13.6.12

ആസൂത്രിതമായ  രാഷ്ട്രീയ- ഫാസിസ്റ്റ്-  ഭരണകൂട ഗൂണ്ടാലോചനയുടെ ഭാഗമായി ചെയര്‍മാനെ  ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട ബംഗളുരു കേസ് വിചാരണ തുടങ്ങി 

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി അടക്കമുള്ള പ്രതികള്‍ക്ക് കുറ്റം ചുമത്തുന്ന നടപടി ചൊവ്വാഴ്ച തുടങ്ങി. കേസിലെ മുഖ്യപ്രതികളായ തടിയന്റവിട നസീര്‍, ഷഫാസ്, സെയ്നുദ്ദീന്‍ എന്ന സത്താര്‍ ഭായി, സര്‍ഫറാസ് നവാസ് തുടങ്ങി 18 പ്രതികളെ വിവിധ ജയിലുകളില്‍ നിന്ന് പരപ്പന അഗ്രഹാര ജയിലിലെത്തിച്ചാണ് നടപടി തുടങ്ങിയത്. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന മറ്റൊരു പ്രതിയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാക്കി. കേസില്‍ വിചാരണ തുടങ്ങുന്നതിനു മുന്നോടിയായാണ് ജയിലിനകത്ത് സജ്ജീകരിച്ച പ്രത്യേക കോടതിയില്‍ ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് പ്രതികള്‍ക്കുമേല്‍ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചത്.
ദേശദ്രോഹമുള്‍പ്പടെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ പ്രതികള്‍ പൂര്‍ണമായി നിഷേധിച്ചു. ഒമ്പതു പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്ന സ്ഫോടനങ്ങളില്‍ രണ്ടിടത്തെ കുറ്റപത്രങ്ങളാണ് വായിച്ചു കേള്‍പ്പിച്ചത്. മടിവാള, കോറമംഗല എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളെ തുടര്‍ന്ന് തയാറാക്കിയ കുറ്റപത്രങ്ങളിലെ കുറ്റങ്ങളാണ് ഇന്നലെ ചുമത്തിയത്. ബാക്കിയുള്ളവ ബുധനാഴ്ച വായിച്ചു കേള്‍പ്പിക്കും. ജഡ്ജിയുടെ വാക്കുകള്‍ പ്രതികള്‍ക്ക് മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്നതില്‍ വന്ന കാലതാമസമാണ് ബുധനാഴ്ചയിലേക്ക് നടപടികള്‍ നീളാന്‍ കാരണം. ദേശദ്രോഹം, രാജ്യത്തിനെതിരെ ഗൂഢാലോചന, നിരോധിത സംഘടനകളില്‍ അംഗങ്ങളായി ഭീകരപ്രവര്‍ത്തനം, നിയമവിരുദ്ധ പ്രവൃത്തികള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമെ രണ്ടു പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റവും മഅ്ദനിക്കെതിരെ ചുമത്തിയിട്ടുണ്ട്. മഅ്ദനി ഈ കുറ്റവും നിഷേധിച്ചു. മഅ്ദനിക്കുവേണ്ടി അഡ്വ. പി. ഉസ്മാന്‍ ഹാജരായി. നസീറിനുവേണ്ടി ബി.എ. ആളൂരും മറ്റുള്ളവര്‍ക്കായി പി.ടി. വെങ്കിടേഷ്, ജഗദീഷ് എന്നിവരും ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ഗോപിനാഥാണ് കോടതിയിലെത്തിയത്. കശ്മീരില്‍ കൊല്ലപ്പെട്ട നാലു മലയാളികളുള്‍പ്പടെ കേസില്‍ 32 പ്രതികളാണുള്ളത്.
മഅ്ദനി 31ാം പ്രതിയാണ്. ഇതില്‍ മഅ്ദനിയെ കൂടാതെ രണ്ടു പേര്‍ മാത്രമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ളത്. മറ്റുള്ളവര്‍ വിവിധ ജയിലുകളിലായി തടവിലാണ്. എട്ടുപേരെ ഇനിയും പിടികൂടാനുണ്ട്. 2008ല്‍ ജൂലൈ 25നാണ് ബംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടു പേര്‍ മിരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഅ്ദനിയുള്‍പ്പടെ 32 പ്രതികളാണ് കേസിലുള്ളത്.

No comments: