2.6.12


ജനാധിപത്യത്തിന്റെ തൂണുകള്‍ ദുര്‍ബ്ബലമാകുന്നു-

പ്രൊഫ. എസ്.എ.ആര്‍. ഗിലാനി


ശാസ്താംകോട്ട: ജനാധിപത്യത്തിന്റെ നാല് തൂണുകളും പൊള്ളയായിരിക്കുകയാണെന്നും ഈ തൂണുകള്‍ക്ക് നീതി നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്നും, മഅദനി വിഷയത്തില്‍ കോടതികള്‍ മുന്‍ വിധിയോടെ ആണ് കാര്യങ്ങള്‍ വിലയിരുത്തുന്നതെന്നും  ന്യൂഡല്‍ഹി ജെ.എന്‍.യു.വിലെ പ്രൊഫ. എസ്.എ.ആര്‍. ഗിലാനി പറഞ്ഞു. മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍ നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അബ്ദുല്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറക്കുന്നു. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന മദനിയ്ക്ക് ജാമ്യം നിഷേധിക്കുന്നത് അപഹാസ്യമാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് കട്ടുമുടിച്ചവര്‍ക്കുപോലും ജാമ്യം ലഭിക്കുമ്പോള്‍ മദനിക്ക് മാത്രം അത് നിഷേധിക്കുകയാണ് - അദ്ദേഹം പറഞ്ഞു. 

ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷത വഹിച്ചു. ടി.ആരിഫലി മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. മനുഷ്യാവകാശസന്ദേശം അവതരിപ്പിച്ചു. മദനിയുടെ സന്ദേശം പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വായിച്ചു. ദക്ഷിണ കേരള ജം ഇയത്തുല്‍ ഉലമ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ആലത്തൂര്‍ സിദ്ധാശ്രമം സ്വാമി വിശ്വാഭദ്രാനന്ദ ശക്തി ബോധി, ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കത്തോലിക്കാ ബാവ, ഭാസുരേന്ദ്രബാബു, നീലലോഹിത ദാസന്‍ നാടാര്‍, അഡ്വ. കെ.പി. മുഹമ്മദ്, ഡോ. ഹുസൈന്‍ മടവൂര്‍, അഡ്വ. എസ്.പ്രഹ്ലാദന്‍, ടി.എ. അബ്ദുസമദ്, മൈലക്കാട് ഷാ, മുഹമ്മദ് റജീബ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്. അഹമ്മദ് കബീര്‍ അമാനി സ്വാഗതവും ടി.എ. ഹസ്സന്‍ അന്‍വാര്‍ശ്ശേരി നന്ദിയും പറഞ്ഞു.

No comments: