത്തിനും 16 ദിവസത്തിനും ശേഷം (1111 ദിവസം) വീണ്ടും ജയിലിലേക്ക് നീങ്ങുകയാണ്. 

വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് അന്‍വാര്‍ശ്ശേരി കോമ്പൗണ്ടിലെ പള്ളിയില്‍ മധ്യാഹ്‌ന നമസ്‌കാരത്തിന് ശേഷം അനാഥാലയ വിദ്യാര്‍ഥികളോടൊപ്പം പ്രാര്‍ഥനയിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് അവിടെയുണ്ടായിരുന്ന പി.ഡി.പി നേതാക്കളും അനാഥകുട്ടികളും വിതുമ്പലോടെ മഅ്ദനിയെ വാഹനത്തിലേക്ക് കയറ്റി. മൂത്ത മകന്‍ ഉമര്‍ മുഖ്താര്‍ ബാപ്പക്ക് ചുംബനം നല്‍കി. വാഹനം നീങ്ങിത്തുടങ്ങവെ ജില്ലാ പൊലീസ് സൂപ്രണ്ട് ഹര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയുടെ ഗേറ്റ് കടന്നെത്തിയ പൊലീസ് സംഘം വാഹനം തടഞ്ഞ് അറസ്റ്റ് വാറണ്ട് നല്‍കുകയുമായിരുന്നു. വാറണ്ട് കാണിച്ചയുടന്‍ അത് സ്വീകരിക്കുന്നുവെന്ന് മഅ്ദനി പറയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

അതോടെ വാഹനത്തിന്റെ നിയന്ത്രണം മഅ്ദനിയുടെ ഡ്രൈവറില്‍ നിന്ന് പൊലീസ് ഡ്രൈവര്‍ ഏറ്റെടുത്തു. മഅ്ദനി പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ അന്‍വാര്‍ശ്ശേരിയും പരിസരവും അവിടേക്കുള്ള എല്ലാ വഴികളും പൊലീസ് നിയന്ത്രണത്തിലാക്കിയിരുന്നു. ബംഗളൂരു സിറ്റി പൊലീസ് ജോയന്റ് കമീഷണര്‍ അലോക്കുമാര്‍, ഡെപ്യൂട്ടി കമീഷണര്‍ ഓംകാരയ്യ എന്നിവരും എസ്.പിയോടൊപ്പമുണ്ടായിരുന്നു. ദക്ഷിണമേഖലാ ഐ.ജി എ. ഹേമചന്ദ്രനും സ്ഥലത്തെത്തി. വാഹനത്തില്‍ മഅ്ദനിയോടൊപ്പം കയറിയിരുന്ന ഭാര്യ സൂഫിയാ മഅ്ദനി, പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് എന്നിവര്‍ ഒഴികെയുള്ളവരെ പുറത്തിറക്കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാമധ്യേ കൊട്ടാരക്കര കെ.എസ്.ഇ.ബി സബ്‌സ്‌റ്റേഷന് സമീപംവാഹനത്തിന്റെ ബ്രേക്ക് തകരാറിലായി. തുടര്‍ന്ന് മഅ്ദനിയേയും സൂഫിയയെയും പൊലീസ് വാഹനത്തിലേക്ക് മാറ്റിയാണ് യാത്ര തുടര്‍ന്നത്. 15 മിനിറ്റിലധികം വഴിയരികില്‍ മഅ്ദനിയുമായി പോയ പൊലീസ് വ്യൂഹം കിടന്നു. അലോക്കുമാറും  ഓംകാരയ്യയും  സഞ്ചരിച്ചിരുന്ന വാഹനത്തിലായിരുന്നു മഅ്ദനിയുടെ തുടര്‍യാത്ര.

ഉച്ചക്ക് 12 ന് വാര്‍ത്താസമ്മേളനം നടത്തി കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ മഅ്ദനി ഈ കുടുക്കില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും തനിക്ക് വേണ്ടി വിശ്വാസികളും കേരള സമൂഹവും പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സുപ്രീംകോടതി വിധിക്ക് കാത്തിരിക്കാതെ നിയമത്തിന് മുമ്പില്‍ കീഴടങ്ങുമെന്ന തന്റെ വാഗ്ദാനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനാഥാലയവും പള്ളിയും നിലനില്‍ക്കുന്ന അന്‍വാര്‍ശ്ശേരിയിലേക്ക് പൊലീസിനെ കയറ്റി പൊലീസ് രാജിന് അവസരം നല്‍കാതിരുന്ന സംസ്ഥാന സര്‍ക്കാറിനെ  അദ്ദേഹം പ്രശംസിച്ചു. 

ഏത് കോടതിയിലേക്കാണ് കീഴടങ്ങാന്‍ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. കര്‍ണാടക പൊലീസിന് കൈമാറരുതെന്ന് കോടതിയില്‍ താനായി അഭ്യര്‍ഥിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്ന് സീനിയര്‍ അഭിഭാഷകന്‍  രാമന്‍പിള്ളയെയാണ് കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം കരുനാഗപ്പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു. ശാസ്താംകോട്ട കോടതിയില്‍ കീഴടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അവിടെ മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ കരുനാഗപ്പള്ളി കോടതിയില്‍ കീഴടങ്ങാനായിരുന്നു തീരുമാനം. 

അത്യന്തം വികാരനിര്‍ഭരമായിരുന്നു വാര്‍ത്താസമ്മേളനവും നമസ്‌കാരത്തിന് ശേഷം നടന്ന പ്രാര്‍ഥനയും. പ്രാര്‍ഥന കഴിഞ്ഞ് നിറകണ്ണുകളോടെയാണ് അനാഥാലയത്തിലെ കുട്ടികളും പി.ഡി.പി നേതാക്കളും അവിടെയുണ്ടായിരുന്ന സ്ത്രീകളും അദ്ദേഹത്തെ യാത്രയാക്കിയത്. വാവിട്ട് നിലവിളിച്ച സ്ത്രീകളെ വനിതാ പൊലീസുകാര്‍ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. വാഹനം നീങ്ങിത്തുടങ്ങവെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘമെത്തിയതോടെ പി.ഡി.പി നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പൊലീസ് അവിടമാകെ വളഞ്ഞു. ഇതിനിടെ ശാസ്താംകോട്ട പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നിന്ന് ആംബുലന്‍സും എത്തി. 1.20ന് ഡിവൈ.എസ്.പി പ്രസന്നകുമാര്‍ 'റെഡി' യെന്ന് പറഞ്ഞു. 1.22ന് വാഹനവ്യൂഹം പതുക്കെ നീങ്ങി, 1.25ന് അന്‍വാര്‍ശ്ശേരിയിലെ കവാടം കടന്നു. 

ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2010 ജൂണ്‍ 11നാണ് മഅ്ദനിയെ 31ാം പ്രതിയാക്കി ബംഗളൂരു അഡീഷനല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂണ്‍ 15ന് മഅ്ദനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് അതിവേഗ സെഷന്‍സ് കോടതിയിലും കര്‍ണാടക ഹൈകോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജികള്‍ നിരസിക്കപ്പെട്ടു. ആഗസ്റ്റ് മൂന്നിനാണ് കര്‍ണാടക ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്. സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയും  കര്‍ണാടക ഹൈകോടതിയില്‍ കുറ്റപത്രം ഉള്‍പ്പെടെ നടപടികള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും മഅ്ദനി സമര്‍പ്പിച്ചിരുന്നു. 

ആഗസ്റ്റ് എട്ടിനാണ് കര്‍ണാടക പൊലീസ് സംഘം മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊല്ലത്തെത്തിയത്. അന്ന് മുതല്‍ അന്‍വാര്‍ശ്ശേരിയും പരിസരവും പൊലീസ് നിയന്ത്രണത്തിലായിരുന്നു. ഏത് നിമിഷവും അറസ്റ്റ് നടക്കുമെന്ന പ്രതീതിയിലായിരുന്നു ഇവിടം. രാഷ്ട്രപതിയുടെ സന്ദര്‍ശനവും സ്വാതന്ത്ര്യദിനവും മൂലം അറസ്റ്റ് നീണ്ടു. ഈ ഇടവേളയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ മഅ്ദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. താന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് ഞായറാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ച അറസ്റ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യമില്ലാ വാറണ്ടിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ തിങ്കളാഴ്ച ബംഗളൂരു പൊലീസ് സമ്മര്‍ദം ശക്തമാക്കി.  600 ഓളം പൊലീസുകാരെയാണ് അന്‍വാര്‍ശ്ശേരിയിലും പരിസരത്തും വിന്യസിച്ചിരുന്നത്. മഅ്ദനിയുടെ യാത്രാവഴിയില്‍ അറസ്റ്റ് വിവരം അറിഞ്ഞെത്തിയ ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

നടപ്പായത് ബി.ജെ.പിയുടെ ദേശീയ അജണ്ട

Wednesday, August 18, 2010
ന്യൂദല്‍ഹി: കേരളത്തിലെ കോടതിയില്‍ കീഴടങ്ങാനും, സുപ്രീം കോടതിയിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കാനുമുള്ള അബ്ദുന്നാസിര്‍ മഅ്ദനിയുടെ ശ്രമങ്ങള്‍ തടഞ്ഞതിലൂടെ നടപ്പായത് ബി.ജെ.പിയുടെ ദേശീയ അജണ്ട. ജാമ്യം ലഭിക്കും മുമ്പ് മഅ്ദനിയെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ കേസുകളില്‍ കൂടി പ്രതി ചേര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് കര്‍ണാടക പൊലീസിന് ഇതിലൂടെ സാവകാശം ലഭിച്ചു.

ജാമ്യം നേടും മുമ്പ് മഅ്ദനിയെ പരമാവധി കേസുകളില്‍ പ്രതിയാക്കി, ഇതിനകം ഈ തീവ്രവാദ കേസുകളില്‍പ്പെട്ട മലയാളികള്‍ കുടുങ്ങിയ സമാന സാഹചര്യത്തില്‍ അകപ്പെടുത്താനാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് സഹായിച്ചതിനാണ് അവസാന നിമിഷമെങ്കിലും മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയതിന് കര്‍ണാടക പൊലീസ് കേരള പൊലീസിനോട് പരസ്യമായി നന്ദി പറഞ്ഞത്. 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നേരിട്ട് കൈകാര്യം ചെയ്യുന്ന അഹ്മദാബാദ് സ്‌ഫോടനക്കേസാണ് മഅ്ദനിക്കെതിരെ ബി.ജെ.പി ലക്ഷ്യമിടുന്ന കേസുകളില്‍ ഏറ്റവും പ്രധാനം.  
56 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 കേസുകള്‍ മോഡിയുടെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഹ്മദാബാദ് സ്‌ഫോടനക്കേസില്‍പ്പെടുത്തിയാല്‍ ഒരേ സമയം 16 കേസുകളില്‍ മഅ്ദനി പ്രതി ചേര്‍ക്കപ്പെടും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക സര്‍ക്കാറുകളുമായി സഹകരിച്ചാണ് ഗുജറാത്ത് പൊലീസ് നിരവധി പേരെ ഈ കേസില്‍പ്പെടുത്തിയത്. ഇതില്‍ പലരെയും തെളിവില്ലാത്തതിനെ തുടര്‍ന്ന് കോടതി വിട്ടയച്ച സംഭവവുമുണ്ടായി.

അഹ്മദാബാദ് സ്‌ഫോടനത്തിന്റെ പിറ്റേന്ന് 2008 ജൂലൈ 27ന് മോഡിയുടെ പൊലീസ് പിടികൂടിയ മൗലവി അബ്ദുല്‍ ഹലീം ശംസുദ്ദീന്‍ ഖാനെ തെളിവില്ലെന്ന് കണ്ട് 2009 നവംബര്‍ 24ന് കോടതി വിട്ടയച്ചു. ഇതിനകം മൂന്ന് തവണ ഈ സ്‌ഫോടനത്തിലെ മുഖ്യ ആസൂത്രകരെ മോഡിയുടെ പൊലീസ് മാറ്റിപ്പറഞ്ഞിട്ടുണ്ട്.  
ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായുടെ അറസ്റ്റിന് ശേഷം തീവ്രവാദ വേട്ടയുടെ മറവില്‍ നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളുടെ പേരില്‍ നരേന്ദ്ര മോഡിയെ കൂടി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് സി.ബി.ഐ. ഇതിനിടയിലാണ് ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാറുകള്‍ ചേര്‍ന്ന് മഅ്ദനിയെ ദേശീയ തലത്തില്‍ ആയുധമാക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും സഹായിച്ച അറിയപ്പെടുന്ന മുസ്‌ലിം നേതാവിനെ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി മുസ്‌ലിം ഭീകരതയുടെ പേരില്‍ ജയിലില്‍ അടച്ചാല്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഒരേസമയം നിശ്ശബ്ദരാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. 

കേരള പൊലീസിന് മേല്‍ ഇതിനായി ശക്തമായ സമ്മര്‍ദമാണ് ബി.ജെ.പി നടത്തിയത്. ജാമ്യം കിട്ടും മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിക്കാന്‍ കേരള പൊലീസില്‍ സമ്മര്‍ദം ചെലുത്തുന്നതിന് കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി രാജ്യസഭയിലെത്തിച്ച പ്രമുഖ എം.പിയുടെ ഉടമസ്ഥതയിലുള്ള കന്നഡയിലെയും മലയാളത്തിലെയും രണ്ടു ചാനലുകളെയും ഉപയോഗിച്ചു. അടുത്ത 15 വര്‍ഷത്തേക്കുള്ള ബി.ജെ.പിയുടെ ദേശീയ തലത്തിലുള്ള നയരൂപവത്കരണ ചുമതല ബി.ജെ.പി ഏല്‍പിച്ചിരിക്കുന്നത് ഈ എം.പിയെയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് അഞ്ചിലേറെ തവണയാണ് ഇതിലൊരു ചാനലിന്റെ ലേഖകന്‍ കൊച്ചിക്കും ബംഗളൂരുവിനുമിടയില്‍ പറന്നത്.

അന്ന് അര്‍ധരാത്രി; ഇന്ന് പട്ടാപ്പകല്‍

Wednesday, August 18, 2010
തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷം മുമ്പത്തെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. ചെറിയൊരു മാറ്റത്തോടെ. അന്ന് അറസ്റ്റ് അര്‍ധരാത്രി വീട് വളഞ്ഞ്. ഇപ്പോള്‍ കീഴടങ്ങാന്‍ പുറപ്പെടവെ കര്‍ണാടക പൊലീസിന് വേണ്ടി പട്ടാപ്പകല്‍.
അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ സമയത്തിന്റെ വ്യത്യാസമൊഴിച്ചാല്‍ ബാക്കി എല്ലാകാര്യങ്ങളിലും സമാനതകള്‍ ഏറെ. രണ്ട് അറസ്റ്റും ഇടതുസര്‍ക്കാറിന്റെ കാലത്ത്. വീണ്ടും മറ്റൊരു സംസ്ഥാനത്തെ ഇരുമ്പഴിക്കുള്ളിലേക്ക് റമദാന്‍ വ്രതവുമായാണ് മഅ്ദനി യാത്രതിരിച്ചത്.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 1994ല്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന കേസിന്റെ പേരിലായിരുന്നു മഅ്ദനിയെ കേരള പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തത്. 1998 മാര്‍ച്ച് 31ന് അര്‍ധരാത്രി കൊച്ചി കലൂരില്‍ അശോകാ റോഡിലുള്ള  വീട് വളഞ്ഞായിരുന്നു അറസ്റ്റ്. കോഴിക്കോട് ടൗണ്‍ സി.ഐയും ഇപ്പോള്‍ എസ്.പിയുമായ എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ഇത്.  മാര്‍ച്ച് 31ന് രാത്രി തന്നെ കോഴിക്കോട്ടേക്ക് കൊണ്ടു പോയ മഅ്ദനിയെ അവിടെ കസബ സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചത്. ഒരു ദിവസം അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. അതിന് ശേഷം ഏതാനും ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.  ദിവസങ്ങള്‍ക്കകം തമിഴ്‌നാട് പൊലീസ് മഅ്ദനിയെ ആവശ്യപ്പെട്ട് കേരളത്തിലെത്തി. കോയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി വന്ന തമിഴ്‌നാട് പൊലീസിന് 1998 ഏപ്രില്‍ ഒമ്പതിന് മഅ്ദനിയെ കൈമാറി.
കോയമ്പത്തൂര്‍ സ്‌ഫോടന കേസിനായി മഅ്ദനിയെ കേരള പൊലീസ് മറ്റൊരു കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് കൈമാറി എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മഅ്ദനിയെ പിടിച്ചുകൊടുത്തത് തങ്ങളാണെന്ന് വീരവാദം മുഴക്കുകയും സര്‍ക്കാറിന്റെ പ്രസിദ്ധീകരണത്തില്‍ നേട്ടമായി ഇത് രേഖപ്പെടുത്തുകയും ചെയ്തു. 

ഇപ്പോഴത്തേത് പോലെ അന്നും മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുടെ പേരിലാണ് മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ ഉള്‍പ്പെടുത്തിയത്. ആദ്യം പ്രതിപ്പട്ടികയില്‍ അവസാനമായിരുന്ന അദ്ദേഹം പിന്നീട് ്രപധാന പ്രതികളിലൊരാളായി മാറുകയും ചെയ്തു. കോയമ്പത്തൂര്‍ കേസിലെന്ന പോലെ ബംഗളൂരു കേസിലും അങ്ങനെ സംഭവിക്കാമെന്ന ആശങ്കയാണ് പൊതുവെ. അന്ന് അറസ്റ്റിലായ അദ്ദേഹം ഒമ്പതര വര്‍ഷം കാരാഗൃഹത്തിലായിരുന്നു. ജാമ്യാപേക്ഷകളുമായി കോടതി പലത് കയറിയെങ്കിലും വിധി അനുകൂലമായില്ല്‌ള. ഒടുവില്‍ പ്രത്യേക കോടതി 2007 ആഗസ്റ്റ് ഒന്നിനാണ് മഅ്ദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. ഒമ്പതര വര്‍ഷത്തിന് ശേഷം മഅ്ദനി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് മടങ്ങി വന്നു.
ഇപ്പോള്‍ 2008 ജൂലൈ 25 ബംഗളൂരു നഗരത്തില്‍ ഉണ്ടായ ഒമ്പത് സ്‌ഫോടനങ്ങളുടെ പേരില്‍ ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.അതും ജയില്‍മോചിതനായി പുറത്ത് വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കകം. 

ഒരാഴ്ച നീണ്ട ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനുമൊടുവില്‍ കോടതിയില്‍ കീഴടങ്ങാന്‍ പോയ മഅ്ദനിയെ പൊലീസ് വന്‍ സന്നാഹത്തോടെ അറസ്റ്റ് ചെയ്തു. 98ലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു സര്‍ക്കാര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കര്‍ണാടകയ്ക്ക് നല്‍കാന്‍ തയാറായില്ല. അതിന്റെ പേരിലായിരുന്നു ഈ ആശയക്കുഴപ്പം. രണ്ട് സര്‍ക്കാറുകള്‍ തമ്മിലുള്ള തര്‍ക്കമായി പോലും അതു വളര്‍ന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്ത് നല്‍കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ സര്‍ക്കാറിന് ബോധ്യമുണ്ടായിരുന്നു. അതേസമയം കൂടുതല്‍ സംയമനത്തോടെ പ്രകോപനങ്ങളില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പറയാനുള്ളതെല്ലാം പറഞ്ഞിട്ടാണ് മഅ്ദനി പോയത്. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ കോടതിയില്‍ മൊഴി നല്‍കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. 

മുക്കാല്‍ മണിക്കൂര്‍ മുമ്പ് ജാമ്യസാധ്യത തകിടം മറിച്ചു

Wednesday, August 18, 2010
ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനിക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത മുക്കാല്‍ മണിക്കൂറിന്റെ വ്യത്യാസത്തില്‍ തകിടം മറിഞ്ഞു. മഅ്ദനിയെ അറസ്റ്റു ചെയ്തത് ഉച്ചക്ക് ഒന്നേകാലിന്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചത് രണ്ടു മണിക്ക്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് 45 മിനിറ്റു മുമ്പ് അറസ്റ്റ് നടന്നതോടെ ജാമ്യസാധ്യത വഴുതിപ്പോയി. 

സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത അടച്ചു കൊണ്ട് അവസാന ദിവസം കര്‍ണാടക സര്‍ക്കാര്‍ തന്ത്രപരമായാണ് നീങ്ങിയത്. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന രണ്ടു മണിക്കു മുമ്പ് അറസ്റ്റ് നടന്നു കഴിഞ്ഞാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമാവുമെന്ന് നിയമവൃത്തങ്ങളില്‍ നേരത്തേ തന്നെ ചര്‍ച്ചയുണ്ടായിരുന്നു. അതിനൊത്തു തന്നെ കര്‍ണാടകം ചൊവ്വാഴ്ച മുന്നോട്ടു നീങ്ങി. 

കര്‍ണാടക പൊലിസ് കേരളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മഅ്ദനി മുന്‍കൂര്‍ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന്, പ്രത്യേകാനുവാദ ഹരജി ഏറ്റവും നേരത്തേ പരിഗണിക്കണമെന്ന് തിങ്കളാഴ്ച അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് കേസ് പരിഗണിക്കാന്‍ കോടതി നിശ്ചയിച്ചത്.  ഇതോടെ, കേസ് പരിഗണിക്കുന്നതിനു മുമ്പു തന്നെ അറസ്റ്റ് നടത്താന്‍ കര്‍ണാടക പൊലീസ് മറുവഴിക്ക് മുന്നോട്ടു നീങ്ങി; കേരള പൊലിസ് സര്‍വസന്നാഹം ഒരുക്കി. 

മഅ്ദനിയുടെ ജാമ്യാപേക്ഷ രണ്ടു മണിക്ക് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ തന്നെ, മഅ്ദനിയെ ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞതായും ജാമ്യാപേക്ഷക്ക് ഇനി പ്രസക്തിയില്ലെന്നും കര്‍ണാടകത്തിന്റെ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ കോടതിയെ ധരിപ്പിച്ചു. എന്നാല്‍, കോടതി കേസ് രണ്ടു മണിക്ക് പരിഗണിക്കാനിരിക്കെ, അറസ്റ്റ് ചെയ്ത നടപടിയെ മഅ്ദനിയുടെ അഭിഭാഷകന്‍ പിനാകി മിശ്ര ചോദ്യം ചെയ്തു. 

കേസ് പരിഗണിക്കുന്നതിനിടയില്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്‌ഡേയ കട്ജുവും ടി.എസ് താക്കൂറും ഉള്‍പ്പെട്ട ബെഞ്ച് രണ്ടുവട്ടം ആവര്‍ത്തിച്ചു പറഞ്ഞത് അറസ്റ്റ് നടന്നു കഴിഞ്ഞ കാര്യമാണ്: 'അറസ്റ്റ് ഇതിനകം നടന്നു കഴിഞ്ഞു. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായി. ഇനി ചെയ്യാനുള്ളത് ബന്ധപ്പെട്ട കോടതിയില്‍ സാധാരണ ജാമ്യാപേക്ഷ നല്‍കുകയാണ്. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനും അപേക്ഷിക്കാം'.

മഅ്ദനിയുടെ ആരോഗ്യ നില, പതിറ്റാണ്ടോളം ജയിലില്‍ കിടന്ന ശേഷം കുറ്റവിമുക്തനായ കാര്യം, മനുഷ്യാവകാശ പ്രശ്‌നം എന്നിവ കോടതിയെ അഭിഭാഷകന്‍ ബോധ്യപ്പെടുത്തിയപ്പോഴും, അറസ്റ്റു നടന്നു കഴിഞ്ഞ കാര്യമാണ് കോടതി ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയത്. 'ജാമ്യാപേക്ഷ ഞങ്ങള്‍ക്ക് എങ്ങനെ പരിഗണിക്കാന്‍ കഴിയും?' കോടതി ചോദിച്ചു. ആവശ്യമായ ചികില്‍സക്ക് ബന്ധപ്പെട്ട കോടതിയില്‍ മഅ്ദനിക്ക് അപേക്ഷിക്കാം. ജാമ്യത്തിന് വീണ്ടും മഅ്ദനി അപേക്ഷിക്കുമ്പോള്‍,  നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിലെ നിഗമനങ്ങളൊന്നും ബാധിക്കരുതെന്നും കോടതി പറഞ്ഞു. അറസ്റ്റ് കഴിഞ്ഞതിനാല്‍, ജാമ്യം നല്‍കുന്നതിന്റെ വിവിധ വശങ്ങളിലേക്കൊന്നും കോടതി കടന്നില്ല

'ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുവരാം...'

Wednesday, August 18, 2010
തിരുവനന്തപുരം: ആയിരങ്ങളെ സാക്ഷി നിര്‍ത്തി താനിനി തെറ്റായ മാര്‍ഗത്തിലേക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ മണ്ണില്‍ ഒരിക്കല്‍ക്കൂടി കാലൂന്നി അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു 'ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുവരാം'. കര്‍ണാടകയില്‍ ബി.ജെ.പി ഭരിക്കുന്നതിനാല്‍ തന്റെ അറസ്റ്റിനെ വര്‍ഗീയ പ്രശ്‌നമായി കാണരുത്.  അവിടത്തെ  സര്‍ക്കാറും പൊലീസും  ഗൂഢാലോചന നടത്തി ചതിച്ചില്ലെങ്കില്‍ മടങ്ങിവന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ആശങ്ക കലര്‍ന്ന വാക്കുകളില്‍ മഅ്ദനി സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍ ശംഖുംമുഖം കടല്‍ത്തീരത്ത് നടന്ന സ്വീകരണ യോഗത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി താനിനി തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ മഅ്ദനി ചൊവ്വാഴ്ച അതേ ശംഖുംമുഖത്തെ വിമാനത്താവളത്തില്‍ ബംഗളൂരു സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായി എത്തുമ്പോള്‍  അക്ഷരാര്‍ഥത്തില്‍ ദുഃഖിതനായിരുന്നു. 

തന്റെ ദുഃഖം മനസ്സിലടക്കി പ്രതീക്ഷയുള്ള വാക്കുകള്‍ പറഞ്ഞ് അദ്ദേഹം മടങ്ങി.  തിരിച്ചുവരുമോയെന്ന ആശങ്ക അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു

ഞാന്‍ നിരപരാധി; പ്രാര്‍ഥിക്കുക -മഅ്ദനി

Wednesday, August 18, 2010
കൊല്ലം: ഞാന്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ട്, ജാതിമത വ്യത്യാസമില്ലാതെ എന്നെ സ്‌നേഹിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കേരളീയ സമൂഹത്തോട് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത കടപ്പാടും പ്രതിബദ്ധതയുമുണ്ട്. സര്‍വശക്തനായ ദൈവത്തിന് മാത്രമേ എന്നെ ഈ കുടുക്കില്‍ നിന്ന് രക്ഷിക്കാനാവൂ. അതിനാല്‍ എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും എനിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ തളര്‍ന്നുവീണുപോയ എന്റെ പിതാവിനും വേണ്ടി വിശ്വാസികളും ജനങ്ങളും പ്രാര്‍ഥിക്കണം. അതുമാത്രമാണ് എന്റെ രക്ഷ. ബംഗളൂരു സ്‌ഫോടനകേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് കീഴടങ്ങാന്‍ പോകുന്ന വിവരം അറിയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി പറഞ്ഞു. പിതാവിന്റെ തളര്‍ച്ചയെകുറിച്ച് പറഞ്ഞപ്പോള്‍ വിതുമ്പിയ അദ്ദേഹം സംസാരത്തിനിടെ കണ്ണുതുടച്ചപ്പോള്‍ കരച്ചിലാണെന്ന് തെറ്റിദ്ധരിക്കരുതെന്ന അഭ്യര്‍ഥനയും നടത്തി. 

കോടതിയോടും നിയമത്തോടുമുള്ള ആദരവ് കൊണ്ടാണ്. ജീവിതത്തില്‍ ദൈവം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു സംവിധാനത്തെ  ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കോടതിയെ മാത്രമാണ്. ബംഗളൂരു സ്‌ഫോടനകേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്ന് അറിഞ്ഞ അന്നു മുതല്‍ നിയമവിധേയനായ ഒരാള്‍ ചെയ്യേണ്ടതുമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. കോടതികളുടെ പരിരക്ഷ നേടാനുള്ള ശ്രമമാണ് നടത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയല്ല പോകുന്നത്. അതിനുവേണ്ടിയല്ല ഇത്തരം കുടുക്കുകള്‍ ഒപ്പിച്ചതെന്ന് തനിക്കറിയാം. ആ ബോധ്യത്തോടുകൂടി തന്നെയാണ് കീഴടങ്ങുന്നത്. ഇനി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വരെ തനിക്ക് പങ്കാളിത്തമുണ്ടെന്ന വാര്‍ത്തകള്‍ വന്നേക്കാം-മഅ്ദനി പറഞ്ഞു. 

എനിക്ക് പറയാനുള്ളത് കോടതിയില്‍ പറയാം എന്നുകരുതിയാണ് അവിടെ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഒരു രേഖയായി അത് കിടക്കട്ടേയെന്ന് കരുതി. കഴിഞ്ഞ ദിവസം ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്തത് മതവിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആരോപണം ശരിയല്ല. ആ ഖുര്‍ആന്‍ ആണ് മര്‍ദിതര്‍ക്ക് വേണ്ടിയും തീവ്രവാദത്തിനെതിരെയും നിലകൊള്ളാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.  തന്റെ അറസ്റ്റിനെ ഒരു മുസ്‌ലിം -ഹിന്ദു പ്രശ്‌നമായി ഒരിക്കലും കണ്ടിട്ടില്ല. അങ്ങനെ ഉണ്ടാകാനുള്ള അവസരവും സൃഷ്ടിക്കില്ല. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ജാമ്യ, ചികിത്സാ അപേക്ഷ വേഗത്തില്‍ കേള്‍ക്കണം -സുപ്രീംകോടതി

Wednesday, August 18, 2010
ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പു തന്നെ അറസ്റ്റ് നടന്നു കഴിഞ്ഞിരുന്നു. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായി മാറിയെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. താക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് മഅ്ദനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളിയത്. 

വിചാരണക്കോടതിയില്‍ മഅ്ദനിക്ക് സാധാരണ രീതിയിലുള്ള ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനും ആവശ്യമായ ചികിത്സക്കും അപേക്ഷിക്കാം. മഅ്ദനി അപേക്ഷ നല്‍കുന്ന പക്ഷം ഇക്കാര്യങ്ങള്‍ വേഗത്തില്‍ പരിഗണിക്കണം. നേരത്തെ, കര്‍ണാടക കോടതികളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്തെ പരാമര്‍ശങ്ങളോ സാഹചര്യങ്ങളോ ബാധകമാകാതെ ഈ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

മഅ്ദനിയുടെ ആരോഗ്യനിലയും പതിറ്റാണ്ടോളം തടവില്‍ കിടന്നശേഷം മുമ്പ് കുറ്റവിമുക്തനായ വ്യക്തിയാണെന്ന കാര്യവും അഭിഭാഷകനായ പിനാകി മിശ്ര ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യങ്ങള്‍ എടുത്തു പറഞ്ഞത്. 

എ.എസ്. സുരേഷ്‌കുമാര്‍

കനത്ത സുരക്ഷയില്‍ മഅ്ദനിയെ ബംഗളുരുവിലെത്തിച്ചു

Wednesday, August 18, 2010
ബംഗളൂരു: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് മധ്യേ ബംഗളുരു സ്‌ഫോടനക്കേസിലെ 31ാം പ്രതി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളുരു വിമാനത്താവളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രാത്രി 7.45ന് പുറപ്പെട്ട കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി 9.15നാണ് മഅ്ദനിയെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ അലോക് കുമാര്‍, ഡി.എസ്.പി എച്ച്.എം. ഓംകാരയ്യ, ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പ എന്നിവരും മഅ്ദനിക്കൊപ്പമുണ്ടായിരുന്നു. 

മഅ്ദനിയുടെ വരവ് പ്രതീക്ഷിച്ച് വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്പടക്ക് പിടികൊടുക്കാതെ കാര്‍ഗോ ഗേറ്റ് വഴിയാണ് മഅ്ദനിയെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. അലോക് കുമാറും മൂന്ന് പൊലീസുകാരും അറൈവല്‍ ടെര്‍മിനലിലൂടെ പുറത്തെത്തി. പ്രധാന കവാടത്തില്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അലോക് കുമാര്‍ പ്രതികരിച്ചില്ല. പിന്നീട് മഅ്ദനിയെ ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേഡ് ഗുരിഗിയുടെ കോറമംഗലയിലെ വീട്ടില്‍ ഹാജരാക്കുന്നതിന് കൊണ്ടുപോയി. മഅ്ദനിയെ കൊണ്ടുവരുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. സി.ഐ.എസ്.എഫ് സേനാംഗങ്ങള്‍ക്ക് പുറമേ വിമാനത്താവളത്തില്‍നിന്ന് പുറത്തേക്കുള്ള കവാടത്തില്‍ ദ്രുത കര്‍മ സേനയിലെ അംഗങ്ങളെയും വിന്യസിച്ചിരുന്നു. പ്രധാന കവാടത്തില്‍ വടംകെട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍, പി.ഡി്പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

 


16.8.10

മഅദനി: സര്‍ക്കാര്‍ നയം വ്യക്തമാക്കണം: ഇമാമുമാര്‍
Posted on: 17 Aug 2010


തിരുവനന്തപുരം: മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യാപകമായ ആശങ്കയെക്കുറിച്ച് ഗവണ്മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് ഇമാമുമാര്‍ ആവശ്യപ്പെട്ടു. റംസാന്‍നോമ്പുകാലം പരിഗണിക്കാതെ അന്‍വാര്‍ശ്ശേരിയില്‍ ഉപരോധസമാനമായ സാഹചര്യം സൃഷ്ടിക്കുന്നത് ന്യായീകരിക്കാനാവില്ല. അനാഥാലയത്തിലെ കുട്ടികള്‍ക്കുള്ള ഭക്ഷണവും അവശ്യസാധനങ്ങളും തടഞ്ഞ് അവരെ ബന്ധികളെപ്പോലെ കൈകാര്യംചെയ്യുന്നത് മാന്യതയല്ല. അറസ്റ്റിന് തയ്യാറാണെന്നും കീഴടങ്ങാമെന്നും പ്രഖ്യാപിക്കുകയും താന്‍ കുറ്റവാളിയല്ലെന്ന് ഖുറാനുയര്‍ത്തി പറയുകയും ചെയ്യുന്ന മഅദനിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത് സമാധാനപരമായ രൂപത്തില്‍ പ്രശ്‌നം കൈകാര്യംചെയ്യാന്‍ കേരള പോലീസ് തയ്യാറാവേണ്ടതുണ്ട്-ഇമാമുമാര്‍ വ്യക്തമാക്കി.

അല്‍ഹാജ് പി.കെ.കോയാമൗലവി (ചീഫ് ഇമാം, പൂന്തുറ പുത്തന്‍പള്ളി), മൗലവി ജമാലുദ്ദീന്‍ മങ്കട (പാളയം ഇമാം), അബ്ദുല്‍ഗഫ്ഫാര്‍ അല്‍ കൗസരി (തിരുവനന്തപുരം വലിയപള്ളി), അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി (തിരു. ചാല ഇമാം ആന്‍ഡ് വര്‍ക്കിങ് കമ്മിറ്റിയംഗം, മുസ്‌ലിം പഴ്‌സനല്‍ ലാബോര്‍ഡ്), അഹമ്മദ്കബീര്‍ ബാഖവി (തിരു.സെന്‍ട്രല്‍ ജുമാമസ്ജിദ്), നൗഷാദ് ബാഖവി (തിരു. അട്ടക്കുളങ്ങര ജുമാ മസ്ജിദ്) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്

'അന്‍വാര്‍ശ്ശേരിയിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹം'

Monday, August 16, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനകേസില്‍ ആരോപണവിധേയനായ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ അന്‍വാര്‍ശ്ശേരിയില്‍ പൊലീസ് നടത്തുന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് എസ്.എസ്.എഫ് ജില്ലാപ്രവര്‍ത്തകസമിതി. വൈകാരികമായി നില്‍ക്കുന്ന മഅ്ദനിയുടെ അണികളെ പ്രകോപിതരാക്കുക എന്ന സംഘ്പരിവാര്‍ ലക്ഷ്യം നടപ്പാക്കാനാണ് സംസ്ഥാന പൊലീസ് ശ്രമിക്കുന്നത്. മഅ്ദനിതന്നെ അറസ്റ്റ് വരിക്കാന്‍ തയാറാണെന്ന് പറയുമ്പോഴും അന്‍വാര്‍ശ്ശേരിയിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റമദാന്‍ ദിനത്തില്‍ മുസ്‌ലിം വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന പൊലീസ് നടപടി അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.
അഹമ്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം എ.എം. സിറാജ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നവാസ്, ഷെഫീഖ് മുസ്‌ലിയാര്‍, എസ്.ആര്‍. ഫൈസല്‍, മുനീര്‍ കുമരംചിറ, ആശിഖ് എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Monday, August 16, 2010
കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് പേരെ റിമാന്‍ഡ് ചെയ്തു. വള്ളികുന്നം കടുവിനാല്‍ രാമചിറ വീട്ടില്‍ അബ്ദുല്‍ സത്താര്‍ (31), കടുവിനാല്‍ പുന്നവിള കിഴക്കതില്‍ ജലീല്‍ (28), തേവലക്കര പാലയ്ക്കല്‍ പൊരുമ്പാഴത്ത് പടീറ്റതില്‍ നിസാം (23), കൊല്ലം മങ്ങാട് കരിക്കോട് ചിറയില്‍ പുത്തന്‍വീട്ടില്‍ സലിം (35), കോട്ടയം വേളൂര്‍ പരവന്റെപറമ്പില്‍ ഷാഹുല്‍ ഹമീദ് (40), കോട്ടയം ചെങ്ങളം കൊച്ചുപറമ്പില്‍ സലിം (35), പോരുവഴി കമ്പലടി കൊല്ലായില്‍ കിഴക്കതില്‍ വീട്ടില്‍ ഷിഹാബ് (35) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 

മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

Tuesday, August 17, 2010
ന്യൂദല്‍ഹി/ബംഗളൂരു/കൊല്ലം: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് ചോദ്യം ചെയ്ത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ പ്രത്യേകാനുവാദ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് പരിഗണിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന മഅ്ദനിയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന പരിഗണിച്ചാണിത്. 

ബംഗളൂരുവിലെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍ഡിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുമെന്നും മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പൊലീസ് അന്‍വാര്‍ശേരിയില്‍ എത്തിയിട്ടുണ്ടെന്നും അഭിഭാഷകനായ അഡോള്‍ഫ് മാത്യു അറിയിച്ചതിനെ തുടര്‍ന്നാണ്, അസാധാരണമായി കേസ് ചൊവ്വാഴ്ച തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. കര്‍ണാടക പൊലീസിനെയും കേരള സര്‍ക്കാറിനെയും എതിര്‍കക്ഷികളാക്കി സിംഗിള്‍ ബെഞ്ച് ജഡ്ജി സുഭാഷ് ബി. ആദിയുടെ മുമ്പാകെ അഡ്വ. പി. ഉസ്മാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. 

കേരള പൊലീസിന്റെ പക്കലുള്ള മഅ്ദനിയുടെ ടൂര്‍ ഡയറിയുടെ പൂര്‍ണ രൂപം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന അപേക്ഷയും കോടതി പരിഗണിക്കും.
അതേസമയം, മഅ്ദനിയുടെ അറസ്റ്റ്, കീഴടങ്ങല്‍ എന്നിവയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് ജോയന്റ് കമീഷണര്‍ അലോക്കുമാര്‍, ഡെപ്യൂട്ടി കമീഷണര്‍ ഓംകാരയ്യ എന്നിവര്‍ കൊല്ലത്ത് എത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. 
നേതൃയോഗത്തിനുശേഷം കീഴടങ്ങല്‍ സംബന്ധിച്ച സമയവും സ്ഥലവും വ്യക്തമാക്കുമെന്ന് രാവിലെ പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കിയെങ്കിലും നിരോധാജ്ഞ നിലനില്‍ക്കുന്നതിനാല്‍ യോഗത്തിന് പൊലീസ് അനുമതി നല്‍കിയില്ല. മൂന്നുപേര്‍ വീതമുള്ള നേതാക്കളുടെ സംഘത്തെ മഅ്ദനിയുമായി വ്യക്തിപരമായ കൂടിക്കാഴ്ചക്ക് അനുവദിച്ചു.   ശാസ്താംകോട്ട പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനിലെ മെഡിക്കല്‍ സംഘം അന്‍വാര്‍ശ്ശേരിയിലെത്തി വൈകിട്ടോടെ മഅ്ദനിയെ പരിശോധിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരു പൊലീസ് സംഘം കൊല്ലത്തെത്തിയത്., ജില്ലാ പൊലീസ് സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയ സംഘം അവരോടൊപ്പം ചവറ കെ.എം.എം.എല്‍ റസ്റ്റ് ഹൗസിലെത്തി. ഉച്ചക്കുശേഷം കരുനാഗപ്പള്ളി ഡിവൈ.എസ്.പി ഓഫിസിലെത്തിയെങ്കിലും അറസ്റ്റിന് എസ്.പി കൂടുതല്‍ സമയം ചോദിച്ചതായാണ് അറിയുന്നത്.
ഇന്നലെ അറസ്റ്റ് നടക്കുമെന്ന ആശങ്കയായിരുന്നു അന്‍വാര്‍ശ്ശേരിയില്‍. ഉച്ചകഴിഞ്ഞ് മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അവിടെ പൊലീസ് സംരക്ഷണയിലാകുമെന്നും പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.  

തുടര്‍ന്നാണ് പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം എത്തിയത്.  മഅ്ദനിയെ പരിശോധിച്ചിറങ്ങിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില പൊതുവേ തൃപ്തികരമാണെന്നാണ് അറിയിച്ചത്. രക്ത പരിശോധനക്ക് ശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമോയെന്ന് തീരുമാനിക്കാനാവു എന്ന് ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. വൈകുന്നേരത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശം അവര്‍ മഅ്ദനിക്ക് കൈമാറി. 
ചൊവ്വാഴ്ച മഅ്ദനി കീഴടങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചതായി പ്രചാരണമുയര്‍ന്നെങ്കിലും പി.ഡി.പി നേതൃത്വം അത് നിഷേധിച്ചു.

ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയില്ല: മഅദനിയുടെ അറസ്റ്റ് വീണ്ടും നീട്ടി
Posted on: 17 Aug 2010

വെച്ചൂച്ചിറ മധു



* മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും
* അറസ്റ്റ് അനിശ്ചിതമായി നീളുകയാണെന്നും കേരളം വേണ്ടത്ര സഹകരിക്കുന്നില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ
* ബാംഗ്ലൂര്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ്‌വാറന്റിന്റെ കാലാവധി ഇന്ന് അവസാനിക്കും
* മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി


അന്‍വാര്‍ശ്ശേരി (കൊല്ലം): ആഭ്യന്തരവകുപ്പ് അനുമതി നല്‍കാത്തതുമൂലം അബ്ദുന്നാസര്‍ മഅദനിയുടെ അറസ്റ്റ് തിങ്കളാഴ്ച വീണ്ടും നീട്ടി. ഞായറാഴ്ച പ്രഖ്യാപിച്ചതുപോലെ അദ്ദേഹം കോടതിയില്‍ കീഴടങ്ങിയതുമില്ല. 

മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ സാവകാശം നല്‍കാനാണ് പോലീസിന് 'മുകളില്‍'നിന്ന് ലഭിച്ച നിര്‍ദേശം. ബാംഗ്ലൂരില്‍നിന്ന് മഅദനിയെ അറസ്റ്റുചെയ്യാനെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരാശരായി കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നു. അന്‍വാര്‍ശ്ശേരിയില്‍ 50 പേരും പുറത്ത് 250 പോലീസും ഉണ്ടായിട്ടും മഅദനിയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ല. അതിനിടെ, മഅദനി ചൊവ്വാഴ്ച കരുനാഗപ്പള്ളി മജിസ്‌ട്രേട്ടിനു മുമ്പാകെ കീഴടങ്ങുമെന്ന് തിങ്കളാഴ്ച വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, പി.ഡി.പി. വര്‍ക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജും മഅദനിയുടെ അഭിഭാഷകനും ഇത് നിഷേധിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മഅദനിയെ ശാസ്താംകോട്ടയിലെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുമെന്നും അവിടെവച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ശക്തമായ അഭ്യൂഹം പരന്നിരുന്നു. പോലീസ് വൃത്തങ്ങള്‍ ഇത് ഏറെക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മഅദനിയെ പരിശോധിക്കാന്‍ ശാസ്താംകോട്ട പദ്മാവതി ആസ്​പത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ എത്തിയിരുന്നു. മൊബൈല്‍ ഐ.സി.യു.വില്‍ എത്തിയ അവര്‍ പരിശോധിച്ചശേഷം അദ്ദേഹത്തിന്റെ പൊതു ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. രക്തം പരിശോധനയ്ക്ക്എടുത്തിട്ടുണ്ട്. അതിന്റെ ഫലം അറിഞ്ഞാല്‍ മാത്രമേ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ.

ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ മഅദനി വാക്കുമാറുകയായിരുന്നെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. മഅദനിയെ ബലം പ്രയോഗിച്ചായാലും തിങ്കളാഴ്ചതന്നെ അറസ്റ്റുചെയ്യുമെന്ന് അവര്‍ പറഞ്ഞെങ്കിലും അല്പസമയത്തിനുശേഷം നിലപാട് മാറ്റി.
ചവറ കെ.എം.എം.എല്‍. ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്ന ബാംഗ്ലൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓങ്കാരയ്യയെ എസ്.പി. ഹര്‍ഷിത അത്തല്ലൂരി വിളിച്ചുവരുത്തി അറസ്റ്റിന് സാവകാശം നല്‍കണമെന്ന് അറിയിച്ചു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക് കുമാറും ഡെപ്യൂട്ടി കമ്മീഷണര്‍ ഓങ്കാരയ്യയും തിങ്കളാഴ്ച പത്തുമണിയോടെയാണ് കൊല്ലത്തെത്തിയത്. കൊല്ലം എസ്.പി. ഹര്‍ഷിത അത്തല്ലൂരിയുമായും അറസ്റ്റ് ചെയ്യാന്‍ ബാംഗ്ലൂരില്‍നിന്ന് നേരത്തേ എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പയുമായും അവര്‍ ചര്‍ച്ച നടത്തി. പിന്നീട് കര്‍ണാടക പോലീസ് സംഘം അറസ്റ്റ് വാറന്റുമായി ചവറ കെ.എം.എം.എല്‍.ഗസ്റ്റ്ഹൗസില്‍ എത്തി കാത്തിരുന്നു.
രാവിലെ 9.30ന് മാധ്യമപ്രവര്‍ത്തകരെ കണ്ട പി.ഡി.പി. ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് വാറന്റുമായി മഅദനിയെ അറസ്റ്റുചെയ്യാന്‍ വന്നാല്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ കീഴടങ്ങുന്ന സമയം 11 മണിക്ക് ചേരുന്ന പാര്‍ട്ടിനേതൃയോഗം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ അന്‍വാര്‍ശ്ശേരിയില്‍ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അഞ്ചുപേരില്‍ കൂടുതല്‍ സമ്മേളിക്കാന്‍ പാടില്ലെന്ന് പോലീസ് വ്യക്തമാക്കി. നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ വന്നവരെ മൂന്നുപേര്‍ വീതമടങ്ങിയ ബാച്ചുകളായാണ് മഅദനിയുടെ അടുക്കലേക്ക് അയച്ചത്. ഇതുമൂലം ക്വാറം തികയാതെ യോഗം കൂടാന്‍ കഴിഞ്ഞില്ലെന്ന് പി.ഡി.പി.ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ അറിയിച്ചു.


15.8.10

മഅ്ദനിയെ ഗുജറാത്ത് പൊലീസിന്
കൈമാറാന്‍ നീക്കം

Sunday, August 15, 2010
ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം അബ്ദുന്നാസിര്‍ മഅ്ദനിയെ ഗുജറാത്ത് പൊലീസിന് കൈമാറാന്‍ കര്‍ണാടക പൊലീസ് നീക്കം തുടങ്ങി. മഅ്ദനിയെ അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിക്കുന്ന സമയത്ത് അഹ്മദാബാദ് സ്‌ഫോടനക്കേസിലെ രണ്ടു പ്രതികളെ കൊണ്ടുവരുന്നുണ്ടെന്നും മഅ്ദനിക്ക് അവരുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യുമെന്നും വെളിപ്പെടുത്തിയാണ് കര്‍ണാടക പൊലീസ് തന്നെ ഈ സൂചന നല്‍കിയത്.

ഈ ആവശ്യമുന്നയിച്ച് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തെഴുതിയ വിവരം ഇന്നലെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. മഅ്ദനിയോടൊപ്പം ചോദ്യം ചെയ്യാന്‍ കൊണ്ടുവരുന്ന മലയാളികളായ ഈ രണ്ടു പ്രതികളെയും ഇതേ രീതിയില്‍ നേരത്തേ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഗുജറാത്ത് പൊലീസിന് കൈമാറി അഹ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതികളാക്കിയത്. അവര്‍ ഇപ്പോഴും ഗുജറാത്ത് ജയിലില്‍ കഴിയുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി അമിത്ഷായുടെ നിയന്ത്രണത്തില്‍ മുന്‍ ഡി.ജി.പി പി.സി പാണ്ഡെയാണ് അഹ്മദാബാദ് സ്‌ഫോടനക്കേസ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിനിടയിലാണ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായി അമിത് ഷായെ അറ്‌സ്റ്റ് ചെയ്ത് സി.ബി.ഐ ജയിലിലടച്ചത്. കേസ് അന്വേഷണം നടത്തിയ ഡി.ജി.പി പാണ്ഡെയെയും വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്.
തങ്ങളുടെ പക്കല്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന വാദമാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതി ചേര്‍ക്കുന്നതിന് കര്‍ണാടക പൊലീസ് നിരത്തിയിരുന്നത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത ശേഷം ഗുജറാത്ത് പൊലീസിന് കൈമാറി പിന്നീട് അഹ്മദാബാദ് സ്‌ഫോടനക്കേസുകളില്‍ കൂടി പ്രതികളാക്കിയ മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ലിലെ സൈനുദ്ദീന്‍ എന്ന സത്താര്‍ ഭായിയെയും മകന്‍ ശറഫുദ്ദീനെയുമാണ് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്ന മുറക്ക് ബംഗളൂരുവിലെത്തിക്കുമെന്ന് കര്‍ണാടക പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്. മഅ്ദനിയുടെ അറ്‌സ്റ്റ് നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ബംഗളൂരു പൊലിസ് സിറ്റി കമീഷണര്‍ ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ മഅ്ദനി ബംഗളൂരുവിലെത്തുമ്പോഴേക്കും ഇരുവരെയും തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.   
മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയതിനാലാണ്, ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ വെച്ച രണ്ടു പേരെ  മഅ്ദനിയെ ബംഗളൂരുവിലെത്തിക്കുന്ന സമയത്ത് അവിടെ കൊണ്ടുവരാന്‍ നടത്തുന്ന നീക്കങ്ങളില്‍ സംശയമുണര്‍ത്തുന്നത്.

കോടതിയില്‍ കീഴടങ്ങും -മഅ്ദനി

Sunday, August 15, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയില്‍ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചു. മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ ബംഗളൂരു പൊലീസ് കൊല്ലത്തെത്തുകയും ശനിയാഴ്ച അന്‍വാര്‍ശ്ശേരി ഉള്‍പ്പെടുന്ന രണ്ട് വില്ലേജുകളില്‍ നിരോധാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സന്നാഹം ഊര്‍ജിതപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഞായറാഴ്ച നോമ്പുതുറക്കുന്നതിന് തൊട്ടുമുമ്പ് വാര്‍ത്താസമ്മേളനത്തില്‍ കീഴടങ്ങുമെന്ന വിവരം മഅ്ദനി അറിയിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുര്‍ആന്‍ തൊട്ട് സത്യംചെയ്തശേഷമാണ് കീഴടങ്ങല്‍ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

കോടതിയില്‍ കീഴടങ്ങുന്നത് അഭിമാനമായി കാണുന്നുവെന്നും കീഴടങ്ങല്‍ ഏറ്റവും അടുത്തദിവസം ഏറ്റവുമടുത്ത കോടതിയിലുണ്ടാകുമെന്നും മഅ്ദനി പറഞ്ഞു. ഇതിന്റെ സ്ഥലവും സമയവും തിങ്കളാഴ്ച അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
മഅ്ദനിയുടെ അറസ്റ്റിന് സാഹചര്യമൊരുക്കണമെന്നും അന്‍വാര്‍ശ്ശേരിയില്‍ സ്ഥിര താമസക്കാരല്ലാത്തവരെ പുറത്താക്കുകയും ആയുധങ്ങള്‍ മാറ്റുകയും വേണമെന്ന് കരുനാഗപ്പള്ളി ഡിവൈ.എസ്.പി ഞായറാഴ്ച വൈകുന്നേരം അന്‍വാര്‍ശ്ശേരിയുടെ മതിലില്‍ നോട്ടീസ് പതിച്ചിരുന്നു. മഅ്ദനി നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതുവഴി നാടിന്റെ സമാധാനം നഷ്ടപ്പെടാതിരിക്കാനുമാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി പറഞ്ഞു. കീഴടങ്ങാന്‍ തീരുമാനിച്ച ശേഷവും പൊലീസിന് അറസ്റ്റ് ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ അവര്‍ അങ്ങനെ ചെയ്‌തോട്ടെ. പക്ഷേ, പൊലീസിന്റെ കുടിലമായ ഉപജാപം അംഗീകരിക്കില്ല. ഇതിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നാലും താന്‍ അതിന് തയാറല്ല. ഇന്നലെയോ ഇന്നോ കീഴടങ്ങാന്‍ തയാറായിരുന്നു. ഇത്രയും ദീര്‍ഘയാത്ര ചെയ്യാനും അതിനുശേഷം അതിനേക്കാള്‍ ദീര്‍ഘമായ പീഡനത്തിന് വിധേയനാവാനും ആരോഗ്യമില്ലാത്തത്‌കൊണ്ടാണ് അത് ചെയ്യാതിരുന്നത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം സ്ഥിരമായി വന്നുകൊണ്ടിരിക്കുകയാണ്. അതാണ് തന്റെ ശാരീരികാവസ്ഥ. 

കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരു പൊലീസ് വാറണ്ടുമായി എത്തിയപ്പോള്‍തന്നെ പോകാന്‍ നൂറ് ശതമാനവും തയാറായിരുന്നു. ഇതിന് എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ അത് നീളുകയും അറസ്റ്റ് ആഗസ്റ്റ് 15ന് ശേഷമേ ഉണ്ടാകൂ എന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. നിയമപരമായ നീക്കം നടത്തിക്കൊണ്ടിക്കെയാണ് സംസ്ഥാന പൊലീസ് ശനിയാഴ്ച നിരോധാജ്ഞ പ്രഖ്യാപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. ഇതിന്റെ പേരില്‍ രണ്ട് വില്ലേജുകളിലെ ജനങ്ങളെ പീഡിപ്പിക്കുകയാണ്.  
അന്‍വാര്‍ശ്ശേരിയിലെ അനാഥകുട്ടികള്‍ക്ക് കട്ടന്‍ ചായ കുടിച്ച് നോമ്പനുഷ്ഠിക്കേണ്ട അവസ്ഥ സൃഷ്ടിച്ച് ഇങ്ങോട്ടേക്കുള്ള ഭക്ഷണ സാധനങ്ങള്‍ തടസ്സപ്പെടുത്തി. ഇതിന്റെയൊന്നും ആവശ്യമില്ല. വാറണ്ടുമായി വന്നാല്‍ അറസ്റ്റിന് വഴങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെ ഇത്തരം നടപടികള്‍ ന്യായമല്ല. 
സി.പി.എം ഭരിക്കുമ്പോള്‍ ഇത്തരമൊരവസ്ഥ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. നാടിന്റെ നന്മക്ക് വേണ്ടി ചങ്കുറപ്പുള്ള സര്‍ക്കാര്‍ തന്‍േറടം കാണിക്കേണ്ട സമയമാണിത്. പൊലീസിന്റെ അഴിഞ്ഞാട്ടത്തിന് അനുമതി കൊടുക്കുന്നത് അരാജകത്വത്തിന് കാരണമാകും. ബീമാപള്ളി വെടിവെപ്പിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുന്നത്

'ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്ത് മഅ്ദനി പറഞ്ഞു -ബംഗളൂരു സ്‌ഫോടനവുമായി ബന്ധമില്ല'

Sunday, August 15, 2010
കൊല്ലം: 'എന്റെ സര്‍വസ്വവുമാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ പരിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പുമുറിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ സത്യംചെയ്യുകയാണ്-ബംഗളൂരു സ്‌ഫോടനവുമായി എനിക്ക് യാതൊരു ബന്ധവുമില്ല' പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയില്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം വികാരനിര്‍ഭരമായിരുന്നു.
നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് മഅ്ദനി പറഞ്ഞു. ബംഗളൂരു സ്‌ഫോടനത്തിനുശേഷമോ മുമ്പോ ഇതുമായി ബന്ധപ്പെട്ട ആരും തന്നോട് സംസാരിച്ചിട്ടില്ല. 

തടിയന്റെവിട നസീര്‍ ഉള്‍പ്പെടെ ആരും എന്നെ ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. കോടതിയോടും പൊലീസിനോടും ജനങ്ങളോടും എനിക്ക് സത്യംചെയ്യാനുള്ളത് ഇതാണ്-അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനുശേഷം അന്‍വാര്‍ശ്ശേരിയില്‍ തടിച്ചുകൂടിയ പി.ഡി.പി പ്രവര്‍ത്തകരോട് സംസാരിച്ച മഅ്ദനി യാതൊരുതരത്തിലും പ്രകോപിതരാകരുതെന്ന് ആവശ്യപ്പെട്ടു. നിങ്ങളെ വിട്ടുപോകുന്നതില്‍ എനിക്ക് വിഷമമുണ്ട്. നമുക്ക് കൂട്ടായി പ്രാര്‍ഥിച്ചിട്ട് പോകാം. മഅ്ദനി പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ തക്ബീര്‍ മുഴക്കുകയും വിതുമ്പുകയും ചെയ്തു.
എത്ര ശ്രമിച്ചാലും ദൈവം തമ്പുരാന്‍ എനിക്ക് നല്‍കിയ ആര്‍ജവം തകര്‍ക്കാന്‍കഴിയില്ല. നിയമവിരുദ്ധമായ ഒരു കാര്യത്തിനും പ്രവര്‍ത്തകര്‍ മുതിരരുത്. പ്രകോപിതരായാല്‍ ഞാന്‍ പറയുന്നത് കേള്‍ക്കാത്തവരാകും നിങ്ങള്‍. ഒരു ഒച്ചയും ബഹളവും ഇനി കേള്‍ക്കരുത്-അദ്ദേഹം നിര്‍ദേശിച്ചു. 
കോയമ്പത്തൂര്‍ സ്‌ഫോടനവുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും 98 മാര്‍ച്ച് 31ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.
ഇന്ന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് പറയുന്നവര്‍ നിയമം നിയമത്തിന്റെ വഴിവിട്ട് പോയപ്പോള്‍ അതിനെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല. ഒമ്പതരക്കൊല്ലം ജയിലില്‍ കഴിഞ്ഞ് നിരപരാധിയായി ജയില്‍ മോചിതനായപ്പോള്‍ 110 കിലോ തൂക്കവുമായി പോയ എനിക്ക് തൂക്കം 46 കിലോ മാത്രമായിരുന്നു. 

എന്റെ ഭാര്യ ഞാന്‍ ഉണ്ടായിട്ടും വിധവയായും മക്കള്‍ അനാഥരായും കഴിയേണ്ടിവന്നു. മുന്‍കാല ജീവിതത്തില്‍ മൂര്‍ച്ചയുള്ള പ്രസംഗം നടത്തിയതിന് കേരളീയ സമൂഹത്തോട് ക്ഷമാപണം നടത്തിയാണ് ജയില്‍ മോചിതനായ ശേഷം പൊതുപ്രവര്‍ത്തനം നടത്തിയത്. എന്നിട്ടും കള്ളസാക്ഷികളെ സൃഷ്ടിച്ചും ഗൂഢാലോചന നടത്തിയും ബംഗളൂരു സ്‌ഫോടന കേസില്‍ കുടുക്കി.
ബംഗളൂരു പൊലീസിന്റെ കൂടെ പോയിക്കൂടേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഒറ്റക്കാലനായ ഞാന്‍ കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്ന് പറയുന്നവര്‍ ഞാന്‍ ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് വെടിവെക്കാനും മടിക്കില്ല. പുറകില്‍ വെടിയേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല. നെഞ്ചത്ത് വെടിയേറ്റ് മരിക്കുന്നത് അഭിമാനമാണ്. പുറത്ത് വെടിയേറ്റ് മരിക്കുന്നത് അപമാനവും.
ജയിലിലടയ്ക്കപ്പെട്ടാല്‍ കര്‍ണാടകത്തില്‍ മാത്രമല്ല, പലയിടത്തും കൊണ്ടുപോയി ഒരിക്കലും പുറത്തിറങ്ങാന്‍ പറ്റാത്തവണ്ണം കുടുക്കുമെന്ന് അറിയാം.
ഇതിനെ നിയമപരമായും ജനാധിപത്യപരമായും നേരിടും. അന്‍വാര്‍ശ്ശേരിയില്‍ ആയുധമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം. അടുക്കളയില്‍ മീന്‍ മുറിക്കുന്ന കത്തിയല്ലാതെ മറ്റൊരായുധവും ഇവിടെയുണ്ടാകില്ല-അദ്ദേഹം പറഞ്ഞു.

ചോരപ്പാടുകളില്‍, വേദനയോടെ മഅ്ദനി

Sunday, August 15, 2010
അന്‍വാര്‍ശേരി: മൈനാഗപ്പള്ളി മുതല്‍ പൊലീസിന്റെ കനത്ത പരിശോധന. അന്‍വാര്‍ശേരിയുടെ ഗേറ്റില്‍ പൊലീസ് കോട്ട തീര്‍ത്തിരിക്കുന്നു. പരിശോധനക്ക് ശേഷമേ പത്രലേഖകര്‍ക്കും പ്രവേശനമുള്ളൂ. 
അന്‍വാര്‍ശേരി മദ്രസയുടെ അകത്തെ മുറിയില്‍ കട്ടിലില്‍ വെള്ള മുണ്ടും ജുബ്ബയും ധരിച്ച് മഅ്ദനി. ആരോഗ്യം നഷ്ടപ്പെട്ട ചെറുരൂപം. അടുത്ത് മൊബൈല്‍ ഫോണും ലാന്‍ഡ്‌ഫോണും. പിന്നെ സഹായിയെ വിളിക്കാനുള്ള ബെല്ല്. കട്ടിലില്‍ നിറയെ മരുന്ന് പാത്രങ്ങള്‍. ഇത് പഴയ മഅ്ദനിയുടെ ശിഥിലീകരിക്കപ്പെട്ട ബിംബം മാത്രം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മടങ്ങിയെത്തിയ മുസ്‌ലിം സംഘടനാ നേതാക്കള്‍ മഅ്ദനിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച് പുറത്തിറങ്ങിയ ശേഷമാണ് മാധ്യമം ലേഖകന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തിയത്.  'സുപ്രീം കോടതിയുടെ പരാമര്‍ശംകൂടി കണക്കിലെടുത്ത ശേഷം ചൊവ്വാഴ്ച ഏറ്റവും അടുത്ത കോടതിയില്‍ ഹാജരാകും. അവര്‍ കര്‍ണാടക പൊലീസിന് തന്നെ കൈമാറട്ടെ'-മഅ്ദനി സംസാരിച്ചു തുടങ്ങി. പെട്ടെന്ന് പ്രവര്‍ത്തകരിലൊരാള്‍ മുറിയിലെത്തി. 'വാറണ്ട് വാങ്ങണമെന്ന് പൊലീസ് നിര്‍ബന്ധം പിടിക്കുന്നു'-പ്രവര്‍ത്തകന്‍ മഅ്ദനിയോട് പറഞ്ഞു. 'എന്നാല്‍, ഇനി വാങ്ങിയേക്കാം'-മഅ്ദനിയുടെ മറുപടി.

പ്രവര്‍ത്തകന്‍ പൊലീസിനടുത്തേക്ക് പോയി. രണ്ട് മിനിട്ട് കഴിഞ്ഞപ്പോഴേക്കും മഅ്ദനിയുടെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനില്‍ ബ്രേക്കിങ് വാര്‍ത്ത. 
'മഅ്ദനി വാറണ്ട് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് മദ്‌റസയുടെ ഗേറ്റില്‍ വാറണ്ട് പതിപ്പിച്ചു' എന്നാണ് വാര്‍ത്ത. 'കണ്ടില്ലേ? ഇതാണ് നടക്കുന്നത്'- മഅ്ദനി നിസ്സഹായതയോടെ പ്രതികരിച്ചു.
'എപ്പോഴും പൊലീസ്  പ്രകോപനം സൃഷ്ടിക്കുന്നു. നിയമവിരുദ്ധമായി ഞാന്‍ പെരുമാറുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. 

മജീദിന്റെ മൊഴിയാണ് എനിക്കെതിരായ കേസില്‍ പ്രധാനപ്പെട്ടതായി കണക്കാക്കുന്നത്. കാന്‍സര്‍ ബാധിതനായ മജീദ് മരണത്തിന്റെ വക്കിലായിരുന്നു. അയാള്‍ മരിക്കാറായി എന്നറിഞ്ഞുകൊണ്ടാണ് എനിക്കെതിരെ സാക്ഷിമൊഴി പൊലീസ് നല്‍കിപ്പിച്ചത്. സാക്ഷിമൊഴി നല്‍കിയതിന് പിന്നാലെ മജീദ് മരിച്ചു. നിരവധി വര്‍ഷമായി ഞാന്‍ വേട്ടയാടപ്പെടുന്നു. കര്‍ണാടക പൊലീസ് എത്തിയെന്ന് അറിഞ്ഞപ്പോള്‍ അറസ്റ്റിന് വഴങ്ങാനാണ്  തീരുമാനിച്ചത്. അക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു. അതിനിടെയാണ് എനിക്ക് കടുത്ത പനി അനുഭവപ്പെട്ടത്. മൂക്കില്‍നിന്ന് രക്തം വരുന്നു'. മഅ്ദനി കൈയിലിരുന്ന ടൗവല്‍ വിടര്‍ത്തിക്കാണിച്ചു. മുഴുവന്‍ ചോരപ്പാടുകള്‍. 'സര്‍ക്കാറിനെ അട്ടിമറിക്കാനും ക്രമസമാധാനം തകര്‍ക്കാനും പൊലീസിലെ ഒരുവിഭാഗം ശ്രമിക്കുകയാണ്. കേരള പൊലീസിനെ തനിക്ക് വിശ്വാസമാണ്. അതിലെ 90 ശതമാനം ഉദ്യോഗസ്ഥരും മതേതര സ്വഭാവമുള്ളവരാണ്.  എന്നാല്‍, ചില ഇത്തിക്കണ്ണികള്‍ ഗൂഢാലോചന നടത്തി പ്രശ്‌നംസൃഷ്ടിക്കുകയാണ്. അറസ്റ്റിനെ ഭയന്നല്ല, നിയമനടപടികള്‍ നടത്തിയത്. ഈ നിമിഷം മരിക്കണമെങ്കിലും ഞാന്‍ തയാറാണ്'- മഅ്ദനി പറഞ്ഞു.

പി.കെ ്രപകാശ്

കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കണമെന്ന് സംഘടനാ നേതാക്കള്‍

Sunday, August 15, 2010
തിരുവനന്തപുരം: സുപ്രീംകോടതിയിലും കര്‍ണാടക ഹൈകോടതിയിലും നിലനില്‍ക്കുന്ന കേസുകളില്‍ വിധി വരുന്നതുവരെ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റ് ഒഴിവാക്കണമെന്ന് സംയുക്ത സംഘടനാ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കണ്ട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. 
മഅ്ദനി അറസ്റ്റിന് വഴങ്ങണമെന്നും അതാണ് നിയമത്തിന്റെ വഴിയെന്നും ചര്‍ച്ചക്കിടെ മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞതായാണ് വിവരം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സംസ്ഥാനത്തിന് ഇനിയൊന്നും ചെയ്യാനില്ല. കര്‍ണാടകയാണ് ചെയ്യേണ്ടത്. ലഭിച്ച പരാതി ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഇപ്പോഴത്തെ സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മഅ്ദനിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും കേസും കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയിലും ഹരജി നിലനില്‍ക്കുന്നു. രണ്ട് വിഷയത്തിലും കോടതികള്‍ തീര്‍പ്പിലെത്തും വരെ മഅ്ദനിയെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള സാവകാശം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം. അത്തരം കീഴ്‌വഴക്കങ്ങള്‍ ധാരാളമുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസിന് കൈമാറി മഅ്ദനിയുടെ രാഷ്ട്രീയ-പൊതുപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ പ്രതിചേര്‍ക്കലിന് പിന്നിലുണ്ടെന്ന സംശയം ശക്തമാണ്. രോഗിയും വികലാംഗനുമായ മഅ്ദനിയുടെ ജീവന്‍ തന്നെ അപായപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കേരള പൊലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലുള്ള ഒരാള്‍ കര്‍ണാടകത്തിലെ വിദൂരമായ കുടക് പോലുള്ള സ്ഥലത്ത് പോയി ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന വാദം അവിശ്വസനീയമാണ്. അതിനാല്‍ കേസിനെ നിയമപരമായി കാണുന്നതിന് പകരം രാഷ്ട്രീയമായി മുഖ്യമന്ത്രി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നത് നിലവിലെ അവസ്ഥയില്‍ നിഷ്‌കളങ്കമല്ല.  നേരത്തെ മഅ്ദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വിലപ്പെട്ട ഒമ്പതര വര്‍ഷമാണ് പോയത്. റമദാന്‍ മാസത്തില്‍ മഅ്ദനിയെ  അറസ്റ്റ് ചെയ്ത് കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് നീതി നിഷേധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്നും അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
അന്‍വാര്‍ശ്ശേരിയില്‍ യുദ്ധപ്രതീതിയാണെന്നും സമീപത്ത് ജനവാസമില്ലെന്നും നിരോധാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പള്ളികളില്‍ ആരാധന നടക്കുന്നില്ലെന്നും നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇത്രയും നാള്‍ നീട്ടിവെച്ച അറസ്റ്റ് റമദാന്‍ ആരംഭിക്കുമ്പോഴും സ്വാതന്ത്ര്യ ദിനം, രാഷ്ട്രപതിയുടെ സന്ദര്‍ശനം എന്നിവയോടനുബന്ധിച്ചും നടത്താന്‍ ശ്രമിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും അവര്‍ പറഞ്ഞു. നേതാക്കള്‍ക്ക് ശേഷം പി.ഡി.പി നേതാവ് പൂന്തുറ സിറാജും മുഖ്യമന്ത്രിയെ കണ്ടു. 

ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എച്ച്. ഷഹീര്‍ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയിലെ പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, ഐ.എന്‍.എല്‍. വൈസ് പ്രസിഡന്റ് ഡോ. എ.എ. അമീന്‍, ബി.എസ്.പി നേതാവ് ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, വിഴിഞ്ഞം സഈദ് മൗലവി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ) അഡ്വ. സിറാജ് (പി.ഡി.പി) ഹുസൈന്‍ മൗലവി മുണ്ടക്കയം (ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍) കടയ്ക്കല്‍ ജുനൈദ് (കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍), കെ.എ. ഷഫീഖ് (സോളിഡാരിറ്റി), എ. മുഹമ്മദ് അസ്‌ലം (എസ്.ഐ.ഒ), പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി (മഹല്ല് ഇമാം ഐക്യവേദി), അഡ്വ. ഷാനവാസ്(മൈനോറിറ്റി റൈറ്റ്‌സ് വാച്ച്) ,സൈഫുദ്ദീന്‍ ഹാജി(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), എം.എ. അസിം (എം.ഇ.എസ്) ,സി.കെ. അബ്ദുല്‍ കരിം മാസ്റ്റര്‍ (എം.എസ്.എസ്) എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബുവും സംഘത്തിലുണ്ടായിരുന്നു.

സുരക്ഷാ ഭടന്മാര്‍ ചാടിപ്പോയി; ആശങ്കയൊഴിയാതെ അന്‍വാര്‍ശ്ശേരി

Sunday, August 15, 2010
ശാസ്താംകോട്ട: അന്‍വാര്‍ശ്ശേരിയിലേക്കുള്ള പാതകളുടെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം പൊലീസ് ഏറ്റെടുത്തതിന്റെ രണ്ടാം ദിവസവും അന്‍വാര്‍ശ്ശേരി ആശങ്കകളാല്‍ ചുറ്റപ്പെട്ടുനിന്നു. ഇടമുറിയാതെ പെയ്ത മഴയില്‍ നിന്ന് രക്ഷതേടി പെണ്‍ പൊലീസ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അന്‍വാറിന് മുന്നിലെ പഴയ സമരപ്പന്തലില്‍ അഭയംതേടി.
ശനിയാഴ്ച രാത്രി കുന്നത്തൂര്‍ തഹസില്‍ദാര്‍ ജെ. ജയചന്ദ്രന്‍ ഏര്‍പ്പാടാക്കി നല്‍കിയ ഗ്യാസ് വിളക്കുകളുമായി അന്‍വാറിന് പരിസരത്ത് പൊലീസ് സംഘങ്ങള്‍ കാവലിരുന്നു. വെളുപ്പാന്‍കാലമായപ്പോഴേക്കും ഗ്യാസ് തീര്‍ന്ന് കെട്ടുപോയ വിളക്കുകള്‍ക്കരികെ ചില പൊലീസുകാരെങ്കിലും നേര്‍ത്ത ചാറ്റല്‍ മഴ നനഞ്ഞ് മയങ്ങി. ഇവയില്‍ ഒരു വിളക്ക് പുലര്‍ച്ചെയോടെ കാണാതാവുകയും ചെയ്തു.
ഉച്ചവരെ ശാന്തത നില നിന്ന അന്‍വാര്‍ശ്ശേരി മഅ്ദനിക്ക് നീതി തേടി മുഖ്യമന്ത്രിയെ കണ്ട സംഘാംഗങ്ങള്‍ എത്തിയതോടെ സജീവമായി. ഇതിനിടെ ശാസ്താംകോട്ട, മൈനാഗപ്പള്ളി വില്ലേജുകളില്‍ 144ാം വകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്‍വാറില്‍ തമ്പടിച്ചിരിക്കുന്നവര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടും നിയമവിരുദ്ധമായി അന്‍വാറില്‍ അനുഭാവികളെ താമസിപ്പിച്ച കുറ്റം മഅ്ദനിക്കുമേല്‍ ചുമത്തിയും കരുനാഗപ്പള്ളി ഡിവൈ.എസ്.പി സി.ജി. സുരേഷ്‌കുമാര്‍ ഒപ്പിട്ട രണ്ട് നോട്ടീസുകള്‍ അന്‍വാര്‍ശ്ശേരിയുടെ പുറം ഭിത്തിയില്‍ പൊലീസ് പതിച്ചു. അല്‍പസമയത്തിനുശേഷം മുഖ്യമന്ത്രിയെ കണ്ട അഡ്വ. കെ.പി. മുഹമ്മദ്, എച്ച്. ഷഹീര്‍ മൗലവി, പാങ്ങോട് കമറുദ്ദീന്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ഡോ. എം.എ. അമീന്‍ എന്നിവര്‍ വാര്‍ത്താലേഖകരോട് തങ്ങളുടെ നിലപാട് വ്യക്തമാക്കി.
ശനിയാഴ്ച അത്യന്തം പ്രകോപിതരായി അന്‍വാറില്‍ നിന്ന പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രായേണ ശാന്തരായിരുന്നു. ശനിയാഴ്ച ഉണ്ടായിരുന്നവരില്‍ പകുതിയോളം പേര്‍ ഞായറാഴ്ച പുലര്‍ച്ചയോടെ പോയിരുന്നു. അന്‍വാര്‍ശ്ശേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ഷമീറിനെ രണ്ട് ദിവസമായി ശാസ്താംകോട്ട പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് പ്രവര്‍ത്തകരെ രോഷം കൊള്ളിച്ചു. ആംബുലന്‍സും അനാഥകുട്ടികള്‍ക്ക് നോമ്പു തുറക്കാന്‍ പഴങ്ങളുമായെത്തിയ അന്‍വാറിലെ ജീപ്പും ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലാണ്. 
വൈകുന്നേരം അഞ്ച് മണിയോടെ അബ്ദുന്നാസിര്‍ മഅ്ദനി വാര്‍ത്താസമ്മേളനം വിളിച്ചു. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് തന്റെ നിരപരാധിത്വം വ്യക്തമാക്കിയശേഷം അടുത്ത ദിവസം തന്നെ ഏറ്റവും അടുത്ത ഒരു കോടതിയില്‍ കീഴടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 
വാര്‍ത്താസമ്മേളനം തുടരുന്നതിനിടെ അന്‍വാര്‍ശ്ശേരിയിലെ ഗാര്‍ഡ് റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ്, ഗോപന്‍, ഷാജി എന്നീ പൊലീസുകാര്‍ മതില്‍ചാടി രക്ഷപ്പെട്ടതും അതിനുപിന്നാലെ അന്‍വാര്‍ അങ്കണത്തിലേക്ക് പൂട്ടിയ നിലയില്‍ ഒരു ബാഗ് പൊലീസുകാര്‍ എറിഞ്ഞതും പരിഭ്രാന്തി പരത്തി. 
മഅ്ദനി അനുഭാവികളെല്ലാം വാര്‍ത്താസമ്മേളന സ്ഥലത്തുണ്ടായിരുന്ന നേരത്തായിരുന്നു മതില്‍ചാട്ടവും ബാഗ് ഏറും നടന്നത്.
ബാഗിനുള്ളില്‍ എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്‍വാര്‍ശ്ശേരിയിലെ വെളിമ്പറമ്പില്‍ അത് സൂക്ഷിച്ചിരിക്കുകയാണ്. 
വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ നോമ്പുതുറയ്ക്ക് നേരമായി. കോരിച്ചൊരിഞ്ഞ മഴയില്‍ നിന്ന് രക്ഷതേടി പൊലീസുകര്‍ സമരപ്പന്തലില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ അന്‍വാര്‍ അങ്കണത്തില്‍ പ്രവര്‍ത്തകര്‍ നോമ്പുതുറന്ന് ഭക്ഷണം കഴിച്ചു.
രാത്രി കാവലിന് ഒപ്പം കൂട്ടാനുള്ള ഗ്യാസ് വിളക്കുകള്‍ സന്ധ്യയോടെ വീണ്ടും എത്തിച്ചു. അന്‍വാര്‍ ആശങ്കയുടെ രണ്ടാം പകലില്‍ നിന്ന് അനിശ്ചിതത്വത്തിന്റെ രാത്രിയിലേക്ക് കടക്കുകയായി.

അന്‍വാറിലേക്ക് എറിഞ്ഞ ബാഗ്; പ്രതിസ്ഥാനത്ത് പൊലീസ്

Sunday, August 15, 2010
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ അന്‍വാര്‍ശ്ശേരിയിലെ മതില്‍കെട്ടിനുള്ളിലേക്ക് ദുരൂഹസാഹചര്യത്തില്‍ വന്നുവീണ ബാഗിനെ ചൊല്ലി ദുരൂഹത തുടരുന്നു. മഅ്ദനിയുടെ മൂന്ന് സുരക്ഷാ പൊലീസുകാര്‍ മതില്‍ചാടി രക്ഷപ്പെട്ടത്തിന് പിന്നാലെയാണ് പൊലീസുകാര്‍ നിന്ന ഭാഗത്തുനിന്ന് ബാഗ് അന്‍വാറിനുള്ളിലേക്ക് എറിയപ്പെട്ടത്.  
ഇതിനുള്ളില്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിബ്ബിന്റെ അറ്റത്ത് താഴിട്ടുപൂട്ടിയ നിലയിലാണ്. നിറയെ സാധനങ്ങളും സാമാന്യത്തിലധികം ഭാരവുമുണ്ട്. അന്‍വാര്‍ശ്ശേരി അനാഥാലയം അടച്ചുപൂട്ടാനുള്ള പൊലീസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 
ഭീതിയിലായ പ്രവര്‍ത്തകര്‍ ബാഗ് പറമ്പിന്റെ അറ്റത്ത് കൊണ്ടുപോയി ഇട്ടിരിക്കുകയാണ്. ചാടിപ്പോയ പൊലീസുകാരന്‍േറതാണ് ബാഗെന്നാണ് പൊലീസ് ഭാഷ്യം


13.8.10

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി കര്‍ണാടക ഹൈകോടതിയില്‍

Friday, August 13, 2010
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രവും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കര്‍ണാടക ഹൈകോടതിയെ സമീപിച്ചു. കര്‍ണാടക പൊലീസിനെയും കേരള സര്‍ക്കാറിനെയും എതിര്‍കക്ഷികളാക്കി സിംഗിള്‍ ബെഞ്ച് ജഡ്ജി സുഭാഷ് ബി. ആദിയുടെ മുമ്പാകെ അഡ്വ. പി. ഉസ്മാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. കേരള പൊലീസിന്റെ പക്കലുള്ള മഅ്ദനിയുടെ ടൂര്‍ ഡയറിയുടെ പൂര്‍ണ രൂപം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. 

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം വകുപ്പ് 45 പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെയോ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുമതി വേണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന കാരണമാണ് മുഖ്യമായും ഉന്നയിച്ചിരിക്കുന്നത്. അണ്ടര്‍ സെക്രട്ടറിയുടെ അനുമതിയുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചിരുന്നെങ്കിലും ഈ അനുമതി വകുപ്പ് 45 അനുശാസിക്കുന്ന വിധത്തിലല്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സാക്ഷിമൊഴികളും മറ്റും കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ച് കേസെടുക്കാന്‍ വകുപ്പുണ്ടെങ്കില്‍ അതിന് ശിപാര്‍ശ സമര്‍പ്പിക്കണം.

എന്നാല്‍, ഈ കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. തീവ്രവാദ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് ഡെലിഗേഷന്‍ ഓഫ് പവര്‍ നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അണ്ടര്‍ സെക്രട്ടറിക്ക് ഇതിനുള്ള അധികാരമില്ലെന്നാണ് മഅ്ദനിയുടെ വാദം. 

കേരള പൊലീസില്‍നിന്ന് ലഭിച്ച മഅ്ദനിയുടെ യാത്രാ രേഖകള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈകോടതിയിലും അതിവേഗ സെഷന്‍സ് കോടതിയിലും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ടൂര്‍ ഡയറിയില്‍ ചില ദിവസങ്ങളിലെ യാത്രാവിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇത് പരിഗണിക്കാന്‍ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ പൂര്‍ണ ടൂര്‍ ഡയറി ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍ക്കാറിനെ കക്ഷി ചേര്‍ത്തത്. 

ജമാല്‍ മുഹമ്മദ്, മജീദ്, ജോസ് വര്‍ഗീസ് എന്നിവര്‍ നല്‍കിയ മൊഴി മഅ്ദനിക്കെതിരെ കേസെടുക്കുന്നതിന് പര്യാപ്തമല്ലെന്നും ഹരജിയില്‍ പറയുന്നു. മഅ്ദനി നിരപരാധിയാണെന്നും കുടക് ലക്കേരിയില്‍ തടിയന്റവിട നസീര്‍ നടത്തിയ ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
ഈ മാസം മൂന്നിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ഹൈകോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 
അതേസമയം, മൂന്‍കൂര്‍ ജാമ്യപേക്ഷയായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുമതി ഉണ്ടോയെന്ന കാര്യം പരിഗണിക്കുന്നില്ലെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യമേ പരിഗണിക്കുന്നുള്ളൂവെന്നുമാണ് ഹൈകോടതി അഭിപ്രായപ്പെട്ടത്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും

12.8.10

പി.ഡി.പി.നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ
Posted on: 13 Aug 2010


ശാസ്താംകോട്ട:പി.ഡി.പി.യുടെ പ്രാദേശിക നേതാവിനെയും ഒരു പ്രവര്‍ത്തകനെയും പോലീസ് അറസ്റ്റുചെയ്തത് അന്‍വാര്‍ശ്ശേരിയില്‍ കുറേനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

റംസാന്‍ നോമ്പ് കാരണം വ്യാഴാഴ്ച പ്രകടനമോ പ്രശ്‌നങ്ങളോ പാടില്ലെന്ന പാര്‍ട്ടി ഭാരവാഹികളുടെ നിര്‍ദ്ദേശം ഈ സംഭവത്തോടെ ലംഘിക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ ശാന്തമായിരുന്ന അന്‍വാര്‍ശ്ശേരി പി.ഡി.പി. പ്രവര്‍ത്തകരുടെ അറസ്റ്റോടെ ശബ്ദായമാനമായി. 

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മ അദനിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് അറസ്റ്റുചെയേ്തക്കുമെന്ന് രാവിലെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ, ഇത് പി.ഡി.പി.പ്രവര്‍ത്തകരാരും മുഖവിലയ്‌ക്കെടുത്തില്ല. നോമ്പുകാരണം അന്‍വാര്‍ശ്ശേരിയിലെ താമസക്കാരും വിദ്യാര്‍ഥികളുമൊഴികെ ബാക്കിയെല്ലാവരും മടങ്ങിയിരുന്നു. ഈ സമയത്താണ് ശാസ്താംകോട്ടയ്ക്ക് സമീപം പി.ഡി.പി. പ്രവര്‍ത്തകനായ റാഫിയെ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം അന്‍വാര്‍ശ്ശേരിയില്‍ വഴിതടഞ്ഞതിന്റെയും കോലം കത്തിച്ചതിന്റെയും പേരില്‍ കണ്ടാലറിയാവുന്ന പി.ഡി.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു. ഇതിന്റെ പേരിലായിരുന്നു അറസ്റ്റ്.

ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന റാഫിയെ ജാമ്യത്തില്‍ വിടാമെന്ന് പോലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് റാഫിയെ ജാമ്യത്തിലിറക്കാന്‍ വേണ്ടിയാണ് പി.ഡി.പി.യുടെ കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ തെങ്ങുംതറയില്‍ പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷാഹ്യലിനെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

അറസ്റ്റിനുശേഷം ഉടന്‍തന്നെ ഇരുവരെയും ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റി. ഈ വിവരമറിഞ്ഞ് നൂറുകണക്കിന് പി.ഡി.പി. പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിയില്‍ തടിച്ചുകൂടി. പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ അന്‍വാര്‍ശ്ശേരിയുടെ കവാടത്തിലിട്ട് ഗേറ്റ് മറച്ചു. റോഡിലും വാഹനങ്ങള്‍ കുറുകെയിട്ടു. പ്രവര്‍ത്തകര്‍ രോഷത്തോടെ ഒറ്റ പോലീസുകാരും ഇനി അന്‍വാര്‍ശ്ശേരിയുടെ ഗേറ്റ് കടക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടരമണിവരെ പി.ഡി.പി. പ്രവര്‍ത്തകര്‍ കൂട്ടംകൂട്ടമായി എത്തിക്കൊണ്ടിരുന്നു. ചില നേതാക്കളും മുതിര്‍ന്ന പി.ഡി.പി.പ്രവര്‍ത്തകരും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മൂന്നരമണിയോടെ സ്ഥിതിഗതി ശാന്തമായി.

കര്‍ണാടക ജയിലിലും നീതി ലഭിക്കില്ല- മഅദനി
Posted on: 11 Aug 2010


അന്‍വാര്‍ശ്ശേരി (ശാസ്താംകോട്ട):കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ ഉണ്ടായതിനെക്കാള്‍ ഭീകരമായ സ്ഥിതിയായിരിക്കും കര്‍ണാടക ജയിലില്‍ ഉണ്ടാവുകയെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.

കേസില്‍ യഥാര്‍ത്ഥത്തില്‍ ഉള്‍പ്പെട്ടയാളാണെങ്കില്‍ നിയമപരമായ കാര്യങ്ങളെ നേരിട്ടാല്‍ മതിയാകും. എന്നാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് കെട്ടിച്ചമച്ചതായതിനാല്‍ അവിടെ ദുരിതപൂര്‍ണമായ ഏത് സ്ഥിതിയും ഉണ്ടായേക്കാം. ഐ.ബി.യും കര്‍ണാടക പോലീസും ഗൂഢാലോചന നടത്തിയെന്നതില്‍ സംശയമില്ല. ആസൂത്രിതവും കുടിലവുമായ കര്‍ണാടക പോലീസിന്റെ നീക്കമാണ് ഇതിന് പിന്നില്‍. ഞാനൊരിക്കലും കുടകില്‍ പോയിട്ടില്ല.

ബി.ജെ.പി. കര്‍ണാടകം ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നുള്ളത് ഉറപ്പാണ്- മഅദനി പറഞ്ഞു.

ജീവനുള്ള കാലത്തോളം പോലീസിനെയും ഭരണകൂടങ്ങളെയും ഭയക്കില്ല. ജയിലില്‍നിന്ന് മടങ്ങിവന്നാലും തീവ്രവാദപ്രവര്‍ത്തനത്തെയോ വഴിവിട്ട പ്രവര്‍ത്തനങ്ങളെയോ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് മഅദനി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അന്‍വാര്‍ശ്ശേരി: ആശങ്കയിലും സമരങ്ങളിലും സജീവമായ ദിനം

Thursday, August 12, 2010
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി നടത്തുന്ന സമരങ്ങളാല്‍ അന്‍വാര്‍ശ്ശേരി ബുധനാഴ്ച സജീവമായിരുന്നു.
ഉപവാസസമരം രാവിലെ മൈലക്കാട് ഷായുടെ അധ്യക്ഷതയില്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എച്ച്. ഷഹീര്‍ മൗലവി, സാബു കൊട്ടാരക്കര, തേവലക്കര ഷമീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 500 ഓളം പി.ഡി.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ കോലം കത്തിച്ചു. മഅ്ദനിയെ ആര്യാടന്‍ തീവ്രവാദിയെന്നുവിളിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
ഉച്ചക്ക് ശേഷം ആര്യാടന്‍ മുഹമ്മദിനെ പ്രതീകാത്മക വിചാരണക്ക് വിധേയനാക്കി ചെരിപ്പുകൊണ്ട് അടിക്കാനുള്ള ശിക്ഷ വിധിച്ചു. ഇതിന് മുന്നോടിയായി നടന്ന പ്രകടനത്തിലും 500 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഈ സമയമെല്ലാം അന്‍വാറും പരിസരവും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

 

9.8.10

നിരുപാധിക പിന്തുണയില്ല -പിഡിപി
Posted on: 10 Aug 2010


കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും നിരുപാധിക പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന് പിഡിപി ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പരസ്​പര സഹകരണത്തില്‍ അധിഷ്ഠിതമായ ധാരണകളേ സ്വീകരിക്കേണ്ടതുള്ളൂ. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണസമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ പാര്‍ട്ടി ആശയത്തില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ ആരോടും വിധേയത്വത്തിലോ, വിരോധത്തിലോ അധിഷ്ഠിതമായ നിലപാടും ജില്ലയില്‍ സ്വീകരിക്കില്ല. 

തിരഞ്ഞെടുപ്പ് സമിതി ഭാരവാഹികള്‍: കെ.കെ. വീരാന്‍കുട്ടി (ചെയ.), അബ്ദുള്‍ റഹ്മാന്‍ ഹാജി (വൈ. ചെയ), വി.എം. മാര്‍സന്‍ (ജന. കണ്‍).
കര്‍ണാടക പോലീസ് എത്തിയാലുള്ള പ്രതികരണം പറയാനാവില്ല-പൂന്തുറ സിറാജ്
Posted on: 10 Aug 2010

കൊല്ലം: അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് വന്നാല്‍ എന്ത് പ്രതികരണമുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. അറസ്റ്റിനെക്കുറിച്ച് തങ്ങള്‍ക്ക് അവ്യക്തതയാണുള്ളതെന്നും 'അറസ്റ്റ് വരട്ടെ അപ്പോള്‍ നോക്കാം' എന്ന സമീപനമാണുള്ളതെന്നും പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിറാജ് പറഞ്ഞു.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷവിരുദ്ധസമീപനവും മഅദനി കേസും വേറിട്ടു കാണണമെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകരുതെന്ന കരുതലോടെയാവും കാരാട്ട് അതു പറഞ്ഞതെന്ന് സിറാജ് പറഞ്ഞു. മഅദനിയെ വടിയാക്കി സി.പി.എമ്മിനെ അടിക്കാമെന്നോ ദുര്‍ബലപ്പെടുത്താമെന്നോ ആരും കരുതേണ്ട- അദ്ദേഹം പറഞ്ഞു. മഅദനിക്കെതിരായി നീതിനിഷേധമാണ് നടക്കുന്നതെന്ന് എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കുമറിയാം. ബി.ജെ.പി.യുടെ ഒ.രാജഗോപാലോ സി.കെ.പത്മനാഭനോ പോലും മഅദനിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പിന്തുണ സ്വാഗതം ചെയ്യുന്നു. ഈ വിഷയത്തില്‍ ബി.ജെ.പി. പിന്തുണ നല്‍കിയാലും സ്വീകരിക്കും.

റംസാന്‍ മാസം തുടങ്ങുന്ന സാഹചര്യത്തില്‍ അന്‍വാര്‍ശ്ശേരിയില്‍ 55 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കുമെന്നും സത്യാഗ്രഹം തുടരുമെന്നും സിറാജ് പറഞ്ഞു. പി.ഡി.പി.
കേന്ദ്ര കര്‍മ്മസമിതിയിലെ ഒഴിവുകളിലേക്ക് വി.കെ.വീരാന്‍കുട്ടി (എറണാകുളം), തോമസ് മാഞ്ഞുരാന്‍ (പാലക്കാട്)എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായും പങ്കെടുത്തു.

5.8.10

തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്കും
Posted on: 06 Aug 2010


ബാംഗ്ലൂര്‍: മുന്‍കൂര്‍ ജാമ്യം തേടി മഅദനി തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പി.ഡി.പി. ലീഗല്‍ സെല്‍ ഭാരവാഹികള്‍ ന്യൂഡല്‍ഹിയിലെത്തിയതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ടെലിഫോണില്‍ അറിയിച്ചു.

കര്‍ണാടക ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിക്കേണ്ടതുണ്ട്. ഇത് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ലഭ്യമാകും. തുടര്‍ന്ന് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്കും.

അതേസമയം, മഅദനിയെ അറസ്റ്റ് ചെയ്യാനെത്തിയാല്‍ കര്‍ണാടക പോലീസുമായി സഹകരിക്കുമെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി.

മഅദനിയുടെ അറസ്റ്റ് പ്രതിരോധിക്കാന്‍ കുടില്‍ കെട്ടി സമരം
Posted on: 05 Aug 2010




ശാസ്താംകോട്ട:അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റുചെയ്യാന്‍ നീക്കമുണ്ടായാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി അന്‍വാര്‍ശ്ശേരിയില്‍ കുടിലുകള്‍ കെട്ടി സമരം തുടങ്ങുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും.

മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയും തള്ളിയ സാഹചര്യത്തില്‍ ഏതുനിമിഷവും അറസ്റ്റുണ്ടാകാമെന്നതിനാലാണ് പ്രതിരോധസമരം തുടങ്ങുന്നത്. വ്യാഴാഴ്ചമുതല്‍ സമരം തുടങ്ങാനാണ് പരിപാടി. പത്തിലധികം കുടിലുകളാണ് ഇതിനായി നിര്‍മ്മിക്കുക. മഅദനിയോട് അനുഭാവമുള്ളവര്‍ കുടുംബസമേതം സമരത്തില്‍ പങ്കെടുക്കുമെന്ന് പി.ഡി.പി.നേതാക്കള്‍ പറയുന്നു. സമരം അനിശ്ചിതമായി തുടരാനാണ് പരിപാടി. ബുധനാഴ്ച രാവിലെമുതല്‍ കുടിലുകള്‍ കെട്ടിത്തുടങ്ങി. അന്‍വാര്‍ശ്ശേരിയില്‍ മഅദനി താമസിക്കുന്ന കെട്ടിടത്തിന് മുന്നിലായാണ് കുടിലുകള്‍ ഉയരുന്നത്.

സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പി.ഡി.പി. നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 50 ദിവസമായി തുടരുന്ന നിരാഹാരസമരം പാര്‍ട്ടിനേതൃത്വം ഏറ്റെടുക്കും.



അന്തരീക്ഷം അനുകൂലമല്ല; മഅദനിയുടെ അറസ്റ്റ് വൈകിക്കുന്നു
Posted on: 06 Aug 2010

എന്‍.എസ്. ബിജുരാജ്


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യുന്നത് വൈകിയേക്കുമെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് സൂചന നല്കി. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചെങ്കിലും നടപടിയുമായി മെല്ലെപ്പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ശനിയാഴ്ചയോടെ മാത്രമേ ബാംഗ്ലൂര്‍ പോലീസിന് ലഭ്യമാവുകയുള്ളൂ. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ ഇപ്പോഴും നിയമപരമായ തടസ്സമൊന്നുമില്ലെങ്കിലും മഅദനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഫലംകൂടി വരട്ടെയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഹൈക്കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ പഠിച്ചശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂവെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ വ്യക്തമാക്കി.

മഅദനിയുടെ അറസ്റ്റിനെച്ചൊല്ലി കേരളത്തിലെ അന്‍വാര്‍ശ്ശേരിയില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം അറസ്റ്റ് നടപ്പാക്കുന്നതിന് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കര്‍ണാടകത്തില്‍ ഭരണത്തിലിരിക്കുന്നത് ബി.ജെ.പി. സര്‍ക്കാറായതിനാല്‍ ന്യൂനപക്ഷ സമുദായാംഗമായ മഅദനിയെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയവിവാദത്തിനും വഴിവെച്ചേക്കും. അറസ്റ്റ് ഒരു വിവാദത്തില്‍ കലാശിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും അറിയുന്നു.
അന്‍വാര്‍ശ്ശേരിയിലെ അന്തരീക്ഷം ദിനംപ്രതി വഷളായിവരികയാണെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനുയായികള്‍ രാപകല്‍ തടിച്ചുകൂടി നില്‍ക്കുന്നതും ചുറ്റിനും കുടില്‍കെട്ടി സംരക്ഷണ വലയം തീര്‍ക്കുന്നതും ദുസ്സൂചനയാണ് നല്കുന്നത്. ഒരു സേ്ഫാടനപരമ്പരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിക്ക് സംരക്ഷണം നല്കുന്നത് നിയമവിരുദ്ധ നടപടിയാണ് എന്ന് പൂര്‍ണമായും ബോധ്യമുണ്ടായിട്ടും ഇത്തരം നടപടികള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുന്ന കേരള പോലീസിന്റെ നിലപാടില്‍ ഈ ഉന്നത ഉദ്യോഗസ്ഥന്‍ അത്ഭുതം പ്രകടിപ്പിച്ചു. അന്‍വാര്‍ശ്ശേരിയിലെ സ്ഥിതിഗതികള്‍ കേരള പോലീസിന്റെ സഹായമില്ലാതെതന്നെ നിരീക്ഷിക്കാന്‍ അന്വേഷണ സംഘം പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുള്ളതായും അദ്ദേഹം സൂചന നല്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കര്‍ണാടക ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്കിയതായും അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുമായി കേരള പോലീസ് വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. എന്‍.എസ്. ആചാര്യ ബുധനാഴ്ച ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടത്.
മുന്‍കൂര്‍ ജാമ്യം തേടി മഅദനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന്റെ വിധികൂടി വരട്ടെയെന്ന നിലപാടിലേക്കാണ് ബാംഗ്ലൂര്‍ പോലീസ് നീങ്ങുന്നത്. സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയാണെങ്കില്‍ അറസ്റ്റ് എളുപ്പമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിധി സുപ്രീംകോടതിയുടേതായതിനാല്‍ അറസ്റ്റ് രാഷ്ട്രീയ വിവാദമില്ലാതെ നടപ്പാക്കുകയും ചെയ്യാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍